നാല് ദക്ഷിണേന്ത്യൻ ഭാഷകളിലേയും ( മലയാളം, തമിഴ്, തെലുങ്ക്, കന്നട) ആദ്യകാല സമകാലീന തെന്നിന്ത്യൻ സൂപ്പർ താരങ്ങളെ ഒന്ന് പരിചയപ്പെടുത്തുന്നു.

നാല് ദക്ഷിണേന്ത്യൻ ഭാഷകളിലേയും ( മലയാളം, തമിഴ്, തെലുങ്ക്, കന്നട) ആദ്യകാല സമകാലീന തെന്നിന്ത്യൻ സൂപ്പർ താരങ്ങളെ ഒന്ന് പരിചയപ്പെടുത്തുന്നു. ഈ ‘ഫൈവ് മെൻ’ ഗ്രൂപ്പിൽ ഏറ്റവും മൂത്ത വ്യക്തി മലയാളത്തിന്റെ സത്യനും ഇളയ…

നാല് ദക്ഷിണേന്ത്യൻ ഭാഷകളിലേയും ( മലയാളം, തമിഴ്, തെലുങ്ക്, കന്നട) ആദ്യകാല സമകാലീന തെന്നിന്ത്യൻ സൂപ്പർ താരങ്ങളെ ഒന്ന് പരിചയപ്പെടുത്തുന്നു. ഈ ‘ഫൈവ് മെൻ’ ഗ്രൂപ്പിൽ ഏറ്റവും മൂത്ത വ്യക്തി മലയാളത്തിന്റെ സത്യനും ഇളയ വ്യക്തി കന്നടയുടെ രാജ് കുമാറുമാണ്. മമ്മൂട്ടി-മോഹൻലാൽ ( മലയാളം), രജനീകാന്ത് – കമൽ ഹസ്സൻ (തമിഴ്), ചിരഞ്ചീവി- നാഗാർജ്ജുൻ (തെലുങ്ക്), വിഷ്ണുവർദ്ധൻ- അംബരീഷ് (കന്നട) എന്നീ രണ്ടാം തലമുറ താരങ്ങളുടെ മുൻഗാമികൾ (ഒന്നാം തലമുറക്കാർ)

(1) മലയാള സിനിമ
(a) പ്രേം നസീർ ( 07/04/1926-16/01/1989)

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ 1926, ഏപ്രിൽ 07 ന് അദ്ദേഹം ജനിച്ചു. പ്രേം നസീറിന്റെ യഥാർഥ പേര് അബ്ദുൾ ഖാദർ എന്നായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ അസ്മാബീവി, ഷാഹുൽ ഹമീദ് എന്നിവർ ആയിരുന്നു. ഹബീബാ ബീവിയായിരുന്നു ഭാര്യ. നടൻ ഷാനവാസുൾപ്പെടെ 4 മക്കളാണദ്ദേഹത്തിനുണ്ടായിരുന്നത്. ആദ്യ സിനിമ- മരുമകൾ (1952). പക്ഷേ അന്ന് പ്രേം നസീർ എന്ന പേര് സ്വീകരിച്ചിരുന്നില്ല, അബ്ദുൾ ഖാദർ എന്ന് തന്നെയാണറിയപ്പെട്ടത്. രണ്ടാം സിനിമയായിരുന്ന ‘വിശപ്പിന്റെ വിളി’ (1952) മുതലാണ് പ്രേം നസീർ എന്ന പേര് സ്വീകരിച്ചത്.

അവസാന സിനിമ- ധ്വനി (1989). 1989 ജനുവരി 16ന് അദ്ദേഹം ചെന്നൈയിൽ വച്ച് അന്തരിച്ചു. മലയാളസിനിമാ ചരിത്രത്തിൽ അദ്ദേഹം ‘നിത്യ ഹരിതനായകൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഏകദേശം 600ൽകൂടുതൽ സിനിമകളിൽ നായകൻ (തർക്കങ്ങൾ നടക്കുന്നു എണ്ണത്തെ സംബന്ധിച്ച്), 130 സിനിമകളിൽ ഒരേ നായിക, കൂടുതൽ നായികമാരോടൊപ്പം അഭിനയം, ഒരാൾ തന്നെ നായകനായി ഒരു വർഷം (1979, 39 സിനിമകൾ) ഏറ്റവും കൂടുതൽ റിലീസ് തുടങ്ങിയവ അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോർഡുകളാണ്. 39 തമിഴ് സിനിമകളിലും വിരലിലെണ്ണാവുന്ന കന്നട, തെലുങ്ക് സിനിമകളിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്.

പക്ഷേ ഒരിക്കൽപോലും മികച്ച നടനുള്ള ദേശീയ/സംസ്ഥാന അവാർഡ് അദ്ദേഹത്തിന് ലഭിച്ചില്ല. ആകെ ലഭിച്ചത് ‘വിടപറയും മുമ്പേ’ എന്ന സിനിമയിലെ സഹനടൻ വേഷത്തിന് സംസ്ഥാനസർക്കാരിന്റെ ‘പ്രത്യേക ജൂറി പരാമർശം’. 1983ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ മുഖ്യ പിന്നണി ഗായകൻ യേശുദാസായിരുന്നു. പൊതുവിൽ ക്ലീൻ ഇമേജ് വേഷങ്ങൾ ചെയ്ത അദ്ദേഹത്തിന്റെ 2 വ്യത്യസ്ത സിനിമകളിൽ ഒന്നായ ‘അഴകുള്ള സെലീന’യിൽ അദ്ദേഹം പ്രതിനായക വേഷം ചെയ്തപ്പോൾ മറ്റൊന്നായ ‘പുനർജന്മം’ മലയാളത്തിലെ ആദ്യത്തെ ‘അഡൽറ്റ്സ് ഒൺലി’ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയായിരുന്നു.

(b) സത്യൻ (09/11/1912-15/06/1971)

ഇന്ന് തമിഴ്നാടിന്റെ ഭാഗമായ നാഗർകോവിലിൽ 1912, നവംബർ 09ന് അദ്ദേഹം ജനിച്ചു. സത്യന്റെ യഥാർഥ പേര് മാനുവേൽ സത്യനേശൻ എന്നായിരുന്നു. എമിലി, മാനുവേൽ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ജെസ്സിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ആ ദമ്പതികൾക്ക് മൂന്നു മക്കൾ ഉണ്ടായിരുന്നു. ആദ്യ സിനിമ- ത്യാഗസീമ (1951). പക്ഷേ നിർഭാഗ്യവശാൽ അത് റിലീസായില്ല. റിലീസായ അദ്ദേഹത്തിന്റെ ആദ്യ സിനിമ- ആത്മസഖി (1952 ). അവസാന സിനിമ- അനുഭവങ്ങൾ പാളിച്ചകൾ (1971).

1971 ജൂൺ 15ന് ചെന്നൈയിൽ വച്ച് അദ്ദേഹം അന്തരിച്ചു. ‘ലുക്കേമിയ’ ആയിരുന്നു മരണകാരണം. തന്റെ രോഗത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ലദ്ദേഹം. തികഞ്ഞ അർപ്പണബോധമുണ്ടായിരുന്ന അദ്ദേഹം ഈ രോഗാവസ്ഥയിലിരിക്കുമ്പോൾ തന്നെ വാഹനമെടുത്തുകൊണ്ടു ആശുപത്രിയിൽ പോയി രക്തം ശുദ്ധീകരിച്ച് തിരിച്ചു ലോക്കേഷനിൽ വന്ന് അഭിനയിച്ചിരുന്നതായി വായിച്ചിട്ടുണ്ട്. ജനങ്ങൾ അദ്ദേഹത്തെ സ്നേഹപൂർവ്വം ‘സത്യൻ മാസ്റ്റർ’ എന്ന് അഭിസംബോധന ചെയ്യുന്നു. ഏകദേശം 150ൽ പരം സിനിമകളിൽ അഭിനയിച്ചു. ഒന്നോ രണ്ടോ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങിയ വർത്തമാനകാല നടന്മാർ തുടർന്നു പോരുന്ന ‘സ്വാഭാവിക അഭിനയം’ (natural acting) ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.

കച്ചവടപ്രാധാന്യമുള്ള സിനിമകളേക്കാളും കലാമൂല്യമുള്ള സിനിമകളായിരുന്നു അദ്ദേഹത്തിന്റേതധികവും. നീലക്കുയിൽ, ഓടയിൽ നിന്ന്, കടൽപ്പാലം, വാഴ്‌വേ മായം, അനുഭവങ്ങൾ പാളിച്ചകൾ ഇവ കൾട്ട് ക്ലാസ്സിക്കുകളാണ്. 1969,1971 വർഷങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. യേശു ദാസിനേക്കാളും AM രാജയുടെ ശബ്ദമായിരുന്നു സത്യന് കൂടുതൽ യോജിച്ചിരുന്നത്. സിനിമയിൽ വരുന്നതിന് മുമ്പ് അദ്ദേഹം തിരുവതാംകൂർ സ്റ്റേറ്റ് പോലീസിൽ ഇൻസ്പെക്ടർ ആയിരുന്നു.ഇവർ രണ്ടുപേരും വളരെയധികം സിനിമകളിൽ താരമൂല്യം, ഈഗോ ഇവ നോക്കാതെ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

(2) തമിഴ് സിനിമ

(a) എം. ജി. ആർ (17/01/1917-24/12/1987)

ശ്രീലങ്കയിലെ കാൻഡിയിൽ 1917 ജനുവരി 17ന് അദ്ദേഹം ജനിച്ചു. യഥാർഥ പേര് മരുദൂർ ഗോപാലൻ രാമചന്ദ്രൻ എന്നായിരുന്നു. മലയാളികളായ ഗോപാല മേനോൻ, സത്യഭാമ എന്നിവരായിരുന്നു മാതാപിതാക്കൾ. 3 തവണ വിവാഹിതനായിരുന്ന അദ്ദേഹത്തിന്റെ അവസാന ഭാര്യ V.N ജാനകി മലയാളിയായിരുന്നു. ഒരു ഭാര്യമാരിലും അദ്ദേഹത്തിന് മക്കളില്ലായിരുന്നു. ആദ്യ സിനിമ – സതി ലീലാവതി (1936). അവസാന സിനിമ- മധുരൈയെ മീട്ട സുന്ദരപാണ്ട്യൻ (1978).

അതിന് ശേഷം അദ്ദേഹം ഒരു മുഴുനീള പൊളിറ്റീഷ്യനായി തമിഴ്നാട് രാഷ്ട്രീയത്തിൽ പ്രവേശിച്ചു.1977 മുതൽ 1987 വരെ നീണ്ട 10 വർഷം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചു അദ്ദേഹം. 1983ൽ അദ്ദേഹത്തിന്റെ വൃക്ക തകരാറിലായി. വിദേശത്ത് ചികിത്സിച്ചെങ്കിലും പിന്നീടൊരിക്കലും രോഗമുക്തനായില്ലദ്ദേഹം. പ്രമേഹം, ചെറിയ തോതിലുള്ള ഹൃദയസ്തംഭനം തുടങ്ങിയവ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഒടുവിൽ 1987 ഡിസംബർ 24ന് അദ്ദേഹം നിര്യാതനായി. തമിഴ് മക്കൾക്ക്‌ അദ്ദേഹം ‘മക്കൾ തിലകം’ ആണ്. ഏകദേശം 135 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടദ്ദേഹം.

പ്രണയവും വർണ്ണാഭമായ ഗാനരംഗങ്ങളും ചിലവേറിയ വിദേശ ലൊക്കേഷനുകളും സംഘട്ടന രംഗങ്ങളും എല്ലാം ഉള്ള തീർത്തും തട്ടുപൊളിപ്പൻ കച്ചവട സിനിമകളായിരുന്നു ഇദ്ദേഹത്തിന്റേത്. 1955ൽ റിലീസായ തമിഴിലെ ആദ്യ കളർസിനിമ ‘ആലിബാബവും 40 തിരുടർഗളും’ അദ്ദേഹം നായകനായ സിനിമയായിരുന്നു. 1968ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും 1971ൽ മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചു. 1988ൽ ഭാരത സർക്കാർ ‘ഭാരതരത്ന’ നൽകി ആദരിച്ചു. 1967ൽ ഒരു വധശ്രമത്തിൽ നിന്നും രക്ഷപെട്ട ചരിത്രവും അദ്ദേഹത്തിനുണ്ട്.

(b) ശിവാജി ഗണേശൻ (01/10/1928-21/07/2001)

തഞ്ചാവൂരിൽ 1928, ഒക്ടോബർ 01 ന് അദ്ദേഹം ജനിച്ചു. യഥാർഥ പേര് വില്ലുപുരം ചിന്നയ്യാ ഗണേശൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ചിന്നയ്യാ മാൻരയാർ, രാജാമണി അമ്മാൾ എന്നിവരായിരുന്നു. കമലയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പ്രശസ്ത നടൻ പ്രഭു ഉൾപ്പെടെ ആ ദമ്പതികൾക്ക് 4 മക്കൾ ഉണ്ടായിരുന്നു. ആദ്യ സിനിമ- പരാശക്തി (1952). അവസാന സിനിമ – പടയപ്പ (1999). ശ്വാസതടസ്സ സംബന്ധിയായ സങ്കീർണ്ണതകൾ മൂലം 2001 ജൂലൈ 21 ന് അദ്ദേഹം ചെന്നൈയിൽ അന്തരിച്ചു. ജനങ്ങൾക്കിടയിൽ അദ്ദേഹം ‘നടികർ തിലകം’ എന്നറിയപ്പെടുന്നു.

തമിഴകത്തിലെ അഭിനയ ചക്രവർത്തിയായിരുന്നു അദ്ദേഹം. ഏകദേശം 280ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടദ്ദേഹം. തമിഴിനു പുറമേ തെലുഗു, മലയാളം, കന്നട, ഹിന്ദി സിനിമകളിലും തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ടദ്ദേഹം. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എന്നും മുൻപന്തിയിലായിരുന്ന ശിവാജി ഗണേശന്റെ സിനിമകളൊന്നും സമാന്തര സിനിമകളായി മാറ്റപ്പെട്ടില്ല. പാട്ടും, പ്രണയവും, സംഘർഷങ്ങളും എല്ലാമുള്ള കച്ചവട സിനിമകൾ തന്നെയായിരുന്നത്.

1960 ൽ കെയ്റോയിൽ നടന്ന ആഫ്രോ-ഏഷ്യൻ അന്തർദേശീയ സിനിമാ മേളയിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചു. 1969ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും1992 ൽ ‘തേവർ മകൻ’ലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്ക്കാരം ദേശീയതലത്തിലും 1996 ൽ ‘ദാദാസാഹിബ് ഫാൽക്കെ’ അവാർഡും ലഭിച്ചു. 1966 ൽ ‘പത്മശ്രീ’, 1984 ൽ ‘പത്മഭൂഷൻ’ പുരസ്ക്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. ‘തമ്പീ സൗഖ്യമാ’ എന്ന സിനിമാ ഡയലോഗ് (ഗൗരവം കലർന്ന സ്നേഹാന്വേഷണ ഡയലോഗ്) ഇപ്പോഴും മുഴങ്ങുന്നു ചെവികളിൽ.

ശിവാജി ഗണേശനും എം.ജി.ആറിനും പിന്നണി പാടിയിരുന്നത് ടി.എം സൗന്ദര്യരാജനായിരുന്നു. 1954ൽ പുറത്തിറങ്ങിയ ‘കൂണ്ടുകിളി’ ആയിരുന്നു ഇവരൊരുമിച്ചഭിനയിച്ച ഏക സിനിമ. ഇതിൽ MGR നായകനും ശിവാജി ഗണേശൻ വില്ലനുമായിരുന്നു.

(3) തെലുങ്ക്

(a) എ.എൻ. ആർ (20/09/1923-22/01/2014)

ഇന്ന് ആന്ധ്രാ പ്രദേശിന്റെ ഭാഗമായ കൃഷ്ണ ജില്ലയിലെ രാമപുരം ഗ്രാമത്തിൽ, 1923 സെപ്തംബർ 20ന് അദ്ദേഹം ജനിച്ചു. യഥാർഥ പേര് അക്കിനേനി നാഗേശ്വര റാവു എന്നായിരുന്നു. പുന്നമ്മ, അക്കിനേനി വെങ്കട്ടരത്നം എന്നിവരായിരുന്നു മാതാപിതാക്കൾ. അന്നപൂർണ്ണയായിരുന്നു ഭാര്യ. പ്രശസ്ത നടൻ നാഗാർജ്ജുനയുൾപ്പെടെ 5 മക്കളുണ്ടായിരുന്നു ആ ദമ്പതികൾക്ക്. ആദ്യ സിനിമ – ധർമ്മപത്നി (1941). അവസാന സിനിമ- മനം (2014). 2013 ൽ ക്യാൻസർ രോഗ ബാധിതനായ അദ്ദേഹം 2014, ജനുവരി 22 ന് അന്തരിച്ചു.

തെലുങ്കിന് പുറമേ ഹിന്ദി, തമിഴ് ചിത്രങ്ങളുൾപ്പെടെ 250 ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ വ്യവസായത്തെ ചെന്നൈയിൽ നിന്നും ഹൈദ്രബാദിലേയ്ക്ക് മാറ്റുന്നതിൽ അദ്ദേഹത്തിന് നിർണ്ണായക സ്ഥാനമുണ്ട്. തെലുങ്കു സിനിമയെ താങ്ങി നിർത്തിയ 2 വൻ തൂണുകളിൽ ഒന്ന് എ. എൻ. ആർ ആയിരുന്നു ( മറ്റേത് എൻ.ടി.ആറും). സിനിമയിൽ വരുന്നതിന് മുമ്പ് നാടകങ്ങളിൽ ആയിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. അന്ന് സ്ത്രീകൾക്ക് നാടകാഭിനയം നിക്ഷിദ്ധമായിരുന്നതിനാൽ സ്ത്രീ വേഷങ്ങളായിരുന്നു അദ്ദേഹം കെട്ടിയിരുന്നത്.

അന്നപൂർണ്ണ സ്റ്റുഡിയോയുടെ സ്ഥാപകനായിരുന്നു ANR. തെലുങ്ക് സിനിമയിൽ ആദ്യം ഇരട്ടവേഷം ചെയ്തത് അദ്ദേഹമായിരുന്നു. 1968 ൽ പത്മശ്രീ, 1988ൽ പത്മഭൂഷൻ, 2011 ൽ പത്മവിഭൂഷൻ എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. 1991 ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും ലഭിച്ചു. ആന്ധ്രാ പ്രദേശ് സർക്കാരിന്റെ മികച്ച നടനുള്ള ‘നന്ദി അവാർഡ്’ 1964, 65, 67, 82, 94 വർഷങ്ങളിൽ അദ്ദേഹത്തിന് ലഭിച്ചു. സിനിമയ്ക്ക് പുറമേ സാമൂഹ്യസേവനങ്ങളിലും അദ്ദേഹം സജ്ജീവമായിരുന്നു.

(b) എൻ. ടി. ആർ (28/05/1923-18/01/1996)

ഇന്ന് ആന്ധ്രാപ്രദേശിന്റെ ഭാഗമായ കൃഷ്ണ ജില്ലയിലെ നിമക്കുരു ഗ്രാമത്തിൽ 1923, മേയ് 28ന് അദ്ദേഹം ജനിച്ചു. യഥാർഥ പേര് നന്ദമുറി താരക രാമ റാവു എന്നായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ വെങ്കട്ട രാമമ്മ, നന്ദമുറി ലക്ഷ്മയ്യാ എന്നിവരായിരുന്നു. ബസവ താരകം ആയിരുന്നു ആദ്യ ഭാര്യ. ആ ബന്ധത്തിൽ 12 മക്കളുണ്ടായിരുന്നു അദ്ദേഹത്തിന്. ആദ്യ ഭാര്യ അന്തരിച്ച് 8 വർഷങ്ങൾക്ക് ശേഷം അദ്ദേഹം ലക്ഷ്മി പാർവതി എന്ന എഴുത്തുകാരിയെ വിവാഹം ചെയ്തു.

ആ ബന്ധത്തിൽ കുട്ടികളൊന്നുമുണ്ടായിരുന്നില്ല. തെലുങ്കു യുവനായകൻ NT രാമറാവു ജൂനിയർ അദ്ദേഹത്തിന്റെ ചെറുമകനാണ്. ആദ്യ സിനിമ- മാനാദേശം (1949). അവസാന സിനിമ- ശ്രീനാഥാ കവി സർവ്വഭോമുദു (1993). ഹൃദയാഘാദം മൂലം 1996 ജനുവരി 18 ന് അദ്ദേഹം ഹൈദ്രബാദിൽ വച്ച് അന്തരിച്ചു. ഏകദേശം 300ൽ പരം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ആദ്യകാലങ്ങളിൽ പുരാണ കഥാപാത്രങ്ങളെയായിരുന്നു അദ്ദേഹം കൂടുതൽ ചെയ്തിരുന്നത്‌. പിന്നീട് പ്രതിനായകൻ, മോഡേൺ നായകൻ, സാധാരണ മനുഷ്യൻ തുടങ്ങിയ കഥാപാത്രങ്ങളും ചെയ്യുവാൻ തുടങ്ങി.

1983 (ജനുവരി)-84 (ആഗസ്റ്റ് ), 1984-89, 1994 (ഡിസംബർ)-95 (സെപ്തംബർ ) കാലഘട്ടങ്ങളിൽ അദ്ദേഹം പഴയ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു.
1968ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1954,1963 വർഷങ്ങളിൽ മികച്ച നടനുള്ള രാഷ്ട്രപതി അവാർഡ് ലഭിച്ചു. 1970 ൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ മികച്ച നടനുള്ള ‘നന്ദി അവാർഡ് ‘ അദ്ദേഹത്തിന് ലഭിച്ചു. അഭിനയത്തിന് പുറമേ സംവിധാനം, നിർമ്മാണം, എഡിറ്റിംഗ് എന്നീ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

(4) കന്നട

രാജ് കുമാർ (24/04/1929-12/04/2006)

ഇന്ന് തമിഴ്നാടിന്റെ ഭാഗമായ തലവടി താലൂക്കിലെ ഗജനൂർ ഗ്രാമത്തിൽ 1929, ഏപ്രിൽ 24ന് അദ്ദേഹം ജനിച്ചു. യഥാർഥ പേര് സിങ്കനല്ലുരു പുട്ടസ്വാമയ്യാ മുത്തുരാജു എന്നായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ലക്ഷ്മാമ്മ, പുട്ടസ്വാമയ്യാ എന്നിവരായിരുന്നു. പാർവ്വതമ്മ ഗൗഡയായിരുന്നു ഭാര്യ. നടനായ പുനീത് രാജ് കുമാർ ഉൾപ്പെടെ ആ ദമ്പതികൾക്ക് 5 മക്കളുണ്ടായിരുന്നു. ആദ്യ സിനിമ- ബേദാര കണ്ണപ്പ (1954). അവസാന സിനിമ- ശബ്ദ വേദി (2000). 2006, ഏപ്രിൽ 12 ന് ബംഗലൂരുവിൽ വച്ച് അദ്ദേഹം അന്തരിച്ചു.

ഏകദേശം 206 സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഒരു തെലുങ്ക് റീ മെയ്ക്കിലല്ലാതെ മറ്റൊരു അന്യഭാഷാ സിനിമയിലും അഭിനയിച്ചിട്ടില്ല. വിഷ്ണുവർദ്ധൻ – അംബരീഷ് ടീം വരുന്നതുവരെ കന്നട സിനിമയുടെ നെടുംതൂണായിരുന്നു രാജ്കുമാർ. മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം 9 തവണയും (1967, 70, 74, 76, 81, 82, 88, 92, 93) മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം 2 തവണയും (1993,94)നേടി. 1992 ൽ മികച്ച ഗായകനുളള ദേശീയ പുരസ്ക്കാരം അദ്ദേഹത്തിന് ലഭിച്ചു. 1995 ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 1983ൽ രാജ്യം ‘പത്മഭൂഷൻ’ നൽകി ആദരിച്ചു.

രാജ് കുമാർ കർണ്ണാടിക് സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്നു. 1974 ന് ശേഷം അദ്ദേഹം തന്നെയാണ് സ്വന്തം കഥാപാത്രങ്ങൾക്ക് വേണ്ടി പിന്നണി പാടി യിരുന്നത് ( അതു വരെ PB ശ്രീനിവാസനാണ് പിന്നണി പാടിയിരുന്നത്). വെള്ളിത്തിരയ്ക്ക് പുറത്ത് തീർത്തും ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹം മദ്യപാനം, സിഗരറ്റ് എന്നിവയിൽ നിന്നും വിട്ട് നിന്നിരുന്നു. സിനിമയിലും അദ്ദേഹം മദ്യപാനം, സിഗരറ്റ് വലി, മോശം സംഭാക്ഷണങ്ങൾ ഇവ ഒഴിവാക്കിയിരുന്നു. 2000, ജൂലൈ 30ന് അദ്ദേഹത്തെയും വേറെ 3 പേരെയും കാട്ടു കൊള്ളക്കാരൻ വീരപ്പൻ തട്ടിക്കൊണ്ട് പോയിരുന്നു. 108 ദിവസം തടവിൽ പാർപ്പിച്ചിട്ട്, നവംബർ 15ന് അദ്ദേഹത്തെ വെറുതെ വിട്ടു.

മുകളിൽ പ്രതിപാദിച്ചവർക്കു പുറമേ മധു ( മലയാളം), ജെമിനി ഗണേശൻ (തമിഴ്), ഉദയ് കുമാർ, കല്യാൺ കുമാർ (2 പേരും കന്നട ) തുടങ്ങിയവരും നിർണ്ണായക സാന്നിദ്ധ്യമായി, ശക്തമായ വേഷങ്ങൾ ചെയ്ത് സാന്നിദ്ധ്യം അറിയിച്ചിരുന്നു. ഇവരുടെ കാലഘട്ടത്തിൽ ബംഗാളി സിനിമയിലെ സൂപ്പർ താരമായിരുന്നു ഉത്തം കുമാർ (03/09/1926-24/07/1980). അദ്ദേഹത്തിന്റെ യഥാർഥ പേര് – അരുൺകുമാർ ചാറ്റർജി