ഖസാക്കിന്റെ ഇതിഹാസം

‘പത്താംതീയതി എന്നെ കാത്തുനില്ക്കുക…’ ‘രവിയുടെ പത്മ.’ നേര്‍ത്ത മുനകൊണ്ടു കുറിച്ച നേര്‍ത്ത സുഭഗമായ കയ്യൊപ്പ്. രവി പേനയെടുത്ത് അതിന്റെ ചോടേ സ്വന്തം ഒപ്പു കുറിച്ചുനോക്കി. ആ ഒപ്പില്‍ താത്പര്യമില്ലാത്തതുപോലെ തോന്നി. ജനാലയിലൂടെ, മദ്യത്തിന്റെ സ്ഫടികത്തിലൂടെ…

‘പത്താംതീയതി എന്നെ കാത്തുനില്ക്കുക…’ ‘രവിയുടെ പത്മ.’ നേര്‍ത്ത മുനകൊണ്ടു കുറിച്ച നേര്‍ത്ത സുഭഗമായ കയ്യൊപ്പ്. രവി പേനയെടുത്ത് അതിന്റെ ചോടേ സ്വന്തം ഒപ്പു കുറിച്ചുനോക്കി. ആ ഒപ്പില്‍ താത്പര്യമില്ലാത്തതുപോലെ തോന്നി. ജനാലയിലൂടെ, മദ്യത്തിന്റെ സ്ഫടികത്തിലൂടെ തെളിമയേറിയ ആകാശം. വെള്ളിമേഘങ്ങൾ. തടാകത്തിനപ്പുറത്തേ മലമുടിയിലേക്ക് കൽപകവ്യക്ഷത്തിന്റെ കരിക്കിൻതൊണ്ടുകൾ ഉതിർന്നുവീണു. “പത്മേ!-” “രവീ!” “നീ നീന്താൻ പോയി, ഇല്ലേ?” “പോയീ.” രവി പത്മയുടെ കവിളിലും ചുണ്ടിലും തൊട്ടു. പട്ടുകുപ്പായത്തിനകത്ത് തൊട്ടുനോക്കി. കൈതണ്ടകളും അടിവയറും തുടകളുമുഴിഞ്ഞു. “എന്നീട്ട്-ചിറ്റമ്മ നിന്നെ തൊട്ടുനോക്കിയോ?” “കഷ്ടം!” “പറയൂ” “ഇല്ല.”

“പ്രിൻസ്റ്റണിൽ വച്ച് സായിപ്പൻമാർ നിന്നെ തൊട്ടുനോക്കിയോ?” “ഇല്ല.” “നീ ആരുടെയും കൂടെ കിടന്നില്ലേ?” “ഇല്ല” “എന്തേ കിടക്കാഞ്ഞാത്?” “ഞാൻ തിരിച്ചുവന്നു” “എന്നേ തിരക്കി ഇവിടെ വന്നു?” “രവീ!” “എന്റെ ഗ്ലാസ് കഴിഞ്ഞൂ.” മദ്യം പൊട്ടിചിതറി ഗ്ലാസ്സിലേക്ക് വീണു. ഉച്ചതിരിഞ്ഞിരുന്നു. കാറ്റ് വീശി. കിഴക്കൻകാറ്റല്ല. തടാകത്തിന്റെ മാത്രം കാറ്റ്. കുന്നുകൾക്കിടയിൽ, കരിമ്പനകൾകിടയിൽ, അസ്തമയം. കാറ്റുകൾ തണുത്തു. തടാകം തണുത്തു. ജനാലയിൽ നക്ഷത്രങ്ങൾ ഉദിച്ചു. “രവീ!” “പത്മേ!” “എന്റെ കുടെ വരൂ” ശരീരങ്ങളിൽ തണുത്ത കാറ്റുതട്ടി. വിയർപ്പിൽ കാറ്റുതട്ടി തണുത്തു. “രവീ!” “പത്മേ!” “രവിയുടെ അഛ്ചൻ ഇനി എത്രകാലം ജീവിക്കും? രവി അവരുടെ കുടെ ചെന്നുതാമസിക്കൂ. അവസാനത്തെ ദിവസങ്ങളിൽ ശാന്തി കൈവരട്ടെ.” “പറഞ്ഞുതീർന്നോ?” “ഇല്ല. എന്നീട്ടെന്റെ കുടെവരൂ, എനിക്കു പ്രിൻസ്റ്റണിൽ ജോലിയുണ്ട്.

രവിക്കു പഠിപ്പു തുടരാം ഗവേഷണം തുടരാം.” “എന്ത് ഗവേഷണം?” “എന്നെ കളിയാക്കുകയാണോ, രവീ?” ഒരുപാടുനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല. “രവീ!” “എന്താ?” “എന്നെ വേണ്ടേ?” രവി അവളെ പൊക്കിയെടുത്തൂ. മലർന്നുകിടന്ന്, ഉറച്ച കൈകളിൽ അവളെ ഉയർത്തി. ചുവപ്പ് പ്രസരിച്ച ശരീരം. മാറിടവും അരക്കെട്ടും മാത്രം തളിരുപോലെ വിളറിയിരുന്നു. “രവീ!” “ഓ-” “രവീ, ഖസാക്ക് വിടാമെന്ന് എന്നോട് പറയൂ” പൊടുന്നനെ, ലാഘവത്തോടെ, രവി പറഞ്ഞു, “വിടാം” “സത്യം?” “സത്യം” “എന്നീട്ട്, എന്റെ കൂടെ വരും. വരില്ലേ?” “അറിഞ്ഞുകൂടാ” അവൾ കരയാൻ തുടങ്ങി. ധാര മുറിയാതെ കണ്ണുനീരൊഴുകി. ഒരു മരുഭൂമിയെപോലെ രവി അതേറ്റുവാങ്ങി. “രവീ,” അവൾ ചോദിച്ചു. “രവി ആരിൽ നിന്നാണ് ഒളിഞ്ഞോടാൻ ശ്രമിക്കുന്നത്?” ആ പൊരുളിലേക്ക് നോക്കികൊണ്ട് രവി നിന്നു. നോക്കി നോക്കി കണ്ണുകടഞ്ഞു. കൺതടം ചുവന്നു. മുഖം അഴിഞ്ഞ് ലയനം പ്രാപിച്ചു.