ഒരുപക്ഷേ യേശുദാസ് പോലും ‘സ്വന്തം ശബ്ദം സ്വയം കേൾക്കുന്നത് ‘ മറ്റൊരു വിധത്തിലായിരിക്കും…!!???

റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുന്നത് നിങ്ങൾക്കെങ്ങനെയാണ് അനുഭവപ്പെടാറ്? എന്റെ കാര്യം പറഞ്ഞാൽ, എനിയ്ക്കത് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. ഇക്കാര്യത്തിൽ ഞാനൊറ്റയ്ക്കല്ല. ഒരുപാട് പേർ സ്വന്തം ശബ്ദം തിരിച്ച് കേൾക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതിനൊരു…

റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുന്നത് നിങ്ങൾക്കെങ്ങനെയാണ് അനുഭവപ്പെടാറ്? എന്റെ കാര്യം പറഞ്ഞാൽ, എനിയ്ക്കത് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. ഇക്കാര്യത്തിൽ ഞാനൊറ്റയ്ക്കല്ല. ഒരുപാട് പേർ സ്വന്തം ശബ്ദം തിരിച്ച് കേൾക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതിനൊരു കാരണവും ഉണ്ട്.

നാം സംസാരിയ്ക്കുമ്പോൾ നാം നമ്മുടെ തന്നെ ശബ്ദം കേൾക്കുന്നുണ്ട്. പക്ഷേ ഈ ലോകത്ത് നമ്മൾ മാത്രമേ അത് ആ രീതിയിൽ കേൾക്കുന്നുള്ളൂ എന്നതാണ് പ്രശ്നം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ശബ്ദം എങ്ങനെയാണെന്നാണോ നാം കരുതിയിരിക്കുന്നത്, അങ്ങനെയേ അല്ല മറ്റുള്ളവർ അത് കേൾക്കുന്നത്. നാം നമ്മുടെ സ്വനതന്തുക്കളെ (vocal chords) വിറപ്പിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്. ഈ വിറ വായുവിലുടെ ശബ്ദതരംഗങ്ങളായി സഞ്ചരിച്ച് ചുറ്റുമുള്ളവരുടെ ചെവിയിലെ കർണപുടത്തെ (ear drum) വിറപ്പിയ്ക്കുന്നു. അത് അതേപടി ഒരു വൈദ്യുതസിഗ്നലായി അവരുടെ മസ്തിഷ്കത്തിൽ എത്തുമ്പോൾ അവർ ആ ശബ്ദം കേൾക്കുന്നു. അതായത്, നമ്മുടെ സ്വനതന്തുക്കൾ പുറപ്പെടുവിയ്ക്കുന്ന വിറയാണ് അവർ മനസിലാക്കുന്ന ശബ്ദം. എന്നാൽ നമ്മുടെ ശബ്ദം നമ്മൾ തന്നെ കേൾക്കുമ്പോൾ ഒരു വ്യത്യാസം ഉണ്ട്. മറ്റുള്ളവർ കേൾക്കുന്ന വായുവിലെ ശബ്ദതരംഗങ്ങൾ നമ്മുടെ ചെവിയിലെ കർണപുടത്തേയും വിറപ്പിയ്ക്കുന്നുണ്ട്. പക്ഷേ ആ ശബ്ദതരംഗങ്ങളെ പുറപ്പെടുവിയ്ക്കുന്ന സ്വനതന്തുക്കൾ നമ്മുടെ തന്നെ തൊണ്ടയിൽ ഇരുന്നാണ് വിറയ്ക്കുന്നത് എന്നതുകൊണ്ട്, ഈ വിറ സമാന്തരമായി എല്ലുകളിലൂടെയും സഞ്ചരിച്ച് ചെവിയിലെത്തും. ഇത് ശബ്ദത്തിന്റെ ഉടമയ്ക്കൊഴികേ മറ്റാർക്കും ബാധകമായ ഒന്നല്ലല്ലോ. അതായത് നാം ശബ്ദമുണ്ടാക്കുമ്പോൾ നമ്മുടെ തലയോട്ടി പരോക്ഷമായി അതിനനുസരിച്ച് വിറയ്ക്കുന്നുണ്ട്. ഇതും കൂടി ചേർത്താണ് നമ്മളത് കേൾക്കുന്നത്. തലയോട്ടിയുടെ കുറഞ്ഞ ഫ്രീക്വൻസിയിൽ (ശ്രുതി-pitch) ഉള്ള വിറ ശബ്ദത്തിന് ബാസ്സ് (bass) കൂടുന്ന ഒരു പ്രഭാവമാണ് ഉണ്ടാക്കുക. ചുരുക്കത്തിൽ, മറ്റുള്ളവർ കേൾക്കുന്നതിനെക്കാൾ ബാസ് കൂട്ടിയാണ് നാം നമ്മുടെ ശബ്ദം കേൾക്കുന്നത്.

എന്നാൽ റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുമ്പോഴോ? നിങ്ങളുടെ ശബ്ദം മറ്റുള്ളവർ എങ്ങനെ കേൾക്കുന്നുവോ, അങ്ങനെയാണ് ഒരു മൈക്രോഫോൺ അതിനെ പകർത്തിയെടുക്കുന്നത്. അതിനെയാണ് സ്പീക്കർ തിരിച്ച് കേൾപ്പിക്കുന്നത്. അത് നിങ്ങൾക്കത്ര പരിചയമുള്ള ഒരു ശബ്ദമല്ല. “അയ്യോ, എന്റെ ശബ്ദം ഇങ്ങനെയാണോ?” എന്ന് കൂട്ടുകാരോട് ചോദിച്ചാൽ, അവർ അതേന്ന് പറയാൻ സംശയിക്കില്ല. കാരണം അവർക്കാ ശബ്ദം പരിചിതമാണ്. അല്ലെങ്കിൽ, അതാണ് അവർക്ക് പരിചയമുള്ള നിങ്ങളുടെ ശബ്ദം. (NB: for an ideal microphone-speaker system) സ്വന്തം ശബ്ദത്തോടുള്ള ഈ അപരിചിതത്വം ആണ് സ്വന്തം ശബ്ദം ഇഷ്ടപ്പെടാതിരിയ്ക്കാനും പലപ്പോഴും കാരണമാകുന്നത്. (യേശുദാസിനെയോ ചിത്രയെയോ ഒക്കെപ്പോലെ സ്ഥിരം സ്വന്തം ശബ്ദം ചുറ്റുപാടും കേൾക്കേണ്ടി വരുന്നവർക്ക് ഈ പ്രശ്നം ഒരുപക്ഷേ കുറവായിരിക്കാം).

ഇതേ കാര്യം ചിലപ്പോഴൊക്കെ സ്വന്തം രൂപം കാണുന്നതിലും ഉണ്ടാകാം. കാരണം, കണ്ണാടിയിലെ സ്വന്തം രൂപം മാത്രമാണ് നാം കണ്ട് ശീലിയ്ക്കുന്നത്. അത് ശരിയ്ക്കും മറ്റുള്ളവർ കാണുന്ന നമ്മുടെ രൂപത്തിന്റെ ഇടം-വലം തിരിഞ്ഞ ഒരു പ്രതിബിംബമാണ്. മുഖത്തിന് സമമിതി (symmetry) എത്രത്തോളം കുറവാണോ അത്രത്തോളം പരസ്പരം വ്യത്യസ്തമായിരിയ്ക്കും കണ്ണാടിയിലെ മുഖവും സ്വന്തം മുഖവും. മൂക്കിന്റെ പാലത്തിന്റെ വളവ്, ചുണ്ടുകളുടെ ചരിവ് തുടങ്ങി സർവസാധാരണമായ പല പ്രത്യേകതകളും സമമിതി ഇല്ലാതാക്കും. ഇതുകാരണം മറ്റുള്ളവർ നമ്മുടെ കഴുത്തിൽ കാണുന്നത് നമുക്ക് വലിയ പരിചയമില്ലാത്ത ഒരു മുഖമായിരിയ്ക്കും.അതുകൊണ്ട് നിങ്ങളും സുഹൃത്തുക്കളും ഉൾപ്പെട്ട ഒരു വീഡിയോ ദൃശ്യം നിങ്ങൾ കാണുമ്പോൾ, നിങ്ങളുടേത് ഒഴികേ മറ്റെല്ലാ മുഖങ്ങളും നിങ്ങൾക്ക് സുപരിചിതമായിരിക്കും. അപരിചിതമായ ആ മുഖത്തോട് നിങ്ങൾക്ക് ഇഷ്ടക്കുറവ് തോന്നിയാൽ അത് സ്വാഭാവികം മാത്രം.

കടപ്പാട് : Vaisakhan Thampi