ഇനി നീണ്ട വിസിലടികളുടെ ഒച്ചകളില്ല.. ലീവ് കഴിഞ്ഞു വരുമ്പോൾ കാണുന്ന നിറമിഴികളില്ല.

ഇനി നീണ്ട വിസിലടികളുടെ ഒച്ചകളില്ല.. ലീവ് കഴിഞ്ഞു വരുമ്പോൾ കാണുന്ന നിറമിഴികളില്ല. വീട്ടിലേക്ക് തിരികെ പോകാൻ തോന്നുന്ന യാത്രകളിനിയില്ല. അവധി കഴിഞ്ഞ് തിരികെ വരുമ്പോൾ തിരികെ പോകുന്നത് വന്നതു പോലെയോ, മൂവർണ്ണ കൊടിയിൽ പൊതിഞ്ഞാകുമോ…

ഇനി നീണ്ട വിസിലടികളുടെ ഒച്ചകളില്ല.. ലീവ് കഴിഞ്ഞു വരുമ്പോൾ കാണുന്ന നിറമിഴികളില്ല. വീട്ടിലേക്ക് തിരികെ പോകാൻ തോന്നുന്ന യാത്രകളിനിയില്ല. അവധി കഴിഞ്ഞ് തിരികെ വരുമ്പോൾ തിരികെ പോകുന്നത് വന്നതു പോലെയോ, മൂവർണ്ണ കൊടിയിൽ പൊതിഞ്ഞാകുമോ എന്ന ചിന്തകളില്ല. എവിടെ നിന്നോ എപ്പോഴോ പാറി വരാവുന്ന വെടിയുണ്ടകളുടെ പ്രതീക്ഷകളില്ല.. നാട്ടിൽ പ്രീയപ്പെട്ടവർക്കുണ്ടാകുന്ന രോഗങ്ങളിലും, പ്രിയപ്പെട്ടവരുടെ സന്തോഷ നിമിഷങ്ങളിലും അടുത്തുണ്ടാകില്ലല്ലോ എന്ന വേദനകളില്ല..

പരേഡുകളില്ല… തോക്കുകളെ ഭാര്യമാരാക്കി കെട്ടിപിടിച്ചുള്ള ഉറക്കങ്ങളില്ല.. ഓണവും, ക്രിസ്തുമസും, റംസാനും നാട്ടിലുള്ളവരേക്കാൾ ഒരേ മനസ്സോടെ അടിപൊളിയായി ആഘോഷിക്കുന്ന വർഷങ്ങളിനിയില്ല. നീണ്ട 21 വർഷങ്ങൾക്ക് മുൻപ് ഉപ്പുതൊട്ടു സത്യം ചെയ്ത് ഏറ്റു വാങ്ങി അഭിമാനത്തോടെ ധരിച്ച ലോകത്തെ മികച്ച സേനകളിൽ ഒന്നായ ഭാരത സേനയുടെ ഒലിവ് ഗ്രീൻ യൂണിഫോം വളരെ വിഷമത്തോടെ ഇന്ന് ഊരി വെയ്ക്കുന്നു.. വിഷമം ഉണ്ടോ എന്ന് ചോദിച്ചാൽ എന്നാ പറയുക.. “പട്ടാളം പരമസുഖം” പട്ടിണിയാണതിലും ഭേദം ” എന്ന് പണ്ടുള്ളവർ പറയുന്നതെ എനിക്കും പറയാനുള്ളൂ.:

വർഷങ്ങൾക്ക് മുൻപ് വള്ളികുന്നം എന്ന ഗ്രാമത്തിൽ, ജനിച്ചു വളർന്ന നാട്ടിലെ കുറച്ച് സഹജീവികളുടെ ഹൃദയത്തിൽ മാത്രം ജീവിച്ചു മരിക്കേണ്ടിയിരുന്ന എന്നെ ഭാരതമെന്ന മഹാ സംസ്കാരത്തിലെ നിറയെ മനസ്സുകളിലേക്കെത്തിച്ചതും, ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങൾ കാണുവാനും, അവരുടെ സംസ്കാരങ്ങൾ പരിചയപ്പെടാനും, സാധിച്ചത് ഭാരതസേനയുടെ കാരുണ്യത്തിലാണ്. ഞാൻ ഏറെ അഭിമാനിക്കുന്നു.. കൂടെ വന്നവരിൽ പലരും മൂവർണ്ണ പതാകയിൽ പൊതിഞ്ഞ പെട്ടികളിലും, വീൽ ചെയറുകളിലുമായി കൺമുൻപിലൂടെ യാത്രയായപ്പോഴും 21 വർഷങ്ങൾക്ക് മുൻപ് വന്നത് പോലെ തിരികെ പോകാൻ സാധിക്കുന്നത് ദൈവത്തിന്റെ കനിവും, അച്ഛനമ്മമാരുടെയും പ്രീയപ്പെട്ടവരുടേയും പ്രാർത്ഥനകളും, സീനിയറായി പിരിഞ്ഞുപോയവരുടെയും, ഇപ്പോൾ ഉള്ളവരുടെയും വിലയേറിയ ഉപദേശങ്ങളാലും, കൂടെ ജോലി ചെയ്ത മുവൈന്തെ കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ സഹായങ്ങളിലും,

സഹകരണങ്ങളിലും ആണന്നുള്ളത് ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കട്ടെ,, ഈ അവസാന നിമിഷങ്ങളിൽ പ്രിയപ്പെട്ടവരോട് പ്രത്യേകിച്ചും കേവലം വോട്ടിനും, രാഷ്ട്രിയ നേട്ടത്തിനുമായി സൈനികരെ വൃത്തികെട്ടവരും, ബലാത്സംഗക്കാരുമാക്കുന്നവരും, സൈനികരെ കളിയാക്കുന്ന ട്രോൾ നിർമ്മിക്കുന്നവരിൽ മുന്നിൽ നിൽക്കുന്ന മലയാളികളായ സഹജീവികളോടൊരു വാക്ക്.. ദയവായി ഞങ്ങളെ വികലപ്പെടുത്തുന്ന ട്രോളുകൾ നിർമ്മിക്കും മുൻപ് ഒരു നിമിഷം ചിന്തിക്കൂ. ആരെയാണ് നിങ്ങൾ നാണം കെടുത്താൻ ഒരുങ്ങുന്നതെന്ന്? അങ്ങനെ ഒരു ട്രോൾ സുരക്ഷിതമായി ഇരുന്നു ഉണ്ടാക്കാൻ നിങ്ങൾക്ക് ഈ ഭാരത മണ്ണിൽ സുരക്ഷ ഒരുക്കുന്നവരെയാണെന്ന്.. നിങ്ങൾക്കറിയാമോ? ലോകത്ത് ശമ്പളം വാങ്ങി ചെയ്യുന്ന ജോലികളിൽ 3 ജോലികൾ മാത്രമേ സേവനങ്ങൾ എന്ന രീതിയിൽ കാണുന്നതെന്ന്. ഒന്ന് നിങ്ങളുടെ ജീവൻ കാക്കുന്ന ഡോക്ടറുടെ ജോലിയും, രണ്ടാമത് നിങ്ങൾക്ക് വിദ്യ പകർന്നു തരുന്ന ഗുരുവിന്റെ ജോലിയായ അധ്യാപനവും..

മൂന്നാമത് നിങ്ങൾ നന്നായി ഉറങ്ങാൻ തന്റെ യൗവ്വന ജീവിതം മുഴുവൻ ഉറങ്ങാതിരിക്കുന്ന സ്വന്തം നാടും ,കുടുംബവും, പ്രീയപ്പെട്ടവരേയും വിട്ട് മഴയിൽ നനഞ്ഞും ,മഞ്ഞിൽ തണുത്തും, വെയിലിൽ പൊരിഞ്ഞും നിങ്ങൾക്കായി സുരക്ഷ ഒരുക്കുന്ന ഞങ്ങളുടെ ജോലിയായ സൈനിക സേവനവുമാണ്. അതെ , ഞങ്ങളും മറ്റുള്ളവരെപോലെ ഒരു പക്ഷേ അവരേക്കാൾ കൂടുതൽ നിങ്ങളെ സേവിക്കുന്നു. എന്നിട്ടും മറ്റുള്ളവരേക്കാൾ കൂടുതൽ ഞങ്ങളെ നിങ്ങൾ വേദനിപ്പിക്കുന്നു. രാഷ്ടിയ നേതാക്കളെ സന്തോഷിപ്പിക്കാനും, നാല് വോട്ടിനും വേണ്ടി സൈനികരെ കളിയാക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് വിദ്യകൊണ്ടും, സംസ്കാരം കൊണ്ടും പ്രബുദ്ധരായ മലയാളികൾ തന്നെ എന്നത് ഏറെ വേദനാജനകമാണ്.. മലയാളികൾക് ഞങ്ങളെ മനസ്സിലാവണമെങ്കിൽ കേവലം ജന്മു കാശ്മീരിലൂടെ… ദോഖ്ലയിലൂടെ, സിയാച്ചിനിലൂടെ..

കാർഗിലിലൂടെ ഒരു യാത്ര പോയാൽ മതിയാകും. നമ്മുടെ നാട്ടിലെ സമ്പദ്ഘടനയെ നല്ല രീതിയിൽ താറുമാറാക്കുന്ന ഹർത്താലുകളിലും, സാധാരണ ജനങ്ങളുടെ ജീവിതം സ്തംഭനമാക്കുന്ന പ്രക്ഷോപങ്ങളിലും നടക്കുന്ന കല്ലേറുകളും, ലാത്തിചാർജുകളും മാത്രം കണ്ടു വരുന്ന മലയാളികൾ കരുതുന്നത് ജന്മു കാശ്മീരിലും, മറ്റും ജനങ്ങൾ തീവ്രവാദികളുടെ ഒത്താശയോടെയോ, അവരുടെ ഭീക്ഷണിയാലോ പെട്രോൾ ബോബുകളുമായും കുഴി മെനുകളുമായും, വെടിയുണ്ടകളാലും ഞങ്ങൾക്കെതിരെ നടത്തുന്നതെന്ന മലയാളിയുടെ മിഥ്യാധാരണയാണ് പല ട്രോളുകളും പിറക്കാൻ കാരണമെന്നത് നഗ്നമായ സത്യമാണ്.. സൈനികരെ അപമാനിച്ച് ട്രോൾ ഉണ്ടാകുന്നവരെ നിങ്ങൾക്ക് ചങ്കിന് ഉറപ്പുണ്ടോ കുറച്ച് ദിവസം കാശ്മീരിലെ മഞ്ഞുറഞ്ഞ ടെന്റുകളിൽ ഞങ്ങൾക്കൊപ്പം താമസിച്ച് പെട്രോൾ ബോബുകളുമായി വരുന്ന ജനങ്ങളെ നേരിടുന്നത് കാണുവാനും, രാത്രിയുടെ മറവിൽ മഞ്ഞുപാളികൾക്കിടയിൽ കൂടി സർവ്വായുധ സന്നദ്ധരായി പതുങ്ങി വരുന്ന തീവ്രവാദികളെ പിടികൂടുന്നരും കാണുവാനും വരുവാൻ. നിങ്ങൾ അവരെ പ്രതിരോധിക്കണ്ട.

കൂടെ നിന്ന് കണ്ടാൽ മാത്രം മതി.. പിന്നെ ഒരിക്കലും നിങ്ങൾക്ക് ഒരിക്കലും കൈ പൊങ്ങില്ല, ഭാരത്തിന്റെ നട്ടെല്ലായാ സൈനികർക്കെതിരെ ഒരു ട്രോൾ സൃഷ്ടിക്കുവാനും ഒരു വാക്ക് എഴുതുവാനും. എല്ലാ പ്രീയപ്പെട്ടവരും ദയവായി ക്ഷമിക്കുക. ഈ അടുത്ത കാലത്തായി വന്ന ട്രോളുകൾ മനസ്സിനെ വല്ലാതെ പൊള്ളിച്ചു. ഉപ്പും, മാതൃരാജ്യത്തിന്റെ മണ്ണും തൊട്ട് ചെയ്ത പ്രതിജ്ഞയാൽ ഇതുവരെ പ്രതികരിക്കാൻ കഴിയാതെ വന്നു. ഈ അവസാന നിമിഷത്തിലെങ്കിലും ഇത് പറയാതെ പോയാൽ ഇനി ഒരിക്കലും പറയാൻ സാധിക്കാതെ വന്നാലോ എന്നു കരുതിയാണ് ഇപ്പോൾ കുറിച്ചത്. ഒരു പാട് വിഷമം ഉണ്ട് എന്നും ഊർജ്ജം തന്ന ഈ കുപ്പായം ഊരിവെയ്ക്കാൻ.. എപ്പോഴായാലും ഊരിവെയ്ക്കേണ്ടതല്ലേ. ഇനി എന്ത് എന്നറിയില്ല.

ഇനിയൊരു ജന്മം ദൈവം തരികയാണങ്കിൽ ആ ജന്മത്തിലും സംസ്കാര സമ്പന്നമായ നമ്മുടെ ഭാരത രാജ്യത്ത് ജനിക്കണമെന്നും, മാതൃരാജ്യത്തെ സംരക്ഷിക്കുന്ന സൈനികനാകണമെന്നും അത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടും, എല്ലാ പ്രീയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേർന്നുകൊണ്ടും നിർത്തട്ടെ. ജയ്ഹിന്ദ്. ഈ ഫോട്ടൊ 7 വർഷങ്ങൾക്ക് മുൻപ് എടുത്ത മൈസൂരിലെ ഒരാഴ്ചത്തെ ഒദ്യോഗിക ജീവിതത്തിടെ പരിചയപ്പെട്ട് എടുത്ത സ്വന്തം രാജ്യത്തിനായി തീവ്രവാദിളുടെ 18 വെടിയുണ്ടകൾ സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങി വീരചരമം പ്രാപിച്ച പ്രിയ സുഹൃത്ത് പൊന്നപ്പ ദേശായിയെ ഈ അവസരത്തിൽ സ്മരിക്കുന്നു. പ്രാർത്ഥിക്കുന്നു