ഓർമ്മകൾ മനസിന്റെ ഏതോ കോണിൽ ഉറങ്ങുന്നതു കൊണ്ടാവണം ഞാൻ സ്വപ്നം കണ്ട ലോകം തൊട്ടറിയണം എന്ന് ആഗ്രഹിച്ചത്.

ചെറുപ്പം മുതലേ യാത്രകൾ എനിക്ക് ഒരു ഹരമായിരുന്നു. ഓരോ യാത്രകളും സമ്മാനിച്ച ഓർമ്മകൾ മനസിന്റെ ഏതോ കോണിൽ ഉറങ്ങുന്നതു കൊണ്ടാവണം ഞാൻ സ്വപ്നം കണ്ട ലോകം തൊട്ടറിയണം എന്ന് ആഗ്രഹിച്ചത്. പൂക്കളും മലകളും അരുവികളും…

ചെറുപ്പം മുതലേ യാത്രകൾ എനിക്ക് ഒരു ഹരമായിരുന്നു. ഓരോ യാത്രകളും സമ്മാനിച്ച ഓർമ്മകൾ മനസിന്റെ ഏതോ കോണിൽ ഉറങ്ങുന്നതു കൊണ്ടാവണം ഞാൻ സ്വപ്നം കണ്ട ലോകം തൊട്ടറിയണം എന്ന് ആഗ്രഹിച്ചത്. പൂക്കളും മലകളും അരുവികളും മഞ്ഞും അങ്ങനെ പണ്ട് വായിച്ച കഥകളിലെ ഓരോ സ്ഥലങ്ങളും കുട്ടികാലത്തെ എന്റെ സ്വപ്നങ്ങളിലെ സ്ഥിരം സന്ദർശകരായി മാറി, പണ്ടത്തെ ലൈഫ് ഇൻഷുറൻസ് കലണ്ടറുകൾ പുസ്തകങ്ങളുടെ പുറം കവറുകളായി, സ്കൂളിലേക്കുള്ള ബസ് യാത്രകൾ സ്വപ്നം കാണുന്ന സ്ഥിരം സമയങ്ങളായി മാറി, ഓരോ സിനിമകളും ആഗ്രഹങ്ങൾക്ക് കനലിടുന്നവയായി മാറി. അങ്ങനെ അന്യൻ എന്ന സിനിമയിലെ ട്യൂലിപ് ഫീൽഡ് എന്റെ ലിസ്റ്റിൽ ഇടം പിടിച്ചു. ശങ്കർ സിനിമാഗാനങ്ങൾ അങ്ങനെ ലിസ്റ്റുകളുടെ നീളം കൂട്ടികൊണ്ടേ ഇരുന്നു.

ഒടുവിൽ ജോലിയായി ശമ്പളമായി യാത്രകൾക്ക് തുടക്കവുമായി. ട്യൂലിപ് സീസൺ മുന്നിൽ കണ്ട് ടിക്കറ്റ് ബുക്ക് ചെയ്തു നേരെ നെതെർലണ്ടിലേക്ക്. ലക്‌ഷ്യം ട്യൂലിപ് തന്നെ. കിട്ടാവുന്ന വിവരങ്ങൾ എല്ലാം സംഘടിപ്പിച് ട്യൂലിപ് ഫീൽഡ് ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങി. ആംസ്റ്റർഡാമിൽ തുടങ്ങി ലിസ്സിയിൽ അവസാനിക്കുന്ന ഒരാഴ്ചത്തെ യാത്ര. സീസൺ ആയതിനാൽ എവിടെയും ട്യൂലിപ് മയം. ആംസ്റ്റർഡാമിൽ നിന്നും ഹാർലീം ലക്ഷ്യമാക്കി ട്രെയിൻ യാത്ര തുടങ്ങി. അവിടുന്ന് സൈക്കിളിൽ ട്യൂലിപ് ഗാർഡൻസ് ചുറ്റി കാണുകയാണ് ലക്‌ഷ്യം. അവിടെ സ്റ്റേഷന് പുറത്തുതന്നെ സൈക്കിൾ റെൻറ് എടുക്കാവുന്ന ഷോപ്പുകൾ ഉണ്ട്. നിങ്ങൾക്ക് അറിയാവുന്നത് പോലെ അവിടുത്തെ പ്രധാന സഞ്ചാര മാർഗം തന്നെ സൈക്കിളുകൾ ആണല്ലോ. ഒട്ടും മടിച്ചില്ല വെച്ചടിച്ചു lissie via kukenhof.

കനാലുകളുടെ ഇരുവശത്തും കണ്ണെത്താദൂരം വരെ നീണ്ടുകിടക്കുന്ന ആ കാഴ്ച്ച. ഇതായിരുന്നു പണ്ടു കുട്ടിക്കാലത്തു സ്വപ്നം കണ്ട ആ ദിവസം. കാറ്റത്തു തിരമാലകൾ പോലെ അലയടിക്കുന്നു പൂക്കൾ നിറഞ്ഞ ആ കടൽ. ചെറിയ ചാറ്റൽ മഴയും നനഞ്ഞു ഒരു മരച്ചുവട്ടിൽ കുറച്ചധികനേരം ഇടയ്ക്ക് നിൽക്കേണ്ടി വന്നതൊഴിച്ചാൽ അതിമനോഹരമായിരുന്നു ആ യാത്ര. നിങ്ങൾ ട്യൂലിപ് ഫീൽഡ് ആണ് കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ മാർച്ച് മുതൽ മെയ് വരെയുള്ള സമയമാണ് യാത്രക്ക് ഉത്തമം. ചാറ്റൽ മഴകൾ എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം. പക്ഷെ ചെറു മഴയത്തു കുടപിടിച്ചു തണുത്ത കാറ്റിൽ ആ പുക്കൾക്കിടയിൽ നിങ്ങൾക്ക് അല്പനേരം പഴയ ആ ബാല്യകാലത്തിന്റെ വസന്തം വീണ്ടുമൊരിക്കൽ കൂടി അനുഭവിക്കാം. ഞാൻ ഉറപ്പു തരുന്നു അത് അതിസുന്ദരമായ ഒരു അനുഭവമായിരിക്കും.

അങ്ങനെ എന്റെ സ്വപ്നങ്ങളിലെ ചെറിയ ഒരു താളുകൂടി മറിച്ചു് ഞാൻ ഈ ജീവിതമെന്ന യാത്ര തുടർന്നുകൊണ്ടേ ഇരുന്നു. ഞാനും നീയും നമ്മുടെ ഓർമ്മകളും.