പഠിക്കണമെങ്കിൽ ഐ ഫോൺ വേണം, കമ്പ്യൂട്ടർ വേണമെന്നൊക്കെ പറയുന്ന ഫ്രീക്കന്മാരായ യുവാക്കൾ നിര്‍മ്മലിന്റെ ജീവിതകഥ ഒന്ന് വായിക്കൂ….

അദ്ധ്വാനത്തിന്റെ മഹത്വവും കഷ്ടപ്പാടും അറിഞ്ഞു വളര്‍ന്ന യുവാവിന് എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്കിന്റെ തിളക്കം. കൈയില്‍ ഉളിയും ചുറ്റികയും പിടിച്ച്‌ ജോലി ചെയ്തു ഇതുവഴി ലഭിച്ച പണം കൊണ്ട് കുടുംബംപോറ്റി സ്വന്തം പഠനം മുന്നോട്ടു കൊണ്ടുപോകുകയും…

അദ്ധ്വാനത്തിന്റെ മഹത്വവും കഷ്ടപ്പാടും അറിഞ്ഞു വളര്‍ന്ന യുവാവിന് എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്കിന്റെ തിളക്കം. കൈയില്‍ ഉളിയും ചുറ്റികയും പിടിച്ച്‌ ജോലി ചെയ്തു ഇതുവഴി ലഭിച്ച പണം കൊണ്ട് കുടുംബംപോറ്റി സ്വന്തം പഠനം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്ത മാള സ്വദേശിയായ നിര്‍മ്മലാണ് എം ടെകില്‍ ഒന്നാം സ്ഥാനം നേടിയത്. പഠനത്തോടൊപ്പം കുടുംബം പോറ്റാനുള്ള ഉത്തരവാദിത്വവും ഏറ്റെടുത്താണ് നിര്‍മ്മല്‍ എംടെകിന് ചേര്‍ന്നത്. ജീവിതപ്രാരാബ്ധം തളര്‍ത്തിയെങ്കിലും ഒന്നാം റാങ്കോടെ കണ്ണൂര്‍ സര്‍വകലാശാലയുടെ എം.ടെക് പവര്‍ ഇലക്‌ട്രോണിക്സ് ആന്‍ഡ് ഡ്രൈവ്സ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുകയാണ്. മാള തന്‍കുളം ചക്കമ്മാത്ത് മുകുന്ദന്റെ മകനാണ് നിര്‍മ്മല്‍. പഠിക്കാന്‍ മിടുക്കനായ നിര്‍മ്മലിന്റെ പഠനം കണ്ണൂരിലെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലായിരുന്നു. ജീവിതപ്രാരാബ്ധം തളര്‍ത്തിയ കുടുംബപശ്ചാത്തലത്തില്‍ ഏറെ പണിപ്പെട്ടായിരുന്നു പഠനം. സ്കൂളില്‍ പഠിക്കുമ്ബോള്‍ത്തന്നെ ആശാരിപ്പണിക്ക് സഹായിയായി പോകുമായിരുന്നു.

പഠനം കോളേജിലേക്കെത്തിയപ്പോള്‍ ഒഴിവുദിവസങ്ങളിലായി പണിക്കുപോകല്‍. അച്ഛന് ഹൃദയസംബന്ധമായ രോഗം വന്നതോടെ ജോലിക്ക് പോകാന്‍ പറ്റാതായി. ഇതോടെ കുടുംബച്ചെലവും പഠനച്ചെലവും കണ്ടെത്തേണ്ട ബാധ്യത നിര്‍മ്മലിനായി. ഇതിനായി നിര്‍മ്മല്‍ കണ്ടെത്തിയത് ഒഴിവുദിവസങ്ങളായിരുന്നു. ഇടയ്ക്ക് ലഭിക്കുന്ന അവധി ദിവസങ്ങളില്‍ ജോലിക്ക് പോയിരുന്നു നിര്‍മ്മല്‍. എല്ലാ ആഴ്ചകളിലും കണ്ണൂരില്‍ നിന്നും വണ്ടികയറി തൃശ്ശൂരില്‍ എത്തും. തുടര്‍ന്ന് ശനിയും ഞായറും പണിക്ക് പോകും. ഞായറാഴ്ച തന്നെ കോളേജിലേക്ക് വണ്ടി കയറും. മരപ്പണി ഇല്ലാത്ത ദിവസങ്ങളില്‍ മറ്റ് പണികള്‍ക്ക് പോകാനും ഈ യുവാവിന് മടിയുണ്ടായിരുന്നില്ല. 8.58 കുമുലേറ്റീവ് ഗ്രേഡ് പോയിന്റോടെയാണ് നിര്‍മ്മല്‍ ഒന്നാംസ്ഥാനത്തെത്തിയത്. നിര്‍മ്മലിന് ഇതിനകം അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ സ്കോളര്‍ഷിപ്പോടെ ഗവേഷണത്തിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഡല്‍ഹി ഐ.ഐ.ടി.യില്‍ ആറുമാസത്തെ പ്രത്യേക പരിശീലനത്തിനും യോഗ്യത നേടിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ ഇന്‍വെര്‍ട്ടര്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചാണ് ഐ.ഐ.ടി.യില്‍ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.