ജിൻസന്റെ രഹസ്യമൊഴി പുറത്ത്: സുനി ആദ്യം വിളിച്ചത് നാദിര്‍ഷയെ

കൊച്ചി∙ യുവനടിയെ ഓടുന്ന വാഹനത്തിൽ അതിക്രമത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ രഹസ്യമൊഴി പുറത്ത്. ഒപ്പം സുനി ജയിലില്‍നിന്ന് മൊബൈലില്‍ ആദ്യം വിളിച്ചത് നാദിര്‍ഷയെ ആണെന്നും പൊലീസ് കണ്ടെത്തി. മൂന്നു…

കൊച്ചി∙ യുവനടിയെ ഓടുന്ന വാഹനത്തിൽ അതിക്രമത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ രഹസ്യമൊഴി പുറത്ത്. ഒപ്പം സുനി ജയിലില്‍നിന്ന് മൊബൈലില്‍ ആദ്യം വിളിച്ചത് നാദിര്‍ഷയെ ആണെന്നും പൊലീസ് കണ്ടെത്തി. മൂന്നു തവണ ഫോൺ ചെയ്തു. ഒരു കോൾ എട്ടു മിനിറ്റ് നീണ്ടുനിന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാദിർഷയുമായി സുനി പ്രതിഫലത്തെക്കുറിച്ചു സംസാരിച്ചെന്നാണ് സഹതടവുകാരനായ ജിൻസന്റെ രഹസ്യമൊഴി‍. തുകയുടെ കാര്യത്തിൽ ഇരുവർക്കുമിടയിൽ തർക്കമുണ്ടായതായി തോന്നിയില്ല. പണം ആവശ്യപ്പെട്ടുള്ള കത്ത് നേരിട്ട് ദിലീപിന് എത്തിക്കാനായിരുന്നു ആദ്യശ്രമം. ഫോൺ വിളികളെല്ലാം സെല്ലിനുള്ളിൽനിന്നാണെന്നും ജിൻസൻ മൊഴി നൽകിയിട്ടുണ്ട്.

പള്‍സര്‍ സുനി, നടിയെ അതിക്രമത്തിന് ഇരയാക്കുന്നതിനു മുൻപ് നിരന്തരം വിളിച്ചിരുന്ന നാലു ഫോൺനമ്പറുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. സുനി വിളിച്ചതിനു തൊട്ടുപിന്നാലെ ഈ നമ്പറുകളില്‍നിന്നു ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്കു കോള്‍ പോയതായും പൊലീസ് കണ്ടെത്തി. ഈ നമ്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2016 നവംബർ 23 മുതൽ നടി അതിക്രമത്തിന് ഇരയായ ഫെബ്രുവരി 17വരെയാണു ഫോണ്‍ കോളുകളെല്ലാം.

അതേസമയം, വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നൽകിയിട്ടുണ്ടെന്നാണു വിവരം. 26 ഫോൺ നമ്പറുകളാണ് പൊലീസിനു സംശയം ഉണ്ടായിരുന്നത്. ഇതിൽനിന്നാണ് നാലു നമ്പറുകൾ കണ്ടെത്തിയത്. സുനി നിരന്തരം ഈ 26 നമ്പറുകളിലേക്കു ബന്ധിപ്പെട്ടിരുന്നു. ഇതിൽനിന്ന് ഇടയ്ക്കിടെ അപ്പുണ്ണിക്കു കോൾ പോകുകയും ചെയ്തിരുന്നു. നിരന്തരം കോൾ പോകുന്ന നമ്പറുകൾ ഏതെന്നു പൊലീസ് വിശദമായി വിലയിരുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് സംശയകരമായി തോന്നിയ നാലു നമ്പറുകളിലേക്കു പൊലീസ് എത്തിയത്. ഗൂഢാലോചനക്കാലത്ത് സുനി നിരന്തരം ബന്ധപ്പെട്ടത് അപ്പുണ്ണിയുടെ അടുപ്പക്കാരായവരുടെ നമ്പറുകളിലേക്കാണെന്നാണു കണ്ടെത്തൽ.

പൾസർ സുനി നേരിട്ട് ദിലീപിനെ ഫോൺ ചെയ്തിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ദിലീപിനെ വിളിക്കാനായി മറ്റു നമ്പർ വഴി ശ്രമിക്കുകയായിരുന്നെന്നാണു സംശയം. ദിലീപിനെ നേരിട്ടു വിളിച്ചില്ലെങ്കിലും നടനെ ബന്ധപ്പെടാനായി ഒരു ‘കണക്ടിങ് പോയിന്റ്’ ഉണ്ടാക്കിയെന്നാണ് പൊലീസിന്റെ അനുമാനം. ഇതു ഗൂഢാലോചനയാണോ അതോ മറ്റെന്തെങ്കിലും കാര്യത്തിനുവേണ്ടിയാണോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ദിലീപിനെ ഒരിക്കൽക്കൂടി വിളിച്ചു ചോദ്യം ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതേസമയം, ഈ നാലു നമ്പറുകൾ ഏതൊക്കെയാണെന്ന് അറിയില്ലെന്നാണ് അപ്പുണ്ണി മൊഴി നൽകിയിരിക്കുന്നത്. അപ്പുണ്ണിയുടെ ഫോണിൽ ഈ നമ്പറുകൾ രേഖപ്പെടുത്തിയിട്ടില്ല. നമ്പറുകളുടെ ഉടമസ്ഥരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.

ദിലീപിന്റെയും നാദിർഷായുടെയും അപ്പുണ്ണിയുടെയും ഇവരുടെ അടുപ്പക്കാരുടെയും പൾസർ സുനിയുടെയും ഫോൺ എക്സ്ട്രാക്റ്റും സിം എക്സ്ട്രാക്റ്റും (ഇവർ ഉപയോഗിച്ചിരുന്ന ഫോണും ആ ഫോണിൽനിന്നു പോയിരിക്കുന്ന കോളുകളും ഉപയോഗിച്ച സിമ്മുകളും ആ സിം മറ്റേതെങ്കിലും ഫോണിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെയും വിവരങ്ങൾ) പൊലീസ് ശേഖരിച്ചു വിശദമായി പരിശോധിച്ചിരുന്നു. ഇതിൽനിന്നാണു നാലു നമ്പറുകൾ കണ്ടെത്തിയത്.

ദിലീപിന്റെയും പൾസർ സുനിയുടെയും മൊഴിയും സുനി ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തും കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ദിലീപും നാദിർഷയും നൽകിയ മൊഴിയേക്കാൾ, പൾസർ സുനി പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്ക് എടുത്താണ് പൊലീസ് മുന്നോട്ടു നീങ്ങുന്നത്. കത്തിൽ പറയുന്ന ‘കാക്കനാട്ടെ ഷോപ്പ്’ എന്നത് കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ആണെന്നു കണ്ടെത്തിയ സംഘം അവിടെ പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു ചില വിവരങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, തനിക്ക് പൾസർ സുനിയെ നേരിട്ട് അറിയില്ലെന്നും അയാളുമായി ഒരു ബന്ധവുമില്ലെന്നുമുള്ള ദിലീപിന്റെ വെളിപ്പെടുത്തൽ തെറ്റാണെന്നുള്ളതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. എന്നാൽ തൃശൂർ ടെന്നിസ് ക്ലബിൽ ജോർജേട്ടൻസ് പൂരം സിനിമയുടെ ലൊക്കേഷനിൽ പൾസർ സുനിയെത്തിയതായി ചില ജീവനക്കാർ എടുത്ത സെൽഫി ചിത്രങ്ങളിൽനിന്നു വ്യക്തമായിരുന്നു. ഇതു കൂടാതെ, സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള ചിത്രങ്ങളുടെ കാര്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും സുനിയുടെ കത്തിൽ പറയുന്നു. ഇക്കാര്യത്തിലും പൊലീസ് സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.