പാക്കിസ്ഥാനിൽ ഇന്ധനടാങ്കർ തീപിടിച്ച് പൊട്ടിത്തെറിച്ചു; 123 പേർ വെന്തുമരിച്ചു…

ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവൽപുർ നഗരത്തിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് 123 പേർ വെന്തുമരിച്ചതായി റിപ്പോർട്ട്. എൺപതോളം പേർക്കു പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ…

ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവൽപുർ നഗരത്തിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് 123 പേർ വെന്തുമരിച്ചതായി റിപ്പോർട്ട്. എൺപതോളം പേർക്കു പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് െചയ്തത്. ഇന്നു പുലർച്ചെയാണ് സംഭവമെന്നാണ് വിവരം.

അമിതവേഗത്തിലായിരുന്ന ടാങ്കർ, നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും പിന്നീട് തീപിടിക്കുകയുമായിരുന്നെന്നാണ് സൂചന. നഗരത്തിലെ തിരക്കേറിയ സ്ഥലത്തുവച്ചാണ് അപകടം നടന്നത്. ഇതാണ് മരണസംഖ്യ നൂറു കവിയാൻ കാരണം. വാഹനം മറിഞ്ഞതിനെ തുടർന്ന് ഇന്ധനടാങ്കറിൽ ചോർച്ച സംഭവിക്കുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. വലിയ ശബ്ദത്തോടെ ടാങ്കർ പൊട്ടിത്തെറിച്ചതായും പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, മറിഞ്ഞ ടാങ്കറിൽനിന്നും ഇന്ധനം ശേഖരിക്കാനായി ആളുകൾ ഓടിക്കൂടിയതാണ് മരണസംഖ്യ ഉയരാൻ കാരണമെന്നും പറയപ്പെടുന്നു. ആളുകൾ കൂടിനിൽക്കെ ടാങ്കർ പൊട്ടിത്തെറിച്ചതാണ് അപകടം ഇത്ര ഭീകരമാകാൻ കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന ആറോളം കാറുകളും 12 ബൈക്കുകളും അഗ്നിക്കിരയായി.