ഏട്ടനെന്ന_പുണ്യം

ഹസീനാ….ആരാടീ ഇത്….? നിന്റെ സുഹൃത്താണോ…? ഇതോ ..ഇത് എന്റെ ഏട്ടനാണ്.. ഏട്ടനോ…? അതെങ്ങനെ ശരിയാകും . നീ ഒരു മുസ്ലിമും അവനൊരു ഹിന്ദുവും.. അതെന്താ ശരിയാകാത്തത്.. സഹോദരനാകാൻ ഒരു വയറ്റിൽ തന്നെ ജനിക്കണം എന്നുണ്ടോ..?…

ഹസീനാ….ആരാടീ ഇത്….?
നിന്റെ സുഹൃത്താണോ…?
ഇതോ ..ഇത് എന്റെ ഏട്ടനാണ്..
ഏട്ടനോ…?
അതെങ്ങനെ ശരിയാകും .
നീ ഒരു മുസ്ലിമും അവനൊരു ഹിന്ദുവും..
അതെന്താ ശരിയാകാത്തത്..
സഹോദരനാകാൻ ഒരു വയറ്റിൽ തന്നെ ജനിക്കണം എന്നുണ്ടോ..?
എന്നാൽ കേട്ടോ ..
ഇത് രഘു ..
എന്റെ സ്വന്തം ഏട്ടന്‍.
ഞങ്ങൾ രണ്ട് അച്ഛന്മാര്‍ക്കും രണ്ട് അമ്മമാര്‍ക്കും പിറന്ന കൂടപ്പിറപ്പുകൾ..
രഘു ഒന്ന് നിന്നു..
മുന്നിൽ ഒന്നും കാണുന്നില്ല .
ആകെ ഒരു മൂടൽ.
അവൻ കണ്ണൊന്ന് തുടച്ചു.
കയ്യിൽ ഒരു നനവ് ..
കണ്ണുനീരോ..?
ഇതെന്താ ഇപ്പോഴിങ്ങനെ..
അവൾ ചെറുപ്പം മുതലേ തന്നെ ഏട്ടാ എന്നല്ലേ വിളിക്കുന്നത്..
പിന്നെ ഇപ്പോൾ മാത്രം തന്റെ കണ്ണു നിറഞ്ഞത് എന്തിനാണ്..
എന്തിനാണ് തന്റെ ഹൃദയം പടപടാന്ന് അടിക്കുന്നത്.
അവൾ അവളുടെ കൂട്ടുകാരിയോട്
സ്വന്തം ഏട്ടനാണെന്ന് പറഞ്ഞതിന്
ഇത്രയും സന്തോഷമോ…?
അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു..
ഒന്നുകൂടി തിരിഞ്ഞുനോക്കി.
അവൾ അവിടെത്തന്നെ നില്‍ക്കുകയണ്..
തന്നെത്തന്നെ നോക്കിയിരിക്കുകയാണ്..
അവളുടെ ഏട്ടനെ..
ഞാൻ പോകാതെ അവൾ ക്ലാസ്സിൽ പോകില്ല..
അവൻ വണ്ടിയുമെടുത്ത് കോളേജിന്റെ പുറത്തേക്കിറങ്ങി.
അവന്റെ ചിന്തകൾ പിറകോട്ട് പാഞ്ഞു .
പതിനഞ്ച് വർഷം പിറകിലേക്ക്..
വെള്ളത്തുണിയിൽ പൊതിഞ്ഞു
കിടത്തിയ ഒരു മൃതദേഹം..
അടുത്തിരുന്ന് ദൈവ വചനങ്ങൾ
ഉരുവിടുന്ന കുറച്ചുപേർ.
കാണാൻ വരുന്നവർക്ക് മുഖത്തെ തുണി മാറ്റി കൊടുക്കുന്നു ഒരാൾ.
അമ്മയുടെ കയ്യും പിടിച്ച് പേടിയോടെ ഞാനും കണ്ടു..
അന്നെനിക്ക് പത്ത് വയസ്സ് .
പുഞ്ചിരിക്കുന്ന മുഖവുമായി
ചലനമില്ലാതെ കിടക്കുന്നു അടുത്ത
വീട്ടിലെ റിയാസ് കാക്ക..

മൃതദേഹത്തിന് ചുറ്റും ഓടിക്കളിക്കുന്ന ഹസീനയെയും റംലയെയും പിടിച്ചുവെക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്..
അവർ കുതറിമാറി വീണ്ടും ഓടിക്കളിക്കുന്നു.
തന്നെ കണ്ടതും ഹസീന ഒന്ന് ചിരിച്ചു.
കയ്യിലുള്ള മിഠായികളിൽ ഒന്ന് എനിക്കുനേരെ നീട്ടി.
വേണ്ട എന്ന അർത്ഥത്തിൽ ഞാൻ
ഒന്നു തലയാട്ടി.
പുറത്തുചാടി തുടങ്ങിയ പല്ലു കാട്ടി റംലയും എന്നെ നോക്കി ചിരിക്കുന്നു..
റംലയെ എടുത്ത് ഒക്കത്തും വെച്ച് ഹസീനയുടെ കയ്യും പിടിച്ച് കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങിയ അമ്മയുടെ കൂടെ വീട്ടിലേക്ക് നടക്കുമ്പോഴും കൈയിലുള്ള മിഠായി തനിക്കുനേരെ വീണ്ടും നീട്ടുന്നുണ്ടായിരുന്നു ഹസീന..
കുറച്ചു സമയത്തിനുശേഷം ആളുകൾ വരിവരിയായി റിയാസ്ക്കയുടെ മൃതദേഹവുമായി പോകുന്നത് വേലിക്കരികിൽ നോക്കി നിൽക്കുമ്പോഴും എന്റെ കൈയും പിടിച്ച് ഹസീനയും ഉണ്ടായിരുന്നു.
രാത്രിയിൽ അവർ ഉപ്പയെ ചോദിച്ചു കരയുന്നത് കേട്ടപ്പോള്‍ അവരുടെ വീട്ടിലേക്കോടിയ അമ്മ അവരെ മാറോടടക്കി ആശ്വസിപ്പിക്കുന്നത് കാണ്ടപ്പോള്‍ അവരുടെ കൂടെ
ഞാനും കരഞ്ഞു…
അച്ഛനില്ലാത്ത തനിക്ക് വൈകുന്നേരങ്ങളിൽ രഘുവേ… ഇങ്ങോട്ട് വാ..
എന്നുള്ള വിളിയും കൈയ്യിൽ വച്ചു
തരാറുള്ള മിഠായിയും പലഹാരങ്ങളും നഷ്ടപ്പെട്ടതും അന്നായിരുന്നില്ലേ..
റിയാസ്ക്കയുടെ ആമുഖം മനസ്സിലോർത്തു അമ്മയുടെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ ആയിരുന്നില്ലേ അത് സംഭവിച്ചത്..
ശബ്ദംകേട്ട് കിണറ്റിൻ കരയിലേക്ക് ഓടിച്ചെന്നതും കിണറ്റിലേക്ക് എടുത്തുചാടിയതും മൈമുനത്തയെയും മക്കളെയും രക്ഷിച്ചതും മനസ്സിലേക്ക് ഓടിവരുന്നു..
രാത്രിയിൽ അവരുടെ ഒരു വശത്ത് അമ്മയും മറുവശത്ത് ഞാനും കാവൽ കിടക്കുമ്പോൾ അമ്മ പറഞ്ഞത് ഇന്നും ഓർക്കുന്നു..
മോനേ.. ഇവരെ നല്ലോണം ശ്രദ്ധിക്കണം. .അവര്‍ ഇനിയും എന്തെങ്കിലും
കടുംകൈക്ക് മുതിരും.
അന്ന് ഹസീന തലവച്ചു കിടന്നത് എന്റെ നെഞ്ചിൽ ആയിരുന്നില്ലേ..
ഇവരെ നോക്കാൻ ഇനി നമ്മളെയുള്ളൂ.. ഇവർ രണ്ടാളും നിന്റെ പെങ്ങന്മാരും മൈമൂനത്ത നിന്റെ ഉമ്മയും ആണെന്ന് അമ്മ പറയുമ്പോൾ എനിക്ക് മനസ്സിൽ ഉണ്ടായ ഒരു സന്തോഷം.
രഘു എന്ന് വിളിക്കരുത് രഘുവേട്ടാ..
എന്ന് വിളിക്കണമെന്ന് മൈമൂനത്ത മക്കളോട് പറഞ്ഞു കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞിരുന്നില്ലേ..

അമ്മ മരിച്ചപ്പോൾ തന്നെ മാറോടണച്ച് ആശ്വസിപ്പിച്ച് മൈമൂനത്ത തന്റെ അമ്മയാവുക യായിരുന്നില്ലേ..
ഒരു വർഷംമുമ്പ് ബൈക്കിൽ നിന്നും
വീണ് കാലൊടിഞ്ഞ തന്നെ കാണാൻ ഹോസ്പിറ്റലിലേക്ക് ഓടിവന്ന് മാറത്തടിച്ച് കരഞ്ഞ ആ ഉമ്മയുടെയും മക്കളുടെയും കരച്ചില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും മാഞ്ഞു പോകുന്നില്ല..
പതിനഞ്ച് വര്‍ഷമായി ഒരു കുടുംബമായി ജീവിക്കുന്നു.
എന്നിട്ടും ഇന്ന് മാത്രം എന്താണിങ്ങനെ…?
എന്റെ കുടുംബം .
എന്റെ പെങ്ങന്മാര്‍.
ആരോ ഒരാള്‍ സംശയം ചോദിച്ചതിന് അവള്‍ തന്നെ മറുപടിയും കൊടുത്തില്ലേ…
ഇനി എന്തിന് ഞാനതിനെ പറ്റി ചിന്തിക്കണം..
തനിക്ക് ചിന്തിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ വേറെയില്ലേ…
ഹസീനയുടെ പഠനം കഴിയാന്‍ ഇനി
രണ്ട് വര്‍ഷം മാത്രം..
അപ്പോഴേക്കും അവള്‍ക്ക് പറ്റിയ നല്ലൊരു ചെറുക്കനെ കണ്ടെത്തണം.
വിശ്രമിക്കാന്‍ സമയമില്ല..
റംലയെയും ഒരു കരക്കെത്തിക്കണം.
എന്നിട്ട് വേണം മൈമൂനത്താക്കൊരു മരുമകളെ തിരയാന്‍…