അമ്മൂമ്മയുടെ മുല……

1978 ലാണ് എന്റെ അമ്മൂമ്മ (അമ്മയുടെ അമ്മ) മരിക്കുന്നത്. അമ്മയും അച്ഛനും രണ്ട് അമ്മാവന്മാരും ഏഴ് സഹോദരീസഹോദരന്മാരും അടങ്ങിയ എന്റെ വീട്ടിലെ യഥാര്‍ത്ഥ ബോസ് അമ്മൂമ്മയായിരുന്നു. പണിക്കു വരുന്നവര്‍ക്കെന്തു കൂലി കൊടുക്കണം എന്നത് തൊട്ട്…

1978 ലാണ് എന്റെ അമ്മൂമ്മ (അമ്മയുടെ അമ്മ) മരിക്കുന്നത്. അമ്മയും അച്ഛനും രണ്ട് അമ്മാവന്മാരും ഏഴ് സഹോദരീസഹോദരന്മാരും അടങ്ങിയ എന്റെ വീട്ടിലെ യഥാര്‍ത്ഥ ബോസ് അമ്മൂമ്മയായിരുന്നു.

പണിക്കു വരുന്നവര്‍ക്കെന്തു കൂലി കൊടുക്കണം എന്നത് തൊട്ട് അത്താഴത്തിന് എത്ര അരിയിടണമെന്നു പോലും എന്റെ അമ്മ എന്നും അമ്മൂമ്മയോട് ചോദിച്ചുപോന്നു. നാട്ടിലെ സകല തര്‍ക്കവിഷയങ്ങളിലും മധ്യസ്ഥനായിരുന്ന എന്റെ അമ്മാവന്‍ വീട്ടിലെ ചെറിയ കാര്യങ്ങളില്‍ പോലും അമ്മൂമ്മയുടെ അഭിപ്രായം ചോദിച്ചേ തീരുമാനമെടുക്കാറുള്ളു.

അങ്ങനെ കുടുംബനാഥയായി വീട് ഭരിച്ചിരുന്ന അമ്മൂമ്മ ഞാന്‍ ഓര്‍ക്കുന്ന കാലത്തൊന്നും മാറുമറച്ചിരുന്നില്ല. നാട്ടിലന്ന് മാറുമറയ്ക്കാത്തവര്‍ വേറെയുമുണ്ടായിരുന്നു എങ്കിലും ആ ശീലം മാറിവന്നിരുന്ന കാലമാണ്. അമ്മൂമ്മക്ക് മാറുമറയ്ക്കണം എന്നു തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും അതു നടപ്പിലാക്കാന്‍ സാമ്പത്തികമോ സാമൂഹികമോ ആയ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

മാസത്തിലൊരിക്കല്‍ സാരി മുതല്‍ അടിപ്പാവാട വരെ ഭാണ്ഡത്തില്‍ പൊതിഞ്ഞുകെട്ടി വില്‍ക്കാനായി വീട്ടില്‍ വരുന്ന തമിഴനോട് വിലപേശി വീട്ടിലുള്ളവര്‍ക്ക് വേണ്ട എല്ലാ വസ്ത്രങ്ങളും വാങ്ങുന്നത് അമ്മൂമ്മയാണ്. എന്റെ ചെറിയമ്മാവന്‍ നാട്ടിലെ ഒന്നാമത്തെ തയ്യല്‍ക്കാരന്‍ ആണ്. അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് സ്ത്രീകളുടെ അളവെടുക്കാതെ തന്നെ കൃത്യമായ അളവില്‍ വസ്ത്രങ്ങള്‍ തയ്ച്ചുകൊടുക്കുന്ന ആളാണ്. അപ്പോള്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അമ്മൂമ്മക്ക് ബ്ലൗസോ ബോഡീസോ ഇടണമെന്ന് തോന്നിയിരുന്നെങ്കില്‍ ജഗന്നാഥന് ധാരവിയിലെ ചേരി ഒഴിപ്പിക്കുന്ന പോലെ ഉള്ള അത്ര നിസാരമായിരുന്നു.

പക്ഷെ അമ്മൂമ്മ അത് പറഞ്ഞില്ല, ആരും അമ്മൂമ്മയെ നിര്‍ബന്ധിച്ചുമില്ല. വീട്ടില്‍ അതിഥികളായി വന്നിരുന്ന ആണും പെണ്ണും, ചെറുപ്പക്കാരും പ്രായമായവരും, എം എല്‍ എ മാര്‍ തൊട്ടു സാധാരണ പ്രവര്‍ത്തകര്‍ വരെ അമ്മാവനെ കാണാന്‍ വരുന്ന കമ്മൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അടക്കം എല്ലാവരും അമ്മൂമ്മയെ കണ്ടിട്ടേ പോകാറുള്ളു. അമ്മൂമ്മ മാറുമറയ്ക്കാതെ നടക്കുന്നത് ഒരു കുറവാണെന്നു അശ്ലീലമാണെന്നോ ഞങ്ങള്‍ക്കോ, അമ്മൂമ്മക്കോ തോന്നിയിട്ടില്ല.

കാലം മുപ്പത് വര്‍ഷം കൂടി പുറകോട്ടു പോയാല്‍ (അതായത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം) തിരുവനന്തപുരത്ത് പോയി ഇംഗ്ലീഷില്‍ ഉന്നത വിദ്യാഭ്യാസം നേടിയ എന്റെ വലിയമ്മ നാട്ടില്‍ തിരിച്ചെത്തിയ സമയം. ജോലിക്കുവേണ്ടി കാത്തിരിക്കുകയാണ്. അക്കാലത്ത് അടുത്തുള്ള മനയില്‍ പുരോഗമനവാദിയായ ഒരു നമ്പൂതിരിയുണ്ട്. അവിടുത്തെ ചെറിയ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. വലിയമ്മയെ വിവരമറിയിച്ചു. ഒറ്റ കണ്ടീഷനേ വലിയമ്മ വെച്ചുള്ളു. അക്കാലത്ത് മനയിലെ സ്ത്രീകള്‍ മറുമറയ്ക്കാറില്ല. അതുപോലെ മാറുമറച്ച ആരെങ്കിലും മനയ്ക്കുള്ളില്‍ കയറണമെങ്കില്‍ മേല്‍വസ്ത്രം ഊരി പുറത്ത് വെയ്ക്കണം (അതിന് പ്രത്യേകം പൊത്തുകള്‍ ഒക്കെയുണ്ട്. ഇന്നത്തെ ഷവര്‍ ലോക്കറിന്റെ പ്രാകൃത രൂപം).

‘ഞാന്‍ മേല്‍വസ്ത്രം ഊരില്ല’ എന്നതായിരുന്നു ആ കണ്ടീഷന്‍.

തിരുവനന്തപുരത്ത് പോയതിന്റെയും ഇംഗ്ലീഷ് പഠിച്ചതിന്റെയും അഹംഭാവമാണ് ആ ശൂദ്രസ്ത്രീക്ക് എന്നുപറഞ്ഞത് വലിയ നമ്പൂതിരിയല്ല, അവിടുത്തെ മുതിര്‍ന്ന സ്ത്രീകളാണ്. പക്ഷെ നമ്പൂതിരി വിട്ടുകൊടുത്തില്ല. മേല്‍വസ്ത്രം ഊരാതെ മനയില്‍ കയറാനുള്ള സ്‌പെഷ്യല്‍ പെര്‍മിഷന്‍ കൊടുത്ത് കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വലിയമ്മയെ അനുവദിച്ചു.

ഇനിയും ഒരല്‍പം കൂടി പുറകോട്ടുപോയാല്‍, അതായത് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യകാലം. മാറുമറയ്ക്കല്‍ സമരമൊക്കെ നടത്തി എല്ലാവര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമൊക്കെ കിട്ടിക്കഴിഞ്ഞു. എന്നിട്ടും കേരളത്തിലെ ക്ഷേത്രങ്ങളില്‍ പോകുന്ന സ്ത്രീകള്‍ അവരുടെ പരിഷ്‌കാരമുള്ള മേല്‍വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിയിട്ടു വേണം ക്ഷേത്രത്തില്‍ കയറാന്‍ (ഇപ്പോള്‍ ആണുങ്ങള്‍ ചെയ്യുന്ന പോലെ). ഇത് നടപ്പാക്കാന്‍ അവിടെ യഥാര്‍ത്ഥ പോലീസ് (സദാചാര പോലീസല്ല) ഉണ്ടായിരുന്നു. വെറും നൂറുവര്‍ഷം മുന്‍പ്!

ഞാന്‍ ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ഹരിയാനയിലെ അസംബ്ലിയില്‍ നഗ്‌നനായിരുന്ന് സന്ന്യാസി പ്രസംഗിച്ചതിനെ ചൊല്ലി കണ്ട അനവധി ഫെയ്‌സ്ബുക്ക് പോസ്റ്റുകളും പത്രവാര്‍ത്തകളുമാണ്. വടക്കേ ഇന്ത്യയില്‍ ഏറെനാള്‍ താമസിച്ചിട്ടുള്ളതിനാല്‍ എനിക്കിതില്‍ അസ്വാഭാവികത തോന്നിയതുമില്ല.

വടക്കേ ഇന്ത്യയിലെ പ്രധാന പൊതുഗതാഗത സംവിധാനമായ ടെമ്പോയില്‍ (മൂന്നുചക്രമുള്ള, എട്ടുപേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള, നമ്മുടെ ഓട്ടോയുടെ ചേട്ടന്‍) യാത്ര ചെയ്യുമ്പോള്‍ ഡിസംബറിലെ തണുപ്പിലും, ജൂലായിലെ കൊടുംചൂടിലും നൂലുബന്ധം പോലുമില്ലാതെ ഇവരില്‍ ചിലര്‍ ടെമ്പോയ്ക്ക് കൈകാണിക്കും. ‘റാം റാം ബാബ’ എന്നുപറഞ്ഞ് ഡ്രൈവര്‍ വണ്ടിനിര്‍ത്തും. ആണുംപെണ്ണും ഇടകലര്‍ന്നിരിക്കുന്ന ടെമ്പോയിലേക്ക് ഇവര്‍ കയറിയിരിക്കും. അതിലിരിക്കുന്ന ആരും തന്നെ, ആണ്‍പെണ്‍ കുട്ടികളടക്കം ആരും മുഖം തിരിക്കുകയോ മുറുമുറുക്കുകയോ ചെയ്യില്ല. അപ്പോള്‍ ഇവരില്‍ പ്രധാനിയായ സ്വാമിജി അസംബ്ലിയില്‍ കയറിയതില്‍ എനിക്ക് അത്ഭുതമില്ല.

സമൂഹമാധ്യമലോകത്ത് ഞാനൊരു പുരോഗമനവാദിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നാട്ടിലെ പെണ്‍കുട്ടികള്‍ ബാറില്‍ പോകുന്നതിനെയും കുട്ടികള്‍ വാലന്റൈന്‍സ് ഡേ ഒക്കെ നടത്തുന്നതിനെയും അടിച്ചൊതുക്കാന്‍ നോക്കുന്ന പലരും ആണ് ഈ സ്വാമിജിയെ പിന്തുണക്കുന്നത്. അങ്ങനെയുള്ള പിന്തിരിപ്പന്‍ പണികളെ എല്ലാ കാലത്തും എതിര്‍ക്കുന്ന ആളാണ് ഞാന്‍. അപ്പോള്‍ ഈ പരിപാടിയെ പിന്താങ്ങുന്നത് ഒരു റെപ്യൂട്ടേഷന്‍ റിസ്‌ക് ആണ്.

സമൂഹമാധ്യമരംഗത്ത് ആളുകള്‍ക്ക് ‘സംഘി’ എന്നോ ‘സുടാപ്പി’ എന്നോ ‘കോങ്കി’ എന്നോ ‘കമ്മി’ എന്നോ ഒക്കെ അച്ചുകുത്താന്‍ അവസരം നോക്കിയിരിക്കുകയാണ് നിരീക്ഷകര്‍. പക്ഷെ സിറിയ തൊട്ടു ലൈബീരിയ വരെ ഉള്ളിടത്ത് യഥാര്‍ത്ഥ പോരാളികളെ കണ്ടിട്ടുള്ള ‘എം ടി രണ്ടാമന്‍’ ഫെയ്‌സ്ബുക്ക് പോരാളികളെ പേടിച്ച് ചുമ്മാതിരിക്കുമോ? ഞാന്‍ എന്റെ അഭിപ്രായം തുറന്നെഴുതി.

പ്രതീക്ഷിച്ചപോലെ ഉശിരന്‍ പ്രതികരണമാണ് കിട്ടിയത്. പോസ്റ്റിനെ അനുകൂലിച്ച് ഒരു പത്തു ശതമാനം പേര്‍. തൊണ്ണൂറ് ശതമാനം പേരും എതിരാണ്. അതില്‍ ബഹുമാനത്തോടെ ‘എം ടി രണ്ടാമനോട് ആദ്യമായാണ് ഒരു കാര്യത്തില്‍ വിയോജിക്കേണ്ടി വരുന്നത്’ എന്നു പ്രത്യേകം പറഞ്ഞ സുഹൃത്തുക്കള്‍ തൊട്ട് തികച്ചും അശ്ലീലം പറഞ്ഞവര്‍ വരെയുണ്ട്. എതിര്‍ക്കുന്നവരില്‍ എല്ലാ മതവിഭാഗങ്ങളില്‍ ഉള്ളവരും ഉണ്ട്. അശ്ലീലം എഴുതിയത് ടി കെ എം എന്‍ജിനീയറിങ് കോളേജില്‍ പഠിച്ചു ഗള്‍ഫില്‍ ജോലിക് ചെയ്യുന്ന അഭ്യസ്തവിദ്യനും ലോകപരിചയവും ഉള്ള ചെറുപ്പക്കാരനാണ്. അപ്പോള്‍ എതിര്‍പ്പ് മതത്തിന്റെയോ, പ്രായത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ പ്രശ്‌നമല്ല.

സ്വാമി തരുണ്‍ സാഗര്‍ ഹരിയാണ അംസബ്ലിയില്‍ സംസാരിക്കുന്നു. ” width=”607″ height=”406″ /> സ്വാമി തരുണ്‍ സാഗര്‍ ഹരിയാണ അംസബ്ലിയില്‍ സംസാരിക്കുന്നു.[/caption]

പ്രതികരിച്ച എല്ലാവരോടും എനിക്ക് താല്‍പര്യമാണ്. അതുകൊണ്ടുതന്നെ ഞാന്‍ ചിന്തിച്ചു, ‘സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്ന അസംബ്ലിയില്‍ സ്പീക്കറുടെ കസേരയില്‍ സമ്പൂര്‍ണ്ണ നഗ്‌നനായിരുന്ന് ഒരു സ്വാമിജി നിയമസഭാസാമാജികരോട് സംസാരിച്ചു’ എന്നതാണല്ലോ ചാര്‍ജ്. ഇതില്‍ ഏതാണ് ഇവരെ വിറളി പിടിപ്പിക്കുന്നത്?
1. ഒരു സ്വാമിജിയെ നിയമസഭയില്‍ വിളിച്ചുവരുത്തിയത്.

2. സ്വാമിക്ക് സ്പീക്കറുടെ കസേര നല്‍കിയത് (ഞാന്‍ കണ്ടിടത്തോളം പ്രത്യേക സീറ്റ് ആണ് നല്‍കിയത്).

3. സ്വാമിജി നഗ്‌നനായിരുന്നത്.

4. സ്വാമിജി പറഞ്ഞ എന്തെങ്കിലും.
നാലാമത്തെ കാര്യം ആദ്യമേ വിടാം. അദ്ദേഹം പറഞ്ഞതിനെ പറ്റിയില്ല വിവാദം ഒന്നും. സ്വാമിജി പറഞ്ഞ കാര്യങ്ങളെ പറ്റി ചര്‍ച്ച നടന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഒന്നും രണ്ടും ചോദ്യങ്ങള്‍ വാസ്തവത്തില്‍ എളുപ്പമുള്ളതാണ്. വിസ്താരഭയത്തില്‍ ചുരുക്കുന്നു. നിയമസഭയില്‍ ആരെ വിളിക്കണമെന്നതോ അവരെ എവിടെ ഇരുത്തണം എന്നതോ തീരുമാനിക്കുന്നത് നിയമസഭാംഗങ്ങള്‍ ആണ്. സഭയിലെ പരമാധികാരി സ്പീക്കര്‍ ആണ്.

നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ അസംബ്ലി ഭരിക്കാന്‍ സ്പീക്കര്‍ക്ക് വ്യാപകമായ അധികാരങ്ങളുണ്ട്. സാധാരണയായി കോടതി പോലും അതില്‍ ഇടപെടാറില്ല. ഇടപെട്ടാല്‍തന്നെ സ്പീക്കര്‍മാര്‍ അതംഗീകരിക്കാറുമില്ല. ഇങ്ങനെ ഇഷ്ടമുള്ള ആരെയും വിളിക്കാനും അവരെ ഇഷ്ടമുള്ളിടത്തിരുത്തി പ്രസംഗിപ്പിക്കാനും അവര്‍ക്ക് പരമാധികാരം ആകാമോ എന്നുള്ളത് ജനാധിപത്യ സംവിധാനത്തില്‍ പ്രസക്തവും, ചോദിക്കേണ്ടതുമാണ്. അതും ബാബയും തമ്മില്‍ വലിയ ബന്ധമില്ല. അത് ചോദിക്കാന്‍ ഇതൊരു അവസരമായി എടുത്താല്‍ മതി.

എന്റെ വ്യക്തിപരമായ അഭിപ്രായം ഇന്ത്യയിലെ എല്ലാ നിയമനിര്‍മ്മാണ സഭകളും മാസത്തില്‍ ഒരിക്കലെങ്കിലും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അറിവുള്ളവരെ വിളിച്ച് അവര്‍ക്ക് നമ്മുടെ സഭാസാമാജികരുമായി സംവദിക്കാന്‍ അവസരമുണ്ടാക്കണം എന്നാണ്. ജി കാര്‍ത്തികേയന്‍ സ്പീക്കറായിരിക്കുകയും, കേരളത്തില്‍ ഹരിത എം എല്‍ എ മാര്‍ എന്നൊരു ഗ്രൂപ്പ് ഉണ്ടാകുകയും ചെയ്ത കാലത്ത്, ‘ഹരിത രാഷ്ട്രീയത്തെ’പറ്റി യൂറോപ്പിലെ പ്രശസ്തനായ ഒരു ഹരിത രാഷ്ട്രീയക്കാരനെ കൊണ്ട് കേരളത്തിലെ താല്‍പര്യമുള്ള എം എല്‍ എ മാര്‍ക്കെങ്കിലും ഒരു ക്ലാസ് എടുക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തിയിരുന്നു.

പല കാരണങ്ങളാല്‍ ഇത് നടന്നില്ല. ഇത് മാറണം, ഇത്തരം ആശയസംവാദങ്ങള്‍ സ്ഥിരമാകണം. ലോകത്തിന്റെ എവിടെ നിന്നും നമ്മുടെ സമൂഹത്തിനു താല്പര്യമുള്ള ഏതു വിഷയം ആയാലും, അത് പരിസ്ഥിതി ആകട്ടെ, മതമാകട്ടെ, കാലാവസ്ഥാവ്യതിയാനം ആകട്ടെ, അറിവുള്ളവരില്‍ നിന്നും നമ്മുടെ നിയമനിര്‍മ്മാണസഭകള്‍ കാര്യങ്ങള്‍ പഠിക്കണം. തീരുമാനങ്ങള്‍ എടുക്കുന്നത് ഇപ്പോഴും സാമാജികര്‍ തന്നെയായിരിക്കും പക്ഷെ അവര്‍ക്ക് അറിവ് എവിടെ നിന്നും വരണം. അതിനവര്‍ വാതായനങ്ങള്‍ തുറന്നിടണം.

സമൂഹത്തിന്റെ ഭാഗമായ സ്വാമിജിയെ അസംബ്ലിയില്‍ വിളിച്ചത് ഒരു തെറ്റാണെന്ന് എനിക്ക് ഒരു തോന്നലും ഇല്ല. അപ്പോള്‍ ബാക്കി കിടക്കുന്നത് സ്വാമിജി നഗ്‌നനായിരുന്നു എന്നതാണ്. സ്വാമിജിയെ ക്ഷണിച്ചവരുള്‍പ്പെടെ എല്ലാവര്‍ക്കും സ്വാമി നഗ്‌നനായി നടക്കുന്ന ആളാണെന്ന് അറിയാവുന്നതാണ്. അപ്പോള്‍ പിന്നെ അദ്ദേഹം നഗ്‌നനായി സഭയില്‍ വന്നു എന്നത് അദ്ദേഹത്തിന്റെ കുറ്റമല്ല. വിവിധതരം വസ്ത്രങ്ങള്‍ ധരിച്ച് അനവധി പേര്‍ സഭയിലുണ്ടായിട്ടും അവരോടൊന്നും വസ്ത്രം മാറ്റാന്‍ സ്വാമിജി പറഞ്ഞില്ല.

വസ്ത്രമില്ലാതിരുന്നിട്ടും ഈ സ്വാമി ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരോടെങ്കിലും അപമര്യാദയായി പെരുമാറിയെന്ന് കേട്ടിട്ടുപോലുമില്ല. അപ്പോള്‍ ഇക്കാര്യത്തില്‍ സ്വാമിജി കുറ്റക്കാരനല്ല.
അവസാനത്തെ ചോദ്യം, അസംബ്ലി പോലുള്ള ഒരു സ്ഥാപനത്തില്‍ വരുന്നവര്‍ക്ക് ഒരു ഡ്രസ്സ്‌കോഡ് ഒക്കെ വേണ്ടേ എന്നതാണ്.

ന്യായമായ ചോദ്യമാണ്. ക്ഷേത്രം മുതല്‍ പഞ്ചനക്ഷത്രഹോട്ടല്‍ വരെ എവിടെയും ചില ഡ്രസ്സ്‌കോഡ് ഉണ്ടല്ലോ. അപ്പോള്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ആയ നിയമസഭയില്‍ ഒരു കോഡ് ഉണ്ടാവുന്നതില്‍ തെറ്റൊന്നും ഇല്ല.
ഇവിടെയാണ് ഞാന്‍ മുന്‍പ് പറഞ്ഞ അമ്മൂമ്മക്കഥ പ്രസക്തമാകുന്നത്.

കാലദേശങ്ങളനുസരിച്ച് മാന്യമായ ഡ്രസ്സ് എന്നത് മാറിമാറി വരും. നമ്മുടെ നാടിന്റെ നട്ടെല്ലെന്നു പറയുന്ന, തമിഴ്നാട്ടില്‍ കൗപീനം മാത്രമുടുത്ത് നടന്ന് കൃഷി ചെയ്യുന്ന കര്‍ഷകരെ ആ വേഷത്തില്‍ അസംബ്ലിയില്‍ കയറ്റാമോ? നാളെ ഫാഷന്റെ പേരില്‍ മാറുമറയ്ക്കാതെ സ്ത്രീകള്‍ വന്നാല്‍ അസ്സംബ്ലിയില്‍ കയറ്റമോ? പാര്‍ലമെന്റിന്റെ ഉള്ളിലേക്ക് ആദ്യമായി വന്ന നമ്മുടെ പ്രധാനമന്ത്രി അതിന്റെ പടിയില്‍ തൊട്ടുതൊഴുവുന്നത് നാം കണ്ടു.

അപ്പോള്‍ ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് പോകുമ്പോള്‍ ചെയ്യുന്ന പോലെ അസംബ്ലിയുടെ ഉള്ളിലേക്ക് വരുമ്പോള്‍ ഒരു മലയാളി ഷര്‍ട്ട് ഊറി മാറ് മറക്കാതെ വന്നാല്‍ അവരെ നാം അസംബ്ലിയില്‍ കയറ്റണോ? അരയില്‍ അരവസ്ത്രം മാത്രമുടുത്തു നടന്ന രാഷ്ട്രപിതാവിനെ നാം പാര്‍ലമെന്റിന്റെ പുറത്ത് തടയണോ?

വസ്ത്രത്തിന്റെ കാര്യത്തില്‍ കാര്യത്തില്‍
ഈ അവസരത്തില്‍ ശരിക്കും വായിക്കണം. ഇംഗ്ലണ്ടില്‍ പഠിച്ച്, ഇംഗ്ലീഷ് വസ്ത്രങ്ങള്‍ ശീലിച്ച് അതിഷ്ടപ്പെട്ട ആളായിരുന്നു ഗാന്ധിജി. ദക്ഷിണാഫ്രിക്കയില്‍ കോടതിയില്‍ തലപ്പാവ് വെച്ചു കയറിപ്പോയപ്പോള്‍ അതഴിക്കാന്‍ പറഞ്ഞ ജഡ്ജിയെ കൂസാതെ കോടതി വിട്ടിറങ്ങിയ ആളാണ് ഗാന്ധിജി.

അദ്ദേഹം അതെല്ലാം വിട്ടെറിഞ്ഞ് അല്പവസ്ത്രധാരിയായത് ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. അക്കാലത്തു കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും അതിഷ്ടപ്പെട്ടതുമില്ല.
1931 ല്‍ ലണ്ടനില്‍ രാജാവുമായി ചര്‍ച്ചക്ക് പോകുന്ന ഗാന്ധിജിയെ അവിടെയെങ്കിലും തുണിയുടുപ്പിക്കാന്‍ അഭ്യുദയകാംക്ഷികള്‍ ഏറെ ശ്രമിച്ചു. അദ്ദേഹമറിയാതെ വസ്ത്രങ്ങള്‍ കപ്പലില്‍ കയറ്റി. അദ്ദേഹം ഈ വസ്ത്രങ്ങളെല്ലാം യമനില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയപ്പിച്ചു. കോച്ചിവിറയ്ക്കുന്ന തണുപ്പുള്ള ഡിസംബറില്‍ പോലും അരവസ്ത്രവുമായാണ് അദ്ദേഹം രാജകൊട്ടാരത്തിലേക്ക് പോയത്.

‘ഗാന്ധിജി അരവസ്ത്രധാരിയാണ് എന്നു പറയുന്നത് തെറ്റാണ്, അദ്ദേഹം കാല്‍ വസ്ത്രമേ ധരിച്ചിട്ടുള്ളു’ എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. ‘രാജ്യദ്രോഹിയായ ഈ വക്കീല്‍ ഇപ്പോള്‍ സന്യാസിയാണെന്നും പറഞ്ഞ് അര്‍ദ്ധനഗ്‌നനായി കൊട്ടാരത്തിന്റെ മുന്‍പില്‍ നില്‍ക്കുന്നത് ലജ്ജാവഹം’ എന്നാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞത്.

അതായതുത്തമാ സ്ത്രീകളെ മൂടിപ്പുതപ്പിക്കാന്‍ നടക്കുന്ന മതമൗലികവാദികളും, സ്ത്രീകളുടെ ബുര്‍ക്കിനി ഊരാന്‍ നടക്കുന്ന ഫ്രഞ്ച് പോലീസുകാരും, ഗാന്ധിജിയുടെ തൊപ്പിയൂരാന്‍ നോക്കിയ ജഡ്ജിയും, ഗാന്ധിജിയെ കണ്ട് നാണം തോന്നിയ ചര്‍ച്ചിലുമെല്ലാം പ്രത്യക്ഷത്തില്‍ എതിര്‍പ്പിലാണെങ്കിലും അവരുടെ ഇടയിലുള്ള അന്തര്‍ധാര സജീവമാണ്’. നഗ്‌നസന്ന്യാസിയെ കാണുമ്പോള്‍ കലി വരുന്നവര്‍ നല്ല രാശിയുള്ള കമ്പനിയില്‍ ആണ്. അവര്‍ക്ക് നാണിക്കാനൊന്നുമില്ല.

പക്ഷേ ഇവിടെ എന്നെ നാണിപ്പിക്കുന്ന പലതുമുണ്ട്. ഡല്‍ഹിയില്‍ ബസ്സില്‍ ബലാത്സംഗം നടന്ന് പല വര്‍ഷം കഴിഞ്ഞിട്ടും കേരളത്തിലുള്‍പ്പെടെ ഇന്ത്യയില്‍ ഒരിടത്തും പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നത് എന്നെ നാണിപ്പിക്കുന്നു.

പന്ത്രണ്ട് വയസ്സ് കഴിഞ്ഞതും, കേരളത്തിലെ ഏതെങ്കിലും പൊതുഗതാഗത സംവിധാനം ഉപയോഗിച്ചിട്ടുള്ളതുമായ ഒരു പെണ്‍കുട്ടിയോ സ്ത്രീയോ അവരുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം അനുഭവിക്കാതിരുന്നിട്ടില്ല എന്നത് എന്നെ നാണിപ്പിക്കുന്നു. കേരളത്തിലെ ആയിരക്കണക്കിന് ഗേള്‍സ് സ്‌കൂള്‍, കോളേജ്, ലേഡീസ് ഹോസ്റ്റല്‍ എന്നിങ്ങനെ പെണ്‍കുട്ടികള്‍ മാത്രമുള്ള സ്ഥലങ്ങളില്‍ ആസ്ഥാന ഷോമാന്‍മാരായി ലുങ്കി പൊക്കിയും പാന്റിന്റെ സിപ്പ് അഴിച്ചും നഗ്‌നതാപ്രദര്‍ശനം നടത്തുന്നവര്‍ ഉണ്ടെന്നത് എന്നെ നാണിപ്പിക്കുന്നു.

വണ്ടിക്കൂലി കൊടുക്കാന്‍ പറ്റാത്തതിനാല്‍ സ്വന്തം ഭാര്യയുടെ ശവം ചുമന്ന് ഒരാള്‍ പന്ത്രണ്ട് കിലോമീറ്റര്‍ നടന്നിട്ടും ‘എന്റെ സഹോദരനും സഹോദരിയും’ ആയ ഒരു ഇന്ത്യക്കാരനും അയാളെ സഹായിച്ചില്ല എന്നത് എന്നെ നാണിപ്പിക്കുന്നു. എന്തിന് സ്വച്ഛഭാരത് പ്രസ്ഥാനത്തെ വലിയ വായില്‍ കളിയാക്കിയ മലയാളികളുടെ തലസ്ഥാനത്ത് അപ്പിയിടാന്‍ പോയ ഒരു സ്ത്രീയെ പട്ടി കടിച്ചുകൊന്നു എന്നത് എന്നെ നാണിപ്പിക്കുന്നു. ലേഡി മാക്ബത്തിനെക്കൊണ്ട് ഷേക്‌സ്പിയര്‍ പറയിച്ച പോലെ, തിരുപ്പൂരിലെ മുഴുവന്‍ ജെട്ടിയെടുത്ത് ഇട്ടാലും എന്റെ സഹോദരീ സഹോദരന്മാരെ ഈ നാണക്കേട് നമുക്ക് മറക്കാനാവില്ല.

വല്‍ക്കഷണം: ഇന്നലത്തെ എഫ്ബി പോസ്റ്റിന് മറുപടി എഴുതിയ ഏറെപ്പേര്‍ ചോദിച്ച ഒരു ചോദ്യം, ‘ഗീര്‍വാണം ഒക്കെ കൊള്ളാം, ചേട്ടന്‍ ഒന്നു തുണിയില്ലാതെ നടക്കാമോ?’ എന്നാണ്. അതിനുത്തരം ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പറഞ്ഞിട്ടുണ്ട്.

(അഭിപ്രായങ്ങള്‍ വ്യക്തിപരം ആണ്)