ഇങ്ങളോടല്ലെ ഉപ്പാ എന്റെ മുറിയിലേക്ക്‌ വരരുതെന്ന് ഞാൻ പറഞ്ഞത്‌

“ഇങ്ങളോടല്ലെ ഉപ്പാ എന്റെ മുറിയിലേക്ക്‌ വരരുതെന്ന് ഞാൻ പറഞ്ഞത്‌..എനിക്കത്‌ ഇഷ്ടല്ലാന്ന് അറിയൂലെ..” ഉച്ചത്തിൽ പറഞ്ഞു കൊണ്ട്‌ ഞാൻ എന്റെ ഉപ്പാന്റെ മുൻപിൽ വാതിൽ കൊട്ടിയടച്ചു. ഒന്നും പറയാനാകതെ തല താഴ്തി ഉപ്പ അവരുടെ മുറിക്കുള്ളിൽ കിടന്നു കണ്ണുകൾ നിറച്ചു.. “എന്റെ ഉമ്മ മരിച്ചതല്ല ഉപ്പ കൊന്നതാ എനിക്കറിയാം..” എന്റെ ഉപ്പാക്ക്‌ സ്നേഹിക്കാനേ അറിയില്ല. എനിക്കെന്റെ ഉപ്പാനെ കാണുന്നതേ ഇഷ്ടമല്ല.ഉമ്മ പാവമായിരുന്നു എന്നു വല്ലിമ്മയും എളാമ്മമാരുമെല്ലാം പറയുന്നത്‌ ഞാനെന്റെ കാതുകളിൽ ഒരുപാട്‌ തവണ കേട്ടിരിക്കുന്നു. അന്നു എനിക്ക്‌ രണ്ടു വയസ്സുള്ളപ്പോ ഉപ്പാന്റെ കൂടെ ഗൾഫിലേക്ക്‌ പോയതിൽ പിന്നെയാ ഉമ്മാനെ വയ്യാതെ കാണാൻ തുടങ്ങിയതെന്നാ വെല്ലിമ്മ പറഞ്ഞത്‌. പൈസന്റെ കാര്യം പറഞ്ഞ്‌ ഉപ്പ എന്റെ ഉമ്മന്റെ ഉപ്പനോട്‌ വഴക്കിട്ടിരുന്നത്രെ, അതിനു ശേഷം ഉമ്മാനെ ഉപ്പ ഗൾഫിലേക്ക്‌ കൊണ്ടു പോയി.ഈ എന്നേയും.. ഒരു വർഷം കഴിഞ്ഞെന്റെ ഉമ്മ മരിച്ചു… ഇല്ല.. ഉപ്പയെ ഞാനിനി ഒരിക്കലും സ്നേഹിക്കില്ല.. എനിക്കതിനു കഴിയില്ല.കൂടുതൽ കൂടുതൽ വെറുക്കുകയേ ഉള്ളൂ.. ഞാൻ മനസ്സിൽ ആണയിട്ടു പറഞ്ഞു.. വർഷം കഴിയും തോറും എനിക്കെന്റെ ഉമ്മാനോട്‌ സ്നേഹം കൂടി ഉപ്പാനോട്‌ വെറുപ്പും.. ഒരിക്കലാ ഉപ്പ ടെരസ്സിന്റെ മുകളിൽ നിന്നും താഴെ വഴുതി വീണപ്പോ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ സന്തോഷിച്ചു. ഇനിയുള്ള കാലം ഉപ്പ കിടക്കയിൽ കഴിയണമെന്ന ഡോക്റ്റരിന്റെ വകകുകൾ എനിക്ക്‌ കൂടുതൽ പ്രജോചനം നൽകി. ഇടക്കിടക്ക്‌ ഉപ്പയുടെ അരികത്‌ ചെന്നു ഞാൻ പറയും: “ന്റെ ഉമ്മാനെ ഇല്ലാണ്ടാക്കിയതിൽ പടച്ച റബ്ബ്‌ തന്നാതാ ഇങ്ങനെ..” സംസാരിക്കാൻ പറ്റാതെ ഉപ്പ കൈകൾ കൊണ്ട്‌ ആംഗ്യം കാണിച്ചു കണ്ണു നിറച്ചു അങ്ങനെ പറയല്ലേ എന്ന്.

ഇടക്കിടക്ക്‌ റൂമിലേക്ക്‌ ഞാൻ എത്തി നോക്കും ഉപ്പ അനങ്ങുന്നുണ്ടോ എന്ന്.. ഉമ്മാന്റെ ഫോട്ടോ പിടിച്ചു ഞാൻ കരയുമായിരുന്നു. അങ്ങനെയിരിക്കയാ ഉപ്പാന്റെ തലയിണയുടെ അടിയിലൊരു ഡയറി കണ്ടത്‌.. കണ്ണു നീർ ഒലിച്ചിറങ്ങി മയങ്ങി പോയ ഉപ്പാനെ ഉണർത്താതെ ഞാൻ ആ ഡയറി കയ്യിലെടുത്തു.. സ്നേഹമെന്തെന്ന് ഇതുവരെ മുഖത്ത്‌ കാണാത്ത ഉപ്പാന്റെ കൈപ്പടയിൽ എഴുതിയ ഡയറി.. ഞാൻ ആകാംഷയോടെ അതു തുറന്നു നോക്കി..ആദ്യ പേജിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “കൂടെ ജീവിച്ച്‌ കൊതി തീരാതെ പോയ എന്റെ സജ്നക്ക്‌ ..” വിസിറ്റിംഗ്‌ വിസക്ക്‌ അവളെ കൊണ്ടു വന്നപ്പോ ആദ്യം ആവശ്യപ്പെട്ടത്‌ ഉമ്ര ചെയ്യണം ഇക്കാ എന്നായിരുന്നു. പേജുകൾ മറിക്കും തോറും ഉപ്പാന്റെ ഖൽബിലെ സ്നേഹം ഞാൻ മനസ്സിലാക്കാൻ തുടങ്ങി.. അന്നത്തെ ആ ഗൾഫ്‌ യാത്രയോടെ തകിടം മറഞ്ഞ ഉമ്മാന്റെ ആയുസ്സിനെ കണക്കാക്കിയ ആ യാത്ര.. അതുനെപറ്റി ഉപ്പ എഴുതിയിരിക്കുന്നു : 12 August 2003.. വിവാഹ ശേഷം സജ്നക്ക്‌ പറയത്തക്ക്ക ആഗ്രഹങ്ങളൊന്നും വേണ്ടിയിരുന്നില്ല. വിശ്വസിച്ചു കൈപിടിച്ച എന്റെ കവെള്ളയലിലെ ചൂടിൽ ഒട്ടി ഇരിക്കുന്നൊരു പാവമായിരുന്നവൾ . വല്ലിമ്മാന്റെ കൂടെ നന്നേ ചെറുപ്പം മുതൽ വളർന്നു വന്നതിനാലാകണം അവളുടെ അദബോടെയുള്ള പെരുമാറ്റങ്ങൾ എന്നെ വല്ലാണ്ട്‌ ആഘർഷിച്ചത്‌. ഞാനും അവളും മാത്രമായൊരു ലോകമാണിപ്പോൾ. അധികം ലീവ്‌ കിട്ടത്തത്‌ കൊണ്ട്‌ തന്നെ അവളുടെ കൂടെ നിക്കാൻ സാധിച്ചിരുന്നില്ല. നിറഞ്ഞ കണ്ണുകൾ ഖൽബിൽ നിന്നും മായാതെ ഉറക്കം കെടുത്താൻ തുടങ്ങിയപ്പോ പെട്ടന്ന് തന്നെ വിസിറ്റിംഗ്‌ വിസക്ക്‌ മുതിർന്നു. അൽ ഹംദു ലില്ലഹ്‌ എല്ലാം റാഹത്തായി അവളിങ്ങെത്തി . ഉമ്രക്ക്‌ പോകാൻ ഒരുങ്ങുന്ന നേരമത്രയും അവൾ സങ്കടവും സന്തോഷവും ആവോളം എന്നിൽ നൽകിയിരുന്നു.മോനെ കൈകളിലവൾ പിടിച്ചു മടക്കാമെന്നു പറഞ്ഞു . വിവാഹ ശേഷമുള്ള രാത്രികളിൽ അവളെന്റെ താടിക്ക്‌ തോണ്ടി കൊണ്ട്‌ പറയുമായിരുന്നു: “ഇങ്ങോട്ട്‌ നോക്കി ഇക്കാ.”

“എന്താ സജ്ന പറ..” “ഇങ്ങൾ നാലു വട്ടം മക്കയിൽ പോയിട്ടുണ്ടെന്നല്ലേ പറഞ്ഞെ..” “അതേലോ എല്ലാ കൊല്ലം പോയിട്ടുണ്ട്‌ ഉമ്രക്ക്‌ എന്തേ..” “അല്ല ഒന്നുല്യ എനിക്കും പോകണമെന്നൊക്കെ ഒരു പൂതി അതാ,മദ്രസ്സയിൽ പോവണ സമയത്തു തന്നെ എനിക്ക്‌ അത്‌ തോന്നിയിരുന്നു..” “നമുക്ക്‌ നോക്കട്ടൊ ഇൻ ഷഹ്‌ അല്ലഹ്‌..” എന്നും പറഞ്ഞു ഞാനവളെ സമാധാനിപ്പികുമ്പോ എനിക്കറിയാമായിരുന്നു അവളുടെ നെഞ്ചകം നിറയെ മക്കയാണെന്ന്.. ഉമ്രക്ക്‌ പുറപ്പെടാനൊരുങ്ങി.. ആവശ്യമായ സാധനങ്ങളൊക്കെ കരുതി ഞങ്ങളിറങ്ങി.മോനെ സസൂക്ഷ്മം അവൾ കയ്യിലെടുത്തു . അവൾ വല്ലാത്തൊരു കരുതൽ പോലെ എന്നെ ചേർത്ത്‌ പിടിച്ച്‌ കൈകൾ മുറുക്കി നടക്കുന്നു.. ഉമ്ര ഗ്രൂപ്പിന്റെ ബസ്സിൽ കയറി സീറ്റിൽ ഇരുന്നപ്പോ അവളെന്നെ നോക്കി പറഞ്ഞു: “ഇക്കാ അപ്പൊ നമ്മൾ പോവാണല്ലെ” “അതേലോ..” “എന്റെ ഇത്രയും കാലത്തെ ഏറ്റവും വല്യ ആഗ്രഹാ ഇങ്ങളിപ്പൊ എനിക്ക്‌ സാധിപ്പിച്ച്‌ തരാൻ പോകുന്നത്‌..എത്രത്തോളം എനിക്ക്‌ ഇങ്ങളോട്‌ സ്നേഹവും കരുതലും ഉണ്ടെന്നെനിക്ക്‌ പറയാൻ പറ്റുന്നില്ല ..” അതും പറഞ്ഞവളൊന്നു കണ്ണു നിറച്ചു. ബസ്സാണു ഉസ്താദും മറ്റുള്ളവരും കാണുമെന്നു പറഞ്ഞു ഞാൻ കണ്ണു തുടയ്ക്കാൻ പറഞ്ഞു.കണ്ണു തുടച്ചവൾ ദിക്രിൽ മുഴുകി .മോനെ മാറോടണച്ചു . അല്ലെങ്കിലും കല്യാണം കഴിഞ്ഞപ്പോ ഹണിമൂൺ പോകാൻ ഫ്രെൻഡ്സും വൈഫും വിളിച്ചപ്പോ മലേഷ്യയോ സിംഗപ്പൂരോ ആയിക്കോട്ടെ ഇക്ക ഞാനില്ല എന്നു പറഞ്ഞപ്പോ ആദ്യമൊന്നു എനിക്ക്‌ ദേഷ്യം വന്നു.. “നീ അറു പഴഞ്ചത്തി ആവല്ലെ ട്ടോ സജ്ന..” “അതെന്താ ഇക്കാ ഇങ്ങളങ്ങനെ പറഞ്ഞെ.” “അല്ല ഇപ്പഴത്തെ കാലത്ത്‌ എല്ലരും നല്ല ട്രിപ്പൊക്കെ അടിച്ച്‌ ലാവിഷായി വരുമ്പോ നീയിപ്പഴും അന്റെ തറവാടിന്റെ മുറ്റത്തിന്നും വല്ലിമ്മാന്റെ അടുത്തിന്നും ഇറങ്ങീട്ടില്ല.” “അതല്ല ഇക്ക എനിക്കൊരു വലിയ ആഗ്രഹമുണ്ട്‌ ഇക്ക അത്‌ സാധിപ്പിച്ചു തരുമെങ്കിൽ..” “എന്താ പറ..” “എനിക്കീ നാടു ചുറ്റാനൊന്നും ഇഷ്ടല്ല്യാഞ്ഞിട്ടല്ല ഇക്ക ആ പൈസ കൂടി ഉണ്ടെങ്കി കൂട്ടി വെച്ച്‌ നമുക്ക്‌ രണ്ടാൾക്കും കൂടി ഉമ്രക്ക്‌ പോയാലോ ഇക്ക..” അതു പറഞ്ഞപ്പൊ അവളുടെ മുഖം പ്രകാശിച്ചു..!!! എന്റെ ഖൽബിലൊരു പേമാരി പെയ്തിറങ്ങി..അവളെ ഞാൻ ചേർത്തു വെച്ചു ചോദിച്ചു:

“അത്രയ്ക്ക്‌ ആഗ്രഹമുണ്ടോ സജ്ന നിനക്ക്‌..” “ഹ്മ്മ്..” അവൾ മൂളി.. പത്തു മണിക്കൂറോളം യാത്ര കഴിഞ്ഞു ബസ്സ്‌ മക്കാ മണൽ തരിയിലെത്തി.. തായിഫിൽ നിന്നും ഇഹ്രാം കെട്ടി ഞാൻ ആ വെള്ള തുണിയുമായ്‌ വന്നപ്പോ അവളെന്നോട്‌ പറഞ്ഞു: “ഇക്കാനെ ഏറ്റവും ഭംഗിയിൽ ഞാൻ കണ്ടത്‌ ഈ വസ്ത്രത്തിലാട്ടോ ” എന്ന്.. ഇത്രയേറെ ചെത്തി സ്റ്റെയിലാക്കി നടന്നിട്ടും അവളെന്റെ ഡ്രസ്സ്‌ കോഡിനെ പറ്റി പറയാതിരിന്നതും അഭിപ്രായം നൽകാതിരുന്നതും ഇതിനായിരിക്കും അല്ലെ.. ഞാൻ മനസ്സിൽ മന്ത്രിച്ചു.. ക അബ കണ്ടതും അവൾ കരയാൻ തുടങ്ങി .. ചെറിയ കുഞ്ഞുങ്ങളെ പോലെ കരയുന്നത്‌ കണ്ടപ്പോ എനിക്കെന്തോ വല്ലാണ്ടായി.. തവാഫ്‌ ചെയ്യുമ്പോ ആ തിരക്കിനിടയിൽ അവളെന്റെ മുൻപിൽ കൂട്ടം തെറ്റാതിരിക്കാൻ ശ്രെദ്ധിച്ചിരുന്നു.. ഏഴു തവാഫും കഴിഞ്ഞു ഞങ്ങൾ സഫാ മർവ്വാ ഇടയിലെ നടത്തം തുടങ്ങും നേരം അവളുടെ കാലുകൾ പൊട്ടി കീറിതുടങ്ങിയിരുന്നു . നടക്കാൻ അവൾ നന്നേ പ്രയാസപ്പെടുന്നു.. “കാലു വേദനയുണ്ടോ സജ്നാ ” “ചെറുതായി ഇണ്ട്‌ ഇക്കാ സാരല്യ ഞാൻ നടന്നോളാ..” എന്നവൾ പറഞ്ഞപ്പോ എനിക്കുറപ്പായിരിന്നു അവൾക്ക്‌ നടക്കാൻ പറ്റൂലാന്ന്.. അവശയായിട്ടുണ്ട്‌ എന്ന്.. കാരണം………!!!! അതെ , കാരണം അവളെ കാർന്നു തിന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു… തലമുടിയൊക്കെ കൊഴിഞ്ഞു പോവും വിതം അവളെ കാർന്നു തിന്നുന്നൊരുവൻ.. അവളുടെ അടങ്ങാത്ത സ്വപ്നം ഞാൻ പൂർത്തീകരിക്കുമ്പോഴും ക്യാൻസർ എന്റെ പ്രിയപ്പെട്ടവളുടെ രോമങ്ങൾക്കിടയിലൂടെ ആഴ്‌ന്നിറങ്ങുന്നുണ്ടായിരുന്നു എന്നു ഞാനറിഞ്ഞു . ഇടക്കിടക്ക്‌ അവൾ വേദന വരുമ്പോ എന്നെ മുറുക്കി പിടിക്കുമായിരുന്നു.. കൈകളുയർത്തി റബ്ബിനോട്‌ കരഞ്ഞു ദു ആ ചെയ്യുമായിരുന്നു… എനിക്കൊന്നുമില്ലാ എന്ന മട്ടിലവൾ മുന്നോട്ട്‌ നീങ്ങുമായിന്നു.. ഉമ്ര കഴിഞ്ഞു അവിടെ അൽപം വിശ്രമിക്കാൻ ഞങ്ങൾ ഇരുന്നപോ അവൾ പറഞ്ഞു: “ഇക്ക ഇങ്ങള മടിയിൽ ഞാൻ തല വെച്ചീ പുണ്യ ഭൂമിയിൽ കിടന്നോട്ടെ എനിക്ക്‌ ഖുർ ആൻ ഓതി തരാമോ..”

മറുത്തൊന്നും പറയാതെ ഞാനവളെ മടിയിൽ കിടത്തി അവൾ പറഞ്ഞ സൂറത്തുകൾ ഓതി കൊടുത്തു.. അവസാനം അവൾ കരഞ്ഞപ്പോ ഞാൻ പറഞ്ഞു : “ആ സജ്ന ഇതാ നിന്റെ പ്രെശ്നം ട്ടൊ,എന്തേലും ആഗ്രഹം പറഞ്ഞു അത്‌ സധിപ്പിചു കഴിഞ്ഞാ നീ കരയും..അത്‌ കാണാൻ എനിക്ക്‌ കയൂലാന്ന് അറിയൂലെ നിനക്ക്‌..” “ഇക്ക എന്നോട്‌ പൊറുക്കണം ഞാൻ കാരണം ഇക്കാന്റെ ലൈഫ്‌ കൂടി ഇല്ലാണ്ടായതിൽ,ഞാൻ ആരോടും പറയാതെ നിന്നതിൽ ,ഓരോ നിമിഷവും കാർന്നു തിന്നെന്റെ റൂഹെടുക്കുന്ന മരണത്തിന്റെ മാലാഖയുമായ്‌ ഞാൻ പിണങ്ങിയതിൽ..” “അങ്ങനെയൊന്നും പറയല്ലെ സജ്ന, നോക്ക്‌ മോൾക്ക്‌ ഏറ്റവും ആഗ്രഹ്ം ഉണ്ടായിരുന്ന ഈ മക്ക കാണുന്നത്‌ ഇക്ക സാധിപ്പിച്ചു തന്നീലെ, എന്തു വേണമെങ്കിലും ഞാൻ നിനക്ക്‌ സന്തോഷപൂർവ്വം നൽകിയില്ലെ അപ്പോ കരയാതെ സന്തോഷത്തോടെ നിക്ക്‌ നീ എല്ലാം റാഹത്താവും..” “വേദന വരുന്നുണ്ട്‌ ഇക്കാ ഞാനൊന്ന് കിടന്നോട്ടെ ..” എന്നും പറഞ്ഞവൾ മടിയിൽ തല വെച്ചപ്പോൾ ആ ജന സാഗരത്തിന്റെ മുൻപിൽ ഞാനും അവളും നാഥന്റെ നോട്ടം കിട്ടിയവരെ പോലെ ആയിമാറി. ഓടിച്ചാടി നടന്ന അവളെ കാർന്നു തിന്ന ആ പിശാചിനെ ഞാൻ വെറുത്തു. സിനിമയും പാട്ടും ഒക്കെയായൊരു മായിക ലോകത്ത്‌ ആർമ്മാദിച്ചു മദിച്ചു നടന്നിരുന്ന എന്നെ പള്ളി മിനാരത്തിലെ ബാങ്കൊലിക്ക്‌ എത്രത്തോളം വിലയുണ്ടെന്ന് അറിയിച്ചവൾ, കച്ചവടത്തിൽ നഷ്ടം വന്നപ്പോ നാഥനെ കുറ്റം പറഞ്ഞ വേളയിൽ എല്ലാം ശെരിയായിക്കോളും ഇക്ക ക്ഷമ കൈവിടാതെ നിങ്ങൾ എന്നു പറഞ്ഞെന്നെ മാറോട്‌ ചേർത്തു കിടത്തിയവൾ, ഭക്ഷണ കാര്യത്തിൽ പോലും മര്യാദകളെന്നെ പഠിപ്പിച്ചവൾ, ഇടയ്ക്ക്‌ ഉമ്മാന്റെ റോളായും കുഞ്ഞു അനിയത്തിയായും ഇത്തത്തയായും മകളായും നിറഞ്ഞാടിയവൾ ..

ഒടുക്കം നേരിയ വേദന വന്നു തുടങ്ങിയപ്പോ അവളേയും കൊണ്ടു ഡോക്റ്ററെ കാണിച്ച നേരം പറഞ്ഞു അവൾക്കീ അസുഖമാണെന്ന്.. എന്റെ നെഞ്ചിൽ അമർന്നവൾ എത്ര കരഞ്ഞിട്ടുണ്ടെന്നറിയാമോ, വാ സജ്ന നിന്റെ ലോകത്തിലെ ഏതു ആഹ്രഹവും ഞാൻ സാധിപ്പിക്കാമെന്നു പറഞ്ഞപ്പോ അവൾ പറഞ്ഞ ആഗ്രഹമായിരുന്നു എന്റെ കൂടെ ഉമ്ര ചെയ്യുക എന്നത്‌.. എന്റെ മടിയിൽ കിടന്നു മരിച്ചാ മതി ഇവിടെ ചികിൽസിച്ചാ മതിയെന്നും ആരും അറിയണ്ടായെന്നുമൊക്കെ പറഞ്ഞെന്നെ പ്രയാസപ്പെടുത്തി വാശിയിൽ നിന്നവൾ.. അവസാനം അസുഖം വല്ലാണ്ടായപ്പോ ഞങ്ങൾ നാട്ടിലേക്ക്‌ വന്നു.. മോനന്നു ഒന്നും മനസ്സിലാക്കാൻ പറ്റാത പ്രായവും. വളരെ പെട്ടന്നുള്ള അവളുടെ മരണം എല്ലാവരിലും സംശയം ജനിപ്പൊച്ചു.. അവളുടെ വീട്ടുകാരെ കൂടെ വളർന്ന എന്റെ പൊന്നു മോനിപ്പോ ഞാൻ ഒന്നുമല്ലാത്തവനും ആയി.. ഉപ്പയെന്തോ മാറാ രോഗം വരാൻ അവിടുന്ന് ചെയ്തു കൂട്ടിയെന്നൊക്കെ പറഞ്ഞു പറഞ്ഞു ഞാൻ എന്റെ മോന്റെ മനസ്സിൽ ശത്രുവായി.. ഇല്ല മോനെ നിന്റെ ഉപ്പ പാവമാ.. നിന്റെ ഉമ്മാന്റെ സ്നേഹം നീ അറിയാതെ പോയപ്പോ എനിക്കവളുടെ കൂടെ ജീവിച്ചു കൊതി തീരാൻ പറ്റാണ്ട്‌ പോയപ്പോ ഞാനെന്ന മനുഷ്യൻ പരുക്കനായി മാറി.. ഈ ഉപ്പക്ക്‌ നിന്നെ വേണം.. നിന്നെ ഉമ്മ വെക്കണം.. ഈ മടിയിൽ ഇരുത്തണം..നിന്റെ ഉമ്മ ഒരുപാട്‌ രാത്രികളിൽ വേദന കടിച്ചമർത്തുമ്പോഴും ആശ്വാസമുണ്ടിക്കാ ഈ മടിതട്ട്‌ എന്നു പറഞ്ഞ ഇടം.. ….. വായിച്ചു അവസാനിപ്പിക്കുമ്പോഴേക്കും ഞാൻ ഡയറി വലിച്ചെറിഞ്ഞി ഉപ്പാനെ നോക്കി.. കണ്ണു നിറഞ്ഞിട്ടുണ്ടല്ലോ ഉപ്പാന്റെ.. “ഉപ്പാ ഉപ്പാ എണീക്ക്‌ ഉപ്പാ ഇത്‌ ഞാൻ ഉപ്പാ ..” ഞാൻ പൊട്ടി കരഞ്ഞു കൊണ്ട്‌ ഉപ്പാന്റെ കൈകൾ ചേർത്തു പിടിച്ചു.. ഉപ്പ പതുക്കെ കണ്ണുകൾ തുടന്നെന്നെ നോക്കി വിങ്ങിപ്പൊട്ടി.. “എന്നോട്‌ പൊറുക്ക്‌ ഉപ്പ..ഉമ്മാക്ക്‌ ക്യാൻസറായിരുനോ ഉപ്പാ,എന്റുമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഉപ്പാനെ ഞാൻ ഇത്രയും കാലം അറിയാതെ..യാ അല്ല്ലഹ്‌..” നാലു ചുവരുകൾക്കിട്യിൽ ഞാനെന്റെ സങ്കടക്കടൽ പെയ്തു തീർത്തു.. എല്ലാത്തിനും കൂടെ നിന്നു എന്റെ ഉപ്പാനെ ഞാനിപ്പോ നോക്കുന്നു… ഉപ്പാന്റെ മോനായി.. ജത്തിന്റെ കവാടത്തിലൂടെ എന്നെ നോക്കുന്ന ഉമ്മാന്റെ പൊന്നോമനയായി.. ഒരിക്കൽ കൂടി ഉപ്പാനേം കൊണ്ടെനിക്കാ മണലിൽ പോകണം.. ഉമ്മ ദിക്ര് ചൊല്ലിയ, ഖുർ ആൻ ഓതിയ, വേദന വരുമ്പോ ഉപ്പാന്റെ മടിയിലിരുന്ന ഇടങ്ങളിൽ പോയെനിക്ക്‌ ദു ആ ചെയ്യണ്മ്‌.. ഒരു വാക്കു കൊണ്ടു പോലും നോവിക്കാതെ പൊന്നു പോലെ ഉപ്പാനെ ഇനിയുള്ള കാലം നോക്കണം.. ഇൻ ഷഹ്‌ അല്ലാഹ്‌… **** ചിലർക്കു വേണ്ടി സത്യങ്ങൾ മറച്ചു വെയ്ക്കുമ്പോഴും കാൽ ചുവട്ടിലൂടെ മണ്ണുകൾ ഇടിഞ്ഞു പോവുന്ന നേരം ഓർക്കുക, ജീവിതം സുന്ദരമാക്കാനും ഇരുളിലാക്കാനും ജീവിച്ചിരിക്കുന്നവർക്കേ സാധിക്കൂ എന്ന്.. സ്നേഹത്തോടെ

Devika Rahul