ആരാണിത് മീനുക്കുട്ടിയോ …ഇപ്പൊ എത്രയിലാ പഠിക്കണതു

രചന : Veenachandran Meenu ആരാണിത് മീനുക്കുട്ടിയോ …ഇപ്പൊ എത്രയിലാ പഠിക്കണതു? Lkgയിലാ… ആണോ അമ്മടെ കൂടെ എങടാ മോളൂട്ടി? അമ്പത്തിചു പോവ്വാ… ആഹാ ന്നാ മിട്ടായി മോക്ക് മാമടെ വക…താങ്ക്യൂ മാമാ നിച്ചു…

രചന : Veenachandran Meenu

ആരാണിത് മീനുക്കുട്ടിയോ …ഇപ്പൊ എത്രയിലാ പഠിക്കണതു? Lkgയിലാ… ആണോ അമ്മടെ കൂടെ എങടാ മോളൂട്ടി? അമ്പത്തിചു പോവ്വാ… ആഹാ ന്നാ മിട്ടായി മോക്ക് മാമടെ വക…താങ്ക്യൂ മാമാ നിച്ചു ഒന്നുകൂദി ബേണം ന്റെ എത്തച്ചു കൊക്കാനാ…അമ്പടി കേമി ഏട്ടന് കൊടുക്കുമോ,ഏട്ടയെ അത്ര ഇഷ്ടാണോ? ആ…മീനൂചിന്റെ പാവം പാവം ഏത്തയാ… മീനുച്ചിന്റെ കുഞ്ഞേത്ത…… ഹഹ ഒരു പഴയ എന്നെ ഓർത്തതാ ട്ടൊ…ഇന്നൊന്നു എന്റെ എട്ടച്ചാരുടെ കൂടെ പുറത്തു പോയി കുറെ കാലത്തിനു ശേഷം…വീണ്ടും ആ പഴയ മീനൂസായ പോലെ… എന്തു കിട്ടിയാലും ഏട്ടനും ചോദിച്ചു വാങ്ങുന്ന കുഞ്ഞനിയത്തി ആരും കൊതിക്കുന്നൊരു കുഞ്ഞിപ്പെങ്ങൾ… അനിയത്തികുട്ടിയെ ഏട്ടച്ചാർക്കും ഒരുപാടിഷ്ടാർന്നു ട്ടൊ…കുഞിപെങ്ങളെ പൊന്നു പോലെ കൊണ്ടുനടക്കുമാർന്നു… കാലങ്ങൾ എല്ലാത്തിലും മാറ്റം വരുത്തുമല്ലോ വളരുന്നതിനാനുസരിച്ചു കുറുമ്പും കൂടി പിണക്കങ്ങളും…അല്ലറച്ചില്ലറ പിണക്കമൊന്നുമല്ലാ ട്ടൊ അടിയോടിടി പൊടിപൂരം…

അമ്മയും അച്ഛനും ജോലിക്കു പോയി വന്നൊരു നാൾ കണ്ടത് അടിയുടെ ഉഗ്രരൂപം.ന്റെ തലയിൽ തലയിണ അമർത്തിപിടിച്ചു അതിനുമേലെ കേറിയിരുന്നു ഇടിക്കുന്ന എട്ടച്ചാരെ… പോരെ പൂരം അവരുടെ അടികൊണ്ടു കരയുന്ന ആ മുഖം കണ്ടപ്പോ എന്റെ കണ്ട്രോള് പോയി എന്റെ ഏട്ട എന്നെ അല്ലെ തല്ലിയത് നിങ്ങക്കെന്താ എന്നായി ഞാൻ…ഇനി അടികൊണ്ടാൽ ഞങ്ങളോട് പറയാൻ വന്നേക്കരുത് എന്നു അവരും…ഒ ഇതൊക്കെയെന്തു ഇതിലും വലിയ വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്നു ഞാനും(ഒരാവേശത്തിനു പറഞ്ഞതാന്നെ സംഭവം അടികൂടി ഞങ്ങൾ തന്നെ ഒത്തുതീർപ്പാക്കുമായിരുന്നു…) അങ്ങനെ രണ്ടുപേരും ഒരുമിച്ചിരുന്നാൽ ആരേലും തട്ടിപോവുമെന്നുള്ള പേടി കൊണ്ടോ എന്തോ എട്ടാച്ചാരെ സ്കൂൾ മാറ്റി ഹോസ്റ്റലിലാക്കി…(ഞാനും ആ സ്കൂളിന്റെ enterence എഴുതി എനിക്ക് കിട്ടിയില്ല എന്നുള്ളത് നഗ്ന സത്യം …ഞാനതു അംഗീകരിക്കില്ല ട്ടൊ..😜) ഹോസ്റ്റിലെന്തോ വലിയ സംഭവമാണെന്ന് വിചാരിച്ചു പുള്ളിക്കാരൻ വലിയ ഗമയിലങ്ങു പോവേം ചെയ്തു…പിന്നീടു അവിടിരുന്ന് കരഞ്ഞു വിളിച്ചതൊക്കെ വേറെ കഥ… ഏട്ട പോയതിന്റെ സങ്കടം തീർക്കാൻ മുട്ടത്ത് വർക്കിയുടെ “ഒരു കുടയും കുഞ്ഞു പെങ്ങളും “വായിച്ചു സങ്കടം കൂടി കരഞ്ഞു നിലവിളിച്ചിട്ടുണ്ട്.. ഹോ!!!! ഇടികൂടാൻ(ഇടിതരാൻ)ആളില്ലാത്തതിന്റെ സങ്കടം ഒന്നു വേറെ തന്നെയാട്ടോ അങ്ങനെ ഒരു പാട് വർഷങ്ങൾ ജീവിതം ഇന്ന് ഏറെ ദൂരം പിന്നിട്ടിരിക്കുന്നു…

രണ്ടുപേരും ജീവിതയാത്രയിൽ പഠനവുമായി ബന്ധപെട്ടു ഹോസ്റ്റലുകളിലേക്ക് ചേക്കേറി. കണ്ടുമുട്ടുന്നത് വല്ലപ്പോഴും മാത്രം. കണ്ടാലോ ഏട്ടനും അനിയത്തിയും ചങ്ങാതിമാരായും,കീരിയും പാമ്പുമായും,കുഞ്ഞാവയും കുഞ്ഞേട്ടയുമൊക്കെയായി മാറും. എന്നാലും വീട്ടുകാർക്കു സമാധാനം കൊടുക്കത്തില്ല…എത്ര തല്ലുകൂടിയാലും ഉള്ളില് വല്ലാത്തൊരു സ്നേഹമാണേയ്… ആമ്പിള്ളേർക്കു ഒരുപാട് രഹസ്യങ്ങളുണ്ടാവുന്ന കാലത്തും അവളെന്റെ ഡയറി ആണ് എന്ന് എട്ട പറയുമ്പോ ഒന്നു പൊങ്ങാറുണ്ട് ഞാൻ…ഏട്ടന്മാരില്ലാത്ത സങ്കടം പലരും പറയുന്നത് കേൾക്കുമ്പോഴും ഹോ ഉള്ളതിനെ കൊണ്ടു മതിയായി എന്നു ഞാൻ പറയാറുള്ളത് ഇഷ്ടമില്ലാത്തത് കൊണ്ടല്ല കെട്ടൊ … മൊബൈലിന്റെ ഈ ലോകത്തു എല്ലാവരെയും പോലെ ഞങ്ങളും അതിനുള്ളിലാണ് അതുകൊണ്ടു തന്നെ പഴയതുപോലെ പിണക്കങ്ങളും ഇണക്കങ്ങളും കുറവാണ്…എന്നാൽ ഇന്ന് കുറേ നാളുകൾക്കിപ്പുറം ഞങ്ങൾ ഒന്നു പുറത്തിറങ്ങി…

ചുമ്മാ പഴയതു പോലെ കുറെ സംസാരിച്ചും ഒരു സിനിമകണ്ടും നാടിന്റെ സൗന്ദര്യം ആസ്വദിച്ചും ഒരു ദിവസം. …സ്നേഹം അതു പുറത്തുകാണിച്ചില്ലെങ്കിലും ഉള്ളിൽ നിന്നു മായില്ല എന്നു തിരിച്ചറിഞ്ഞപ്പോ.. വെറുതെ ഒന്ന് പഴയതൊക്കെ അയവിറക്കിയതാ … ഏട്ടൻ എന്നൊരാള് വേണം നമുക്കൊക്കെ ഒരു കവചമായി…ഒരു കരുതലായി…ഒരു സ്നേഹമായി…(ഇടി തരാൻ ഒരാളായി). ഇന്ന് രക്തമബന്ധമല്ലങ്കിലും ഒരുപാട് ഏട്ടന്മാരുണ്ട്… അവരോരുത്തരും സ്‌പെഷ്യൽ ആണ്… എട്ടനുണ്ടാവുക എന്നത് ഒരു ഭാഗ്യം തന്നെയാണ് …അവരുടെ ആ സംരക്ഷണം കരുതൽ…അതൊരു സുഖാന്നേ.. സമർപ്പണം എന്റെ എല്ലാ ഏട്ടന്മാർക്കും…. NB:ഞങ്ങള് പാലക്കാട്ടുകാര് അധികവും ഏട്ടൻ എന്നല്ല ഏട്ട എന്നാണ് പറയാറ്…ഏട്ടെ എന്നു വിളിക്കും…