അമ്മയുടെ കോൾ സൈലന്റിൽ ഇടുന്നവർ ഇത്‌ വായിക്കാതെ പോകരുത് ….

അമ്മയുടെ മരണമില്ലാത്ത ഓർമ്മകൾക്ക് ഇന്ന് ” മൂന്ന് വയസ്സ് ” സ്നേഹത്തേ സൌന്ദര്യത്തോട് ഉപമിച്ചാൽ ലോകത്തെ ഏറ്റവും സുന്ദരമായ അവസ്ഥയായിരുന്നു എനിക്കമ്മ. എന്നിട്ടും സുന്ദരമായ ഒരോർമ്മയും ബാക്കി വെക്കാതെയാണ് അമ്മ മരണമില്ലാത്ത ലോകത്തേക്ക് യാത്രയായത്.…

അമ്മയുടെ മരണമില്ലാത്ത ഓർമ്മകൾക്ക് ഇന്ന് ” മൂന്ന് വയസ്സ് ”

സ്നേഹത്തേ സൌന്ദര്യത്തോട് ഉപമിച്ചാൽ ലോകത്തെ ഏറ്റവും സുന്ദരമായ അവസ്ഥയായിരുന്നു എനിക്കമ്മ. എന്നിട്ടും സുന്ദരമായ ഒരോർമ്മയും ബാക്കി വെക്കാതെയാണ് അമ്മ മരണമില്ലാത്ത ലോകത്തേക്ക് യാത്രയായത്.

രോഗാവസ്ഥയിൽപോലും എന്‍റെ വരവിനായി രാത്രി ജനൽ കണ്ണിലൂടെ നോക്കി ഇരുന്നിരുന്ന , ഞാൻ വാരികൊടുത്ത് കഴിക്കാൻ കൊതിച്ചിരുന്ന , ഞാൻ പുതപ്പിച്ചില്ലെങ്കിൽ ഉറങ്ങാത്ത, ഉറക്കത്തിൽ എന്നെ ഉണർത്താതെ പുണർന്നിരുന്ന ,പടിയിറങ്ങുമ്പോൾ പിടയുന്ന കണ്ണുണ്ടായിരുന്ന
എന്‍റെ കൈകുമ്പിളിൽ ലോകം കാണാൻ ശ്രമിച്ച നിസ്സഹായത എന്‍റെ അമ്മ.

മൂന്ന് വർഷത്തെ രോഗാവസ്ഥയിലുള്ള നരക ജീവിതം. അതിൽ രണ്ടുവർഷം കഴുത്ത് തുളച്ചിട്ട ഡയാലിസിസ് ഉപകരണത്തെ ഒരു പരാധിയുമില്ലാതെ എന്നോ നഷ്‌ടമായ താലിയെപോലെ കഴുത്തിലണിഞ്ഞത് എന്‍റെ കൂടെ കുറെയേറെ ജീവിക്കാനായിരുന്നു.

മരുന്നിന്‍റെ ലോകത്ത് കാതിന്‍റെ വാതിൽ ഒരുനാൾ കൊട്ടിയടക്കപ്പെട്ടപ്പോൾ അവർ വിഷമിച്ചത് എന്‍റെ ശബ്ദം ഇനി കേൾക്കാൻ കഴിയാത്തതിനാലായിരുന്നു.

അമ്മ മൂന്ന് വർഷം എന്‍റെ കുഞ്ഞായിരുന്നു .ജീവിത വേഷം ഞങ്ങൾ വെച്ചുമാറി. കുഞ്ഞുനാളിൽ എന്നെ നോക്കിയ അതേ പരിചരണം തിരിച്ച് നൽകാൻ അനുഗ്രഹമുണ്ടായി. അമ്മയോടൊപ്പം ആ രോഗാവസ്ഥ ഞാനും ദിനചര്യയാക്കി.

പുറത്തേക്കുള്ള എല്ലാവാതിലും കൊട്ടിയടച്ച് എന്‍റെ വിശാലമായ ലോകം ഞാൻ അമ്മയുടെ കാൽ ചുവട്ടിൽ സമർപ്പിച്ചു.

അമ്മക്കില്ലാത്ത ലോകവും ആഹ്ലാദവും എനിക്കെന്തിനാ…!

ദുരന്തം നിറഞ്ഞ ജീവിതം ഞങ്ങൾ വേദനയോടെ ആഹ്ലാദമാക്കിമാറ്റി.
ഭൂമിയിൽ ഒരു സൌഭാഗ്യവും നേരിൽ കാണാതെ, പ്രാർത്ഥിച്ച ആഗ്രഹങ്ങൾ ഇവിടെ അഴിച്ചുവെച്ച്‌, അവസാനമായി വാരികൊടുക്കാൻ കഴിയാത്ത ഒരു ഉരുള ചോറും കടംവെച്ച്
അമ്മ യാത്രയായി ….!

സ്വർഗ്ഗം എന്ന ഒന്നില്ലങ്കിൽതന്നെ” അവൻ ”അങ്ങനെ ഒരുലോകം അമ്മക്ക് വേണ്ടി സൃഷ്ട്ടിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ഒരായിരം അമ്മമാർക്കൊപ്പം എന്‍റെ അമ്മയും ഉണ്ടാവും .!

“ഇനി ഞാൻ നിനക്ക് വേണ്ടി കരയില്ലമ്മേ ഒരു സാഗരം ഞാൻ അമ്മക്കുവേണ്ടി ഒഴുക്കിയിട്ടുണ്ട്‌ ഇനി പെയ്താലത് തോരില്ല”

പരുധിയില്ലാതെ എന്നേ സ്നേഹിക്കാൻ പഠിപ്പിച്ചതിന്
അമ്മയുടെ മകനായി ജനിക്കാൻ കഴിഞ്ഞതിന് നന്ദി…!

അമ്മയുടെ മകൻ.