എല്ലാവർക്കുമുണ്ടാകും പറയാനൊരു കഥ, സ്വജീവിതത്തിന്റെ യാഥാർത്യവശങ്ങളുടെ ഇരുൾ വീണ വഴികളിൽ വെട്ടം പരത്തിയ അനുഭവദീപങ്ങളിൽ നിന്നുയർന്നുവന്ന കഥകൾ

രചന :Anand Sreekrishna

എല്ലാവർക്കുമുണ്ടാകും പറയാനൊരു കഥ, സ്വജീവിതത്തിന്റെ യാഥാർത്യവശങ്ങളുടെ ഇരുൾ വീണ വഴികളിൽ വെട്ടം പരത്തിയ അനുഭവദീപങ്ങളിൽ നിന്നുയർന്നുവന്ന കഥകൾ. ആദ്യപ്രണയം അന്തസ്സായി പൊട്ടിപ്പൊളിഞ്ഞു, മദ്യത്തിന്റെയും,വിരഹത്തിന്റെയും,ജീവിതവിരക്തിയുടെയും കാണാക്കയങ്ങളിൽ ശ്വാസംമുട്ടി കാലിട്ടടിച്ചിരുന്ന എനിക്ക് ജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്ക് സ്വജീവിതാനുഭവത്തിന്റെ വള്ളിപ്പടർപ്പിലൂടെ പിടിവള്ളി നൽകി രക്ഷിച്ച രണ്ട്‍ കുട്ടികളിലൂടെയാണ് എന്റെ കഥ കടന്ന് പോകുന്നത്… ആദ്യമായി പ്രണയമെന്തെന്നറിഞ്ഞ നിമിഷം മുതൽ ഞാൻ സ്വപ്നങ്ങളുടെ മായാലോകത്തേക്ക് ചേക്കേറിയിരുന്നു, പ്രണയം പൂത്തുലയുന്ന പൂമരത്തിന്റെ ശിഖരങ്ങളിൽ ഞാൻ കൂടുകൂട്ടിയിരുന്നു. പ്രണയ തീവ്രതയുടെ പാരമ്യതയിൽ ഞാൻ സ്വയം മറന്ന് ജീവിച്ചു, കാമുകിയുടെ കപടവാഗ്ദാനങ്ങളിലും,ചൂടേറിയ സല്ലാപങ്ങളിലും മുഴുകിപോയ ഞാൻ മറ്റെല്ലാത്തിനേയും പുച്ഛിച്ചുതള്ളി. ഒടുവിൽ സ്വന്തം കുടുംബമാണ് എനിക്ക് വലുതെന്നും, അവരെ വെറുപ്പിച്ച് ഇറങ്ങിവരാൻ പറ്റില്ലെന്ന് പറഞ്ഞ് അവൾ നടന്ന് പോയപ്പോൾ മൂഢനായിപോയ ഞാൻ എല്ലാത്തിനെയും വെറുത്തുതുടങ്ങി, ഇഷ്ടമാണെന്ന് പറഞ്ഞ് പിറകെവന്നതും ഒരിക്കലും വിട്ടുപോവില്ലെന്ന് ആണയിട്ടതുമവൾ തന്നെയായിരുന്നു.അപ്പോഴൊന്നും അവൾക്ക് വീട്ടുകാരെ പറ്റിയുള്ള ഓർമയോ അവരെ വിഷമിപ്പിക്കാനാവില്ലെന്ന തിരിച്ചറിവൊ എന്തെ ഇല്ലാതിരുന്നതെന്ന സംശയത്തിന് എനിക്ക് ഉത്തരം ലഭിച്ചത് ഒരുമാസം കഴിഞ്ഞപ്പോൾ ഒരു അമേരിക്കക്കാരൻ എഞ്ചിനീയർ അവളെ വിവാഹം കഴിച്ചു എന്നറിഞ്ഞപ്പോളാണ്…

ഒടുവിൽ അവളുടെ ഓർമകൾ ഉള്ളിൽ കനലായെരിഞ്ഞ്, വിരഹദുഃഖത്തിന്റെ തീച്ചൂളയിൽ വെന്തുരുകിയിരുന്ന ഞാൻ മരണമാണ് ജീവിതത്തെക്കാളേറെ സുന്ദരമെന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ വീട്ടിൽനിന്നും വഴക്കിട്ട്, കൂട്ടുകാരെയും വെറുപ്പിച്ച് നാടുവിട്ടപ്പോൾ എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയില്ലായിരുന്നു. അങ്ങനെ എങ്ങോട്ട് പോകണമെന്നറിയാതെ കിട്ടിയവണ്ടിപിടിച്ച് ഞാനെത്തിപ്പെട്ടത് എറണാകുളത്തായിരുന്നു. ലക്ഷ്യബോധമോ,ഭാവിയെന്തെന്ന ഉൽക്കണ്ഠയോ ഇല്ലാതെ അലഞ്ഞുതിരിയുമ്പോളാണ്, റോഡിലൂടെ രണ്ട്‍ ആൺകുട്ടികൾ തോളിലൊരു ചാക്കും കീറിപ്പറിഞ്ഞ വസ്ത്രവും ധരിച്ച് റോഡിലൂടെ കളിച്ചുചിരിച്ചു പോകുന്നത് ഞാൻ കണ്ടത്,അത് കണ്ട ഞാൻ സ്വയം പറഞ്ഞു, “തെരുവിൽ കഴിയുന്ന അവർക്ക് നൽകിയ സന്തോഷവും സമാധാനവും എനിക്ക് ഇല്ലാതെ പോയല്ലോ, ഹാ ഒന്ന് പ്രേമിച്ച് നോക്കുമ്പോൾ അവർക്കും മനസ്സിലാവും ഞാൻ അനുഭവിക്കുന്ന വേദന” പ്രണയത്തിന്റെ പൊട്ടകിണറ്റിൽ വീണ കൂപമണ്ഡൂകത്തിന്റെ മൂഢമായ ചിന്ത….. പിന്നീടും ചില ദിവസങ്ങളിൽ ഞാൻ അവരെ കണ്ടു, ഒരു ദിവസം അവർ രണ്ട് പേരും ഒരുമിച്ചിരുന്ന് ഒരു പൊതിച്ചോർ പങ്കിട്ട് കഴിക്കുന്നത് ഞാൻ കണ്ടു,അതെന്നിൽ ഒരു കൗതുകമുണർത്തി,മെല്ലെ ഞാനവരുടെ അടുത്തേക്ക് ചെന്നു.അവരിലൊരുത്തൻ ചുമക്കാൻ തുടങ്ങിയപ്പോൾ ഞാൻ കയ്യിലിരുന്ന വെള്ളംകുപ്പി അവർക്ക് കൊടുത്തു,അപ്പോൾ അവർ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.. “എന്താ നിങ്ങടെ പേര്?” “ഞാൻ ഹരി ഇവൻ കൃഷ്ണൻ” ഒരുത്തൻ പറഞ്ഞു.

“വീടെവിടെയാ നിങ്ങളുടെ ?” “കടവരാന്തയിൽ കിടന്നുറങ്ങുന്ന ഞങ്ങൾക്കെവിടുന്നാ ചേട്ടാ വീട്!” അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു,അത് കേട്ട് ഒന്നും മിണ്ടാനാവാതെ ഞാനിരുന്നു. “നിങ്ങളുടെ അച്ഛനും അമ്മയുമൊക്കെ???” “ഞങ്ങൾക്കാരുമില്ല ചേട്ടാ ഞങ്ങളീ തെരുവിന്റെ മക്കളാണ്” ഹരി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അവൻ പറഞ്ഞ മറുപടി ശരവേഗത്തിൽ എന്റെ ഹൃദയത്തിലേക്ക് തുളച്ചുകയറി. “എങ്ങനെയാണ് നിങ്ങളിവിടെ എത്തിയത്? ” “ഞാൻ എല്ലാം പറഞ്ഞ് തരാം ചേട്ടാ പക്ഷെ അതിന് മുമ്പ് അവനെന്തെങ്കിലും കഴിക്കാൻ വാങ്ങികൊടുക്കുമോ? രണ്ട് ദിവസായി ഭക്ഷണം കഴിച്ചിട്ട് ആകെ കിട്ടിയത് ഈ പൊതിച്ചോറാ! ഇന്നവൻ തലകറങ്ങി വീണു അതോണ്ട് അവന് വാങ്ങികൊടുത്താൽ മതി…” ഹരിയെന്നോടത് പറഞ്ഞപ്പോൾ എന്തോ എന്റെ ഹൃദയത്തിന് വല്ലാത്ത ഭാരം അനുഭവപെട്ടു. ഞാൻ അവരെയും കൂട്ടി ഹോട്ടലിൽ കയറി രണ്ട് പേർക്കും ബിരിയാണി വാങ്ങിക്കൊടുത്തു, അത് കഴിക്കുമ്പോൾ ഞാനവരെ തന്നെ നോക്കിയിരുന്നു. ഹരിയാണ് കാഴ്ച്ചയിൽ വലുത് ഇരുണ്ട നിറവും, നീണ്ട മുഖവും, കോലൻ മുടിയും,തിളങ്ങുന്ന കണ്ണുകളും,പക്വത തെളിഞ്ഞുകാട്ടുന്ന മുഖവും തെരുവിലാക്കപ്പെട്ട അനാഥത്വം അവനെ ജീവിതമെന്തെന്ന് പഠിപ്പിച്ചുവെന്ന് എന്നോട് വിളിച്ചോതുന്നുണ്ടായിരുന്നു. അടുത്തവൻ കൃഷ്ണൻ കറുത്ത വട്ടമുഖവും ഇടുങ്ങിയ കണ്ണുകളും നീണ്ടമൂക്കുമുള്ള അവനിൽ നിഷ്കളങ്കത നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിച്ചുകഴിയുന്നത് വരെ ഞാനവരെ നോക്കിയിരുന്നു,ഹരി മാത്രം എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നതല്ലാതെ കൃഷ്ണൻ ഒന്നും സംസാരിച്ചിരുന്നില്ല.. “എന്താ ഇവൻ ഒന്നും മിണ്ടാത്തെ പേടിച്ചിട്ടാണോ” “അല്ല ചേട്ടാ അവൻ സംസാരിക്കില്ല” ഹരിയുടെ മറുപടി എന്റെ മനസ്സിൽ ഒരു വെള്ളിടിമുഴക്കത്തിന്റെ പ്രകമ്പനം തീർത്തു. ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ ഞാൻ അവരെയും കൊണ്ട് തെരുവിൽ മഞ്ഞവെട്ടം പരത്തി നിൽക്കുന്ന സോഡിയം ലാമ്പിന്റെ കീഴിലുള്ള ഒരു കോൺക്രീറ്റ് ഇരുപ്പിടത്തിലിരുന്നു. “ഇനി പറ നിങ്ങളെങ്ങനെ ഇവിടെ എത്തി?” “ചേട്ടാ ഞങ്ങൾ ജനിച്ചതെവിടെയാണെന്നോ,അച്ഛനും അമ്മയും ആരാണെന്നോ ഞങ്ങൾക്കറിയില്ല ഓർമ വച്ച നാൾ മുതൽ ഞങ്ങൾ ഒരനാഥാലയത്തിലാണ് വളർന്നത്. അവിടെ ഞങ്ങളെ പഠിപ്പിക്കുകയൊക്കെ ചെയ്തിരുന്നെങ്കിലും അവിടത്തെ വാർഡൻ ഞങ്ങളെ വല്ലാതെ ഉപദ്രവിക്കുമായിരുന്നു.അവിടുത്തെ എല്ലാ പണിയും ഞങ്ങളെ കൊണ്ടെടുപ്പിച്ചിരുന്നു,വാർഡന്റെ തുണികൾ വരെ ഞങ്ങളെ കൊണ്ടാണ് കഴുകിച്ചേരുന്നത്‍. ഒരു ദിവസം പനി പിടിച്ചുവിറച്ചു കിടന്നിരുന്ന എന്നെ പണിയെടുക്കടാ പോയിട്ടു എന്നാക്രോശിച്ചു കൊണ്ട് വലിച്ചിഴച്ചു കൊണ്ട്പോയി അടുക്കളയിൽ നിന്നും പഴുപ്പിച്ച ചട്ടുകം വച്ച് ചൂടുവെച്ച് കാലിൽ പൊള്ളിച്ചു. അന്നൊരുപാട് കരഞ്ഞു ഞാൻ ചോദിക്കാനും പറയാനും ആരുമില്ലാത്തതോർത്ത്‌ ഒരുപാട് സങ്കടപ്പെട്ടു,ചിലപ്പോൾ ദിവസങ്ങളോളം ഞങ്ങളെ പട്ടിണിക്കിട്ടിരുന്നു. പക്ഷെ അതൊക്കെ സഹിച്ചു ഞങ്ങളവിടെ കഴിഞ്ഞു. അങ്ങനെ ഒരു ദിവസം രാത്രി ഞാൻ മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോളാണ് ഞാനത് കണ്ടത് വാർഡൻ ഇവനെയും പിടിച്ചുവലിച്ചുകൊണ്ട് പോവുന്നു, ഞാൻ മെല്ലെ അവരുടെ പിറകെ ചെന്നു.

ഇവൻ ഒന്നൊച്ചവെക്കാൻ പോലുമാവാതെ തേങ്ങുന്നുണ്ടായിരുന്നു, ഇവനേം കൊണ്ട് അയാൾ കുളിമുറിയിലെത്തിയപ്പോളാണ് അയാളുടെ സ്വഭാവം എനിക്ക് മനസ്സിലായത്, ഉദ്ദേശം മോശമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അയാൾ കാമം തീർക്കാൻ മിണ്ടാപ്രാണിയായ ഇവനെ ബലിയാടാക്കുന്നത് കണ്ടപ്പോൾ കയ്യിൽ കിട്ടിയ ഇരുമ്പ് വടിയെടുത്ത് ഞാനയാളുടെ തലക്കടിച്ച് ഇവനേം കൊണ്ട് ഓടി രക്ഷപെട്ടതാണ് ഞാൻ. അങ്ങനെയാണ് ചേട്ടാ ഞങ്ങളിവിടെ എത്തിയത്,ഇപ്പോളും ഇടക്ക് പട്ടിണി കിടക്കേണ്ടിവരും എങ്കിലും സമാധാനമായി ഉറങ്ങാൻ പറ്റുന്നുണ്ട് ചേട്ടാ ഇപ്പോൾ, കുപ്പിയും പാട്ടയും പെറുക്കിവിറ്റും, കാറുകഴുകി കൊടുത്തും കിട്ടുന്ന കാശിന് ഭക്ഷണം വാങ്ങി ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കും, ചിലപ്പോൾ ദിവസങ്ങളോളം പട്ടിണി കിടക്കും അപ്പോളൊക്കെ ഞങ്ങൾ ആലോചിക്കും ഞങ്ങൾക്കും അച്ഛനും അമ്മയും ഒക്കെ ഉണ്ടായിരുന്നെങ്കിലെന്ന്, അമ്മമാർ കുട്ടികൾക്ക് ഭക്ഷണം വാരി കൊടുക്കുന്നത് കാണുമ്പോൾ ഒരുപാട് കൊതിച്ചിട്ടുണ്ട് ചേട്ടാ അമ്മയെ ഒന്ന് കാണാൻ….” അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ഞാൻ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടാനാവാതെ ഇരുന്നുപോയി, തൊണ്ട വറ്റിവരളുന്നതായെനിക്ക് തോന്നി,സംസാരിക്കാൻ ശബ്‍ദം പുറത്ത് വന്നില്ല, ഒരു പ്രതിമയെ പോലെ അനങ്ങാനാവാതെ ഞാനിരുന്നു. അവരുടെ കഥ കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി വിരഹമാണ് ഏറ്റവും വലിയ വേദനയെന്ന് വിശ്വസിച്ചിരുന്ന എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. എരിയുന്ന വയറിലെ തീയാളുമ്പോളാണ് വിരഹത്തെക്കാൾ വേദനയെന്തെന്ന് അറിയുന്നത് പ്രാണൻ പോകുന്ന വിശപ്പിനറുതിവരുമ്പോളാണ് പ്രണയത്തേക്കാൾ വലിയ വികാരമെന്തെന്നറിയുന്നത് എന്ന് ഭക്ഷണം കഴിക്കുമ്പോളുള്ള അവരുടെ കണ്ണുകൾ എന്നോട് പറയാതെ പറയുന്നുണ്ടായിരുന്നു.

അനാഥത്വത്തിലും അവർ സ്വയം സന്തോഷം കണ്ടെത്തുമ്പോൾ, എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവനാണെന്ന് വിചാരിച്ചിരുന്ന എന്റെ ചിന്തകളിൽ എത്രത്തോളം അന്ധകാരം ബാധിച്ചിട്ടുണ്ടെന്ന് അവരെനിക്ക് കാണിച്ചുതന്നു. അമ്മയില്ലാതെ പോയതിന്റെ വിഷമം അവൻ പറഞ്ഞപ്പോൾ, എനിക്ക് ഒരു പനി പിടിച്ചപ്പോൾ ഉറക്കമൊഴിച്ച് കണ്ണ് നിറച്ച് എനിക്ക് കാവലിരുന്ന, എനിക്ക് കഞ്ഞി വച്ച് കുമ്പിളിൽ കുമ്പിളിൽ വാരി തന്ന അമ്മയെന്ന പുണ്യത്തിന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു, ആ നിമിഷം എന്റെ കണ്ണുകളിൽ കുറ്റബോധത്തിന്റെ കണ്ണുനീർ തുള്ളികൾ കരകവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. അച്ഛന്റെ കൈപിടിച്ച് നടക്കുന്നത് സ്വപ്നം കാണാറുണ്ടെന്നവർ പറഞ്ഞപ്പോൾ, കുറുമ്പ് കാട്ടിയതിന് എന്നെ തല്ലിയിട്ടും, ഞാനുറങ്ങുമ്പോൾ അറിയാതെ അടുത്ത് വന്നിരുന്ന് നെറുകയിൽ തലോടി ഉമ്മവെച്ചുപോകുമ്പോൾ നെറ്റിയിൽ വീണ ഒരു തുള്ളി കണ്ണുനീരിൽ അച്ഛന്റെ പ്രതീക്ഷയും സ്വപ്നങ്ങളുമുണ്ടെന്ന തിരിച്ചറിവ് എന്റെ നെറ്റിയെ പൊള്ളിച്ചുകൊണ്ടിരുന്നു. തനിക്ക് വിശക്കുമ്പോളും എനിക്ക് തന്നില്ലെങ്കിലും കൃഷ്ണന് ഭക്ഷണം വാങ്ങി കൊടുക്കണമെന്ന് ഹരി എന്നോട് പറയുമ്പോൾ സൗഹൃദമാണ് സഹോദര്യമെന്നും സഹോദരനാവാൻ കൂടെപിറക്കണമെന്നില്ലെന്നും നിശബ്ദമായി അവന്റെ തിളങ്ങുന്ന കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു.

ഒടുവിൽ അവരെയും കൂട്ടി ഞാൻ യാത്ര തിരിക്കുമ്പോൾ, എനിക്ക് ഒരു ലക്ഷ്യബോധമുണ്ടായിരുന്നു, സന്തോഷത്തിന്റെ ജനനവും മരണവും പ്രണയവും വിരഹവുമല്ല വിശപ്പ് തന്നെയാണെന്ന തിരിച്ചറിവിലേക്ക് അവരെന്നെ എത്തിച്ചിരുന്നു. അവരുടെ കൈപിടിച്ച് വീടിന്റെ പടി കേറുമ്പോൾ ഞാൻ കണ്ടു ഉമ്മറത്തു എന്നെയും കാത്തിരിക്കുന്ന എന്റെ അമ്മയെ, ഓടി ചെന്ന് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു, അച്ഛന്റെയും അമ്മയുടെയും കാൽക്കൽ വീണ് മാപ്പ് പറഞ്ഞു. ഒടുവിൽ അമ്മയോടും അച്ഛനോടും നടന്ന സംഭവങ്ങൾ പറഞ്ഞപ്പോൾ അമ്മ ഓടി ചെന്ന് അവരെയെടുത്തു കുറേ ഉമ്മവച്ചുകരഞ്ഞു എന്നിട്ട് അവരെ കൈ പിടിച്ചു അകത്തേക്ക് കൊണ്ട്പോയി.. എന്നിട്ട് കലങ്ങിയ കണ്ണുമായി ഗൗരവത്തിൽ എന്നോട് പറഞ്ഞു,, “ഇനി മുതൽ രണ്ട്‍ അനിയമാർ കൂടിയുണ്ടെന്ന ബോധം വേണം, നാളെ മുതൽ മര്യാദക്ക് പണിക്കുപൊക്കോണം അല്ലേൽ പച്ചവെള്ളം തരില്ല ഞാൻ!!” “ആഹാ ഇപ്പോൾ ഞാൻ പുറത്തായി ല്ലേ അമ്മ ആള് കൊള്ളാലോ!” ഇത് പറഞ്ഞ് ഞാനച്ഛനെ നോക്കുമ്പോൾ ഒരു പുഞ്ചിരിയുമായി അച്ഛൻ കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു….. സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…

Devika Rahul