ഉള്ളിൽ നിന്നൊരു കുറിപ്പ്…

ഞാനിപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല. എത്ര ദൂരം യാത്ര ചെയ്തിട്ടാണ് ഇത്രേടം വരെ എത്തിയതെന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല. ഇവിടെയാകെ കൂരിരുട്ടാണ് അൽപ്പം പോലും വെളിച്ചമില്ല. ആരും കൂട്ടുമില്ല. ആകെയുള്ളത് എന്തോ തട്ടും പോലെ ഇടയ്ക്കൊരു മിടിപ്പ്…

ഞാനിപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല. എത്ര ദൂരം യാത്ര ചെയ്തിട്ടാണ് ഇത്രേടം വരെ എത്തിയതെന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല.

ഇവിടെയാകെ കൂരിരുട്ടാണ് അൽപ്പം പോലും വെളിച്ചമില്ല. ആരും കൂട്ടുമില്ല. ആകെയുള്ളത് എന്തോ തട്ടും പോലെ ഇടയ്ക്കൊരു മിടിപ്പ് മാത്രമാണ്. അതൊരിക്കലും നിലയ്ക്കുന്നില്ല. നിവർന്നു കിടക്കാൻ സാധിക്കുന്നില്ല. കൈയും കാലും വേദനിക്കുന്നത് പോലെ.

ഭക്ഷണം ആരോ ഒരു കുഴലിലൂടെ താഴെക്കിടുന്നത് പോലെ. എങ്കിലും നല്ല രുചിയുണ്ടതിന്. ആകെ മൊത്തം മരവിച്ചിരിക്കുന്നു.

പുറത്ത്‌ ഇരുട്ട്‌ കട്ട പിടിച്ച്‌ തുടങ്ങുമ്പോൾ മേലാകെ നീറാൻ തുടങ്ങുന്നു. തലയുടെ ചുറ്റും പൊള്ളുന്നത് പോലെ. സഹിക്കാൻ വയ്യാതെ ഞാൻ എനിക്ക്‌ ചുറ്റുമുള്ള ചുമരിൽ ആഞ്ഞൊന്ന് ചവിട്ടി. കാലൽപ്പം നിവർന്നു. കുറച്ചാശ്വാസം.

പക്ഷേ പുറത്താരുടെയോ നിലവിളി കേൾക്കാം. ആർക്കോ വേദനിച്ചോ ? ഞാനാകെ പുളയുന്നു. എന്നെ ചുമക്കുന്ന മതിൽകെട്ടു ആകെ ഉഴറുന്നത് പോലെ. ഭയന്നിട്ട് ഞാൻ വീണ്ടും ചുരുണ്ട് കൂടി.

അതാ സ്‌നേഹം കൊണ്ടെന്ന പോലെ ആരോ എന്നെ തലോടാൻ കൈകൾ നീട്ടുന്നു. ഒരൽപം നുറുങ്ങ് പരിഭവമോടെ ഒരു പതിഞ്ഞ സ്വരം എന്നോട് സംസാരിക്കുന്നു. എന്നെ കാത്തിരിക്കുന്നു എന്ന് പറഞ്ഞു. എനിക്കൊരുപാട് സന്തോഷം തോന്നി. ഈ ഇരുട്ടിൽ ആരുമില്ലാത്ത ഈ വൃത്തത്തിനുള്ളിൽ എന്നെ കാത്തിരിക്കാനും ആരോ ഉണ്ടല്ലോ. ഒരുപാട് സ്നേഹത്തോടെ എന്നെ കുഞ്ഞീ എന്ന് പേരിട്ട്‌ വിളിക്കാൻ ആരോ തുടങ്ങിയല്ലോ…

ആരാണെന്നറിയില്ല..എന്നിട്ടും ആരോ പഠിപ്പിച്ചത് പോലെ അറിയാതെ ഞാനും വിളിച്ചു “അമ്മേ “എന്ന്. എന്താണാ വാക്കിനർത്ഥം എന്നറിയില്ല. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഇങ്ങനെ സ്നേഹിക്കുന്ന ആളാണോ അമ്മ ? ഒരിക്കലും മിണ്ടിയില്ലെങ്കിലും വാത്സല്യത്തോടെ ഇങ്ങനെ കാത്തിരിക്കുന്ന ആളാണോ അമ്മ? എന്റെ നാവെന്തേ അങ്ങനെ വിളിച്ചത് ? അറിയില്ല.. എന്തായാലും നല്ല എളുപ്പമാണ് വിളിക്കാൻ അമ്മ ..അമ്മ..

ഇടയ്ക്കൊക്കെ അമ്മ എന്നോട് സംസാരിച്ചിരുന്നു.. എനിക്ക് വിശക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചിരുന്നു.. ഉറക്കം വരാതെ ഞാനിടയ്ക്ക് അനങ്ങുമ്പോൾ അമ്മയക്ക് ചെറുതായി നൊന്തിരുന്നു. എന്നിട്ടും എന്നെ ഉറക്കാൻ പാട്ടൊക്കെ പാടിയിരുന്നു.. അമ്മ ഉറങ്ങുമ്പോഴൊക്കെ എന്നെ ആരും കൊണ്ടു പോകാതിരിക്കാൻ എന്ന പോലെ ഞാനുറങ്ങുന്ന കൂടിന് മുകളിൽ എപ്പോഴും കൈ വെച്ചിരുന്നു.

അമ്മയോടൊപ്പം കിടക്കാൻ കൊതി പൂണ്ട്‌ ഞാൻ കൈ നീട്ടിയിരുന്നു.. പക്ഷേ പുറത്തേക്ക്‌ എത്തിയിരുന്നില്ല.

ദിവസങ്ങൾ പിന്നെയും കഴിഞ്ഞു. മെല്ലെ എന്റെ സ്ഥലം മാറി തുടങ്ങി.. ഞാൻ ഭയന്നു.. ഉറക്കെ കരഞ്ഞു.. ആരും കേട്ടില്ല.. പുറത്ത്‌ എന്തൊക്കെയൊ ബഹളങ്ങൾ കേൾക്കാം. എന്റെ ശരീരം വല്ലാതെ കുലുങ്ങുന്നു.. തലയ്ക്ക് മുകളിലൂടെ ഒരു കൈ നീണ്ടു വരുന്നു.. ആരോ ശക്തിയായി തലയിൽ പിടിച്ച്‌ വലിയ്ക്കുന്നു.. വേദന കൊണ്ട് പുളഞ്ഞ ഞാൻ അലറിയലറി കരഞ്ഞു. ദേഹമാകെ ചുമന്നു തുടങ്ങി.

എനിക്ക് തുണയായിരുന്ന മിടിപ്പു ശബ്ദം അകലുന്നത് പോലെ. അമ്മയുടെ സംസാരം കേൾക്കാനേയില്ല. എന്താണ്‌ സംഭവിക്കുന്നത്..? മനസ്സിലാവുന്നില്ല.

ആരോ എന്നെ ഇരുട്ടിൽ നിന്നെടുത്തിട്ടു.. മറ്റാരോ എന്നെ നെഞ്ചോട്‌ ചേർത്തു.. സ്നെഹത്തോടെ പറഞ്ഞു.. പെണ്‍ക്കുട്ടിയാണ്…
അതെ ഞാൻ വീണ്ടും ജനിക്കുകയാണ്.. തീർത്ത ശ്വാസം ഊന്നിയെടുത്ത് ഞാൻ വീണ്ടും ജനിക്കുകയാണ്…..!!

-Jayasree Sadasivan

Jayasree Sadasivan