നടി ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ അന്തരിച്ചു, ഞെട്ടലോടെ ആരാധക ലോകം !

ദുബായ് : വിഖ്യാത ബോളിവുഡ് നടി ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. ഉറ്റബന്ധുവും ബോളിവുഡ് താരവുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവി ദുബായിലെത്തിയത്. ഭര്‍ത്താവ് ബോണി കപൂറും മകള്‍…

ദുബായ് : വിഖ്യാത ബോളിവുഡ് നടി ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ അന്തരിച്ചു. 54 വയസ്സായിരുന്നു.

ഉറ്റബന്ധുവും ബോളിവുഡ് താരവുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവി ദുബായിലെത്തിയത്. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണവേളയില്‍ സമീപത്തുണ്ടായിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ നിമിത്തം മൂത്ത മകള്‍ ജാന്‍വിക്ക് ഒപ്പം പോകാനായില്ല.

ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് മരണവിവരം സ്ഥിരീകരിച്ചത്. രാത്രി പതിനൊന്നരയോടെയാണ് ഹൃദയാഘാതമുണ്ടായത്.

2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയര്‍ അവാര്‍ഡുകളും ലഭിച്ചു.

ഖുഷി, ബോണി കപൂര്‍, ശ്രീദേവി, ജാന്‍വി

ആലിംഗനം, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, നാല് മണി പൂക്കള്‍, ദേവരാഗം കുമാര സംഭവം ഉള്‍പ്പെടെ 26 മലയാള സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.

തമിഴ്നാട്ടിലെ ശിവകാശിയില്‍ 1963 ഓഗസ്റ്റ് 13 നാണ് ശ്രീ അമ്മ യാങ്കര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി ജനിച്ചത്. 1967ല്‍ നാലാം വയസില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. 1971ല്‍ പൂമ്ബാറ്റ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം നേടി.

കെ. ബാലചന്ദറിന്റെ സംവിധാനത്തില്‍ 1976ല്‍ ഒരുങ്ങിയ മുണ്ട്ര് മുടിച്ച്‌ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി. കമല്‍ഹാസനും രജനീകാന്തും ഈ ചിത്രത്തിലുണ്ടായിരുന്നു. ഗായത്രി, പതിനാറ് വയതിനിലെ, സിഗപ്പ് റോജാക്കള്‍, പ്രിയ, നിന്തും കോകില, മുന്നാം പിറൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ അഭിനയം ശ്രീദേവിക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. മൂന്നാം പിറൈ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

സോള്‍വ സവാന്‍ എന്ന ചിത്രത്തിലൂടെ 1979ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. സഗ്മ, ഹിമ്മത്വാലാ, സോഫാ, നയാ, കദം, ആഗ്, ഷോലാ, ഭഗ്വാന്‍, ദാദാ, കര്‍മ്മ, മിസ്റ്റര്‍ ഇന്ത്യ, ചാന്ദ്നി, ഖുദാ ഗവാ, വീര്‍ റാഞ്ചാ, ചന്ദ്രമുഖി, ജുഡായ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

ശ്രീദേവി, ജാന്‍വി

1983 വരെ ശ്രീദേവിയായിരുന്നു ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍. 1997ല്‍ സിനിമാ രംഗത്ത് നിന്ന് ശ്രീദേവി താത്കാലികമായി വിടപറഞ്ഞെങ്കിലും 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. കഴിഞ്ഞ വര്‍ഷം റിലീസായ മോം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.