അമീറയുടെ ചിത്രം: അശ്ലീലകാലത്തിന്റെ മുഖചിത്രമെന്ന് ഡോ. ആസാദ്

എത്തിപ്പെട്ട മൂല്യപരിസരങ്ങളുടെ പൊരുളറിഞ്ഞ് വളരുന്നില്ലെങ്കില്‍ ആ പതാകയ്ക്ക് മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരും പര്‍ദ്ദയണിഞ്ഞ് ചെഗുവേരയുടെ ചിത്രമുള്ള കൊടിയും പിടിച്ച് നില്‍ക്കുന്ന എസ്എഫ്‌ഐ നേതാവിന്റെ ചിത്രം അശ്ലീലകാലത്തിന്റെ മുഖചിത്രമാണെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനും…

എത്തിപ്പെട്ട മൂല്യപരിസരങ്ങളുടെ പൊരുളറിഞ്ഞ് വളരുന്നില്ലെങ്കില്‍ ആ പതാകയ്ക്ക് മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരും

പര്‍ദ്ദയണിഞ്ഞ് ചെഗുവേരയുടെ ചിത്രമുള്ള കൊടിയും പിടിച്ച് നില്‍ക്കുന്ന എസ്എഫ്‌ഐ നേതാവിന്റെ ചിത്രം അശ്ലീലകാലത്തിന്റെ മുഖചിത്രമാണെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനും രാഷ്ട്രീയ ചിന്തകനുമായ ഡോ. ആസാദ്.

എസ്എഫ്‌ഐ കായംകുളം ഏരിയ കമ്മിറ്റി അംഗം അമീറയുടേതെന്ന പേരിലാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. പുറത്ത് വിപ്ലവവും അകതത് മതഭക്തിയും പൂത്തുലയുന്ന കപടനാട്യം വളരുന്നു. അത്തരമൊരു അശ്ലീലകാലത്തിന്റെ മുഖചിത്രമെന്ന നിലയില്‍ നേതാവിന്റെ വേഷം നന്നായിട്ടുണ്ടെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്.

മതന്യൂനപക്ഷങ്ങള്‍ക്ക് പുരോഗമന പ്രസ്ഥാനമാണ് തുണയെന്ന് കരുതുന്നത് ആശ്വാസകരമാണ്. അങ്ങനെയൊരര്‍ത്ഥത്തില്‍ ചിത്രം പ്രസക്തവുമാണ്. എന്നാല്‍ ചിത്രത്തിലുള്ളത് അരക്ഷിത ചുറ്റുപാടിലുള്ള ഒരു പെണ്‍കുട്ടിയല്ലെന്നും വിദ്യാര്‍ത്ഥി നേതാവാണെന്നും വരുമ്പോള്‍ വിഷയം ഗൗരവമുള്ളതാകുന്നുവെന്ന് ആദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തറ്റുടുത്ത് പൂണൂലണിഞ്ഞ്, ചട്ടയും കുപ്പായവുമണിഞ്ഞ്, കാഷായ വേഷം ധരിച്ച് അങ്ങനെ പലവിധത്തില്‍ ചെഗുവേരയുടെയോ മാര്‍ക്‌സിന്റെയോ പതാകകള്‍ പൊക്കാം. അത്തരം ചിത്രങ്ങള്‍ ബഹുസ്വരതയുടെ അടയാളങ്ങളെന്ന മട്ടില്‍ നമുക്ക് മാധ്യമങ്ങളില്‍ പങ്കുവയ്ക്കാം. പക്ഷെ പതാകയുടെ പൊരുളും ജീവിതത്തിന്റെ ദര്‍ശനവും ഒത്തുപോകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നവാദര്‍ശങ്ങളുടെയും സാമൂഹിക വിപ്ലവങ്ങളുടെയും ഗുണഫലങ്ങളെല്ലാം അനുഭവിക്കുമ്പോഴും ഒരു ഭൂതകാല കുളിര്‍വാതത്തിലമരാന്‍ തിടുക്കപ്പെടുന്ന മനസ്സാണ് മിക്കവര്‍ക്കും. അടിച്ചമര്‍ത്തപ്പെടുന്നവര്‍ അവരെന്തായിരുന്നോ അതുപോലെ വന്ന് മതേതര ജനാധിപത്യമൂല്യങ്ങളുടെ പതാകയേന്തുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അവര്‍ എത്തിപ്പെട്ട മൂല്യപരിസരങ്ങളുടെ പൊരുളറിഞ്ഞ് വളരുന്നില്ലെങ്കില്‍ ആ പതാകയ്ക്ക് മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

https://www.facebook.com/photo.php?fbid=10203705257309501&set=a.3013027302256.1073741825.1759766787&type=3