ഇന്ത്യയിൽ ഇന്നോളം നടന്നതിൽ വെച്ചു ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട യുദ്ധം?

ഇന്ത്യയിൽ ഇന്നോളം നടന്നതിൽ വെച്ചു ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട യുദ്ധം? ഒറ്റ ദിവസം കൊണ്ട് അരങ്ങേറിയ ഏറ്റവും വലിയ കൂട്ടക്കൊല? യുദ്ധത്തിൽ വിജയിച്ചതിന് ശേഷം വിജയി ഒരു നേട്ടവും ഉണ്ടാക്കാനാകാതെ തിരിഞ്ഞോടിയ യുദ്ധം?…

ഇന്ത്യയിൽ ഇന്നോളം നടന്നതിൽ വെച്ചു ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട യുദ്ധം?
ഒറ്റ ദിവസം കൊണ്ട് അരങ്ങേറിയ ഏറ്റവും വലിയ കൂട്ടക്കൊല?
യുദ്ധത്തിൽ വിജയിച്ചതിന് ശേഷം വിജയി ഒരു നേട്ടവും ഉണ്ടാക്കാനാകാതെ തിരിഞ്ഞോടിയ യുദ്ധം?
ഇന്ത്യയിൽ ബ്രിട്ടീഷ് കോളോനിയലിസത്തിനു വഴിയൊരുക്കിയ യുദ്ധം?
മാറാത്തരുടെ വാട്ടർലൂ?

ഉത്തരം മൂന്നാം പാനിപ്പത്ത് യുദ്ധം – 1761!
യുദ്ധത്തിന്റെ പശ്ചാത്തലം ആരംഭിക്കുന്നത് 1713ലാണ്. ഔരംഗസേബിന്റെ മരണശേഷം തടങ്കലിൽ നിന്ന് വിമോചിതനായ മറാത്താ ഛത്രപതി ഷാഹുജി ഭോസ്ലെ ഛത്രപതി സ്ഥാനം ഏറ്റെടുത്തതിനു ശേഷം ബാലാജി വിശ്വനാഥ് ഭട്ടിനെ പേഷ്വ ആയി നിയമിക്കുന്നു. മറാത്താ സാമ്രജ്യത്തിന്റെ ആന്തരിക സംഘർഷങ്ങൾക്ക് അറുതി കണ്ടതിനു ശേഷം ഡെക്കാനിൽ മുഗൾ പ്രവിശ്യകളിൽ മേൽ മറാത്താ നിയന്ത്രണം ഉറപ്പിക്കുന്നു.
1720ഇൽ ബാലാജി വിശ്വനാഥ്ന്‍റെ മരണശേഷം മകൻ ബാജിറാവു പേഷ്വാ സ്ഥാനം ഏറ്റെടുക്കുന്നു. അതിസമര്ഥനായ ഗറില്ലാ – ലൈറ്റ് കാവൽറി യുദ്ധതന്ത്രജ്ഞനായിരുന്ന ബാജിറാവു ഡെക്കാനിൽ നിന്ന് മധ്യ ഇന്ത്യൻ മുഗൾ കേന്ദ്രങ്ങളിലേക്ക് മറാത്താ നിയന്ത്രണം കൊണ്ടുവരുന്നു. ഗുജറാത്ത്, മൽവാ ബുന്ദേൽഖണ്ഡ് ഒക്കെ ഇതോടെ മറാത്താ സാമ്രജ്യത്തിന്റെ ഭാഗമായി. ഇതിനോടകം ദുര്ബലമായിരുന്ന മുഗൾ സാമ്രജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളായ ഡൽഹിയും ആഗ്രയും ഒക്കെ ബാജിറാവു കൊള്ളയടിക്കുന്നു.

1740ഇൽ ബാജിറാവുവിനു ശേഷം മകൻ ബാലാജി ബാജിറാവു പേഷ്വാ പദവിയിൽ എത്തുന്നു. സാമ്രാജ്യം വീണ്ടും വടക്കോട്ട് വ്യാപിപ്പിക്കുന്നു. 1750 കളോടെ സിന്ധു – ഗംഗാ സമതലങ്ങളിലെ നവാബുമാർ ഓരോരുത്തരായി മറാത്താ കുതിരപ്പടയാളികളുടെ വാള്മുനയിൽ അടിയറവു പറഞ്ഞിരുന്നു. ശരവേഗത്തിൽ വ്യാപിക്കുന്ന മറാത്താ സാമ്രാജ്യം ഇതോടെ അഫ്ഘാൻ അതിർത്തിയിൽ എത്തുന്നു. 1758ഇൽ ലാഹോറും അറ്റോക്കും പെഷവാറും മറാഠർ കീഴടക്കി. 1758ഇൽ ഡൽഹി കീഴടക്കി മുഗൾ ചക്രവർത്തിയെ ഒരു പെൻഷനർ ആക്കിയ ശേഷം നാമമാത്രമായ മുഗൾ ചക്രവർത്തി സ്ഥാനം റദ്ദു ചെയ്ത് പകരം മകൻ വിശ്വാസ് റാവുവിനെ ഡൽഹി സിംഹാസനത്തിൽ ഇരുത്തി ഇന്ത്യ മുഴുവൻ മറാത്തരുടെ നേരിട്ട് നിയന്ത്രണത്തിലാക്കാൻ പേഷ്വാ ആലോചിക്കുന്നു. പേഷവാറിന് ശേഷം അഫ്ഘാനിലെക്ക് കടന്ന് ജലാലാബാദിലേക്ക് പട നയിക്കാൻ മറാത്താ സൈന്യം തയ്യാറെടുപ്പ് തുടങ്ങുന്നു.

പുതിയ സംഭവവികാസങ്ങളിൽ ഭയചിത്തരായ ഡൽഹിയിലെ മുസ്ലിം ക്ലെർജി ഷാഹ് വലിയുള്ളയുടെ നേതൃത്വത്തിൽ ആവിശ്ശ്വസികളായ മറാത്തർ ഡൽഹി കയ്യേറുന്നത് തടയാൻ മുസ്ലിം രാജാക്കന്മാരോട് ജിഹാദിന് ആഹ്വനം ചെയ്തു. ഇതിനോടകം അതിർത്തിയിൽ മറാത്താ സൈന്യവുമായി ചെറു സംഘർഷങ്ങളിൽ ഏർപ്പെട്ടിരുന്ന അഫ്ഘാൻ ചക്രവർത്തി ആഹ്മെദ് ഷാഹ് അബ്ദാലി ഇതോടെ ഇന്ത്യയിൽ സഖ്യങ്ങൾ തിരയാൻ ആരംഭിച്ചു. മുഗൾ ചക്രവർത്തി ഷാഹ് ആലം രണ്ടാമനും റോഹില്ല സുൽത്താൻ നജീബ് ഖാനും അവധ് നവാബ് ഷൂജാ ഉദ്ദൗളയും അബ്ദാലിയുമായി ലാഹോറിൽ വെച്ചു ഫൗജ് – എ – ഇസ്ലാം രൂപികരിച്ചു.
1759ഒടെ അബ്ദാലി ഒരു പടുകൂറ്റൻ സൈന്യം നിർമിക്കാൻ തുടങ്ങി. വിവിധ പഷ്തൂൺ, ബലൂച് ഗോത്രങ്ങളിൽ നന്നായി ഏതാണ്ട് 85000ത്തോളം പേരെയും ഇറാൻ, അസർബൈജാൻ, തുടങ്ങിയ അയൽനാടുകളിൽ നന്നായി 5000ത്തോളം പേരെയും ഇന്ത്യൻ സഖ്യ കക്ഷികളിൽ നിന്നായി 10000ഓളം പേരെയും ഉൾപ്പെടുത്തി ഏതാണ്ട് ഒരു ലക്ഷം പേരുടെ സൈന്യം അബ്ദാലി തയ്യാറാക്കി ഖൈബർ ചുരവും സിന്ധു നദിയും കടന്നു യാത്ര തുടങ്ങി.

മറാത്തർ അബ്ദാലിയെ നേരിടാൻ സദാശിവ റാവു ഭാവുവിന്റെ നേതൃത്വത്തിൽ 60000ത്തോളം പേരുടെ ഒരു സൈന്യം പുണെയിൽ നിന്ന് അയച്ചു.യശ്വന്ത് റാവു ഹോൾകാർ, ജാങ്കോജി റാവു സിന്ധ്യ, ദമ്മാജി ഹോൾക്കർ, പേഷ്വയുടെ മകൻ വിശ്വാസ് റാവു, എന്നിവരായിരുന്നു മറ്റു കമ്മാണ്ടർമാർ. ഇബ്രാഹിം അലി ഖാൻ ഖാദിയുടെ ഫ്രഞ്ച് പരിശീലിത ആർട്ടിലറി കൈകാര്യം ചെയ്യുന്ന ഗർദി പടയാളികൾ ആയിരുന്നു മറാത്താ സൈന്യത്തിന്റെ ഒരു പ്രധാന ഘടകം.ഇതു കൂടാതെ ഏതാണ്ട് രണ്ട് ലക്ഷത്തോളം സിവിലിയൻസിനെയും മറാത്തർ ഒപ്പം കൂട്ടിയിരുന്നു.ഭടന്മാരുടെ ഭാര്യമാർ, മക്കൾ, കുരുക്ഷേത്ര, മഥുര, കാശി പോലെയുള്ള ഉത്തരേന്ത്യൻ ക്ഷേത്രനഗരികളിലെക്കുള്ള തീർത്ഥാടകർ എന്നിവരായിരുന്നു അവർ 760 അവസാനത്തോടെ അബ്ദാലി കർണലിലും മറാത്താ സൈന്യം ഡൽഹിയിലും നിലയുറപ്പിച്ചു.

ഇരുസൈന്യങ്ങളും സമീപത്തായി ക്യാമ്പ് ചെയ്തതോടെ ചെറിയ സ്കിർമിഷെസ് ആരംഭിച്ചു. ഡൽഹിയിലേക്ക് വന്നുകൊണ്ടിരുന്ന ഒരു മറാത്താ സപ്ലൈ ഫോഴ്‌സിനെ അഫ്ഘാനികൾ കൊള്ളയടിച്ചു. കുജപ്പുരയിൽ ഉള്ള ഒരു അഫ്ഘാൻ ക്യാമ്പ് മറാത്തർ മുച്ചൂടും നശിപ്പിച്ചു. ഇതോടെ അബ്ദാലി സൈന്യത്തെ യമുനയുടെ വലതു കരയിലേക്ക് മാറ്റാൻ ആരംഭിച്ചു. യമുന നദി കടക്കുന്നതിൽ നിന്ന് അബ്ദാലിയെ തടയുന്നതിൽ പരാജയപ്പെട്ട മറാത്താ സൈന്യം ഇതോടെ പാനിപ്പട്ടിൽ പ്രതിരോധം തീർത്തു. യമുന നദിയുടെ കിഴക്കേ കരയിൽ ഉള്ള അബ്ദാലിക്ക് അഫ്ഘാനിസ്ഥാനുമായുള്ള സപ്ലൈ ചെയിൻ മുറിക്കുക എന്നതായിരുന്നു പ്രധാന ലക്‌ഷ്യം. ഇതേ സമയം മറാത്തർക്ക് ഭക്ഷണവും പണവും ആയി പോയ ഗോവിന്ദ പന്ത് ബുൻഡാലെയുടെ കീഴിലുള്ള ഒരു സൈന്യത്തെ അഫ്ഘാനികൾ നശിപ്പിച്ചു.

ഇതോടെ മറാത്താ ക്യാമ്പിൽ ഭക്ഷണത്തിനു ക്ഷാമം നേരിട്ട് തുടങ്ങി. അഫ്‌ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ സേന വന്ന് മറാത്താ ക്യാമ്പിന്റെ പടിഞ്ഞാറു നിലയുറപ്പിച്ചു. വടക്ക് കുജപുര മേഖല ഷൂജാ ഉദ് ടൗലയും നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ മറാത്തർ നാല് വശത്തു നിന്നും വളയപ്പെട്ടു. സപ്ലെ ഇല്ലാതാകുകയും ധാന്യങ്ങളും മറ്റും തീർന്നു തുടങ്ങുകയും എല്ലായിടത്തു നിന്നും വളയപ്പെടുകയും ചെയ്തതോടെ പട്ടിണി ആരംഭിക്കുന്നതിനു മുൻപ് യുദ്ധം ആരംഭിക്കാം എന്ന് സദാശിവ റാവു ഭാവു തീരുമാനിച്ചു. ഇതോടെ ഇബ്രാഹിം ഖർതിയുടെ നേതൃത്വത്തിൽ 150ഓളം ഫ്രഞ്ച് നിർമിത ആർട്ടിലേറി പീസുകൾ പാനിപ്പത്ത് യുദ്ധഭൂമിയിൽ നിരന്നുതുടങ്ങി. 1761 ജനുവരി 13 രാവിലെ എട്ടു മണിയോടെ ഇരുസൈന്യങ്ങളും മുഖാമുഖം കണ്ടുമുട്ടി. 14 പുലർച്ചക്ക് മറാത്താ ആർട്ടിലറി ശബ്ദിച്ചു തുടങ്ങി. പകരം അബ്ദാലി റോഹില്ല കുതിരപ്പടയാളികളെ മറാത്താ ആർടിലരിയെ നേരിടാൻ അണിനിരത്തി. പോയന്റ് ബ്ലാങ്ക് റേഞ്ചിൽ നടന്ന ഈ ആർട്ടിലറി കാവൽറി യുദ്ധം പ്രതീക്ഷിച്ച ഫലം മറാത്തർക്ക് നേടാൻ കഴിഞ്ഞില്ല. ഏതാണ്ട് 12000ഓളം അഫ്ഘാൻ റോഹില്ല ഭടന്മാരും 8000ത്തോളം മറാത്താ ഗർദികളും കൊല്ലപ്പെട്ടു.

ഇതോടെ അഫ്ഘാൻ സൈന്യത്തിന്റെ മധ്യനിര തകർത്ത് മുന്നേറാൻ ആയി മറാത്ത തന്ത്രം. ഭാവു നേരിട്ട് നയിച്ച സൈനികഘടകം ഷാഹ് വാലിയുടെ നേതൃത്വത്തിൽ ഉള്ള അഫ്ഘാൻ മധ്യനിരയിലേക്ക് തുളച്ചു കയറി. ഇവിടെയും വ്യക്തമായ മേൽകൈ നേടാൻ കഴിഞ്ഞുവെങ്കിലും പ്രതീക്ഷിച്ച ഫലം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. അർദ്ധപ്പട്ടിണിയിൽ ആയിരുന്ന മറാത്താ ഇൻഫെന്ററി ആദ്യവിജയങ്ങൾക്ക് ശേഷം പിന്നോട്ടടിക്കപ്പെട്ടു.
അഫ്ഘാൻ മധ്യനിര പടയാളികളെ കുടഞ്ഞെറിഞ്ഞുവെങ്കിലും അതിവേഗം തന്നെ ബാക്ക് പൊസിഷനിൽ കേന്ദ്രീകരിച്ചു മറാത്താ മുന്നേറ്റത്തെ തടയിടാനും വിള്ളൽ അടക്കാനും അഫ്ഘാനികൾക്ക് സാധിച്ചു. ജാങ്കോജി സിന്ധ്യയുടെ കമാൻഡിൽ മറാത്തർ ഷൂജാ ഉദ് ദൗല നയിച്ചിരുന്ന ഇടത് അഫ്ഘാൻ വിങ്ങിനെ പ്രതിരോധത്തിൽ ആക്കി. ഉച്ചയായപ്പോഴേക്കും കനത്ത പോരാട്ടം നേരിടേണ്ടി വരുമെങ്കിലും ഭാവു പാണിപ്പാട്ടിൽ കേസരിയാ ധ്വജം ഉയർത്തുമെന്ന് മറാത്താ ക്യാമ്പ് പ്രതീക്ഷ ഉറപ്പിച്ചിരുന്നു.

സ്ഥിതിഗതികൾ സസൂക്ഷ്മം വീക്ഷിച്ചിരുന്ന അബ്ദാലി ഇതോടെ സൈന്യത്തെ അറ്റാക്കിങ് പൊസിഷനിലേക്ക് മാറ്റി. മറാത്താ ആർട്ടിലറിയെ നേരിടാൻ ഏതാണ്ട് പതിനയ്യായിരത്തോളം വരുന്ന ഒട്ടക – കുതിരപ്പടയെ അയച്ചു. രാവിലെ സംഭവിച്ച പോലെ തന്നെ പോയന്റ് ബ്ലാങ്കിൽ നടന്ന കാവൽറി – ആർട്ടിലറി സംഘർഷം മറാത്തർക്ക് തിരിച്ചടിയായി. ഇതിനോടകം തന്നെ ക്യാമ്പിൽ ഉള്ള ശാരീരികശേഷി ഉള്ള എല്ലാവരെയും മുൻനിരയിലേക്ക് അബ്ദാലി കൊണ്ടുവന്നു. യുദ്ധഭൂമിയിൽ നിന്ന് പിന്തിരിഞ്ഞു ഓടുന്നവരെ വധശിക്ഷക്ക് വിധേയമാക്കാൻ മറ്റൊരു ആയിരം പേരെയും നിയമിച്ചു. ഇത് കൂടാതെ മറ്റൊരു കാവൽറി ഡിവിഷനെ മറാത്താ കാവൽറി പൊസിഷനുകളിലേക്ക് അയച്ചു. എല്ലാ സൈഡിലും യുദ്ധം നടന്നു കൊണ്ടിരിക്കെ പതിനായിരത്തോളം വരുന്ന കാലാൾപടയാളികൾ മറാത്താ മുൻനിരയിലേക്ക് കുതിച്ചു കയറി മറാത്താ ഇൻഫെന്ററി – മസ്‌കീട്ടേഴ്‌സുമായി അക്ഷരാർത്ഥത്തിൽ ‘കയ്യാങ്കളി’ ആരംഭിച്ചു. സമയം 2 മണി ആയപ്പോഴേക്കും ഏഴായിരത്തോളം മറാത്താ സൈനികർ കൊല്ലപ്പെട്ടു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തോടെ തളർന്നു കഴിഞ്ഞിരുന്ന മറാത്താ സൈനികരെ വീണ്ടും ഒരു ഫ്രഷ് അഫ്ഘാൻ കാവൽറി ഡിവിഷൻ നേരിട്ടു.

മുൻനിര തകർന്നു കൊണ്ടിരിക്കുകയും വിശ്വാസ് റാവുവിനെ കാണാതാവുകയും എല്ലാ റിസർവ് ഫോഴ്‌സിനെയും യുദ്ധ മുഖത്തിറക്കുകയും ക്യാമ്പിൽ സിവിലിയൻസിനുള്ള സുരക്ഷ ഇല്ലാതാവുകയും ചെയ്തതോടെ ഭാവു ആനപ്പുറത്തു നിന്നിറങ്ങി സ്വയം പട നയിക്കാൻ തുടങ്ങി. അവസരം മുതലെടുത്തു മറാത്താ ക്യാമ്പിലെ അഫ്ഘാൻ തടവുപുള്ളികൾ ഭാവു കൊല്ലപ്പെട്ടു എന്ന വ്യാജവാർത്ത പ്രചരിപ്പിക്കാൻ തുടങ്ങി. ഇതോടെ
വൈകുന്നേരത്തോടെ ധാരാളം മറാത്താ ഡിവിഷനുകൾ യുദ്ധഭൂമി വിടാൻ ആരംഭിച്ചു ഇത് കണ്ടതോടെ അബ്ദാലി ഉടനെ മറാത്താ നിരയുടെ ഏറ്റവും ഇടതു വശത്തുള്ള ഗർദി പടയാളികളെ വകവരുത്താൻ ഷൂജാ ഉദ് ദൗലയുടെ കീഴിൽ ഒരു ഡിവിഷൻ പട്ടാളക്കാരെ അയച്ചു. ഗർദികളെ സംരക്ഷിക്കാൻ ദമ്മാജി ഗെയ്ക്‌വാദിനെയും വിത്തൽ വൻകൂർക്കരെയും ഭാവു അയച്ചു. ആർട്ടിലറി പൊസിഷനുകളിൽ ഇണ്ടായിരുന്ന ഗർദികൾ അഫ്ഘാൻ കാവൽറിയോട് നേരിട്ട് യുദ്ധം ചെയ്യുന്നത് കണ്ടതോടെ ഗെയ്ക്വാദും വൻകൂർക്കരും റോഹില്ലകൾക്ക് നേരെ പോരാട്ടം തുടങ്ങി. എന്നാൽ വാള് മാത്രം എന്തിയ മറാത്താ കുതിരപ്പടയാളികളെ റോഹില്ല റൈഫിൾമെൻസ് വൻതോതിൽ വെടിവച്ചിട്ടു. ഇതോടെ തീർത്തും ഒറ്റപ്പെട്ടു പോയ ഗർദികളെ അഫ്ഘാനികൾ കുരുതി തുടങ്ങി. മറത്താ ആർട്ടിലറി ഏതാണ്ട് നിശ്ശേഷം നശിച്ചു.

ഇതിനിടയിൽ വിശ്വാസ് റാവു വെടിയേറ്റ് മരിച്ചു. ഭാവു തന്റെ വിശ്വസ്ത അംഗരക്ഷകരോടൊപ്പം പൊരുതിക്കൊണ്ടേയിരുന്നു. യുദ്ധം കൈവിട്ടു പോയി എന്ന് ബോധ്യപ്പെട്ട ദമ്മാജി ഹോൾകാർ തന്റെ കീഴിലുള്ള പട്ടാളക്കാരുമായി രക്ഷപ്പെട്ടു. സിവിലിയൻ ക്യാമ്പിൽ സ്ത്രീകളുടെ ഭരണം നിയന്ത്രിച്ചിരുന്ന ഭാവുവിന്റെ പത്നി പാർവതി ഭായ്, 15000ത്തോളം പട്ടാളക്കാരുമായി ഗ്വാളിയോറിലേക്ക് പുറപ്പെട്ടു. രാത്രിയോടെ എല്ലാ മറാത്താ മുന്നണികളും തകർന്നിരുന്നു. അഫ്ഘാനികൾ ഇതോടെ സിവിലിയൻ ക്യാമ്പ് ആക്രമിച്ചു കാണുന്നവരെയെല്ലാം കൊല്ലാൻ തുടങ്ങി. സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി. മാനം രക്ഷിക്കാൻ ധാരാളം സ്ത്രീകൾ കിണറുകളിൽ ചാടി ആത്‍മഹത്യ ചെയ്യേണ്ടി വന്നു. പാനിപ്പത്തിലെ തെരുവുകളിൽ ഉടനീളം ജീവന് വേണ്ടി ഓടുന്ന മറാത്തരെ അഫ്ഘാൻ കുതിരപ്പടയാളികൾ പിന്തുടർന്ന് കൊന്നൊടുക്കിക്കൊണ്ടിരുന്നു. പാനിപ്പത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട സ്ത്രീകളെ വഴികളിലുടനീളം ജാട്ടുകളും ഗുജ്ജറുകളും കൊള്ളയടിച്ചു. ഭാവുവും സിന്ധ്യയും ഉൾപ്പടെ യുദ്ധഭൂമിയിൽ അവശേഷിച്ച മറാത്താ സർദാർമാരെയെല്ലാം അഫ്ഘാനികൾ പിടികൂടി വധിച്ചു.

പുലർച്ചെ ആയപ്പോഴേക്കും ഏതാണ്ട് ഒരു ലക്ഷത്തോളം മറാത്തർ അഫ്ഘാൻ പിടിയിലായി. 14 വയസിനു മുകളിലുള്ള എല്ലാ പുരുഷന്മാരെയും തലയറുത്തു കൊല്ലാൻ അബ്ദാലി ഉത്തരവിട്ടു. ദൗലയുടെ ദിവാൻ കാശി റാമിന്റെ വിവരണപ്രകാരം ഏതാണ്ട് 40000ത്തോളം പേർ വധശിക്ഷക്കിരയായി. അല്ലാത്ത സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഉള്ളവരെ അഫ്ഘാനിലെക്ക് അടിമകളാക്കി കടത്തി.ഭാവുവിന്റെയും വിശ്വാസ് റാവുവിന്റെയും മൃതദേഹം മറാത്തർ യുദ്ധഭൂമിയിൽ നിന്ന് കണ്ടെത്തി ദഹിപ്പിച്ചു. ഇബ്രാഹിം ഖാൻ ഗർദിയെ അഫ്ഘാൻ പടയാളികൾ പീഡനത്തിനിരയാക്കി വധിച്ചു. മറാത്തർ വീണ്ടും സൈന്യവുമായി വന്ന് ആക്രമിക്കും എന്ന് ഭയന്ന് അബ്ദാലി എത്രയും വേഗം ഖൈബർ ചുരം കടന്നു. അതിനു ശേഷം അബ്ദാലിയോ മറ്റൊരു അഫ്ഘാൻ രാജാവോ ഇന്ത്യ ആക്രമിച്ചില്ല. പാനിപ്പത്ത് യുദ്ധ പരാജയം അറിഞ്ഞു തളർന്ന പേഷ്വാ ബാലാജി ബാജിറാവു പുണെയിലെ പാർവതി കുന്നുകളിൽ ആത്മീയ ജീവിതം ആരംഭിച്ചു. അദ്ദേഹം മാസങ്ങൾക്കുള്ളിൽ മരണത്തിനു കീഴടങ്ങി

ഏതാണ്ട് മുപ്പതിനായിരത്തോളം അഫ്ഘാൻ സൈനികരും നാല്പത്തിനായിരത്തോളം മറാത്താ സൈനികരും യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഇത് കൂടാതെ ഒരു ലക്ഷത്തിനു മുകളിൽ മറാത്താ സിവിലിയൻസ് കൂട്ടക്കൊലക്കിരയായി. ഇരുവശത്തുമായി ഏതാണ്ട് രണ്ട് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു എന്ന് അനുമാനിക്കുന്നു. പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ പാനിപ്പത്തിൽ ജീവനൊടുക്കിയ ഒരു അംഗം എങ്കിലും ഇല്ലാത്ത വീടുകൾ വിരളമായിരുന്നു. മറാത്തികളുടെ ഒരു തലമുറ തന്നെ പാനിപ്പട്ടിൽ കൊഴിഞ്ഞു വീണു.ഇത്ര ഭീമമായ പരാജയത്തിന്റെ കാരണം പലതാണ്. മതപരമായ മൊറാലെ ബൂസ്റ്റ് ചെയ്ത് അബ്ദാലി സഖ്യങ്ങൾ സൃഷ്ടിച്ചപ്പോൾ മറുവശത്ത് രാജപുത്രരെയും ജാട്ടുകളെയും സിഖുകാരെയും അമിതമായ കപ്പം ചുമത്തിയും കൊള്ളയടിച്ചും ഒക്കെ മറാത്തർ വെറുപ്പിച്ചകറ്റി. സ്വന്തം ജന്മനാടായ മഹാരാഷ്ട്രയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ പാണിപ്പാട്ടിൽ ഒരു സഖ്യവും ഇല്ലാതെ അവർക്ക് പൊരുതേണ്ടി വന്നു. രണ്ട് ലക്ഷത്തോളം വരുന്ന സിവിലിയൻസിനെ കൂടെ കൂട്ടിയതും മറാത്തർക്ക് വല്യ പിഴവായി മാറി. ഉത്തരേന്ത്യൻ ഹൈന്ദവ ക്ഷേത്രനഗരികളേക്കുള്ള തീർത്ഥാടകർ, ഭടന്മാരുടെ ഭാര്യമാർ, മക്കൾ, എന്നിവരായിരുന്നു ഇവർ. ഭക്ഷണം, വെള്ളം തുടങ്ങിയവ യുദ്ധസമയത്ത് കൂടുതൽ കരുതേണ്ടി വരുകയും അഫ്ഘാൻ സൈന്യത്തിന്റെ പകുതി മാത്രം ഉണ്ടായിരുന്ന മറാത്ത പടയാളികൾ സിവിൽയാൻസിന്റെ സുരക്ഷയും നോക്കേണ്ടി വന്നു.

യുദ്ധപരാജയത്തിനു ശേഷം ഇവർ ഭീകരമായ കൂട്ടക്കൊലക്ക് ഇരയായി. യമുന തീരത്തെ സമതല ഭൂപ്രകൃതിയും ജനുവരിയിലെ ഉത്തരേന്ത്യൻ തണുപ്പും പശ്ചിമഘട്ട മലനിരകളിൽ ഗറില്ലായുദ്ധമുറ നടത്തി ശീലിച്ച മരത്തർക്ക് അപരിചിതമായിരുന്നു. ഉത്തരേന്ത്യയിൽ യുദ്ധം ചെയ്ത് പരിചയമുള്ള രഘുനാഥറാവുവിന് പകരം സദാശിവറാവു ഭാവുവിനെ യുദ്ധത്തിന്റെ നേതൃത്വം ഏല്പിച്ചതും മറാത്തർക്ക് വിനയായി.
മൂന്നാം പാനിപ്പത്ത് യുദ്ധത്തിന്റെ പ്രധാന ഫലം ഇന്ത്യയിയുടെ കോളനിവൽക്കരണം ഒരു അനിവാര്യതയായി എന്നതാണ്. യുദ്ധപരാജയത്തിനു ശേഷം പേഷ്വാ ആയ മാധവറാവു ഉത്തരേന്ത്യയിൽ മറാത്താ നിയന്ത്രണം തിരിച്ചു കൊണ്ടുവന്നു എങ്കിലും 27ആം വയസ്സിലെ അദ്ദേഹത്തിന്റെ മരണശേഷം മറാത്താ സാമ്രാജ്യം ഒരു കോൺഫെഡറേസി ആയി മാറി. മറാത്താ സർദാർമാർ ഒരിരുത്തരായി സ്വന്തം രാജ്യങ്ങൾ സ്ഥാപിക്കാനും തമ്മിലടിക്കാനും തുടങ്ങി. തദ്വാരാ ഓരോരുത്തരെയായി ബ്രിട്ടീഷ്കാർ വെവ്വേറെ യുദ്ധക്കളങ്ങളിൽ വീഴ്ത്തി. വൈകാതെ ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിൽ ആകുകയും ചെയ്തു.

പാനിപ്പത്ത് യുദ്ധ പരാജയം മറാത്തി ഭാഷയിലും പ്രതിഫലിക്കപ്പെട്ടു. സംക്രാന്ത കോസലലെ (സംക്രാന്തി ചതിച്ചു) എന്ന പ്രയോഗം മകര സംക്രാന്തി ദിനത്തിൽ സംഭവിച്ച പാനിപ്പത്ത് യുദ്ധ പരാജയത്തോടെ ആണ് ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. ഭീമമായ പരാജയത്തെ കുറിക്കാൻ പാനിപ്പത്ത് സാലെ എന്നും മറാത്തികൾ ഉപയോഗിക്കുന്നു. :ആംച്ചാ വിശ്വാസ് പാനിപട് ഗെലാ ‘ എന്ന പ്രയോഗം ഒരേ പോലെ പാനിപ്പത്ത് യുദ്ധഭൂമിയിൽ മരിച്ചു വീണ പതിനേഴുകാരനായ പേഷ്വയുടെ മകൻ വിശ്വാസ് റാവുവിനെയും ഒരു കാര്യത്തിന്മേലുള്ള വിശ്വാസം നഷ്ടമായതിനെയും കുറിക്കുന്നു. ഞങ്ങളുടെ വിശ്വാസ് പാനിപറ്റിൽ പോയി എന്നും പാനിപ്പത്ത് മുതൽ ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്നും ഈ പ്രയോഗം അർഥമാക്കുന്നു.