ചങ്ക് കത്തുമ്പോഴും പിഎസ്‌സി അഭിമുഖത്തിന് ക്യൂ നിന്ന് മധുവിന്റെ സഹോദരി !

ലോകമെമ്പാടുമുള്ള മലയാളി വിശപ്പിന്റെ വേദനയെന്തെന്ന് അറിയുകയാണ്. ആ വേദന ഉള്ളില്‍ തട്ടുമ്പോഴാണ് മധുവിന്റെ കുടുംബത്തെപ്പറ്റിയുള്ള വാര്‍ത്ത വരുന്നത്. സഹോദരന്‍ മധു ആശുപത്രി മോര്‍ച്ചറിയില്‍ ചേതനയറ്റു കിടക്കുമ്പോള്‍ ദുഖം കടിച്ചമര്‍ത്തി ജോലിക്കുള്ള മുഖാമുഖത്തിനു കാത്തു നില്‍ക്കുകയായിരുന്നു…

ലോകമെമ്പാടുമുള്ള മലയാളി വിശപ്പിന്റെ വേദനയെന്തെന്ന് അറിയുകയാണ്. ആ വേദന ഉള്ളില്‍ തട്ടുമ്പോഴാണ് മധുവിന്റെ കുടുംബത്തെപ്പറ്റിയുള്ള വാര്‍ത്ത വരുന്നത്. സഹോദരന്‍ മധു ആശുപത്രി മോര്‍ച്ചറിയില്‍ ചേതനയറ്റു കിടക്കുമ്പോള്‍ ദുഖം കടിച്ചമര്‍ത്തി ജോലിക്കുള്ള മുഖാമുഖത്തിനു കാത്തു നില്‍ക്കുകയായിരുന്നു ചന്ദ്രിക. പിഎസ് സിയുടെ പ്രത്യേക തിരഞ്ഞെടുപ്പു വഴിയുള്ള പോലീസ് നിയമന മുഖാമുഖത്തിനാണു ചന്ദ്രിക രാവിലെ അഹാഡ്‌സിലെത്തിയത്.

വിളിപ്പാടകലെ അഗളി ഗവ ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ അമ്മ മല്ലയെയും സഹോദരി സരസുവിനെയും ബന്ധുക്കളോടൊപ്പം ഇരുത്തിയശേഷമാണു പോയത്.

സഹോദരന്‍ മരിച്ച വിവരമൊന്നും അധികൃതരോടു പറയാതെ വരിയില്‍ ഊഴം കാത്തു നിന്ന ചന്ദ്രികയ്ക്കു സ്ഥലത്തെത്തിയ ഡോ.പ്രഭുദാസ് ഇടപെട്ട് ആദ്യ അവസരം നല്‍കി. മുഖാമുഖത്തിനു ശേഷം വിങ്ങിപ്പൊട്ടി മോര്‍ച്ചറി വരാന്തയിലേക്ക് ഓടിയെത്തുകയായിരുന്നു ചന്ദ്രിക.

അതേസമയം മകന്റെ കൊലയാളികളെ പിടികൂടാതെ മൃതദേഹം എടുക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി അഗളി മോര്‍ച്ചറിയുടെ മുമ്പില്‍ പെണ്‍മക്കളോടും ബന്ധുക്കളോടുമൊപ്പം കുത്തിയിരുപ്പുസമരം നടത്തുന്ന ആദിവാസി വീട്ടമ്മയുടെ സങ്കടം ആരുടേയും കരളലിയിപ്പിക്കും.

കാട്ടില്‍ കഴിയുകയായിരുന്നു അവന്‍. ആര്‍ക്കും ഒരു ശല്യത്തിനും പോവില്ല. ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ കഴിക്കും. കള്ളനാന്നു പറഞ്ഞു കയ്യ് കൂട്ടിക്കെട്ടി. പിന്നെ തല്ലി. അരിച്ചാക്കു ചുമപ്പിച്ചു നടത്തി. നെഞ്ചിലും വയറ്റിലും ചവിട്ടി. അവന്‍ പാവമല്ലേ സാറേ. ഇത്രയ്‌ക്കൊക്കെ ചെയ്യാന്‍ പാടുണ്ടോ?. ഇന്ന് സുഖമില്ലാത്ത അവനോടു കാട്ടി. നാളെ എന്നോടും നിങ്ങളോടും കാട്ടും. ഇതു സമ്മതിക്കാന്‍ പറ്റില്ല സാറേ. വിടാന്‍ പറ്റില്ല…