‘ആ വേഷം അഭിനയിക്കാനാത്തിന്റെ വിഷമം ബാക്കിയാവുന്നു ; മഞ്ജുവിന്റെ പോസ്റ്റ് വൈറല്‍ ആകുന്നു!

ഐ.വി ശശിയെക്കുറിച്ചുള്ള മഞ്ജു വാര്യറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘തനിക്ക് വേണ്ടി കരുതി വെച്ച വേഷം അഭിനയിക്കാനാവാതെ പോയതിന്റെ വിഷമം ബാക്കിയാവുന്നെന്ന് നടി മഞ്ജു വാര്യര്‍ പോസ്റ്റില്‍ പറയുന്നു. മഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റ് മലയാള…

ഐ.വി ശശിയെക്കുറിച്ചുള്ള മഞ്ജു വാര്യറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘തനിക്ക് വേണ്ടി കരുതി വെച്ച വേഷം അഭിനയിക്കാനാവാതെ പോയതിന്റെ വിഷമം ബാക്കിയാവുന്നെന്ന് നടി മഞ്ജു വാര്യര്‍ പോസ്റ്റില്‍ പറയുന്നു.

മഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റ്

മലയാള സിനിമയിലെ ഒരു അതുല്യപ്രതിഭ കൂടി നമ്മെ വിട്ടു പോയിരിക്കുന്നു. ഒരു പക്ഷെ എന്നെപ്പോലെ തന്നെ സിനിമയില്‍ ഒട്ടു മിക്കവര്‍ക്കും ‘ഹിറ്റ് മേക്കര്‍’ അല്ലെങ്കില്‍ ‘മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍’ എന്ന വാക്ക് കേള്‍ക്കുമ്ബോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേര് ഐ. വി.ശശി എന്നായിരിക്കും. താരങ്ങളെക്കാള്‍ കരുത്തനായ സംവിധായകനായി, ദക്ഷിണേന്ത്യന്‍ സിനിമയില്‍ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ആര്‍ക്കും മറികടക്കാനാവാത്ത നേട്ടങ്ങള്‍ കൊയ്ത ഐ. വി. ശശി സര്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്ബ് ഒരു സിനിമ മനസ്സില്‍ ആലോചിച്ചപ്പോള്‍ എനിക്കു വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു എന്നു ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. പക്ഷെ ആ സിനിമ സംഭവിച്ചില്ല. സിനിമയില്‍ ഒരു കാലഘട്ടത്തെ സൃഷ്ടിച്ച ആ വലിയ സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല.

എന്നെന്നും ഓര്‍ക്കാന്‍ ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച പ്രിയപ്പെട്ട ശശി സര്‍, മലയാള സിനിമയെ സ്നേഹിക്കുന്ന ഏതൊരാളുടെയും ഉള്ളില്‍ അങ്ങ് എന്നും ജീവിക്കും. അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ട ആ തൊപ്പി അങ്ങയുടെ പേരില്‍ത്തന്നെ എന്നും അറിയപ്പെടും..

അന്തരിച്ച സംവിധായകന്‍ ഐ വി ശശിയുടെ നിര്യാണത്തില്‍ സിനിമ താരങ്ങള്‍ അനുശോചനം അറിയിച്ചു .

പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നു –  മമ്മൂട്ടി

‘ഏത് സമയത്തും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിനുള്ളില്‍. വലിയൊരു കലാകാരന്‍ ആയിരുന്നു. അദ്ദേഹത്തിനു കാന്‍സര്‍ ഉണ്ടായിരുന്നു, എന്നാല്‍ മരണകാരണം എന്താണെന്ന് അറിയില്ല. സംവിധായകന്‍ എന്നാല്‍ അത് ഐ വി ശശി ആണ്. വലിയ നഷ്ടം തന്നെയാണ് മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്.’- ഇന്നസെന്റ്

‘മലയാള സിനിമയുടെ ലെജന്‍ഡായിരുന്നു ഐ വി ശശി സര്‍. അദ്ദേഹമിനി ജീവിച്ചിരിപ്പില്ലെന്ന വാര്‍ത്ത വിഷമമുണ്ടാക്കുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. മുന്‍പൊരിക്കലും മറ്റൊരാളും ചെയ്യാത്ത, മലയാള സിനിമയില്‍ കച്ചവടവും കലയും തമ്മിലുള്ള അന്തരം അദ്ദേഹം ഉറപ്പിച്ചു. കാലഘട്ടത്തിനനുസരിച്ച്‌ സിനിമയെടുക്കുന്ന സംവിധായകന്‍ ആയിരുന്നു. ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. തീര്‍ച്ചയായും അദ്ദേഹത്തെ മിസ് ചെയ്യും.’ – നിവിന്‍ പോളി
‘ആര്‍ ഐ പി ശശി അങ്കിള്‍. അദ്ദേഹം തന്റെ സിനിമകളിലൂടെ മലയാള സിനിമയില്‍ ഒരു യുഗം തന്നെ സൃഷ്ടിച്ചു. കുട്ടിക്കാലം മുതലുള്ള ഒരുപാട് ഓര്‍മകളുണ്ട് അദ്ദേഹത്തെ കുറിച്ച്‌ ഓര്‍മിക്കുവാന്‍’ – ദുല്‍ഖര്‍ സല്‍മാന്‍

‘പ്രൈമറിക്ലാസില്‍ പഠിക്കുമ്ബോള്‍ വെക്കേഷന്‍ കാലത്ത് അമ്മവീട്ടില്‍ പോയി അവിടുന്ന് ചാടി അന്‍പത് കിലോമീറ്റര്‍ ദൂരെ കോഴിക്കോട് അപ്സരയില്‍ പോയി ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടത് ഓര്‍ക്കുന്നു. കത്തിയായതിനാല്‍ പൊളിഞ്ഞ് പാളീസായ നീലഗിരി ആദ്യത്തെ രണ്ടുദിവസവും അടുപ്പിച്ച്‌ മല്ലുക്കെട്ടിതെരക്കിക്കേറി ഷര്‍ട്ട് പിഴിഞ്ഞ് സീറ്റിലിട്ട് കണ്ട് രോമാഞ്ചിച്ചതോര്‍ക്കുന്നു. കൊടുംബുദ്ധിജീവിയായിരുന്ന കാലഘട്ടത്തില്‍ ദേവാസുരം പോലൊരു കള്‍ട്ട് ക്ലാസിക്ക് ഇഷ്ടപ്പെടാനാവാതെ ഇന്റര്‍വലിന് ഇറങ്ങിപ്പോന്നതോര്‍ക്കുന്നു. അങ്ങനെയങ്ങനെ തീരാത്ത ഓര്‍മ്മകള്‍.ഷോമാന്‍ എന്ന വാക്കിന് മലയാളസിനിമയില്‍ ഇനിയൊരു അര്‍ഹനില്ലാന്ന് തോന്നുന്നു.
മരണം മാത്രമാണ് സത്യം.’ – ശൈലന്‍
‘സിനിമയോടുള്ള പാഷന്‍ എന്റെ മനസ്സില്‍ ആദ്യമുണ്ടാക്കിയ ചിത്രം ഉത്സവം ആണ്. അതിന്റെ സംവിധായകനാണ് അദ്ദേഹം. എന്നിലെ സിനിമാ കാഴചക്കാരനേയും എഴുത്തുകാരനേയും ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അദ്ദേഹം. റിയാലിറ്റിയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനായിരുന്നു. ഐ വി ശശിയെന്ന അതുല്യ പ്രതിഭ മലയാള സിനിമയുടെ അഭിമാനമായിരുന്നു.’ – രഞ്ജി പണിക്കര്‍

‘സൂര്യകിരീടം വീണുടഞ്ഞു – ആദരാഞ്ജലികള്‍’ – സുരാജ് വെഞ്ഞാറമൂട്

‘പ്രിയസംവിധായകനു വിട’ – ലാല്‍ ജോസ്

‘ഐ വി ശശി എന്ന സംവിധായക പ്രതിഭക്ക് ആദരഞ്ജലികള്‍’ – ജോയ് മാത്യു

‘മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത് ഒരു ലെജന്‍ഡിനെയാണ്. രാവും പകലും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ഉടനെ ഒരു ചിത്രം വരുമെന്ന് അടുത്തകാലത്ത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു’ – മണിയന്‍പിള്ള രാജു