…………………..തുഴ……………..

കുത്തിയലച്ചു പെയ്യുന്ന മഴയിൽ വലിയത്തോട് കലങ്ങിമറിഞ്ഞൊഴുകി തുണികൾ ഉണങ്ങിയിട്ടില്ല ,മുറ്റത്തു നിറയെ ചെളികൂടി, വിറകുകളിൽ നനവ് പിടിച്ചു , മഴ കാരണം തൊഴുത്തിന്റെ തെക്കേമൂല ചോരുന്നുണ്ട്, കാടുപിടിച്ചു തുടങ്ങിയ വീടിന്റെ പിന്നാപുറം ഇനി തുരപ്പന്മാരും…

കുത്തിയലച്ചു പെയ്യുന്ന മഴയിൽ വലിയത്തോട് കലങ്ങിമറിഞ്ഞൊഴുകി തുണികൾ ഉണങ്ങിയിട്ടില്ല ,മുറ്റത്തു നിറയെ ചെളികൂടി, വിറകുകളിൽ നനവ് പിടിച്ചു , മഴ കാരണം തൊഴുത്തിന്റെ തെക്കേമൂല ചോരുന്നുണ്ട്, കാടുപിടിച്ചു തുടങ്ങിയ വീടിന്റെ പിന്നാപുറം ഇനി തുരപ്പന്മാരും പാമ്പുകളും മാളങ്ങൾ കുത്തും .ആവലാതികൾ നിറഞ്ഞ മനസോടെ ചായക്ക് വെള്ളം വെച്ചു കൊണ്ട് രാഗിണി താഴത്തെ വളപ്പിലെ കൃഷിയിടത്തിലേക്ക് കുടയും ചൂടിയിറങ്ങി ചാഞ്ഞശീമകൊന്നകൾ വഴിയിറബിലേക്ക് ഞാന്നു കിടന്നു
” ശ്രീയെ നീ ഒന്നും കഴിക്കണില്ലെ…? ” ചെളികൂടിയത് കൊണ്ട് രാഗിണി മുന്നിട്ടുപോയില്ല അവിടെ നിന്ന് ശ്രീമോളെ നീട്ടി വിളിച്ചു രാവിലെ ആറു മണിക്ക് പോയിട്ട് നേരം ഒൻപതു ആയി ഇത് വരെ കാണാത്തതിൽ രാഗിണിക്ക് ദേഷ്യം തോന്നി
മഴ നനഞ്ഞ കാക്കകൾ വറ്റിന് വേണ്ടി പ്രാകി കരഞ്ഞു പറന്നു വെളുത്ത മഴ നിർത്താതെ പെയ്തു മൂന്നടി നടന്നപ്പോഴേക്കും ഓലമടൽ വീഴുമ്പോലെ ശ്രീമോൾ അതാ മുൻപിൽ അവൾ അലർച്ചയോടെ കൈവിരൽ ചൂണ്ടി ” എന്താടി കുഞ്ഞേ ” ദീന സ്വരത്തോടെ ശ്രീയെ താങ്ങിയെടുത്തു രാഗിണി ചോദിച്ചു പൊടുന്നനെ ഒരു നീളൻ ചേര അവരെ കടന്ന് ഇഴഞ്ഞു നീങ്ങി ശ്രീ അത് കണ്ട് പിന്നെയും അലറി
” ഈ പെണ്ണ്…!” രാഗിണി പൊട്ടിച്ചിരിച്ചു ചിരി അടക്കാനായില്ല ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് ശ്രീ ചാടി എഴുന്നേറ്റു തലയിലിരുന്ന വട്ടോലക്കുട തെറിച്ചു പോയി അവൾ സങ്കടത്തോടെ കാലുകളിൽ നോക്കി
“അവിടെ ഒന്നും ഇല്ലാടീ പുളെള…!” രാഗിണിയുടെ സമാധാനം ഒന്നും കേൾക്കാൻ നിൽക്കാതെ ശ്രീ വേലിപടർപ്പുകളെ ലക്ഷ്യമാക്കി നടന്നു കാട്ടുതുളസിയും വേലിപച്ചയുംതുമ്പയും ഇടലർന്നു നിൽക്കുന്നതിടയിൽ നിന്നും കൈകൊണ്ട് വകഞ്ഞു മാറ്റി കർലകം നുള്ളിയെടുത്തു കൈ വെള്ളകൂട്ടി തിരുമി വായിലിട്ടുചവച്ചു തുപ്പി
” എന്താടി മധുരുണ്ടോ…? ” രാഗിണി ചിരിനിർത്താൻ പാടുപെട്ടു
” ടെങ്കിൽ നിനക്ക് എന്താടി കുമ്പളങ്ങെ…! ” ചിതറി വന്ന ദേഷ്യത്തോടെ ശ്രീമോൾ നടന്നു ചെളിയിൽ ചെരിപ്പുകൾ പുതഞ്ഞു കിടന്നു ശ്രീമോൾക്ക് ഇഴജന്തുകളെ വല്ലാത്ത പേടിയാണ് . കാലുകൾകുടഞ്ഞു നടക്കുന്നതിനിടയിലാണ് രാഗിണിയുടെ ഓർമ്മയിൽ ചായക്കുവെച്ചവെള്ളം തിളക്കുന്ന ശബ്‌ദം നുരഞ്ഞു വന്നത് വന്നപാടെ അവളും ഓടി കവുങ്ങുകൾ നിരയിട്ട വഴികളിലൂടെ നിറഞ്ഞു പെയ്തു വീണമഴത്തുള്ളികൾ ഓർമ്മയുടെ ചതുപ്പുകളിലേക്ക് ആഴ്ന്നിറങ്ങി
” ടാ ഓടല്ലേടാ…ഏട്ടാനോട് പറയും നോക്കിക്കോ…” മാറോട് അടക്കിപ്പിടിച്ച പുസ് തകങ്ങളും അടക്കിപ്പിടിച്ച് അബിക്ക് പിന്നാലെ രാഗിണി ഓടി നിറഞ്ഞ മഴയിൽ കുട കാറ്റിൽ മലർന്നു നിന്ന് ആകാശത്തെ നോക്കി
തോടും ഇടവഴികളും തെങ്ങുതോപ്പുകളും കാനാകളും ഒക്കെ നിറഞ്ഞുകൊണ്ടേയിരുന്നു മഴ ചന്നം പിന്നം തിമിർത്തു
” ഞാ വരൂല്ലാ എനിക്ക് വയ്യ അക്ക… ആ കണക്ക് എനിക്കറിയൂല്ലാ…! ” ഓടികിതച്ചു വന്ന അബി മുൻപേ നടക്കുന്ന ശ്രീമോളോട് പറഞ്ഞു മഴയോട് കിന്നാരം ചൊല്ലി നടക്കുന്ന ശ്രീമോൾ പൊട്ടിച്ചിരിച്ചു ” ഇന്നുപോവാണ്ടാ… ഞാനും ഒന്നും പഠിച്ചിട്ടില്ല ഒരു വക ഹിന്ദിയാ…! ” ട്യൂഷൻക്ലാസിലെ നരച്ചചുവരുകളും കഠിനമായശിക്ഷകളും മടുപ്പോടെ ശ്രീമോൾ ഓർമയിൽ നിറച്ചു
“അപ്പോ എങ്ങനെ…? ” അബിയുടെ കണ്ണുകൾ മിഴിച്ചു
കുത്തികലങ്ങിമറിഞ്ഞൊഴുക്കുന്ന വലിയത്തോടിനെ ചൂണ്ടികാട്ടി അതിനുത്തരം കൊടുത്തു “ആലപ്പുഴയുടെ മക്കൾക്ക് ഈ ഒഴുക്ക് ഒരു ഒഴുക്കല്ല…! ” ഏഴിലെയും നാലാം ക്ലാസിലെയും പാഠപുസ്തകങ്ങളും ശ്രീയും അബിയും കുടക്കടിയിൽ വെച്ചു ” ദേ രാഗാക്ക വരുന്നുണ്ട് …! ” അബിയുടെ ഓർമ്മപ്പെടുത്തൽ കേട്ട് ശ്രീമോൾ ഒഴുക്കിലെക്ക് ചാടി മലന്നും മുങ്ങാംകുഴിയിട്ടും രസിച്ചു നീന്തി ഉടനെ അബിയും ചാടി അവർ മഴനനഞ്ഞ് പുഴമീൻ പോലെ നീന്തിതുടിക്കവെ വലിയ ഓളം വീഴ്ത്തി എന്തോ വീണ പോലെ ശ്രീമോൾ നോക്കുബോൾ രാഗിണി വെള്ളത്തിൽ കിടന്നു കൈകാലിട്ടടിക്കുന്നു ഒഴുക്കിന്റെ ഗതിയിൽ വെള്ളം കുറെ കുടിച്ചു ശ്രീമോളുടെ കൈ പിടുത്തത്തിൽ രാഗിണിയുടെ മൂടിക്കെട്ട് മുറുകി കരയിലേക്ക് വലിച്ചടിപ്പിച്ചപ്പോൾ പത്താം തരത്തിലെ പുസ്തകങ്ങൾ കുറെ ഒഴുക്കിൽപ്പെട്ടു രണ്ടുമൂന്ന് നോട്ടുബുക്കുകൾ അബിമുങ്ങിയെടുത്തു ” നിനക്ക് എന്തെലും പറ്റിയോ…? ” കിതപ്പോടെ രാഗിണി ശ്രീയെ നോക്കി ചോദിച്ചു അവളുടെ കണ്ണുകൾ ചുവന്നിരുന്നു മഴയുടെ മനസ്സ് പതുക്കെ വിതുമ്പി ചുമ ഇടക്കിടെ വന്നു കൊണ്ടിരുന്നു രാഗിണി വെള്ളം ഛർദിച്ചു.
അബിയും ശ്രീയും രാഗിണിയെ കെട്ടിപിടിച്ചു ” അക്കാ….! ” അവരുടെ വിളി ഒരു കൂട്ട കരച്ചിൽ ആയി മാറി
°° °°
പച്ച നിറമുള്ള പാട്ട കസേരകളുടെ മുൻനിരയിൽ നിന്നും അബിയും രണ്ടാം നിരയിൽ നിന്നും ശ്രീമോളും പതുങ്ങി പതുങ്ങി വേദിയിലെത്തി വലിച്ചു കെട്ടിയ ടർപായ കാറ്റിൽ ആടിയുലഞ്ഞു ” അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ നമ്മടെ മക്കൾക്ക് അഭിവാദ്യങ്ങൾ ….! ” പാർട്ടി പതാക ഉയർത്തികെട്ടിയതൂണിൽ ചാരി നിന്ന് വാക്കച്ചൻചേട്ടൻ വിളിച്ചു ചേച്ചിമാരും ചേട്ടന്മാരും ബീവാത്തുഉമ്മച്ചിയും അമ്മച്ചിമാരും കൂട്ടകൈയടി കൊണ്ട് ഒരു തിര സൃഷ്‌ടിച്ചു വാസുചേട്ടനും കുഞ്ഞപ്പയും മോളിചേച്ചിയും കൂടി ശ്രീമോളെ വാരിയെടുത്തു അബിയെ കാണുവാൻ തന്നെ കഴിഞ്ഞില്ല ഇതെല്ലാം കണ്ടു രാഗിണിയുടെ നീർമിഴികൾ നിറഞ്ഞു
°° °°
ഓർമ്മകളിൽ നിന്നും വേർപെട്ട് അഴിച്ചിട്ട ഈറൻ മുടികുടഞ്ഞ്
ചായകപ്പ് ചുണ്ടോടുചേർക്കുമ്പോൾ ശ്രീമോൾ ഒരു കണിക്കൊന്ന പോലെ കുലുങ്ങി ചിരിച്ചു ചിരി അടക്കാനായില്ല പുറത്തെ കർക്കിടകമഴയിൽ ചിരികൂടി കൂടി വന്നു ” ധീരവനിതയല്ലേ ചിരിച്ചോ ചിരിച്ചോ….” രാഗിണിയുടെ മുടിയിഴകൾ കാറ്റിൽ ഉലഞ്ഞു ഒരു ഓർമയുടെ ചൂട് പകർന്ന് ശ്രീമോൾ അവളെ വട്ടം കെട്ടിപ്പിടിച്ചു ശ്വാസഗതിയുടെ ചൂട് രാഗിണിയിൽ പൊതിഞ്ഞു
” അന്ന് മടി തോന്നി അക്ക… പഠിക്കാൻ പോവാൻ ,അതാ ആ വെള്ളത്തിൽ ചാടി കിടന്നത് അത് കണ്ട് അപ്പോഴാ അക്കയുടെ കടും കൈ അക്കയെ രക്ഷപ്പെടുത്തിയത് കൊണ്ട് പാവം നമ്മടെ നാട്ടുകാര് എനിക്കും അബിക്കും സമ്മാനോം നല്കി അനുമോദിച്ചു…. എന്നോട് പൊറുക്ക് …അക്കാ…! ” ശ്രീ മോളുടെ ചുണ്ടുകൾ തുളുമ്പി.
” എന്നാലും …ൻ്റെ അക്ക നീന്തലറിയാഞ്ഞിട്ടുപോലും ഞങ്ങൾക്ക് വേണ്ടി…! ” ശ്രീമോളുടെ കണ്ണുകൾ നിറഞ്ഞു തൂവി അത് ഒരു പൊട്ടികരച്ചിലാവാൻ ഇടനൽകാതെ രാഗിണി അവളെ മുത്തം കൊണ്ട് പൊതിഞ്ഞു ഒഴുക്കിൽ നഷ്ടപെട്ടുപോയ തന്റെ തുഴകൾക്ക് പകരം ചിറകുകൾ നൽകിയ രാജകുമാരിയെ രാഗിണി ചേർത്തു പിടിച്ചു തോരാമഴ പിന്നെയും പെയ്തു പെയ്തു കനം വെച്ചു.

ഷോബി.ടി.ജി

Shobi . T.G
Shobi . T.G