എഴ് വർഷമായി ഞാൻ തറവാട്ടിൽ നിന്ന് പടി ഇറങ്ങിയിട്ട്.അച്ഛൻ മരിച്ചതിന് ശേഷം തവവാട്ടിൽ പോകാൻ അമ്മ അനുവദിച്ചിട്ടില്ല.

രചന: Ayisha Hayath Roshan ഷോപ്പിംഗ് മാൾ മുഴുവൻ നടന്നിട്ടും കിച്ചു ഏട്ടന് വേണ്ടി ഒന്നും വാങ്ങാനായില്ല. ഒന്നും ഇഷ്ടപ്പെടാഞ്ഞിട്ടല്ല. എന്തെടുത്താലും അത് പോരാ എന്നൊരു തോന്നൽ.. ന്താടീ നന്ദൂട്ടി ഒന്നും കിട്ടിയില്ലേ നിന്റെ…

രചന: Ayisha Hayath Roshan
ഷോപ്പിംഗ് മാൾ മുഴുവൻ നടന്നിട്ടും കിച്ചു ഏട്ടന് വേണ്ടി ഒന്നും വാങ്ങാനായില്ല. ഒന്നും ഇഷ്ടപ്പെടാഞ്ഞിട്ടല്ല. എന്തെടുത്താലും അത് പോരാ എന്നൊരു തോന്നൽ.. ന്താടീ നന്ദൂട്ടി ഒന്നും കിട്ടിയില്ലേ നിന്റെ ഗന്ധർവ്വന്? സൽമായുടെ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ രണ്ട് കയ്യിലും എന്തൊക്കയോ സാധനങ്ങളുമായ് നിൽക്കുന്നു അവൾ എന്താടീ ഇതൊക്കെ? ബിരിയാണി വെക്കാനുള്ള അരിയാണ്. എല്ലാർക്കും എന്തേലും വാങ്ങാൻ നിന്നാ ശരിയാവില്ല. ഇതാവുമ്പോൾ എല്ലാവരും ഹാപ്പി ആവും. നിന്നെ സമ്മതിക്കണം കുട്ടി പിശാചേ.ലോകാവസാനം ആണെന്ന് അറിഞ്ഞാലും ബിരിയാണി ചെമ്പിൽ നിന്ന് തല എടുക്കരുത്. ഇത് ചുമന്ന് നാട്ടിൽ ചെല്ലുമ്പോൾ നീ എല്ലുപൊടി ആവും.ഇത് എവിടുന്ന് എടുത്തോ അവിടെ കൊണ്ട് വെച്ചിട്ട് വന്നാ മതി. നീ എന്താടീ ഒന്നും വാങ്ങാത്തത്? കിച്ചു ഏട്ടന് കിച്ചു ഏട്ടന്റെ നന്ദൂട്ടി കൊടുക്കുന്നത് വില കൊടുത്ത് വാങ്ങാൻ പറ്റുന്ന ഒന്നാവരുത്. തറവാട്ടിൽ ചെല്ലട്ടെ. വെള്ളയും ചോപ്പും കളറിലെ ചെമ്പകപ്പൂക്കൾ ഇറുത്ത് നൽകും ഞാൻ. കൂടെ എന്റെ ഹൃദയവും. ആ സുഗന്ധം മതി ഏഴു ജൻമ്മം ഏട്ടൻ എന്നെ ഓർക്കാൻ .

എഴ് വർഷമായി ഞാൻ തറവാട്ടിൽ നിന്ന് പടി ഇറങ്ങിയിട്ട്.അച്ഛൻ മരിച്ചതിന് ശേഷം തവവാട്ടിൽ പോകാൻ അമ്മ അനുവദിച്ചിട്ടില്ല. അന്ധവിശ്വാസങ്ങളും ലോകത്ത് എവിടെയും കാണാത്ത ചിട്ടകളും നിയമങ്ങളും ഉള്ള ജയിലാണ് തറവാടെന്നാണ് അമ്മയുടെ കണ്ടെത്തൽ.. ബന്ധങ്ങൾ എല്ലാം അറുത്ത് മുറിച്ച് കളഞ്ഞ പോലെയാണ് അമ്മയുടെ സംസാരവും. ഇനിയും എന്നെ അവരിൽ നിന്ന് അകറ്റിയാൽ ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് പോകും. അതിനുള്ള പ്രായം എനിക്കായി എന്ന ഭീഷണിയിലാണ് എനിക്ക് പോകാൻ സമ്മതം കിട്ടിയത്. ഹോസ്റ്റലിൽ എത്തി ബാഗിൽ ഡ്രസ്സ് എടുത്ത് വെക്കുന്നതിനിടയിൽ സൽമാ ചോദിച്ചു. കൃഷ്ണപ്രസാദ് ഇപ്പോഴും നിന്നെ ഓർക്കുന്നുണ്ടാവോ നന്ദൂട്ടി? അറിയില്ലെടീ. പക്ഷേ ഞാൻ മറന്നിട്ടില്ല. നീ പൊട്ടി തന്നെയാണ്. കാലം ഇത്ര കഴിഞ്ഞിട്ടും ഇങ്ങനെക്കെ ചിന്തിക്കുന്നല്ലോ. അയാൾക്ക് കുടുംബവും കുട്ടികളും ആയോ, മറ്റാരേ എങ്കിലും പ്രണയിക്കുന്നുണ്ടോ എന്നെക്കെ നിനക്ക് അറിയില്ലല്ലോ. അങ്ങനെ ആയെങ്കിൽ ഞാനാ നഷ്ട പ്രണയത്തെ അവിടെ അടക്കം ചെയ്ത് വരും. ആ ഓർമ്മകൾക്ക് ചന്ദനമുട്ടികളാൽ ചിതയൊരുക്കും. ഒരു പക്ഷേ അങ്ങനെ അല്ല എങ്കിൽ നീ നിന്റെ ഇഷ്ടം തുറന്ന് പറയുമോ? സമയമായില്ല പോലും സമയമായില്ല പോലും ക്ഷമയാണ് പ്രണയത്തിൻ മരുന്ന് തോഴീ.. എന്ത് പറഞ്ഞാലും നിനക്കിപ്പൊ ഈ പൊട്ടപ്പാട്ടാണ് എന്നും പറഞ്ഞ് അവൾ ദേഷ്യത്തിൽ എഴുന്നേറ്റ് പോയി. എവിടോ കേട്ടതാണ് ഈ പാട്ട്. പിന്നെ നാവിൽന്ന് പോയിട്ടില്ല. വെറുതേ മൂളിയാലും ഇതാവും വരുക. പാലക്കാട് വരെ സൽമയും ഞാനും ഒരുമിച്ചാണ് യാത്ര.

അവിടെ അവളുടെ ഉപ്പ വരുംകൂട്ടാൻ. എന്നെ കൂട്ടിക്കൊണ്ട് പോകാൻ മുത്തശ്ശനാണ് വരുക. അമ്മ വിളിച്ച് പറഞ്ഞിട്ടുണ്ടെത്രേ. കണ്ടില്ലേൽ വിളിക്കാൻ നമ്പറും തന്നിട്ടുണ്ട്. വർഷം എത്രയായ് ,മുത്തശ്ശനും മുത്തശ്ശിക്കും ഒരുപാട് രൂപമാറ്റങ്ങൾ വന്ന് കാണും. പാലക്കാട് എത്തിയതും എന്റെ കണ്ണുകൾ മുത്തശ്ശനെ തിരഞ്ഞു. മുത്തശ്ശന്റെ മാറ്റങ്ങൾ കാണാൻ ഒരു കൗതുകം. ന്റെ ദേവീ.. ദാ മുത്തശ്ശൻ. മുത്തശ്ശന് ഒരു മാറ്റവും ഇല്ല. പക്ഷേ എന്നെ മുത്തശ്ശന് മനസ്സിലായില്ല. കാണുന്ന ഓരോരുത്തരിലും മുത്തശ്ശൻ എന്നെ തിരയുന്നുണ്ട്. ദാവണിയിൽ എന്നെ പ്രദീക്ഷിട്ടുണ്ടാവില്ല. ഇടക്കൊരു സംശയഭാവത്തിൽ എന്നെ നോക്കി. എന്റെ ചിരിയിൽ നിന്നാണ് മുത്തശ്ശൻ എന്നെ തിരിച്ചറിഞ്ഞത്. വാത്സല്യത്തോടെ എന്റെ നെറുകയിൽ തലോടുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാനോർത്ത് പട്ടണത്തിലെ പരിഷ്കാരങ്ങൾ എല്ലാമായി ന്റെ കുട്ടി ഒരുപാട് മാറി കാണുമെന്ന്. ഏത് പട്ടണത്തിൽ പോയാലും ന്റെ അച്ഛന്റെ പാരമ്പര്യം ഞാൻ മറക്കില്ലാട്ടോ. തറവാട് എത്തുംവരെ ഞാൻ ഒരുപാട് സംസാരിച്ചു.സർപ്പ കാവിനെപ്പറ്റിയും കുടുബ ക്ഷേത്രത്തെപ്പറ്റിയും എല്ലാം. പാടത്തിന് നടുവിലൂടെ ഉള്ള യാത്രയിൽ ആ പച്ചപ്പിൽ മനസ്സിനും ഒരു തണുപ്പും കുളിരുമെക്കെ തോന്നി തുടങ്ങി.ചെറിയ ചെറിയ കടകളും വീടുകളും എല്ലാം പിന്നിട്ട് തറവാട്ടിൽ എത്തി. തറവാട് നാലുകെട്ടാണ്. പുതുമണ്ണിന്റെ ഗന്ധത്തിനൊപ്പം അച്ഛന്റെ ഓർമ്മകളും ഉണ്ട് ഇവിടെ. വഴിക്കണ്ണ് നട്ടിരിക്കുന്നുണ്ട് മുത്തശ്ശി.കണ്ടപാടെ ചുംബനങ്ങളും കണ്ണീരും പരിഭവവും കൊണ്ടെന്നെ മൂടി. ആകെ ഉണ്ടായിരുന്നത് ഒരു മകനാണ്. അവൻ പോയി. അവന്റെ മകളെ പോലും കൊതി തീരെ കാണാൻ അവകാശമില്ലാത്ത പാഴ്ജൻന്മങ്ങൾ ആയി പോയല്ലോ ഞങ്ങൾ. മുത്തശ്ശിയെ നെഞ്ചോടടക്കി ആശ്വസിപ്പിച്ച് കുളിക്കാൻ കുളക്കടവിലേക് കൂട്ടു വിളിച്ചു കൊണ്ടുപോയി. ഇഞ്ചയും താളിയും മഞ്ഞളും തേച്ചുള്ള കുളി കഴിഞ്ഞ് മാമ്പഴ പുളിശേരിയും കണ്ണി മാങ്ങാ അച്ചാറും സാമ്പാറും കൂട്ടി മുത്തശ്ശി ചോറ് വാരി വായിൽ തന്നു.അമ്മയിൽ നിന്ന് ഇതൊന്നും കിട്ടാത്ത കൊണ്ടാവാം നല്ല സ്വാദ്.

മുത്തശ്ശിയുടെ മടിയിൽ തല ചായ്ച്ച് കിടന്ന് ഞാൻ ഇവിടുന്ന് പോയ ശേഷമുള്ള കാര്യങ്ങൾ കേട്ട് യാത്രാ ക്ഷീണം കൊണ്ട് ഉറങ്ങി പോയി. മുത്തശ്ശിയുടെ ആരോടോ ഉള്ള കുശലാന്വേഷണം കേട്ട് കൊണ്ടാണ് കണ്ണ് തുറന്നത്. എഴുന്നേറ്റ് ഉമ്മറത്ത് ചെന്നപ്പോൾ ആരോ ഒരാളോട് സംസാരിക്കുന്നു മുത്തശ്ശി. എന്നെ കണ്ടപാടെ അയാൾ ഒന്നുകൂടെ എന്നെ നോക്കി.ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം പോലെ.. നന്ദൂട്ടി അല്ലേ ഇത്.. നിനക്ക് അവളെ മനസ്സിലായോ കിച്ചു. ഇവിടെ ഞങ്ങൾക്ക് പോലും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അത്രക്ക് മാറ്റം വന്നു കുട്ടിക്ക്. നിനക്ക് എന്നെ മനസ്സിലായോ ഈർക്കിലിക്കോലെ? തേടി വന്നതാണ് കൈക്കുമ്പിളിൽ വന്നിരിക്കുന്നത്. കരയണോ ചിരിക്കണോ എന്നറിയാൻ കഴിയാത്ത അവസ്ഥ. പണ്ടത്തെ കോലം വെച്ച് ഇങ്ങനെ ഒരാൾ അല്ലായിരുന്നു എന്റെ സങ്കൽപ്പത്തിൽ. കിച്ചു ഏട്ടൻ എന്നെ ഞെട്ടിച്ചു കളഞ്ഞു എന്നുള്ളതാണ് വാസ്തവം. പെട്ടെന്നുള്ള കണ്ട് മുട്ടലിൽ ശബ്ദം പോലും വന്നില്ല. ഏട്ടന്റെ മുഖം വാടി പെട്ടെന്ന്. നമ്മളെക്കെ മറന്ന് കാണും അല്ലേ .ഞാൻ ക്യഷ്ണപ്രസാദ്.ഇവിടുന്ന് പോകും വരെ നമ്മൾ നല്ല കൂട്ടുകാർ ആയിരുന്നു നന്ദൂ.

കിച്ചു ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനാണ്.. ഇവിടെ എല്ലാവർക്കും എല്ലാത്തിനും ഇവനാണ് സഹായം.. യാത്ര പറഞ്ഞ് എട്ടൻ ഇറങ്ങിയപ്പോൾ മുത്തശ്ശിയോട് ഇപ്പോൾ വരാം എന്നും പറഞ്ഞ് അനുവാദം വാങ്ങി ഏട്ടന്റെ പിന്നാലെ ഓടി. സഖാവേ.. ഒന്നു നിന്നേ… തിരിഞ്ഞ് നോക്കിയിട്ട് പരിഭവം ഉള്ള പോലെ പിന്നെയും ഏട്ടൻ നടന്നു. ഓടിപ്പോയി ഏട്ടന്റെ മുൻപിൽ നിന്ന് മുൻപോട്ടുള്ള നടപ്പിനെ തടയുമ്പോൾ എന്റെ കൈ തട്ടി മാറ്റി പോവാൻ നോക്കി. ഒന്ന് നിക്ക് മാഷേ.. നിങ്ങളെ ഒരാളെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്.ഇവിടെയല്ലേ എനിക്ക് പ്രിയപ്പെട്ടതെല്ലാം. നഷ്ടപ്പെട്ട തിളക്കം വീണ്ടും ആ കണ്ണുകളിൽ തിരികെ വന്നു. വിവാഹം ക്ഷണിക്കാൻ വന്നതാകും അല്ലേ? അല്ല സഖാവേ നഷ്ടപ്പെട്ട ചിലത് നേടി എടുക്കാനുള്ള വരവാണ്.. അതിൽ ഏറ്റവും പ്രിയപ്പെട്ടത് എന്റെ ബാല്യമാണ്. അതാണ് എന്റെ നഷ്ടവും. ഒരൽപ്പനേരം കാത്ത് നിൽക്കണേ.ഞാൻ ഇപ്പോൾ വരാം. മടങ്ങി വന്ന് ഒരു പിടി ചെമ്പകപ്പൂക്കൾ ആ കൈകളിൽ നൽകുമ്പോൾ നിനക്കൊരു മാറ്റവും ഇല്ലല്ലോ നന്ദൂട്ടീന്നും പറഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് യാത്ര പറഞ്ഞു നടന്നകന്നു എന്റെ സഖാവ്. കുറച്ചങ്ങ് നടന്ന് നിന്ന് എന്നെ നോക്കി ചോദിച്ചു ‘ശരിക്കും നീ എന്നെ ഓർക്കുന്നുണ്ടായിരുന്നോ നന്ദൂട്ടി’ന്ന്. മറന്നിട്ട് വേണ്ടേ സഖാവേ ഓർക്കാൻ. മുത്തശ്ശിക്ക് നടക്കാനുള്ള പ്രയാസം കൊണ്ട് കാവിൽ വിളക്ക് വെക്കൽ എല്ലാം മുടങ്ങിയ പോലെ ആയി. എല്ലാം വീണ്ടും തുടങ്ങി ഞാൻ. എല്ലാം കണ്ട് കണ്ണീരോടെ മുത്തശ്ശി ചോദിക്കും ‘എത്ര ദിവസത്തേക്കാണ് ഈ വെളിച്ചം ഞങ്ങൾക്കെന്ന് കാവിൽ വിളക്ക് വെച്ച് തൊഴുമ്പോൾ മുൻപ് ഞാനൊരു ചെറിയ സ്വർണ്ണ നാഗത്തെ കണ്ടിട്ടുണ്ട്. അന്നത് കിച്ചു ഏട്ടനോട് പറഞ്ഞിട്ടുണ്ട്. അതിൽ പിന്നെ കാവിൽ വിളക്കുവെക്കാൻ പോകുമ്പോൾ എല്ലാം കിച്ചുവേട്ടന്റെ സാമീപ്യം ഒരു നിശ്ചിത അകലത്തിൽ കൂടെ ഉണ്ടാകും. നിഴൽ പോലെ. വർഷങ്ങൾക്കിപ്പുറം ഇന്നും കാവിൽ വിളക്ക് തെളിഞ്ഞപ്പോൾ ഞാൻ കണ്ടു പിന്നിൽ ആ നിഴൽ. കഴിഞ്ഞെങ്കിൽ പൊയ്ക്കൂടെ. ഇനി അതിന് ചുംബനവും കൊടുത്തേ പോകുകയുള്ളോ? ഓ. വലിയൊരു കമ്മ്യൂണിസ്റ്റ്കാരൻ വന്നിരിക്കുന്നു.അത് ചോദിച്ചാൽ കൊടുക്കും.

അതിന് ആവശ്യം ഉള്ള കൊണ്ടാവൂലോ ചോദിക്കുന്നേ.. അല്ലാണ്ടിപ്പോ വേണ്ടാത്തവർക്ക് നിർബദ്ധിച്ച് കൊടുക്കാൻ പറ്റില്ലല്ലോ. ഉറങ്ങാൻ കിടന്നപ്പോൾ മനസ്സിലാകെ ആശങ്ക ആയിരുന്നു സഖാവിന്റെ മനസ്സിൽ പഴയ സൗഹൃദം മാത്രമേ ഉള്ളു എങ്കിലോ എന്നോർത്ത്. പാടത്തും പുഴയോരത്തും നാട്ടുമാവിന്റെ ചുവട്ടിലും എല്ലാം കണ്ടുമുട്ടുമ്പോൾ എന്നോട് സംസാരിക്കുന്നതിൽ കൂടുതലും ചെങ്കൊടിയുടെ കാര്യമാണ്. അതിന്റെ ആദർശങ്ങളാണ്. ഇടക്കൊരു രണ്ട് ദിവസം കാണാതായി പിന്നെ കണ്ടപ്പോൾ പാർട്ടിക്കുള്ളിലും ചതിക്കാൻ ആളുണ്ടെന്നും പറഞ്ഞ് ദുഖിക്കുന്ന സഖാവിനെ അന്നു ഞാൻ കണ്ടു. നെഞ്ചുറപ്പ് നല്ലപോലെ ഉണ്ട് നന്ദൂട്ടി. അതാണല്ലോ ഞാൻ സഖാവായത്. പക്ഷേ കൂടപ്പിറപ്പിനെ പോലെ കണ്ടവർ കാലിൽ വലിച്ചിടാൻ നോക്കിയാൽ വീര്യം കെട്ടടങ്ങി ഇല്ലേലും മനസ്സ് പതറും. എന്താ കിച്ചു ഏട്ടാ കാര്യം? ഒന്നുമില്ല. അതൊന്നും പറഞ്ഞാൽ ഈ പൊട്ട തലയിൽ കേറില്ല. മറ്റന്നാൾ ഞാൻ മടങ്ങുവാണ്. ഇനി എന്നാ നമ്മൾ? കാലമിത്ര കഴിഞ്ഞിട്ടും നീ എന്നെ തേടി വന്നില്ലേ.അത് പോലെ നമ്മൾ ഇനിയും കാണും. വേനലിൻ വാക ഇല കാണാത്ത വിധം പൂത്ത് നിൽക്കുന്ന നീ കണ്ടിട്ടില്ലേ.അതി കഠിനമായ വേനലിനെ അതിജീവിച്ച് നിൽക്കുന്ന വാക പോലെയാണ് ചിലർ. കാലത്തിന് അവരിൽ മാറ്റം വരുത്താനാകില്ല. അതിന് ഉദാഹരണമാണ് ഞാനും നീയും. എനിക്കുള്ള പോലെ ഭ്രാന്തമായ പ്രണയം എന്നോടുണ്ടോ ചുവപ്പിനെ പ്രണയിക്കുന്ന സഖാവേ എന്ന് ചോദിക്കാൻ പലവുരു ഓർത്തതാണ്. ഉള്ളിലൊതുക്കി.മിണ്ടിയാൽ അപ്പോഴെ ചെങ്കൊടി നാട്ടും. പിന്നെന്താ ചെയ്യ. ആ കൊടി ആയിട്ടെങ്കിലും ജനിച്ചാൽ മതിയായിരുന്നു ദേവീ..ഇതിപ്പോ.. തിരിച്ച് പോവുന്ന അന്ന് അമ്പലത്തിൻ നിന്ന് മടങ്ങുമ്പോൾ എന്റെ സഖാവിനെ കണ്ടു. കയ്യിൽ കുറച്ച് പുസ്തകങ്ങളും ഉണ്ട്. നന്ദൂട്ടീ ഇത് നിന്നക്കാണ്. സമയം പോലെ എല്ലാം വായിക്കണം. പുസ്തകങ്ങളുടെ പുറംചട്ട കണ്ടപ്പോഴെ ചെങ്കൊടി എന്നെയും പിടിപ്പിക്കാനാണ് ഉദ്ധേശ്യം എന്ന് മനസ്സിലായി. ഉള്ളിൻ സങ്കടക്കടൽ അലയടിക്കുന്നുണ്ട്. ഇതെല്ലാം ആരറിയാൻ. പുസ്തകങ്ങളും വാങ്ങി മൗനമായ് നടന്നു തുടങ്ങിയപ്പോൾ ഏട്ടൻ വിളിച്ചു. നീയെന്തിനാ ടീ ഈർക്കിലി കോലേ കരയുന്നത്.

നീ സഖാവിന്റെ പെണ്ണല്ലേ. ആ ചങ്കുറപ്പ് നിനക്ക് വേണം കേട്ടോ. ഈശ്വരാ. ഈ ഒരു വാക്ക് മതി ഒരായുസ്സ് മുഴുവൻ ഇനിയും കാത്തിരിക്കാൻ. എല്ലാ സങ്കടങ്ങളും ആ നെഞ്ചിൽ ചേർന്ന് കരഞ്ഞ് തീർത്തു.തിരുനെറ്റിയിൽ ഒരു നുള്ളു സിന്ദൂരം പോലെ അവൻ നൽകിയ ചുംബനവും ഏറ്റുവാങ്ങി.. മടങ്ങി ഹോസ്റ്റലിൽ എത്തിയപ്പോൾ സൽമയോട് പറയാൻ ഒരുപാട് ഉണ്ടായിരുന്നു. വന്ന അന്ന് തൊട്ട് ഏട്ടൻ തന്ന നമ്പരിൽ വിളിച്ചിട്ട് കിട്ടുന്നില്ല. എന്തേലും തിരക്കാവും. വിളിക്കാതിരിക്കില്ല. ഭക്ഷണം കഴിക്കാൻ പോയ സൽമായുടെ നിലവിളി കേട്ടാണ് ഞാൻ മുറിയിൽ നിന്നിറങ്ങി ഓടി അവളുടെ അടുത്ത് എത്തിയത്.ടെലിവിഷനിലേക്ക് കൈ ചൂണ്ടി കരയുന്നു അവൾ. സംഘം ചേർന്നുള്ള ആക്രമണം. യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് സ്വദേശിക്യഷ്ണപ്രസാദാണ് മരണപ്പെട്ടത്. ന്റെ ദേവീ അവൾ കരയുന്ന പോലെ എനിക്കെന്താ കരയാനാകാത്തത്. നീ ഒന്ന് കരയുക എങ്കിലും ചെയ്യ് നന്ദൂ എനിക്ക് പേടിയാകുന്നെടീ നിന്റെ അവസ്ഥ കണ്ട്.. നിറഞ്ഞ് തുളുമ്പിയ അവളുടെ കണ്ണുകൾ തുടച്ച് കൊടുത്ത് ഞാൻ പറഞ്ഞു. ഞാൻ സഖാവിന്റെ പെണ്ണാണ്. ആ ചങ്കുറപ്പ് എനിക്ക് വേണ്ടേ മോളേ. ഞാൻ കരയാൻ പാടില്ല…