പടച്ചോൻ അനുവദിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ ഇങ്ങടെ പെണ്ണായി ജീവിക്കാനുള്ളതാണ്, അല്ലാതെ ചൂടുപറ്റിക്കിടക്കാനുള്ള ഭ്രമമല്ല

നട്ടപ്പാതിരക്കുള്ള ഓളെ മെസേജ് കണ്ടപ്പോൾ ഒരു ഉലക്ക എടുത്ത് തലമണ്ട അടിച്ചു പൊളിക്കാനാണ് തോന്നിയത്… “ഓ… നാളെ വരാതിരിക്കാൻ വേണ്ടിയുള്ള സൈക്കിളോടിക്കൽ മൂവ് ആണല്ലേ… ഇങ്ങനൊക്കെ പറയാൻ ഞമ്മള് അന്നെ വിളിച്ചത് ഹോട്ടൽ മുറിയിലേക്കൊന്നും അല്ലല്ലോ…

നട്ടപ്പാതിരക്കുള്ള ഓളെ മെസേജ് കണ്ടപ്പോൾ ഒരു ഉലക്ക എടുത്ത് തലമണ്ട അടിച്ചു പൊളിക്കാനാണ് തോന്നിയത്…
“ഓ… നാളെ വരാതിരിക്കാൻ വേണ്ടിയുള്ള സൈക്കിളോടിക്കൽ മൂവ് ആണല്ലേ… ഇങ്ങനൊക്കെ പറയാൻ ഞമ്മള് അന്നെ വിളിച്ചത് ഹോട്ടൽ മുറിയിലേക്കൊന്നും അല്ലല്ലോ ഖൽബെ” എന്നൊരു റിപ്ലൈ കൊടുത്ത് ഓളെ അടുത്ത മറുപടിക്ക് വേണ്ടി കാത്ത് നിന്നു..

“അതൊന്നും അല്ല… ഞാൻ ഇങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതും അല്ല പൊതുവായി പറഞ്ഞതാണ്…
ഇങ്ങള് ന്റെ മുത്തല്ലേ ഖൽബെ” എന്നുള്ള ഓളെ റിപ്ലൈ കിട്ടിയതോടെ സമാധാനമായി…
“ന്നാ പിന്നെ ഇയ്യ് ഒരു കാര്യം ചെയ്യ് നാളെ ഒരു പത്തുമണി ആവുമ്പോൾ ബസ്റ്റാന്റിലേക്ക് വാ… പതിനൊന്നു മണിക്കുള്ള സിനിമക്ക് പോയി അത് കഴിഞ്ഞു ചെറിയൊരു ഫുഡും അടിച്ചു കുറച്ചുനേരം ബീച്ചിൽ ഒക്കെ പോയി ഇരുന്നിട്ട് ഒരു അഞ്ചുമണി ഒക്കെ ആവുമ്പോ അന്നെ ഞാൻ തിരിച്ചു ബസ്റ്റാന്റിൽ തന്നെ ആക്കിത്തരാം” എന്ന് വോയിസ് അയച്ചപ്പോൾ ഓള് ജസ്റ്റ് “ഉം” എന്നൊരു റീപ്ലേയിൽ ഒതുക്കി…

ആ മറുപടി കണ്ടപ്പോൾ ഓൾക്ക് എന്തോ ഒരു വിശ്വാസക്കുറവ് ഉള്ളതുപോലെ.. ന്നാ പിന്നെ കുറച്ചു ആത്മവിശ്വാസം പകർന്നു കൊടുത്തിട്ട് തന്നെ ബാക്കി കാര്യം എന്ന് മനസ്സിൽ ഓർത്ത്‌..
“ഇയ്യ് പേടിക്കണ്ടെടീ.. അനക്ക് ഒരു കുഴപ്പവും വരാതെ ഞാൻ നോക്കിക്കോളാം പടച്ചോനാണേ സത്യം… അനക്ക് ന്നെ വിശ്വസിക്കാം” എന്നൊക്കെ പറഞ്ഞു ഒന്ന് മയക്കി എടുക്കാൻ ഒരു ശ്രമം നടത്തി.അതിനിടയിൽ “ന്നാ പിന്നെ ഇങ്ങള് എന്തിനാ ന്നോട് ബസ്റ്റാന്റിൽ വരാൻ പറഞ്ഞത്… ഇങ്ങള് രാവിലെ ന്റെ വീട്ടിലേക്ക് പോന്നോളി.. ന്നട്ട് അവിടുന്നും മ്മക്ക് ഒരുമിച്ച് പോവാലോ” എന്നുള്ള ഓളെ മെസേജ് കണ്ടതോടെ ഓൾക്ക് കാര്യമായി എന്തോ തകരാറുള്ളതുപോലെ ഒരു തോന്നൽ

“അല്ല കുതിരേ.. ഞാൻ അന്റെ വീട്ടിലേക്ക് വരുന്നത് അന്റെ വീട്ടുകാർ കണ്ടാൽ പ്രശ്നം ആവൂലെ” എന്ന് ചോദിച്ചപ്പോൾ..
“അപ്പൊ ഇങ്ങളല്ലേ പറഞ്ഞത് എനിക്ക് ഒരു കുഴപ്പവും വരാതെ ഇങ്ങള് നോക്കിക്കോളാം ന്ന്‌ ”
എന്നൊരു മറുപടി ആണ് കിട്ടിയത്…
“അത് പിന്നെ… ഞാൻ അതല്ല ഉദ്ദേശിച്ചത്… അനക്ക് വേറെ കുഴപ്പം ഒന്നും വരാതെ നോക്കിക്കോളാം എന്നാണ് ”

ഉടനേ ഓളെ ചോദ്യം വന്നു… “വേറെന്ത് കുഴപ്പം… ബീച്ചിലും സിനിമക്കും ഒക്കെ പോണ സമയത്ത് അവിടെ വച്ചു ന്റെ വീട്ടുകാർ ആരെങ്കിലും കണ്ടാൽ കുഴപ്പം വരാതെ നോക്കാൻ ഇങ്ങക്ക് പറ്റ്വോ ” ന്ന്‌..
മനുഷ്യൻ ആകെ കുടുങ്ങിന്ന്‌ പറഞ്ഞാൽ മതിയല്ലോ… തൽകാലം മറുപടി ഒന്നും കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് ചുമ്മാ “🤔” ഇങ്ങനെ ഒരു സ്മൈലി അങ്ങോട്ട്‌ ഇട്ടു കൊടുത്തു…
“അല്ല… ഇങ്ങള് ഈ ബീച്ചിലും സിനിമക്കും ഒക്കെ പോവാം ന്ന്‌ പറഞ്ഞത് എന്തിനാണ്” വീണ്ടും വന്നു മനുഷ്യനെ എടങ്ങേറാക്കുന്ന ഓളെ അടുത്ത ചോദ്യം…

“അത് പിന്നെ.. നിന്നോടുള്ള ഇഷ്ടം കൊണ്ട്.. നിന്റെ കൂടെ ഇത്തിരി നേരം ചിലവഴിക്കാൻ ഉള്ള പൂതി കൊണ്ട്” എന്നൊക്കെ പറഞ്ഞു ഒപ്പിക്കാൻ നോക്കി…
“അല്ലാതെ വേറെ ദുരുദ്ദേശം ഒന്നും ഇല്ലെന്ന് ഉറപ്പല്ലേ” എന്ന് ചോദിച്ചപ്പോൾ
“ഇല്ല.. പടച്ച റബ്ബാണെ അങ്ങനെ ഒരു ദുരുദ്ദേശവും എനിക്കില്ല” എന്ന് ഉറപ്പ്‌ കൊടുത്തു സംഗതി കോമ്പ്ലിമെൻറ്സ് ആയി എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഓളെ ഒലക്കമ്മലെ ഡയലോഗ്..

“ന്നാ പിന്നെ ഇങ്ങളെന്തിനാ ന്റെ വീട്ടുകാരെ പേടിക്കുന്നത്.. നാളെ രാവിലെ ന്റെ വീട്ടിലേക്ക് വന്നിട്ട് വീട്ടുകാരോട് ഇതൊക്കെ പറഞ്ഞാൽ പോരെ.. ന്നട്ട് ഞമ്മക്ക് ഒരുമിച്ച് പോകാലോ” ന്ന്‌..
ഉടനേ തന്നെ “🙏🙏🙏🙏 ” ഇതുപോലൊരു സ്മൈലിയും ഇട്ടു “മാപ്പാക്കണം തമ്പുരാട്ടീ… ഇക്കളിക്ക് ഞമ്മളില്ലേ” എന്നൊരു റിപ്ലൈ കൊടുത്തു മെല്ലെ തടി ഊരി…

കുറച്ചു നേരത്തേക്ക് ഓളെ റിപ്ലൈ ഒന്നും ഇല്ലാതായപ്പോൾ “ഹാവൂ… ആശ്വാസമായി ” എന്നും കരുതി ഇരിക്കുന്നതിനിടക്കാണ് ഓളെ അടുത്ത മെസേജ് വന്നത്… അതിനു കുറച്ചു നീളക്കൂടുതൽ ഉണ്ടായിരുന്നു..
“ഇക്കാ… സോറി ട്ടോ… ഇങ്ങക്ക് ന്നോട് ദേഷ്യം ഒന്നും തോന്നരുത്… ഞമ്മള് എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ നമ്മൾ മറ്റുള്ളവരെ ഭയക്കുന്നുണ്ടെന്നുണ്ടെങ്കിൽ മ്മള് ചെയ്യാൻ പോകുന്ന കാര്യം എത്ര നിരുപദ്രവകരം ആണെങ്കിലും അതിൽ എന്തോ ഒരു തെറ്റുണ്ടെന്ന് നമ്മള് തിരിച്ചറിയണം…

അല്ലെങ്കിൽ നമ്മള് ചെയ്യാൻ പോകുന്ന കാര്യം പൂർണ്ണമായും ശരിയാണെന്ന് മ്മളെ മനസ്സാക്ഷിക്ക് പൂർണ്ണ ബോധ്യം ഉണ്ടെങ്കിൽ അത് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാനോ അല്ലെങ്കിൽ ചങ്കൂറ്റത്തോട് കൂടി മറ്റുള്ളവർക്ക് മുന്നിൽ മ്മളെ ശരി ചെയ്തുകൊണ്ട് മുന്നോട്ട് പോകാനോ മ്മള് തയ്യാറാവണം.. ഇക്കാന്റെ ഇതുവരെ ഉള്ള മറുപടിയിൽ എവിടെയും ആ ഒരു ആത്മവിശ്വാസം എനിക്ക് ഫീൽ ചെയ്തില്ല” എന്നായിരുന്നു ആ മെസേജ്…
അത് കണ്ടപ്പോൾ ആകെക്കൂടി കിളി പോയി… ഇവളാണോ ഇന്നാട്ടിലെ സദാചാരത്തിന്റെ ഹെഡോഫീസ് എന്നൊരു തോന്നൽ.. എന്നാലും പറഞ്ഞതിലെ കുറേ കാര്യങ്ങൾ ഒരു ആത്മപരിശോധനക്ക് വിദേയമാക്കിയപ്പോൾ മനസ്സിൽ എവിടെയൊക്കെയോ കൊള്ളുകയും ചെയ്തു…

പക്ഷേ പ്രണയിക്കുന്ന മൊഞ്ചത്തിയെയും കൊണ്ട് ഒന്ന് പുറത്തു പോവുക ഓളെ കണ്ണിൽ കണ്ണിൽ നോക്കി കടപ്പുറത്ത് അൽപനേരം ചിലവഴിക്കുക.. അവിടുത്തെ പൂഴിമണലിൽ മ്മളെയും മൊഞ്ചത്തിയുടെയും ജനിക്കാൻ പോണ കുട്ടികളുടെയും പേരെഴുതി തിര വന്നു മായ്ക്കുന്നത് വരെ നോക്കിയിരിക്കുക.. തിയേറ്ററിലെ ഇരുട്ടിൽ ഒരുമിച്ചിരുന്നു പോപ്കോൺ തിന്നുക എന്നതൊക്കെ ഒരു യാഥാസ്ഥിതിക കാമുകനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവരക്തത്തിൽ അലിഞ്ഞുചേർന്ന സ്വപ്നങ്ങളാണല്ലോ…
പോരാത്തതിന് ഒരു കാമുകന്റെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുന്നത് ഇത്തരം സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടുമ്പോൾ ആണെന്നാണ്‌ ഈ ലോകത്ത് ഞാനടക്കമുള്ള സകല കാമുകന്മാരുടെയും വിശ്വാസം..

അതുകൊണ്ട് ചെറിയൊരു ഇമോഷണൽ ബ്ലാക്ക്മെയിൽ നടത്തിനോക്കാം.. ചിലപ്പൊ വല്ല ഗുണവും ഉണ്ടായാലോ എന്ന് കരുതി..
“അപ്പൊ നീ എന്നേ ഇഷ്ടാണ് പ്രണയിക്കുന്നു എന്നൊക്കെ പറഞ്ഞത് വെറുതേ ആയിരുന്നു അല്ലേ ഹസ്നാ.. അനക്ക് ന്നെ തീരെ വിശ്വാസം പോര.. വിശ്വാസം ഉള്ളിടത്തെ പ്രണയം ഉണ്ടാവൂ…” എന്നൊക്കെ അങ്ങോട്ട്‌ കാച്ചി…
“എനിക്ക് ഇങ്ങളോട് പ്രണയം ഇല്ലെന്ന് ആര് പറഞ്ഞു.. എനിക്ക് ഇങ്ങളോട് പ്രണയമാണ്.. ന്റെ ജീവനേക്കാൾ ഇഷ്ടാണ്.. പക്ഷേ എനിക്ക് എന്റേതായുള്ള കുറച്ചു കൺസപ്റ്റുകൾ ഉണ്ട്… അതിനെ ഞാൻ എന്നെക്കാളേറെ എന്റെ പ്രണയത്തേക്കാളേറെ വില കൊടുക്കുന്നുണ്ട്.. അത് ഇല്ലാതാവുമ്പോൾ ഞാൻ ഞാനല്ലാതാവും ഞാൻ ഞാനല്ലാതാവുമ്പോൾ പിന്നെങ്ങനെ അതുവരെ ഉണ്ടായിരുന്ന എന്റെ പ്രണയത്തിനു വില ഉണ്ടാവും ”

സംഗതി ശരിയാണെന്ന് തോന്നിയെങ്കിലും.. പിറ്റേന്നത്തെ കാര്യം അലമ്പാവുന്ന കാര്യം ഓർത്തപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ…“അനക്ക് ഏതോ സദാചാരവാദിയുടെ പ്രേതം കൂടിയതാണ് പെണ്ണേ… ഇയ്യ് പോയി തലയിൽ നല്ല തണുത്ത വെള്ളം ഒഴിച്ചു കുളിക്ക് അപ്പൊ ഒക്കെ ശരിയാവും” എന്ന് പറഞ്ഞു ചെറുതായി ഒന്ന് ആക്കി നോക്കി…. ചിലപ്പൊ പെണ്ണിന്റെ തീരുമാനത്തിൽ വല്ല മാറ്റവും ഉണ്ടാവുമോ എന്നറിയാൻ വേണ്ടി..
ഉടനേ അടുത്ത റിപ്ലൈ വന്നു… “ഇന്നത്തെ കാലത്തെ പ്രണയം എന്ന് പറയുന്നത് ചൂട് പറ്റിക്കിടക്കാനുള്ള വെറുമൊരു ഭ്രമമാണല്ലേ ” എന്ന് ഞാൻ നേരത്തെ പറഞ്ഞില്ലേ.. അത് ഇങ്ങളെ ഉദ്ദേശിച്ചു തന്നെ ആണ്” എന്നും പറഞ്ഞുകൊണ്ട് തൽക്കാലം മറുപടി ഒന്നും കൊടുക്കാൻ ഇല്ലാത്തതുകൊണ്ട്..
“നീ പോടീ സദാചാരക്കാരീ” എന്ന് പറഞ്ഞു മെല്ലെ സ്കൂട്ടായി…

പിന്നേം ഓളെ ഒരു മെസേജ് കൂടി വന്നു.. “ന്റെ പ്രണയം പടച്ചോൻ അനുവദിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവൻ ഇങ്ങളെ പെണ്ണായി ഇങ്ങളെ കൂടെ ജീവിക്കാൻ വേണ്ടി ഉള്ളതാണ്..
അല്ലാതെ രണ്ടീസം ബീച്ചിലും സിനിമക്കും ഒക്കെ പോയി കറങ്ങിത്തിരിഞ്ഞു ലാസ്റ്റ് ഇങ്ങള് ഞമ്മളെ തേച്ചിട്ട് പോകുമ്പോൾ ഒറ്റക്കിരുന്നു കരയാൻ വേണ്ടി അല്ല..” എന്നൊരു റിപ്ലൈ കൂടി തന്ന് ഫേസൂക്കും പൂട്ടി ഓള് ഓളെ ഓളെ വഴിക്ക് പോയി…

ഇതുപോലൊരു ചീഞ്ഞ സദാചാരക്കാരിയെ പ്രേമിക്കാൻ തോന്നിയ നശിച്ച നേരത്തെ ശപിച്ചുകൊണ്ട് ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി പിറ്റേന്ന് തന്നെ ഓളെ കാര്യം വീട്ടിൽ സൂചിപ്പിച്ചു കാര്യങ്ങൾ എങ്ങനേലും നടത്തണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു..എങ്ങനേലും ഓളെ കെട്ടി വീട്ടിൽ കൊണ്ടുവന്നിട്ടു വേണം ഇപ്പറഞ്ഞതിനൊക്കെ പ്രണയിച്ചു പ്രണയിച്ചു പ്രതികാരം ചെയ്യാൻ എന്ന് കിനാവ് കണ്ടു മയക്കത്തിലേക്ക് വഴുതി വീഴുമ്പോൾ മനസ്സിൽ അതുവരെ അനുഭവിക്കാത്ത വല്ലാത്തൊരു മുഹബ്ബത്തിന്റെ പരിമളം പടർന്നു തുടങ്ങിയിരുന്നു…

NB:- ഈ കഥ ഒരു സദാചാരവിരുദ്ധകണ്ണടയ്ക്കിടയിലൂടെ കാണാതിരിക്കാൻ ശ്രമിക്കുക…
ചിലർക്ക് അവരുടെ ജീവിതം സ്വന്തം തെറ്റ് കാരണം കൈവിട്ടു പോകാതിരിക്കാൻ എത്ര വലിയ ആത്മാർത്ഥ ബന്ധങ്ങൾക്കിടയിലും നമ്മുടെ കണ്ണുകൊണ്ട് നോക്കിയാൽ പ്രഥമദൃഷ്ട്യാ തെറ്റ് എന്ന് തോന്നാത്ത പല കാര്യങ്ങളിലും ചെറിയ മുൻകരുതലുകൾ എടുക്കേണ്ടതായി വരും…അവരുടെ ജീവിതം അവരുടെ കാഴ്ചപ്പാടുകളിലൂടെ മുന്നോട്ട് കൊണ്ടുപോകാനും പ്രണയവും സൗഹൃദവും ഒക്കെ അവരുടെ പരിമിതികൾക്കുള്ളിൽ ഇരുന്നുകൊണ്ട് ആസ്വദിക്കാനും അനുവദിക്കുക…

രചന: Saleel Bin Qasim