തെരുവ് കുട്ടികളുടെ ടീച്ചര്‍ അങ്കിള്‍; ജീവിതം സാര്‍ത്ഥകമാകുന്നത് ഇങ്ങനെയുമാണ്‌

എരിഞ്ഞ് തീര്‍ന്ന് മണ്ണോടൊട്ടുമ്പോള്‍ ഭൂമിയില്‍ അവശേഷിപ്പിക്കാന്‍ പാകത്തിന് ചെറുതെങ്കിലും ഒരു നന്മ…. നമ്മളൊക്കെ ആദ്യമായി വിളിച്ച ദൈവം ‘അമ്മ’ എന്നാണെങ്കില്‍, ഈ കുട്ടികള്‍ വിളിച്ച ദൈവം ‘അങ്കിള്‍’ എന്നാവും. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച്…

എരിഞ്ഞ് തീര്‍ന്ന് മണ്ണോടൊട്ടുമ്പോള്‍ ഭൂമിയില്‍ അവശേഷിപ്പിക്കാന്‍ പാകത്തിന് ചെറുതെങ്കിലും ഒരു നന്മ….

നമ്മളൊക്കെ ആദ്യമായി വിളിച്ച ദൈവം ‘അമ്മ’ എന്നാണെങ്കില്‍, ഈ കുട്ടികള്‍ വിളിച്ച ദൈവം ‘അങ്കിള്‍’ എന്നാവും. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് എന്ന അപ്മാര്‍ക്കറ്റ് പ്രദേശത്തുള്ള തെരുവിലെ കുട്ടികള്‍ക്ക് അറിവിന്റെ തിരി കൊളുത്തി കൊടുക്കുന്ന ആള്‍ദൈവമാണ് ഈ അങ്കിള്‍.

2013 -ലാണ് ശ്യാം ബിഹാരി പ്രസാദ് എന്ന പാറ്റ്ന ബിഎസ്എന്‍എല്ലില്‍ നിന്ന് വിരമിച്ച അസി. ജനറല്‍ മാനേജര്‍ വിശ്രമജീവിതത്തിന് വസന്ത് കുഞ്ചിലെ മകളുടെ വീട്ടില്‍ എത്തുന്നത്. എന്നും രാവിലെ അടുത്തുള്ള ഹനുമാന്‍ ക്ഷേത്ര്‌തില്‍ പോകുന്ന വഴിയാണ് തെരുവില്‍, കുട്ടികള്‍ അമ്പലത്തില്‍ പോയിട്ട് വരുന്നവരുടെ കയ്യില്‍ നിന്ന് പ്രസാദത്തിനായി യാചിക്കുന്നത് അദ്ദേഹം കണ്ടത്.

ദിവസവേതനത്തില്‍ ജോലിക്കായി പോകുന്ന സാധുക്കളായിരുന്നു അവരുടെ മാതാപിതാക്കള്‍. ഇവര്‍ പോകുന്ന ഗവ. സ്കൂള്‍ പത്തു മണിക്കേ തുറക്കുകയുള്ളൂ. അതിരാവിലെ പോകേണ്ടതുകൊണ്ട്, ഇവരുടെ മാതാപിതാക്കള്‍ കുട്ടികളെ വീടിന് വെളിയിലാക്കി വീട് പൂട്ടി ഇറങ്ങും. വിശന്ന കുട്ടികള്‍ പ്രസാദത്തിനായി അമ്പലത്തില്‍ നിന്നിറങ്ങി വരുന്നവരുടെ മുന്നില്‍ കൈനീട്ടും.

ഒരിക്കല്‍ നടയിറങ്ങി വന്ന ഈ അങ്കിളിന്റെ നേരെയും ഒരു ചെറിയ കുട്ടി പ്രസാദത്തിനായി കൈനീട്ടി. കൈയ്യിലിരുന്ന പ്രസാദം ആ കുഞ്ഞി കൈകളിലേക്ക് അദ്ദേഹം വച്ച് നീട്ടി. പിന്നീടുള്ള വരവില്‍ അദ്ദേഹം കുറച്ച് ബിസ്കറ്റുകള്‍ വാങ്ങിക്കൊണ്ടു വന്ന് അവര്‍ക്ക് നല്‍കി. വിശപ്പ് മാറി ചിരി പകരം കൊടുത്ത അവരോട് അങ്കിള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. സയന്‍സും കണക്കുമായിരുന്നു വിഷയം.

കുട്ടികള്‍ക്ക് ബേസിക് ആയ കാര്യങ്ങള്‍ അറിയാമെങ്കിലും ഇംഗ്ളീഷും ഹിന്ദിയും തെറ്റ് കൂടാതെ എഴുതാന്‍ അവര്‍ക്ക് കഴിയില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഒരു ദിവസം മുന്നില്‍ വന്നുപെട്ട കുട്ടികളോട് ‘പഠിക്കാന്‍ ഇഷ്ടമാണോ?’ എന്നൊരു ചോദ്യം പ്രസാദത്തോടൊപ്പം വച്ച് നീട്ടി. അതേയെന്ന് പൊടുന്നനെയുള്ള ഉത്തരം പ്രസാദത്തേക്കാള്‍ മധുരതരമായിരുന്നു. അടുത്ത ദിവസം രാവിലെ കൃത്യം 8 മണിക്ക് തെരുവിന്റെ ഒരു മൂലയില്‍ കണ്ടുമുട്ടാമെന്ന ധാരണയില്‍ അവര്‍ പിരിഞ്ഞു.

2013, നവംബര്‍ അതിശൈത്യം പൊഴിച്ച ഒരു പുലരിയില്‍ ആ തെരുവിന്റെ ഓരത്ത് ഒരു വൃദ്ധനും കുറച്ച് കുട്ടികളും അക്ഷരങ്ങളുടെ തീയൂതി ചൂട് കാഞ്ഞു. ദൈവമുറങ്ങുന്ന അമ്പലത്തിന് പുറത്ത് ശ്യാം ബിഹാരി പ്രസാദ് എന്ന ആള്‍ദൈവം തെരുവിന്റെ മക്കളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദിവസവും 8 മണിക്ക് പ്രാര്‍ത്ഥനയോടെ ക്ളാസ്സ് തുടങ്ങും.

അടച്ചുറപ്പുള്ള ക്ലാസ്സ് മുറിയോ ചൂരല്‍ കറങ്ങുന്ന വിരല്‍ തുമ്പുകളോ കണ്ണുരുട്ടുന്ന അധ്യാപകരോ ഇല്ലാതെ ആ തെരുവിന്റെ ഒരറ്റത്ത് ആകാശം കണ്ട് ആ കുട്ടികള്‍ സ്വപ്നത്തിലേക്കുള്ള ചിറകിന്റെ തൂവലുകള്‍ തുന്നി തുടങ്ങി. മഞ്ചു ടീച്ചര്‍ ഇംഗ്ളീഷും സിംഗ് ഭയ്യാ കണക്കും കീര്‍ത്തിക ടീച്ചര്‍ സയന്‍സും ക്ളാസുകളെടുത്തു. നല്ല മനസ്സുള്ള കുറേ ആളുകള്‍ കുട്ടികള്‍ക്ക് പഠിക്കുന്നതിനായി ബുക്കുകളും മറ്റ് പഠന സാമഗ്രികളും എത്തിച്ച് നല്‍കി.

മഴയും ശൈത്യവുമുള്ള ദിവസങ്ങളില്‍ അദ്ദേഹം കുട്ടികളെ വിരലില്‍ കൊരുത്ത് അമ്പല നടയിലേക്ക് ചെല്ലും. അവിടെയോരത്ത് കുട്ടികളെ ഇരുത്തി ക്ളാസ്സെടുക്കും. കുട്ടികള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കിയിരിക്കുമ്പോള്‍ ‘അങ്കിള്‍ ദൈവ’ത്തെ മിഴിയെറിഞ്ഞ്  അമ്പലത്തിനുള്ളിലെ ദൈവം ചിരിക്കുന്നുണ്ടാവാം. അതാവാം, അങ്കിളിന്റെ ക്ലാസ്സ് മുടക്കാന്‍ ലോകത്തിലെ ഒന്നിനെ കൊണ്ടും സാധ്യമല്ലായിരുന്നു.

ആദ്യമൊക്കെ കടം വാങ്ങിയ ഒരു പായയിലിരുന്നായിരുന്നു പഠനം. ഒരു കസേര പോലുമുണ്ടായിരുന്നില്ല. കടകളിലേക്കും മറ്റും ഇതുവഴി പോകുന്ന ആളുകള്‍ ഞാന്‍ നിന്ന് ക്ളാസ്സ് എടുക്കുന്നത് കണ്ടപ്പോള്‍ ഓരോ സഹായ വാഗ്ദാനവുമായി വന്നു. ഞാന്‍ ആഗ്രഹിച്ചതെല്ലാം ഓരോരുത്തരും ചോദിക്കാതെ തന്നെ എത്തിച്ചു തന്നു. അങ്ങനെ ഞാന്‍ മനസ്സിലാക്കി ഈ കുട്ടികളെ സഹായിക്കാന്‍ ദൈവം എത്രപേരെ തിരഞ്ഞെടുത്തുവെന്നും അവര്‍ എങ്ങനെ എന്റെ അടുത്ത് എത്തുന്നുവെന്നും.”അങ്കിളിന്റെ ചിരിയില്‍ കുതിര്‍ന്ന വാക്കുകള്‍.

റോഡരുകിലിരുന്നു പഠനം, ഹോണ്‍ മുഴക്കി കടന്നു പോകുന്ന വണ്ടികള്‍, ധൃതിപെട്ട് ബഹളം വച്ച് നീങ്ങുന്ന ആളുകള്‍, ഇവയൊന്നും അങ്കിളിനെയോ കുട്ടികളേയോ അലോസരപ്പെടുത്തിയതേയില്ല. ചുറ്റിനുമുള്ള ബഹളത്തിനിടയിലും അവര്‍ എഴുത്തിലും വായനയിലും പഠനത്തിലും ശ്രദ്ധയൂന്നി. ഏറ്റവും സന്തോഷകരമായ കാര്യം, അവരെങ്ങനെ ഒരു തെരുവിന്റെ ഓരത്തിരുന്ന് പഠിക്കേണ്ടി വന്നുവെന്ന് ആ കുട്ടികള്‍ക്ക് മനസ്സിലായി. ആ തിരിച്ചറിവ് അറിവ് നേടാനുള്ള അവരുടെ അഗ്നി കടഞ്ഞു.

ഭയങ്കര തമാശയാണ് ഈ സ്കൂള്‍. ഇവിടെ എല്ലാം ക്ളാസ്സിലേയും കുട്ടികളുമായി ആശയവിനിമയം നടത്താം. ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അങ്കിള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തെറ്റാണേലും ഞങ്ങള്‍ മറുപടി പറയും. കാരണം ഉത്തരം തെറ്റിയാലും അങ്കിള്‍ ഒരിക്കലും ഞങ്ങളെ വഴക്ക് പറയില്ല.” ഏഴാം ക്ളാസ്സ്കാരന്‍ ലക്ഷ്മണിന്റെ സാക്ഷ്യമാണിത്. പാഠപുസ്തകങ്ങള്‍ക്ക് പുറമേ ചെറുകഥകളും കോമിക് ബുക്കുകളും അദ്ദേഹം കൊണ്ടുവന്ന് കുട്ടികള്‍ക്ക് കൊടുക്കും.

ആദ്യമൊക്കെ ക്ളാസ്സില്‍ എത്തുമ്പോള്‍ എങ്ങനെ ക്ളാസ്സില്‍ ഇരിക്കണമെന്നോ സംസാരിക്കണമെന്നോ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. തെറിവാക്കുകള്‍ ആയിരുന്നു അവരില്‍ പലരുടേയും നാവുകളില്‍ ഉണ്ടായിരുന്നത് തന്നെ.

നന്നേ നാവ് വടിച്ച് അസഭ്യാക്ഷരങ്ങള്‍ കളഞ്ഞ് നന്മയുടേയും ആത്മവിശ്വാസത്തിന്റേയും ചൊല്ലക്ഷരങ്ങള്‍ അങ്കിള്‍ അവരുടെ നാവില്‍ നിറച്ചു. ഇന്ന് ഇംഗ്ളീഷും ഹിന്ദിയും ഉള്‍പ്പെടെ അനായാസം എഴുതാനും പറയാനും അവര്‍ പഠിച്ചു. ബഹുമാനത്തോടെ മറ്റുള്ളവരോട് സംസാരിക്കാനും പെരുമാറാനും പഠിച്ചു.

പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നു. തെറിവാക്കുകളെ ബോധമണ്ഡലത്തില്‍ നിന്നും ചവിട്ടി പുറത്തേക്കെറിഞ്ഞു. പ്രസാദത്തിനായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ പുസ്തകമെടുത്തിറങ്ങി. അവര്‍ക്കറിയാം, അവരേയും കാത്ത് ഒരു വൃദ്ധന്‍ തെരുവിന്റെ ഒരുമൂലയില്‍ ഇരിപ്പുണ്ടെന്ന്. നാളെ അവരെ കാത്ത് ഒരു ലോകമുണ്ടെന്ന്. സ്വപ്നങ്ങളെ ആകാശത്തേക്ക് പറത്തി വിടാനാകുമെന്ന്. അവ ആകാശ തലപ്പ് തൊടുമെന്ന്.

ഞാന്‍ അങ്കിളിനെ വായിച്ച് നിര്‍ത്തിയപ്പോള്‍ കണ്ണും മനസ്സും നിറഞ്ഞിരുന്നു. നെറ്റില്‍ നിന്നും കിട്ടിയ ഐഡിയില്‍ ഞാനൊരു സന്ദേശം അയച്ചിട്ടുണ്ട്. ഇന്ന് ഞാനും കാത്തിരിപ്പാണ്. ആ വലിയ ആള്‍ദൈവത്തിന്റെ പ്രസാദവും കാത്ത്…

ഒരു വയോധികന് ഇങ്ങനെ ഒക്കെ ആകാന്‍ കഴിയുമെങ്കില്‍ നമുക്ക് എന്ത് കൊണ്ട് കഴിഞ്ഞുകൂടാ? ‘Why should not I’ എന്ന് ചിന്തിക്കുന്നിടത്ത് നിന്ന് ‘Why should I’ എന്ന ഉത്തരം കിട്ടും. ഇവരെപോലുള്ളവര്‍ ജീവിക്കുന്ന ഈ ഭൂമിയില്‍ നമ്മുടെ തലമുറകള്‍ക്ക് വേണ്ടി ചെറുതെങ്കിലും നമ്മളും ചെയ്യണം. എരിഞ്ഞ് തീര്‍ന്ന് മണ്ണോടൊട്ടുമ്പോള്‍ ഭൂമിയില്‍ അവശേഷിപ്പിക്കാന്‍ പാകത്തിന് ചെറുതെങ്കിലും ഒരു നന്മ….