പറക്കമുറ്റാത്ത 14 കാരനെ അമ്മയും അധ്യാപകനും കൂടി എന്തിനീ കടുംകൈ ചെയ്തു? മകനെ കാണാത്ത വേദനയില്‍ നടന്ന അമ്മയുടെ കൈയ്യിലെ പൊള്ളല്‍ ദൈവം ശേഷിപ്പിച്ച തെളിവായി; കേരളം ഞെട്ടലോടെ കാരണമന്വേഷിക്കുന്നു !

സ്വന്തം ചോരയില്‍ പിറന്ന കുട്ടിയെ ആര്‍ക്കെങ്കിലും ഇത് ചെയ്യാന്‍ കഴിയുമോയെന്നുള്ള ചോദ്യം ബാക്കിയാക്കിയാണ് കൊല്ലത്തെ ക്രൂര കൊലപാതകം പുറത്തായത്. രണ്ടു ദിവസം മുന്‍പു വീട്ടില്‍ നിന്നും കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിച്ച്…

സ്വന്തം ചോരയില്‍ പിറന്ന കുട്ടിയെ ആര്‍ക്കെങ്കിലും ഇത് ചെയ്യാന്‍ കഴിയുമോയെന്നുള്ള ചോദ്യം ബാക്കിയാക്കിയാണ് കൊല്ലത്തെ ക്രൂര കൊലപാതകം പുറത്തായത്. രണ്ടു ദിവസം മുന്‍പു വീട്ടില്‍ നിന്നും കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിച്ച് വീട്ടുപുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി.ജോണിന്റെ മകന്‍ ജിത്തു ജോബ് (14) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ കരിഞ്ഞ നിലയില്‍ കണ്ടത്. അമ്മ ജയമോളെയും അധ്യാപകന്‍ ഒരു യുവാവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വന്തം മകനെ കൊല്ലാന്‍ തക്കവണ്ണമുള്ള പകയുടെ കാരണമാണ് പോലീസിന് മനസ്സിലാകാത്തത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ അമ്മ ജയ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജയയുടെ സുഹൃത്താണ് അറസ്റ്റിലായ യുവാവ്.

ഓഹരി തര്‍ക്കത്തിന്റെ പേരില്‍ കൃത്യം നടത്തിയതെന്ന് ജയമോള്‍ പോലീസിനോടു പറഞ്ഞതായാണു സൂചന. പോലീസ് ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഗള്‍ഫിലായിരുന്ന ജോബ് ജി. ജോണ്‍ നാലുവര്‍ഷം മുമ്പാണ് മടങ്ങിയെത്തിയത്. ഇദ്ദേഹത്തിന് മകന്റെ കൊലയില്‍ ഒരു സൂചനയുമില്ല. കുണ്ടറ എംജിഡിഎച്ചഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ജിത്തു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ വൈകിട്ട് നാലുമണിയോടുകൂടി ഇന്നലെ കണ്ടെത്തിയത്.

കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായിരുന്നു. അതിക്രൂരമാണ് കൊലപാതകം. അമ്മയാണ് പ്രതിയെന്ന് അറിഞ്ഞതോടെ കേരളം തന്നെ ഈ കൊലയില്‍ ഞെട്ടിത്തരിച്ചു. തിങ്കള്‍ രാത്രി എട്ടോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബ് സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഈ സമയം വീട്ടില്‍ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിക്കു പോയിരുന്നു.

ഏക സഹോദരി ടീന അമ്മയുടെ ബന്ധുവീട്ടിലായിരുന്നു. ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോള്‍ കടയില്‍ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോള്‍ പറഞ്ഞു. ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്‌നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോള്‍ പറഞ്ഞത്. മൂന്നു മണിക്കുറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. വീടും പരിസരവും സിഐയും സംഘവും പരിശോധിച്ചു.

വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേര്‍ന്നു കണ്ട ചെരുപ്പുകള്‍ ജിത്തുവിന്റെതാണെന്നു കണ്ടെത്തി. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയില്‍ പോള്ളിയ പാടും നിര്‍ണ്ണായകമായി. ഇതോടെ ആരാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചു. ഡോഗ് സ്‌ക്വാഡ് വന്നത് പോള്ളല്‍ കണ്ട സംശയത്തെ തുടര്‍ന്നായിരുന്നു. വീട്ടിനു സമീപം ഇവരുടെ വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതാണ് മൃതദേഹം കണ്ടെത്താന്‍ സഹായകമായത്. തുടര്‍ന്നുള്ള പരിശോധനയില്‍ ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് ജിത്തു കൊല്ലപ്പെട്ടതെന്നാണ് അമ്മയുടെ മൊഴി. വീട്ടുവഴക്കിനെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയെന്ന് അമ്മ കുറ്റസമ്മതം നടത്തിയതായാണ് വിവരം. മകനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി. സംഭവമറിഞ്ഞ് വന്‍ ജനാവലി പ്രദേശത്ത് തടിച്ചുകൂടി. പോലീസ് വടം കെട്ടിയാണ് ജനത്തെ നിയന്ത്രിച്ചത്. സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. എ ശ്രീനിവാസ് ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

ജയ കുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെയേ കൊലപാതകകാരണവും കൂടുതല്‍പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു. വീടിനു പിന്നിലെ നടവഴിയില്‍നിന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ പോലീസിനു കിട്ടിയിരുന്നു. മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ വഴിയില്‍ വീണതാകാം ഇതെന്നാണു കരുതുന്നത്. തറവാട് വീടിനോടു ചേര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്കു സമീപമാണു മൃതദേഹം കിടന്നത്. കത്തിച്ചശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നു സംശയിക്കുന്നു.

source: malayali vartha