ഈ ചെക്കന് ഇപ്പൊ ഇങ്ങനെ ചാവണ്ട വല്ല കാര്യം ഉണ്ടോ, ഓരോരോ തോന്നലുകളേയ്

ഈ ചെക്കന് ഇപ്പൊ ഇങ്ങനെ ചാവണ്ട വല്ല കാര്യം ഉണ്ടോ, ഓരോരോ തോന്നലുകളേയ്.. എന്താ ചെയ്യാ…. എഴുത്തൊന്നും എഴുതി വെച്ചിട്ടില്ലാന്നു…എന്തിനാ ചത്തെന്നു അവന് മാത്രം അറിയാം…… ഒച്ച കേട്ടപ്പോഴേ ആളെ മനസ്സിലായി… പീടികകാരൻ രാഘവേട്ടൻ……

ഈ ചെക്കന് ഇപ്പൊ ഇങ്ങനെ ചാവണ്ട വല്ല കാര്യം ഉണ്ടോ, ഓരോരോ തോന്നലുകളേയ്.. എന്താ ചെയ്യാ…. എഴുത്തൊന്നും എഴുതി വെച്ചിട്ടില്ലാന്നു…എന്തിനാ ചത്തെന്നു അവന് മാത്രം അറിയാം…… ഒച്ച കേട്ടപ്പോഴേ ആളെ മനസ്സിലായി… പീടികകാരൻ രാഘവേട്ടൻ… എന്നിട്ടും മുഖമുയർത്തി നോക്കാൻ തോന്നിയില്ല….. ഇന്നു രാവിലെ, വല്യേട്ടനാണ് വിളിച്ചു പറഞ്ഞത്, ഡീ നമ്മടെ ചാന്ത് പൊട്ട്… മരിച്ചു, കെട്ടി തൂങ്ങി …. നീ വരണുണ്ടോ കാണാൻ…. ബസ് ഇറങ്ങിയപ്പോ, വല്യേട്ടന്റെ മോൻ ബൈക്കും കൊണ്ട് കാത്തുനിന്നിരുന്നു, അമ്മായി, മരിച്ച വീട്ടിലേക്കാണോ, അതോ നമ്മടെ വീട്ടിലേക്കാണോ..ആദ്യം പോണ്ടത്. . മരിച്ച വീട്ടിലേക്ക് എന്ന് പറയാൻ തോന്നിയില്ല….. അനൂപിന്റെ വീട്ടിലേക്ക് ആദ്യം … അങ്ങനെയാണ് പറഞ്ഞത്, രണ്ട് വീടിന് ഇപ്പുറമായി വണ്ടി നിർത്തി, ഇറങ്ങി അവന്റെ വീട്ടിലേക്ക് നടക്കുമ്പോൾ, എതിരെ രാഘവേട്ടനും, ഗോപാലേട്ടനും കൂടി, നടന്നു വരുന്നുണ്ടായിരുന്നു.മുഖമുയർത്താതെ നടന്നുനീങ്ങുന്ന എന്നെ കണ്ടതും രാഘവേട്ടൻ ഒന്ന് നിന്നു അല്ല മോളെ, മോള് ഇതറിഞ്ഞിട്ട് വന്നതാണോ…. ഇപ്പ വരും വഴിയാണോ….

അതേ, രാഘവേട്ടാ, എന്നും പറഞ്ഞു പെട്ടെന്ന് മുൻപോട്ട് നടന്നു… ആളുകളെ വകഞ്ഞു മാറ്റി, ഒരു നോക്ക് കണ്ടു അവന്റെ മുഖം,എല്ലാവരെയും പറ്റിച്ച ഒരു പുഞ്ചിരി ചുണ്ടിൽ തെളിഞ്ഞു വരും പോലെ തോന്നി …കഴിഞ്ഞ ആഴ്ച, മണി പാപ്പന്റെ മോളുടെ കല്യാണത്തിന് വന്നു മടങ്ങുമ്പോ ബസ് സ്റ്റോപ്പിൽ വെച്ചാണ്‌ അവസാനമായി അനൂപിനെ കണ്ടത്…… കളികൂട്ടുകാരനും, സഹപാഠിയും ആയിരുന്നു…..ബസ് സ്റ്റോപ്പിന്റെ അപ്പുറത്തെ സൈഡിൽ ബൈക്കിൽ ഇരുന്നു ആരോടോ സംസാരിക്കായിരുന്നു അവൻ, എന്നെ കണ്ടപ്പോഴേ വേഗം അടുത്തേക്ക് വന്നു…. ഡീ നീ ഇന്നാള് കണ്ടതിലും വണ്ണം വെച്ചല്ലോ… ന്തൂട്ടാണ് തീറ്റ .. നീയിപ്പോ അളിയനെക്കാളും വണ്ണം വെച്ചു ട്ടാ….. ഇങ്ങനെ വണ്ണം വെച്ച വല്ല രോഗം വരും, നീ പ്രഷറും, ഷുഗറും, ഒക്കെ നോക്കണം ഇടയ്ക്ക്….. ന്താന്ന് അറിയില്ലെടാ… ഇവനെ.. വെറുതെ വണ്ണം വെയ്ക്കാ…… അത് പോട്ടെ.. നീയെന്താ പെണ്ണ് കെട്ടാനൊന്നും നോക്കണില്ലേ…. വയസ്സ് എത്രയായി യിന്നു ഓർമ്മയില്ലേ… മുടിയൊക്കെ നരച്ചു തുടങ്ങി….. കുറച്ചു കൂടി കഴിഞ്ഞാൽ പിന്നേ നിനക്ക് പെണ്ണ് കിട്ടില്ല ട്ടാ…. എന്റെ ചിരിയോടുകൂടിയ, ചോദ്യത്തിന് ചിരിച്ചു കൊണ്ടു തന്നെ അവൻ മറുപടിയും തന്നു.. .. എനിക്ക് ആര് പെണ്ണ് തരാൻ, പെണ്ണുങ്ങളുടെ പോലെയല്ലേ എന്റെ സംസാരവും, നടത്തവും, ഇപ്പൊ കുറച്ചു നാളായി, അനുമോളെ, എന്ന വിളിക്ക് പകരം, ചാന്ത് പൊട്ട്, എന്നൊരു പേര് കൂടി നാട്ടാര് തന്നിട്ടുണ്ട്….. നീയും കേട്ടിട്ടുണ്ടാവും, ഇല്ലേ…. ചിരിയോടെ പറഞ്ഞെങ്കിലും, ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞത്‌ കൊണ്ട് മനപ്പൂർവം സംസാരം വഴി തിരിച്ചു വിടാൻ, ഞാൻ ചോദിച്ചു, അമ്മയും അച്ഛനും ഒക്കെ എന്ത് പറയുന്നു…..

നിനക്കറിയോ, അച്ഛൻ എന്നോട് മിണ്ടിയിട്ടു വർഷങ്ങളായി, അതിനൊരു കാരണവും ഉണ്ടായി, ഒരു ദിവസം പെങ്ങളുടെ, വളയും, മാലയും ചുരിദാറും ഇട്ട് ഞാൻ കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ അച്ഛൻ പെട്ടെന്ന് റൂമിലേക്ക്‌ കയറി വന്നു, പത്തിരുപത്തിരണ്ടു വയസ്സായ ചെക്കൻ കോലം കെട്ടി, മനുഷ്യരെ കൊണ്ട് പറയിപ്പിക്കാൻ നടക്കാണ് കുറെ നാളായി നാട്ടുകാരുടെ കളിയാക്കൽ കേട്ട് നടക്കുന്നു…. നിന്നെ ഞാനിന്നു കൊല്ലും, ഇങ്ങനെ ആണും പെണ്ണും കെട്ടത് ഇവിടെ വേണ്ട.. എന്നും പറഞ്ഞു അച്ഛൻ അന്നെന്നെ കുറെ തല്ലി, എവിടേക്കെങ്കിലും നാട് വിട്ട് പോവേ, അല്ലെങ്കിൽ ചാവേ, എന്തേലും ചെയ്യ്, ഇനി നീ ഈ വീട്ടിലേക്ക് കേറരുത്.. എന്ന് പറഞ്ഞു . പുറത്താക്കി വാതിലടച്ചു…….. ഞാൻ എങ്ങോട്ട് പോകാൻ, എനിക്ക് എന്റെ അച്ഛനും, അമ്മയും അനിയത്തിയും.. അതാണ്, എന്റെ ലോകം, അവരെ വിട്ട് എനിക്ക് എങ്ങോട്ടും പോകാനാവില്ല, അതിൽ പിന്നേ അച്ഛൻ എന്നോട് മിണ്ടിയിട്ടില്ല…..പക്ഷെ, വല്ലപ്പോഴും, ആഘോഷങ്ങൾക്ക് മാത്രം കുടിച്ചിരുന്ന അച്ഛൻ പിന്നീട് ഒരു സ്ഥിരം കുടിയൻ ആയത്.. ഞാൻ കാരണമാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്…..അമ്മ മിണ്ടും…. ചോറ് എടുത്ത്‌ വെച്ചിട്ടുണ്ട്, അല്ലെങ്കിൽ കിടക്കവിരിച്ചിട്ടുണ്ട്, എന്നിങ്ങനെ . ഏതെങ്കിലും….. വല്ലപ്പോഴും..അമ്മയുടെ വിചാരം, ഞാൻ ശ്രമിച്ചാൽ എന്റെ സ്ത്രൈണത മാറ്റാൻ പറ്റും ന്നാണ്, നമ്മടെ ജാനുവേടത്തി ചാന്ത് പൊട്ട് സിനിമ കണ്ട്‌, അമ്മയ്ക്ക് പറഞ്ഞു കൊടുത്തതാണ്, അവൻ വിചാരിച്ചാൽ മാറാവുന്നതേ ഉള്ളു… ഈ അസുഖം എന്ന്….. എനിക്കറിയില്ല, എനിക്കാഗ്രഹം ഉണ്ട്., ഒന്നുകിൽ പൂർണ്ണമായും ഒരാണിന്റെ മനസ്സ്, അല്ലെങ്കിൽ പെണ്ണിന്റെ മനസ്സ്,. . ഇതിപ്പോ.. ഞാൻ എന്താ ചെയ്യാ…… നിസ്സഹായത ആയിരുന്നു അവന്റെ ശബ്‌ദത്തിൽ…. ഉവ്വ്‌, ഞാനും അവനെ അനുമോളെ എന്ന് വിളിച്ചു കളിയാക്കിയിരുന്നു, ആദ്യം,..

എന്നെ ചിന്തിക്കാൻ അനുവദിക്കാത്ത വണ്ണം അവൻ തുടർന്നു… ഇനിയിപോ പെണ്ണ് കെട്ടി, ആ പെണ്ണിന്റെ ശാപം കൂടി തലയിൽ വെയ്ക്കണ്ടല്ലോ ന്ന്‌ കരുതിയിട്ടാണ്….. ആരെയും കുറ്റം പറയുന്നില്ല ഞാൻ, എല്ലാവർക്കും ഞാനൊരു കോമാളി…. അവഗണന പക്ഷെ സ്വന്തം വീട്ടിൽ നിന്നു കൂടിയാകുമ്പോ സഹിക്കാൻ പറ്റുന്നില്ല. . ഇപ്പോ ഒരു മാസം ആയില്ലേ, അനിയത്തി ടെ കല്യാണം കഴിഞ്ഞിട്ട്, ഇന്നലെ അവള്ടെ ചെക്കന്റെ വിട്ടീലേക്ക് പോയിരുന്നു ഞാൻ, അവൾ വീട്ടില് വന്നു പോയിട്ട്, ഒരാഴ്ച ആയിട്ടില്ല, എന്നാലും, എനിക്ക് അവളെ കാണാതെ വല്ലാത്തൊരു വിഷമം….. അവിടെ ചെന്നു, തിരിച്ചു വീട്ടില് എത്തിയപ്പോ, അമ്മ പറയുന്നു… അവള് അമ്മേ വിളിച്ചു പറഞ്ഞു ത്രെ…. ചേട്ടനോട് ഇനി ഇങ്ങോട്ട് വരരുതെന്നു പറഞ്ഞോളോ, എനിക്ക് നാണക്കേട് ആണ്…. എന്ന്. ..ചിലപ്പോ തോന്നും….. പറഞ്ഞു വന്ന വാക്കുകൾ മുഴുവിപ്പിച്ചില്ല… നിറഞ്ഞു വരുന്ന കണ്ണുകളെ… ചുണ്ടിൽ അര ചിരിയിട്ട് മറക്കാൻ അവനൊരു ചെറിയ ശ്രമം നടത്തി, അല്ലെങ്കിലും പഠിക്കുമ്പോഴും ഇങ്ങനെ തന്നെയായിരുന്നു അവൻ, പെൺക്കുട്ടികളയരുന്നു കൂട്ട്, വീട്ടിലെ എല്ലാ കാര്യങ്ങളും, ഞങ്ങളോട് വന്നു പറയുമായിരുന്നു….. ഞാനും വല്ലാതായി അവന്റെ സംസാരം കേട്ട്…. എന്റെ കണ്ണുകളും നിറഞ്ഞു… ഡീ കറുമ്പി .. ഞാൻ നിന്നെ കൂടി കരയിച്ചു ലെ… സോറി ഡീ, നീയൊന്നും കാര്യമാക്കണ്ട, ഞാനെന്തൊക്കെയോ പറഞ്ഞു…… പിന്നെയും അവൻ എന്തോ പറയാൻ തുടങ്ങിയതും, ബസ് വരുന്ന ഒച്ച കേട്ടു.. അവൻ നിർത്തി…. ഇനി വരുമ്പോൾ കാണാം ഡാ…. എന്ന് ഞാൻ പറഞ്ഞപ്പോ…. അവൻ ഒന്നും മിണ്ടാതെ എന്റെ കണ്ണിലേക്കു നോക്കി.. ഒന്ന് ചിരിച്ചു….. അതായിരുന്നു… അവസാനം… ഇവിടെനിന്ന്, ഉറങ്ങി കിടക്കുന്ന ഇവന്റെ അടുത്തുനിന്ന് എനിക്ക് ഉറക്കെ വിളിച്ചു പറയണമെന്നുണ്ട്…. ഇതൊരു ആത്മഹത്യ അല്ല, കൊലപാതകം ആണ്, നമ്മളാണ്, നമ്മൾ ഓരോരുത്തരും ആണ്, അവനെ, ഇഞ്ചിഞ്ചായി കൊന്നത്….. പക്ഷെ, നിറഞ്ഞു കവിഞ്ഞ കണ്ണുകൾ തുടച്ചു ഞാനും തിരിഞ്ഞു നടന്നു, ഒന്നും മിണ്ടാതെ….. പ്രിയ കൂട്ടുകാരാ, കണ്ണീര് നനഞ്ഞ ഈ വാക്കുകൾ മാത്രം ഞാനിവിടെ കുടഞ്ഞിടുന്നു .. നിന്റെ ഓർമ്മയ്ക്കായി …