ആസ്വദിക്കാനുള്ളതല്ല ഇപ്പോഴുള്ള ഇടിയും മിന്നലും. കാരണം വ്യക്തമാക്കി ദുരന്ത നിവാരണ അതോറിറ്റി!

സൂര്യാഘാതത്തീന്ന് രക്ഷപ്പെടാൻ വേനൽ മഴ വരുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോൾ വന്നത് മഴവും കൂടെ മിന്നലും ഇടിയും മേമ്പൊടിക്ക് കാറ്റും. മിന്നലേറ്റ് ഇന്നലെ രണ്ടുപേർ മരിക്കുകേം ചെയ്തു. എന്തു ചെയ്യാനൊക്കുമെന്നല്ലേ..? തെരെഞ്ഞെടുപ്പിൽ വേണ്ട കർശനമായ ജാഗ്രത ഇവിടെയും…

സൂര്യാഘാതത്തീന്ന് രക്ഷപ്പെടാൻ വേനൽ മഴ വരുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോൾ വന്നത് മഴവും കൂടെ മിന്നലും ഇടിയും മേമ്പൊടിക്ക് കാറ്റും. മിന്നലേറ്റ് ഇന്നലെ രണ്ടുപേർ മരിക്കുകേം ചെയ്തു. എന്തു ചെയ്യാനൊക്കുമെന്നല്ലേ..? തെരെഞ്ഞെടുപ്പിൽ വേണ്ട കർശനമായ ജാഗ്രത ഇവിടെയും കാണിച്ചാ മതി. അതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കേരള ദുരന്ത നിവാരണ അതോറിറ്റി നേരത്തേ പുറപ്പെടുവിച്ചിട്ടുണ്ട്. അതോണ്ട്, നല്ലവരായ സമ്മതിദായകർ ഇനി പറയുന്ന കാര്യങ്ങൾ ശർദ്ദിച്ച്, സോറി ശ്രദ്ധിച്ച് കേൾക്കണം.

  •  ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. ‘ഹായ് മഴാ..’ പോലുള്ള ആറാം തമ്പുരാൻ ഡയലോഗടിച്ചു നിൽക്കരുത്.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വെറുതെ ഇലക്ട്രിക്കൽ കടക്കാരന് പണിയുണ്ടാക്കരുത്.  ജന്നലും വാതിലും അടച്ചിടുക. മിന്നൽ കണ്ടേ പറ്റു എന്നാണെങ്കിൽ യൂട്യൂബിൽ കിട്ടും.
  •  ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. വെറുതെ അവരെ പ്രലോഭിപ്പിക്കരുത്. മിന്നൽ വേളയിൽ അവരൊക്കെ വികാരജീവികളാണ്.
  •  ലാൻഡ് ഫോണുകൾ ഉപയോഗിക്കരുത്.
  •  ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ കേറി ഇരിക്കരുത്. ഉയരം കൂടും തോറും ചായയുടെ (പതിനാറടിയന്തിരത്തിന്റെ) സ്വാദും കൂടും.
  •  വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
  •  വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി അകത്തു തന്നെ ഇരിക്കണം.
  •  ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല. ചിലപ്പോൾ നരസിംഹത്തിൽ മോഹൻലാൽ കിടക്കുമ്പോലെ കിടക്കേണ്ടി വരും.
  •  തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ (ചിത്രത്തിലേത് പോലെ) ഉരുണ്ട്‌ ഇരിക്കുക. ഓർക്കുക, അത് ശൗചാലയമല്ല.
  •  ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന വസ്ത്രങ്ങൾ, അയ്യോ നനയുമെന്ന് പേടിച്ച് എടുക്കാൻ ഓടരുത്. അവ നനഞ്ഞാലും സാരമില്ല. ഉടുക്കാനുള്ള ആളാണ് പ്രധാനം.
  •  തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. ഇനിയിപ്പൊ വേറെ സ്ഥാനാർത്ഥിയെ കണ്ടെത്തി നിർത്താനൊന്നും സമ്മതിക്കുകേലെന്നേ.
  •  ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും വിലക്കുക.
  •  ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം. ഇനി അടുത്തു നിക്കുന്ന ആളിന് മിന്നലേറ്റാലോ? എന്തുചെയ്യും നിങ്ങൾ?
  •  മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം.
  •  സാധാരണ കറണ്ടടിക്കുന്ന പോലല്ല മിന്നലേൽക്കുന്നത്. അതുകൊണ്ട് മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ തൊട്ടാൽ കറണ്ടടിക്കില്ല.
  •  പൊള്ളലേറ്റോ നേരിട്ടുള്ള ആഘാതത്താലൊ ആള് മരിക്കുന്നത് കുറവാണ്. പലപ്പോഴും മരണകാരണം പെട്ടെന്നുള്ള ശ്വാസതടസമാണ്.
  •  അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. എന്നുവച്ചാൽ കൃത്രിമ ശ്വാസോഛ്വാസം നൽകിയാൽ തന്നെ ആളെ രക്ഷിക്കാൻ പറ്റിയേക്കും. ഫ്രണ്ട്സ് സിനിമയിൽ ജയറാം മീനയെ രക്ഷിക്കുന്നില്ലേ, അതുപോലെ.
  •  സിനിമേലെ പോലെ അത്ര ഈസിയല്ല കാര്യങ്ങൾ. അതുകൊണ്ട് ചെയ്യാവുന്ന പ്രഥമശുശ്രൂഷയൊക്കെ കൊടുത്തിട്ട്, എത്രയും വേഗം എടുത്തോണ്ട് ആശൂത്രീ പോണം. ഒരൊറ്റ കാര്യം കൂടി, ടിക് ടോക് നിരോധിച്ച പോലെ ആ ‘മിന്നലേ മിന്നലേ താഴെ വരൂ’ എന്ന പാട്ടുകൂടി രണ്ടുമാസത്തേക്ക് നിരോധിച്ചാൽ മിന്നലിൽ നിന്നും പൂർണമായും രക്ഷനേടാം.

പിന്നൊരുകാര്യം വേനൽ മഴ അധികനാളുണ്ടാവില്ല. മഴ പെയ്താലും ചൂടു കുറയില്ല. അതുകൊണ്ട് വെള്ളം പാഴാക്കരുത്. കാത്തിരിക്കുന്നത് വരൾച്ചയുടെ കാലമാണ്. വീണ്ടും ജാഗ്രതൈ.. NB:

തമാശക്കപ്പുറം ജാഗ്രത മറക്കണ്ട!