പത്തു വർഷത്തെ ദാമ്പത്യം, ഒടുവിൽ ഭർത്താവ് പറഞ്ഞു, നിന്റെ അനുജത്തിക്കായി നീ ഒഴിഞ്ഞു തരണം! ഒരു സ്ത്രീയുടെ തുറന്ന കത്ത്

അദ്ദേഹത്തിന്റെ സൗമ്യമായ ശബ്ദത്തിൽ അദ്ദേഹം എന്നോട് പറഞ്ഞു, ‘നിനക്കിവിടെ കഴിയാം, ഞങ്ങൾക്കും കുട്ടികൾക്കുമൊപ്പം. പക്ഷെ എനിക്ക് നിന്നെ ഭാര്യയായി കാണാൻ കഴിയില്ല.’ എത്രയെളുപ്പമാണ് പത്തു വർഷം നീണ്ടു നിന്ന സുന്ദരമായ ദാമ്പത്യം അവിടെ തകർന്നുവീണത്.…

അദ്ദേഹത്തിന്റെ സൗമ്യമായ ശബ്ദത്തിൽ അദ്ദേഹം എന്നോട് പറഞ്ഞു, ‘നിനക്കിവിടെ കഴിയാം, ഞങ്ങൾക്കും കുട്ടികൾക്കുമൊപ്പം. പക്ഷെ എനിക്ക് നിന്നെ ഭാര്യയായി കാണാൻ കഴിയില്ല.’ എത്രയെളുപ്പമാണ് പത്തു വർഷം നീണ്ടു നിന്ന സുന്ദരമായ ദാമ്പത്യം അവിടെ തകർന്നുവീണത്. ഒരു ഭാര്യയുടെ തുറന്ന കത്താണിത്. ഭർത്താവിനെയും രണ്ട് കുട്ടികളെയും ജീവനു തുല്യം സ്നേഹിച്ച് അവസാനം സ്വന്തം അനുജത്തിക്കുവേണ്ടി ഭർത്താവിനെ വിട്ടു നൽകേണ്ടി വന്ന യുവതിയുടെ നിസ്സഹായമായ കത്ത്.

കത്തുവായിക്കാം…

‘ഞാൻ നിങ്ങളിലൊരുവൾ, എന്റെ പേര് വ്യക്തമാക്കാൻ എന്റെ സാഹചര്യങ്ങൾ എന്നെ അനുവദിക്കുന്നില്ല. ഒന്നാമത് എന്റെ കഥ ഭർത്താവിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അപമാനിക്കപ്പെടുന്ന തരത്തിലായാൽ അത് എന്റെ കുട്ടികളുടെ നില നിൽപ്പിനെ തന്നെ ബാധിക്കും. പക്ഷെ നിങ്ങൾക്ക് എന്നെ സഹായിക്കാനായേക്കാം. അല്ലെങ്കിൽ എന്റെ സാഹചര്യം നാളെ നിങ്ങളിലൊരാൾക്ക് വന്നേക്കാം. അത് കൊണ്ടാണ് ഇപ്പോൾ ഈ കത്തെഴുതുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു എന്റെ വിവാഹം. വിവാഹത്തിന് മുമ്പ് ഒരു തവണ മാത്രമാണ് ഞാൻ എന്റെ ഭർത്താവുമായി ആകെ സംസാരിച്ചിട്ടുള്ളത്. പക്ഷെ വിവാഹശേഷം യാതൊരു അപരിചിതത്വങ്ങളും അദ്ദേഹം കാണിച്ചിരുന്നില്ല.

അദ്ദേഹവും അദ്ദേഹത്തിന്റെ മാതാപിതാക്കളും എന്നെ വീണ്ടും പഠിക്കാൻ അനുവദിച്ചു. പക്ഷെ സാധാരണ ഒരു വീട്ടമ്മയായി അവരുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കി കഴിയുന്ന മരുമകളെ ആയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് ഇഷ്ടം. അതനുസരിച്ചു വളരെ സന്തുഷ്ടയായി തന്നെ ഞാൻ ജീവിച്ചു. ഓഫീസ് വിട്ടുവന്നാൽ അദ്ദേഹം എന്റെയൊപ്പം ധാരാളം സമയം ചിലവഴിച്ചു.

ഞങ്ങൾ നല്ല സുഹൃത്തുക്കളുമായി. ഒരു വർഷമായപ്പോൾ ഞങ്ങൾക്കൊരു കുഞ്ഞു പിറന്നു. അപ്പോഴാണ് ‍ഞങ്ങൾ ഏറ്റവും സന്തോഷിച്ചത്. കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാനായി അദ്ദേഹം ഓഫീസിൽ നിന്ന് നേരത്തെ വന്നു തുടങ്ങി. ഞാനാകട്ടെ പ്രസവശേഷം നന്നായി തടി വയ്ക്കുകയും ഉത്സാഹക്കുറവുള്ളതുപോലെയുമൊക്കെയായി.

പക്ഷെ പതിയെ പതിയെ എനിക്ക് അസുഖങ്ങൾ വരാൻ തുടങ്ങി. പ്രസവശേഷം തടി കൂടുന്നതിന് മാത്രമല്ല മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും എനിക്ക് മരുന്ന് കഴിക്കേണ്ടതായും വന്നു. ആകെ അവശതയായി എനിക്ക്. ജോലിത്തിരക്കുകൾ കൊണ്ട് അദ്ദേഹം വീട്ടിൽ എത്തുമ്പോൾ ഞാൻ വീട്ടിലെ ജോലിയും കുട്ടിയുടെയും മാതാപിതാക്കളുടെയുമൊക്കെ കാര്യങ്ങൾ നോക്കി ക്ഷീണിതയായി തളർന്നുറങ്ങിയിട്ടുണ്ടാകും. അങ്ങനെ അദ്ദേഹവും ഞാനും തമ്മിലുള്ള അകലം കൂടിക്കൂടി വന്നു. അദ്ദേഹം പലപ്പോഴും ജോലി സംബന്ധമായ യാത്രകളിൽ മുഴുകി.

അഞ്ചുവർഷത്തിനു ശേഷം ഞാൻ രണ്ടാമതും ഗർഭിണിയായി. എന്റെ വിഷമതകൾ കണ്ട് അദ്ദേഹമാണ് എന്റെ അനുജത്തിയോട് എന്നെ സഹായിക്കാൻ വീട്ടിൽ വന്നു നിൽക്കാനായി നിർദേശിച്ചത്. ജോലിക്കാരിയെ നിയമിക്കാൻ അദ്ദേഹത്തിന്റെ വീട്ടുകാർ സമ്മതിക്കുകയുമില്ല. അനുജത്തി വീട്ടിൽ വന്നു നിൽക്കുന്നത് എന്തുകൊണ്ടും സഹായമായി ഞാനും കരുതി.

അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ തീരുമാനം പോലെ അവളെ ഞാൻ വിളിച്ചു. എന്നോട് വിശ്രമിക്കാൻ പറഞ്ഞുകൊണ്ട് അവൾ വീട്ടിലെ എല്ലാ ജോലികളും സ്മാർട്ട് ആയി തന്നെ ചെയ്തു. അച്ഛനമ്മമാരുടെ കാര്യങ്ങളും അദ്ദേഹത്തിന്റെ ഇഷ്ടഭക്ഷണം പാകം ചെയ്യലും കുട്ടിയെ പഠിപ്പിക്കുന്നതും ഒക്കെ അവൾ ഭാംഗിയായി ചെയ്തു. കുഞ്ഞുമായി കളിക്കാനും മറ്റുള്ളവരോട് തമാശപറയാനുമെല്ലാം അവൾ മിടുക്കിയായിരുന്നു. അങ്ങനെ വീട്ടിൽ ആകെ ഒരു സന്തോഷകരമായ അന്തരീക്ഷമായി.

അദ്ദേഹം സമയത്തിന് തന്നെ ഓഫീസിൽ നിന്ന് വീട്ടിലെത്താൻ തുടങ്ങി. ഞാൻ ക്ഷീണം കൊണ്ട് നേരത്തെ തന്നെ കുഞ്ഞുമായി കിടന്നുറങ്ങും. അദ്ദേഹവും അവളും സംസാരിച്ചിരിക്കുമായിരുന്നു. ‘ജീജു’ എന്നു വിളിച്ച് ചേട്ടനോട് വലിയ സ്നേഹവും ബഹുമാനവും അവൾ കാണിച്ചിരുന്നു. ഞാനും സന്തോഷവതിയായിരുന്നു. ചില ദിവസങ്ങളിൽ അവളും അദ്ദേഹവും പുറത്തുപോയി ഡിന്നർ കഴിക്കും, മിക്കവാറും എന്റെ കുഞ്ഞിനെയും കൊണ്ട് ഇരുവരും ഷോപ്പിങ്ങിന് പോകും.

അവൾ ഒരു വീക്കെൻഡ് കോഴ്സിന് ജോയിൻ ചെയ്തു. അവളെ കൊണ്ട് പോയി വിടാനും രാത്രി വിളിക്കാനും പോകുന്നത് അദ്ദേഹമായിരുന്നു. എന്നാൽ വീട്ടിലെ കാര്യങ്ങളും അവൾ ഭംഗിയായി നോക്കിയിരുന്നു. ഒരു ചേച്ചി എന്ന നിലയിൽ അവളുടെ കാര്യങ്ങൾ കൂടെ സുരക്ഷിതമാകുന്നത് കണ്ട് ഞാൻ സന്തോഷിച്ചു.

എന്റെ രണ്ടാമത്തെ പ്രസവശേഷവും അവൾവീട്ടിൽ തന്നെ നിൽക്കട്ടെ അത് എനിക്കൊരു സഹായകമാകും എന്ന് അദ്ദേഹമാണ് പറഞ്ഞത്. രണ്ടാമത്തെ കുട്ടിയെയും അവൾ പൊന്നുപോലെ നോക്കി. എന്നോടും വലിയ സ്നേഹമായിരുന്നു. പതിയെ പതിയെ മക്കൾക്ക് എന്നെക്കാളേറെ അടുപ്പമായി അവളോട്. അദ്ദേഹത്തിനും അങ്ങനെ തന്നെയെന്ന് എനിക്ക് മനസിലായി തുടങ്ങിയത് വളരെ വൈകിയാണ്.

തെറ്റായ ചിന്തകൾ വന്നപ്പോൾ അവയെ ഞാൻ തന്നെ ആട്ടിപ്പായിച്ചു. പക്ഷെ ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു‘ എനിക്ക് ഡിവോഴ്സ് വേണം’. എന്റെ സഹോദരിയുമായി പ്രണയത്തിലാണെന്നും അവർക്ക് വേണ്ടി ഞാൻ ഒഴിഞ്ഞ് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അവർ പരസ്പരം പിരിയാനാകാത്തവിധം അടുത്തുപോയി എന്നും അദ്ദേഹം പറഞ്ഞു. ഒരു ഔദാര്യവും എനിക്ക് നൽകി, വിവാഹമോചനത്തിന് ശേഷവും അവർക്കൊപ്പം എനിക്കും ആ വീട്ടിൽ താമസിക്കാം പക്ഷെ അദ്ദേഹത്തിന്റെ ഭാര്യയായിട്ട് ഇനി കാണാൻ കഴിയില്ല !

എന്റെ മുന്നിൽ ഏറ്റവും നല്ല പുരുഷനായിരുന്ന ആൾ…എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു എന്ന് ഞാൻ വിശ്വസിച്ച എന്റെ സഹോദരി…എന്റെ കുടുംബം…ഇതാണ് ഈ പത്ത് വർഷങ്ങൾക്കിപ്പുറം എനിക്ക് ലഭിച്ചത്. എന്താണ് ചെയ്യേണ്ടത് എന്നെനിക്കറിയില്ല. നിങ്ങൾ പറയൂ…

പേര്

ഒപ്പ്

( പേര് വെളിപ്പെടുത്തുവാൻ അനുമതിയില്ലാത്തതിനാൽ ആണ് പേര് നൽകാത്തത്)