പട്ടിണികിടന്ന നാളുകളിൽ ഭക്ഷണം കഴിക്കാൻ കൂട്ടുകാരന്റെ വീട്ടിലെ പട്ടിയാകാൻ കൊതിച്ച കുട്ടി ഇന്ത്യയുടെ പരമാധികാരിയായ കഥ

1920 ഒക്ടോബർ 27 – 2005 നവംബർ 9ന് പഴയ തിരുവിതാംകൂർ സംസ്ഥനത്തെ ഉഴവൂർ എന്ന സ്ഥലത്ത് ഉഴവൂർ വില്ലേജിലെ പെരുംതാനം എന്ന സ്ഥലത്താണ് അവൻ ജനിച്ചത്. കോച്ചേരിൽ രാമൻ വൈദ്യരുടേയും പാപ്പിയമ്മയുടെയും ഏഴു മക്കളിൽ നാലാമനായി . കൊടിയ ദാരിദ്ര്യത്തോടും പട്ടിണിയോടും പടവെട്ടി അവൻ വളർന്നു. ഒരു നേരം പോലും ഭക്ഷണം ഇല്ലാതിരുന്ന ദിവസങ്ങൾക്ക് പോലും പഠിക്കണം എന്ന കുട്ടന്റെ ആഗ്രഹത്തെ തളർത്താനായില്ല . ഉഴവൂർ ലോവർ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് കുട്ടന് ബാബു എന്ന ഒരു ചങ്ങാതിയെ കിട്ടി.

ബാബു സമ്പന്നമായ ഒരു കുടുംബത്തിൽ നിന്നും വരുന്ന കുട്ടിയായിരുന്നു. അക്കാലത്ത് നാട്ടിൽ വളരെ അപൂർവ്വമായിരുന്ന ടെറസ്സ് വീടായിരുന്നു ബാബുവിന്റേത്. ആ വീട്ടിൽ ഒന്ന് കയറാൻ കുട്ടന് അതിയായ മോഹം തോന്നി . ഏറെ മടിച്ചിട്ടാണെങ്കിലും കുട്ടൻ ആ മോഹം ബാബുവിനോട് പറഞ്ഞു. അവന് കുട്ടന്റെ മോഹം സാധിച്ചു കൊടുക്കണം എന്നുണ്ടായിരുന്നു എങ്കിലും കുട്ടനെ വീട്ടിൽ കയറ്റാൻ തന്റെ മാതാപിതാക്കൾ അനുവദിക്കില്ല എന്ന സത്യം ബാബുവിന് അറിയാമായിരുന്നു. അതിനാൽ ബാബു മാതാപിതാക്കൾ വീട്ടിലില്ലാത്ത ഞായറാഴ്ച്ച കുട്ടനെ വീട്ടിലേക്ക് ക്ഷണിച്ചു.

വീട്ടിലെ കലത്തിൽ കഞ്ഞി വെള്ളത്തോടൊപ്പം കിട്ടിയ കുറച്ചു വറ്റ് പെറുക്കി കഴിച്ച് പാതി വിശപ്പുപോലും മാറാതെ ആ ഞായറാഴ്ച്ച കുട്ടൻ ബാബുവിന്റെ വീട്ടിലെത്തി . വീട്ടിനുള്ളിൽ കയറിയ കുട്ടനെ സംബന്ധിച്ച് ആ വീട് കഥകളിൽ വായിച്ചറിഞ്ഞ ഒരു സ്വർഗ്ഗമായിരുന്നു. വലിയ മുറികളും അലങ്കാരപ്പണികളും ആഡംബരവും ഒത്തിണങ്ങിയ അകത്തളവും കുട്ടനെ ഒരു വിസ്മയ ലോകത്തിലേക്ക് നയിച്ചു. കുറച്ചു നേരത്തെ കാഴ്ചക്ക് ശേഷം ഇഷ്ടമില്ലാതിരുന്നെങ്കിലും, ബാബുവിന്റെ രക്ഷിതാക്കളെ പേടിച്ച് കുട്ടൻ തിരിച്ചു പോകാൻ ഇറങ്ങി. അപ്പോഴാണ് അവൻ മുറ്റത്തുള്ള പട്ടിക്കൂട് ശ്രദ്ധിക്കുന്നത് . പട്ടിക്കൂട്ടിൽ കിടക്കുന്ന പട്ടിയല്ല കുട്ടന്റെ കാഴ്ച്ചയെ പിടിച്ചു വലിച്ചത് മറിച്ച് ബാബുവിന്റെ വീട്ടുകാർ പട്ടിക്ക് നൽകിയിരുന്ന വിഭവ സമൃദ്ധമായ ഭക്ഷണമായിരുന്നു ആ പട്ടിണി പാവത്തെ ആകർഷിച്ചത്. കുട്ടൻ ബാബുവിനോട് യാത്ര പറഞ്ഞിറങ്ങി. പട്ടിക്കൂട്ടിലെ വിഭവ സമൃദ്ധി അപ്പോഴും അവന്റെ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല.

പിറ്റേ ദിവസം പതിവുപോലെ കുട്ടൻ സ്കൂളിലെത്തി . ക്ലാസ് തുടങ്ങി ടീച്ചർ ക്ലാസ് എടുത്തുകൊണ്ടിരിക്കെ പെട്ടെന്ന് A E O പരിശോധക്കായി ക്ലാസ്സിൽ എത്തി. കുട്ടികളോട് പല ചോദ്യങ്ങൾ ചോദിച്ച് ഒടുവിൽ അദ്ദേഹം ഓരോ കുട്ടികളോടും ഭാവിയിൽ ആരാകണം എന്ന ചോദ്യം ചോദിച്ചു. പലരും പലതരത്തിലുള്ള അവരുടെ ആഗ്രഹങ്ങൾ പറഞ്ഞു . അതിൽ ഡോക്റ്ററും പട്ടാളക്കാരനും സിനിമാ നടനും പൈലറ്റും മറ്റും ഉണ്ടായിരുന്നു. അവസാനം A E O കുട്ടനോട് ചോദിച്ചു, ” തനിക്ക് ആരാവണം ” എന്ന് ? ഒട്ടും സംശയമില്ലാതെ കുട്ടൻ പറഞ്ഞും “എനിക്ക് ബാബുവിന്റെ വീട്ടിലെ പട്ടിയായാൽ മതി ” ക്ലാസ്സിൽ ചിരി പടർന്നു അതിൽ A E O യും പങ്കു ചേർന്നു. കൗതുകത്തോടെ A E O കുട്ടന്റെ ആഗ്രഹത്തിന്റെ കാരണം ചോദിച്ചു. കുട്ടൻ കാരണവും പറഞ്ഞു. അത് കേട്ടപാടെ ക്ലാസ്സിലെ ചിരി മാഞ്ഞു. കാരണം ആരുടേയും ഹൃദയം തകർക്കാൻ മാത്രം ശേഷിയുണ്ടായിരുന്നു ആ കാരണത്തിന്. ആ കാരണം ഇതായിരുന്നു ” ബാബുവിന്റെ വീട്ടിലെ പട്ടിയായാൽ ഒരു നേരമെങ്കിലും വയറുനിറയെ ഭക്ഷണം കഴിക്കാമല്ലോ “

ക്ലാസ് മുറിയെ കണ്ണീരിലാഴ്ത്തിയ ആ സംഭവത്തിന് ശേഷം കാലം ഒരുപാട് കടന്നു പോയി . പട്ടിണിയോടും പ്രാരാബ്ദങ്ങളോടും പടവെട്ടി കുട്ടൻ എന്ന നാരായണൻ പഠിച്ചു. കുറവിലങ്ങാട് സ്‌കൂളില്‍ നിന്ന് ഇ.എസ്.എല്‍.സിയില്‍ ഉയര്‍ന്നമാര്‍ക്കോടെ വിജയം. തുടര്‍ന്ന് ഇന്റര്‍മീഡിയറ്റിന് കോട്ടയം സി.എം.എസ് കോളേജില്‍ പ്രവേശനം. സാമ്പത്തിക പരാധീനതകള്‍ മനസിലാക്കിയ കോളേജ് പ്രിന്‍സിപ്പല്‍, നാരായണന് ഫീസ് ഇളവ് അനുവദിച്ചിരുന്നു. അന്ന് തിരുനക്കര ക്ഷേത്രത്തിനടുത്ത് പാലാക്കാരനായ ഒരു വക്കീലിന്റെ ഓഫീസ് മുറിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഇരുന്ന് പഠിച്ച് ഇന്റര്‍മീഡിയറ്റ് ഒന്നാം ക്ലാസോടെ ആ മിടുക്കന്‍ പാസായി. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ. ഓണേഴ്‌സിന് പ്രവേശനം ലഭിച്ച നാരായണന്‍ പഠനം പൂര്‍ത്തിയാക്കിയത് ഒന്നാം റാങ്കോടെയും. തിരുവിതാംകൂറിന്റെ ചരിത്രത്തിലാദ്യമായി ഒരു ഹരിജൻ യുവാവ് ഉയർന്ന മാർക്കോടെ ബി.എ. പാസായത് പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു.

പഠനശേഷം തൊഴിൽതേടി ഡൽഹിക്കുപോയ നാരായണൻ പത്രപ്രവർത്തകനായി. തുടർന്ന് 1944 ഏപ്രിൽ പത്തിന് മാഹാത്മാഗാന്ധിയെ അഭിമുഖം ചെയ്യാനുള്ള അവസരം ലഭിച്ചു. ഉപരിപഠനത്തിനുള്ള സ്‌കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് 1945-ൽ നാരായണൻ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ചേർന്നു. സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ വിഖ്യാത ചിന്തകനായ ഹരോൾഡ് ലാസ്‌കിയുടെ അരുമശിഷ്യനായി.

ഇന്ത്യയിൽ മടങ്ങിയെത്തിയ നാരായണനെ ജവഹർലാൽ നെഹ്രു ഇന്ത്യൻ വിദേശകാര്യ സർവീസിലെടുത്തു. ബർമ( ഇപ്പോൾ മ്യാൻമർ)യിലായിരുന്നു ആദ്യ നിയമനം. അവിടെ വെച്ചാണ് മാടിന്റ ടിന്റ എന്ന യുവതിയെ പരിചയപ്പെടുന്നത്. 1951 ജൂൺ എട്ടിന് നാരായണൻ മാടിന്റ് ടിന്റുവിനെ വിവാഹം കഴിച്ചു. ടിന്റ അങ്ങനെ ഉഷ നാരായണനായി. നാരായണൻ – ഉഷ ദമ്പതിമാർക്ക് രണ്ടു പുത്രിമാരാണുള്ളത്; ചിത്രയും അമൃതയും. ലോകമെമ്പാടും ഭാരതത്തിന്റെ സന്ദേശവാഹകനായി ആ മലയാളി വളർന്നു. കെ.ആർ. നാരായണനെ സ്വതന്ത്ര ചുമതലയുള്ള അംബാസിഡറായി നിയമിക്കുന്നത് 1967-ൽ തായ്ലന്റിലാണ്. 1973-ൽ നയതന്ത്രപ്രതിനിധിയായി ടർക്കിയിൽ നിയോഗിക്കപ്പെട്ടു. പിന്നീട് ചൈനീസ് അംബാസിഡർ ചൈനയിലെ അംബാസിഡറായിരിക്കെ 1978-ൽ അദ്ദേഹം വിദേശകാര്യ സർവീസിൽ നിന്നും വിരമിച്ചു.

ജനതാ പാർട്ടി ഗവൺമെന്റ് നാരായണനെ 1978 ൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി നിയമിച്ചു. ഉത്തവാദിത്വവും നയതന്ത്ര മികവും ഒരുപോലെ പ്രകടമാക്കേണ്ട ഒരു പാടൊരുപാട് ഔദ്യോഗിക സ്ഥാനങ്ങളിൽ പിന്നീട് നാരായണൻ സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു. ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം ഒറ്റപ്പാലത്തു നിന്നു മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. രാജീവ്ഗാന്ധി മന്ത്രിസഭയിൽ 1985 ഫെബ്രുവരി ഒന്നാം തീയതി നാരായണൻ മന്ത്രിയായി. ഒടുവിൽ ‘പട്ടിണി മാറ്റാൻ കൂട്ടുകാരന്റെ വീട്ടിലെ പട്ടിയാകാൻ ആഗ്രഹിച്ച’ കുട്ടൻ എന്ന കെ ആർ നാരായണൻ 1992, ഓഗസ്റ്റ് 21-ന് ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി കെ.ആർ. നാരായണൻ അവരോധിക്കപ്പെട്ടു.
ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്റെ വഴിമാറ്റി വിടാൻ പര്യാപ്തമായ ഈ ജീവിത കഥ നമ്മുടെ കുട്ടികൾക്കെന്നും ഒരു പാഠമായിരിക്കട്ടെ.

Devika Rahul