ആകാശം ഇടിഞ്ഞുവീഴുന്നത് പോലെ മഞ്ഞുമഴ; കൊടുങ്കാറ്റില്‍ മഞ്ഞുമലകള്‍ പറന്നുനടക്കുന്നു; ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയില്‍ നിശ്ചലമായി ഒരു നഗരം

ചരിത്രത്തിലെതന്നെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് മോസ്‌കോ നഗരം. കനത്ത ശീതക്കാറ്റില്‍ മരങ്ങള്‍ കടപുഴകിയും മഞ്ഞുവീണും ജനജീവിതം ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്. വൈദ്യുതി ലൈനിലേക്ക് വലിയ മരം കടപുഴകിവീണുണ്ടായ അപകടത്തില്‍ മോസ്‌കോയില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക്…

ചരിത്രത്തിലെതന്നെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് മോസ്‌കോ നഗരം. കനത്ത ശീതക്കാറ്റില്‍ മരങ്ങള്‍ കടപുഴകിയും മഞ്ഞുവീണും ജനജീവിതം ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്. വൈദ്യുതി ലൈനിലേക്ക് വലിയ മരം കടപുഴകിവീണുണ്ടായ അപകടത്തില്‍ മോസ്‌കോയില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനങ്ങള്‍ അതിീവജാഗ്രത പുലര്‍ത്തണമെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബ്യാനിന്‍ ആവശ്യപ്പെട്ടു.

മഞ്ഞുവീഴ്ച മോസ്‌കോയെ ഏറെക്കുറെ നിശ്ചലമാക്കിയിട്ടുണ്ട്. തലസ്ഥാനനഗരത്തിലും പരിസരപ്രദേശങ്ങളിലുമായി രണ്ടായിരത്തോളം മരങ്ങളെങ്കിലും കടപുഴകി വീണിട്ടുണ്ടെന്നാണ് കണക്ക്. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങള്‍ മഞ്ഞില്‍ മൂടിപ്പോകുന്ന അവസ്ഥയാണ്. ഗതാഗതം ഏറെക്കുറെ നിലച്ചു. വിമാന സര്‍വീസുകളെയും സാരമായി ബാധിച്ചു. കാലാവസ്ഥ കൂടുതല്‍ പ്രതികൂലമാകാനാണ് സാധ്യതയെന്നും ട്വിറ്ററിലൂടെ നല്‍കിയ മുന്നറിയിപ്പില്‍ മേയര്‍ പറഞ്ഞു.

മോസ്‌കോയില്‍നിന്നുള്ള 28 വിമാനസര്‍വീസുകള്‍ ഇന്ന് ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. 109 എണ്ണം വൈകുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ 11 വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്യുകയും 100 വിമാന സര്‍വീസുകളുടെ പുറപ്പെടല്‍ വൈകുകയും ചെയ്തു. ഒരുദിവസത്തിനിടെ ഒരുമാസം പകുതികൊണ്ട് പെയ്യേണ്ട മഞ്ഞുമഴയാണ് മോസ്‌കോയിലുണ്ടായതെന്ന് ഫോബോസ് വെതര്‍ സെന്റര്‍ വിലയിരുത്തി. ജനങ്ങളോട് വാഹനങ്ങള്‍ കഴിവതും നിരത്തിലിറക്കരുതെന്നും കാലാവസ്ഥാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

മരങ്ങള്‍ വീണും വെള്ളപ്പൊക്കത്തിലും വൈദ്യുതി വിതരണം ആകെ താറുമാറായിട്ടുണ്ട്. 5200 കുടുംബങ്ങളെങ്കിലും വൈദ്യതിയില്ലാതെ ഇരുട്ടിലായി. മഞ്ഞുവീണ് മരവിച്ചുനില്‍ക്കുന്ന മരങ്ങള്‍ക്കരികിലേക്ക് പോകരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡിലുടനീളം മഞ്ഞുകോരുന്നതിന് അടിയന്തര സേവന വിഭാഗം വലിയ വാഹനങ്ങളിറക്കിയിട്ടുണ്ടെങ്കിലും ഞൊടിയിടയില്‍ റോഡ് പഴയപോലെ മഞ്ഞുകൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്.