എന്റെ അടിവയറിന്റെ നിഗൂഢമായ ഉള്ളറകളിൽ നീ സമ്മാനിച്ച പ്രണയം തുടിച്ച് തുടങ്ങിയിരിക്കുന്നു. പ്രജീഷ് കോട്ടക്കലിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു.

സമൂഹത്തിൽ  നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ നേർകാഴ്ചകളാണ് പ്രജീഷ് കോട്ടക്കൽ തന്നെ ഫേസ്ബുക് പേജിൽ കുറിക്കുന്നത്.  അതിൽ ഒന്നാണ് വിരൽ ആയിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റ്. ഒരുപാട് അർഥങ്ങൾ നിറഞ്ഞ ഈ പോസ്റ്റ് ഇന്ന് ഓരോ മനുഷ്യനും വായിക്കേണ്ടത്…

സമൂഹത്തിൽ  നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ നേർകാഴ്ചകളാണ് പ്രജീഷ് കോട്ടക്കൽ തന്നെ ഫേസ്ബുക് പേജിൽ കുറിക്കുന്നത്.  അതിൽ ഒന്നാണ് വിരൽ ആയിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റ്. ഒരുപാട് അർഥങ്ങൾ നിറഞ്ഞ ഈ പോസ്റ്റ് ഇന്ന് ഓരോ മനുഷ്യനും വായിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പണ്ട് പണ്ട് ഒരിടത്ത് ഒരു കുഞ്ഞു കാടുണ്ടായിരുന്നു. അവിടെയൊരു മരമുണ്ടായിരുന്നു. ആ മരത്തിൽ ആൺകിളി ഉപേക്ഷിച്ച ഒരു മരച്ചില്ലയുണ്ടായിരുന്നു. ആ ചില്ലയിൽ ഒരു കുഞ്ഞു കൂടുണ്ടായിരുന്നു. ആ കൂട്ടിൽ ആൺകിളിയുടെ പെൺകിളിയുണ്ടായിരുന്നു. ഒരിക്കൽ ദൂരെ ദൂരെ ദിക്കിൽ നിന്നും ആ കാട്ടിലേക്ക് കുറച്ച് ദേശാടനക്കിളികൾ വിരുന്നുവന്നു. കിളിക്കൂട്ടത്തിലെ ചില സുന്ദരി പെൺകിളികളുടെ അംഗലാവണ്യത്തിൽ മതിമറന്ന ആൺകിളി ഒരു നിലാവുള്ള രാത്രിയിൽ തന്റെ കൂടെ പൊറുത്ത പെൺകിളിയെ മറന്ന് അവളെത്തനിച്ചാക്കി ആ വിരുന്നുകാരായ കിളിക്കൂട്ടത്തിന്റെ കൂടെ പറന്ന് പറന്ന് പറന്ന് എങ്ങോപോയി….! തന്നെ തനിച്ചാക്കി ആൺകിളി പോയതറിയാതെ ആ നിലാവുള്ള രാത്രിയിൽ അവളാ കൂട്ടിൽ അവന്റെ സുന്ദര സ്വപ്നങ്ങളെ താലോലിച്ച് ഉറങ്ങുകയായിരുന്നു….. അവന്റെ കൊക്കുകളുടെ വിശുദ്ധ ചുംബനങ്ങളാൽ തൂവലുകൾക്കുള്ളിലൂടെ പാഞ്ഞുകയറിയ ഉൾപ്പുളകങ്ങളും, നിറുകിലും കഴുത്തിലും അവന്റെ ചുംബനങ്ങളേറ്റ് പിടഞ്ഞ നിമിഷങ്ങളും, അവന്റെ ചേർത്തുപിടിച്ച ചിറകിനുതാഴെ ലോകത്തെ ചുരുക്കിയതും അങ്ങിനെയങ്ങിനെ സ്വപ്നത്തിന്റെ തീഷ്ണ ഭാവങ്ങൾ. തമ്മിൽ കൊക്കുരുമ്മി നിലാവിലേക്ക് നോക്കിക്കണ്ണടച്ച് പുണർന്നു കിടക്കുമ്പോൾ പലപ്പോഴും ആ കൂട്ടിലേക്ക് മഞ്ഞു പൊഴിയുമായിരുന്നു. അതു മനസ്സിലാക്കിയായിരിക്കണം മരം അപ്പൊഴൊക്കെ അവർക്കു മുകളിൽ തണുക്കാതിരിക്കാൻ ഇലപൊഴിക്കുമായിരുന്നു.

അത് അവർക്കുള്ള പ്രകൃതിയുടെ സമ്മാനമായിരുന്നു. മഴയത്ത് മരവും, ഇലയും തടുത്തിട്ടും കൂട്ടിലേക്ക് വീണുടയുന്ന മഴത്തുള്ളികളിൽ നനഞ്ഞ ചിറകുമായി തണുത്തു തണുത്ത് കൊക്കുകൾ കൂട്ടിയിടിക്കുമ്പോൾ അവർ കൊക്കുരുമി കലപില ശബ്ദമുണ്ടാക്കുമായിരുന്നു. ഇടിവെട്ടുമ്പോൾ തമ്മിൽ മുറുകെ പുണരുമായിരുന്നു, മിന്നലടിക്കുമ്പോൾ അവന്റെ കഴുത്തിലൊളിപ്പിച്ച അവളുടെ കുനിഞ്ഞമുഖം വെട്ടിച്ചവൾ ഓട്ടക്കണ്ണിട്ട് മിന്നലിന്റെ വ്യാപ്തിയളക്കും. “ആ മരം അവരുടെ ലോകമായിരുന്നു അതിലെ കൂട് അവരുടെ സ്വർഗ്ഗമായിരുന്നു ” പതിവില്ലാതെ എന്തോ കണ്ടവൾ ആ സ്വപ്നങ്ങളിൽ നിന്നും ഞെട്ടിയുണർന്നു. നിലാവെട്ടത്തിൽ നിറയെ നിഴലുകൾ. കൊറ്റി മരത്തിലിരുന്ന് മുതുമുതുക്കൻ മൂങ്ങ മൂളുന്നു. കൂട്ടിൽ ഒഴിഞ്ഞുകിടക്കുന്ന തന്റെ ഇണക്കിളിയുടെ ഇടം. ഈ നേരത്ത തന്റെ ഇണ എവിടെപ്പോയി….? അവൾ കൂട്ടിൽനിന്നും പുറത്തിറങ്ങി ചില്ലയിൽ വന്നിരുന്ന് ചിലച്ചു വീണ്ടും വീണ്ടും ചിലച്ചു. മറുപടിയില്ല….! ചില്ലകളിലൂടെ ചാടി നടന്നും പാറിപ്പറന്നും അവൾ ചിലച്ച് ചിലച്ച് വയ്യാതായി. മേലാകെ ഒരു കോരിത്തരിപ്പ്, ശബ്ദത്തിന് വല്ലാത്ത ഒരു മൃദുഭാവം, അടിവയറിൽ ഒരു സുഖമുള്ള ഭാരം. എന്തു പറ്റി അവൾ ചിറകു കൊണ്ട് അടിവയറ്റിലൂടെ തഴുകി. “ദൈവമേ ഞാൻ അമ്മയാകാൻ പോകുന്നു” അവളുടെ നെഞ്ചിൽ കുളിരു പെയ്തു. അവൾ രണ്ടു ചിറകും വയറിലേക്കമർത്തി ആകാശത്തേക്ക് നോക്കി ചിലച്ചു. മരം അവളുടെ മുകളിലേക്കാ നിമിഷം ഇല മഴ പൊഴിച്ചു. പെൺകിളിയിൽ നിന്നും അമ്മയിലേക്കാണ് ഇനിയവൾ പിച്ചവെക്കുന്നത്. അവൾ സന്തോഷം കൊണ്ട് മരത്തിനു ചുറ്റും പറന്നു. ആ മരത്തിലെ മിന്നാമിന്നികൾ അവൾക്കു ചുറ്റിലും വെളക്കു തെളിയിച്ച് പാറിക്കൊണ്ടിരുന്നു. തന്റെ ആൺക്കിളിയോട് ഈ സന്തോഷം പറയാൻ അവൾ വെമ്പി. അന്നാദ്യമായി അവളാ നിലാവിനെയും അവനില്ലാത്ത കനത്ത നിശബ്ദതയേയും ഭയപ്പെട്ടു.

വല്ലാത്ത ഒരൊറ്റപ്പെടൽ നിമിഷങ്ങൾ നീങ്ങിമാറാതെ അവളെ നോക്കി വീർപ്പുമുട്ടിക്കുന്നു. ഉപേക്ഷിച്ചു പോയ അവനെക്കാത്തവൾ ഉറങ്ങാതെ പറന്ന് പറന്ന് നേരം വെളുപ്പിച്ചു. ദിവസങ്ങൾ കടന്നു പോയി ഓരോ രാവും, പകലും അവളും, ഉദരത്തിലെ പാകമായ പുതുജീവനുകളും അവനുവേണ്ടി കാത്തിരുന്നു .പക്ഷെ അവൻ വന്നില്ല. ദേശാടനക്കിളികളോടൊത്ത് പറന്ന് പറന്ന് അവൻ നന്നേ തളർന്നു പോയിരുന്നു. പാതി വഴിയിൽ അവനെയവർ കൊത്തിയകറ്റി. തിരിച്ചു പറക്കാനും തന്റെ പെൺകിളിയെ കാണാനും ആഗ്രഹിച്ചെങ്കിലും ശക്തിയില്ലാത്തവനായി ചിറകൊടിഞ്ഞ് എവിടെയോ ഇsറിവീണ് ആൺകിളി തിരിച്ചു വരാത്ത ലോകത്തേക്ക് പറന്നു പോയി. ഇന്നുമവൾ കാത്തിരിക്കുന്നു കൂട്ടിൽ കൊഴിഞ്ഞു വീണ ആൺകിളിയുടെ ഇളം മഞ്ഞ തൂവലും വയറിൽ ചേർത്തണച്ച് അവന്റെ സ്വപ്നങ്ങളെ പുതച്ചവൾ കാത്തിരിക്കുന്നു. തിരിച്ചുവരാത്ത അവന്നും കാത്തിരിക്കുന്ന അവളും…..! (ഉപേക്ഷിക്കപ്പെട്ട പെൺകിളികൾക്ക് സ്നേഹപൂർവ്വം സമർപ്പിക്കുന്നു.)

കടപ്പാട്: പ്രജീഷ് കോട്ടക്കൽ