ഫ്ലാറ്റുകളിലെ ചെറുമുറികളില്‍ അനാശാസ്യം; കോടികള്‍ കൊയ്ത് കോഴിക്കോട്ടുകാരി

ഗള്‍ഫില്‍ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോടു സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേണ്ടി ജീവിതസ്വപ്‌നങ്ങളുമായി ഗള്‍ഫ് നാടുകളിലെത്തുന്ന…

ഗള്‍ഫില്‍ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോടു സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേണ്ടി ജീവിതസ്വപ്‌നങ്ങളുമായി ഗള്‍ഫ് നാടുകളിലെത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകളാണ് പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നത്. കേരളത്തിലടക്കം ഏജന്റുമാരെ ഏര്‍പ്പെടുത്തിയാണ് സെക്‌സ് റാക്കറ്റുകള്‍ വലവിരിക്കുന്നത്.

ഇതില്‍ കുരുങ്ങി ഗള്‍ഫിലെത്തുകയും മാനസികവും ശാരീരികവുമായ പീഡനമേറ്റ് നരകതുല്യം ജീവിക്കുകയും ചെയ്യുന്ന ഒട്ടേറെ പാവപ്പെട്ട പെണ്‍കുട്ടികളും യുവതികളുമുണ്ട്. തങ്ങളെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ കഴിയുന്നത്. അത്തരക്കാരുടെയും രക്ഷപ്പെട്ടവരെയും രക്ഷപ്പെടുത്തിയവരെയും കുറിച്ചുമുള്ള പരമ്പര (അഞ്ചാം ഭാഗം)

കേരളത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ കൂടുതല്‍ മെച്ചപ്പെട്ട മേച്ചില്‍പ്പുറങ്ങളായി ഗള്‍ഫ് നാടുകളെ കണ്ടു തുടങ്ങിയതോടെയാണ് മലയാളികള്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘങ്ങള്‍ മറുനാട്ടില്‍ വ്യാപകമായത്.

ഗള്‍ഫിലെത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ട് സമ്പന്നരായഇത്തരക്കാര്‍ കൂടുതല്‍ സ്ത്രീകളെ ഇവിടേയ്ക്കു കൊണ്ടുവന്ന് വാണിഭകേന്ദ്രങ്ങള്‍ തുടങ്ങാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. കുറച്ചു നാളുകള്‍ക്കു മുമ്പു കോഴിക്കോടു നിന്ന് ഗള്‍ഫിലെത്തിയ ഒരു സ്ത്രീ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സെക്‌സ് മാഫിയയുടെ അധിപയായി മാറി കോടികളാണു സമ്പാദിച്ചത്.

നാട്ടില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ കോഴിക്കോടു നഗരപ്രാന്തത്തില്‍ സ്ഥലം വാങ്ങി വീടുവച്ചു. നാട്ടില്‍ വരുമാനം കുറയുന്നുവെന്നു കണ്ടതോടെ അവര്‍ തന്ത്രപൂര്‍വം, കളം മാറ്റിച്ചവിട്ടാന്‍ തീരുമാനിച്ചു. കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്റ് ശരിയാക്കിക്കൊടുത്ത വീട്ടുജോലിക്കാരിയുടെ വീസയില്‍ നേരെ വച്ചുപിടിച്ചത് യുഎഇയിലേയ്ക്ക്.

സ്വന്തമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ തീരുമാനിച്ച മധ്യവയസ്‌കയായ സ്ത്രീ, പരിചയക്കാരായ ചിലരെ കൂട്ടുപിടിച്ച് അജ്മാന്‍ കേന്ദ്രീകരിച്ച് അഡ്ഡ (അനാശാസ്യ കേന്ദ്രം) തുടങ്ങി. കേരളത്തില്‍ നിന്ന് മാത്രമല്ല, ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്തൊനീഷ്യ, ബംഗ്ലദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നൊക്കെ ഏജന്റുമാരെ നിര്‍ത്തി പെണ്‍കുട്ടികളെയും യുവതികളെയും എത്തിച്ചു.

ഇവരുടെ ബിസിനസ് വളരാന്‍ ഏറെ കാലം വേണ്ടിവന്നില്ല. ഇടയ്ക്കിടെ നാട്ടിലേയ്ക്കും ഇവര്‍ പോകാറുണ്ടായിരുന്നു. സര്‍വാഭരണ ഭൂഷിതയായി, വിലപിടിപ്പുള്ള കാറില്‍ നഗരത്തില്‍ കറങ്ങി നടന്ന ഇവരെ കണ്ട് പഴയ പരിചയക്കാരികള്‍ പലരും അസൂയയോടെ നോക്കി. ഇവരുടെ ചതിക്കുഴിയില്‍പെട്ടു പലരും യുഎഇയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഈ സ്ത്രീക്ക് നിലവില്‍ കോഴിക്കോട് നഗരത്തില്‍ വിലകൂടി ഫ്‌ളാറ്റുണ്ട്. കൂടാതെ, പഴയ വീട് പൊളിച്ച് പുതിയ, ആഡംബര വീട് പണിതു.

പെണ്‍മക്കളെ രണ്ടു പേരെയും നല്ല നിലയില്‍ വിവാഹം കഴിച്ചയച്ചു. ഇതിലൊരു മകള്‍ യുഎഇയില്‍ തന്നെ ഭര്‍ത്താവിനോടും മക്കള്‍ക്കുമൊപ്പം കഴിയുന്നു. എന്നാല്‍, ഈ സ്ത്രീയുമായി യാതൊരു ബന്ധവും പുലര്‍ത്താന്‍ അവര്‍ തയ്യാറാകുന്നില്ല. മറ്റൊരു മകള്‍ ഭര്‍ത്താവിനോടൊപ്പം കോഴിക്കോട് നഗരത്തില്‍ ഒരു സ്ഥാപനം നടത്തിവരുന്നു

ഇത്തരത്തില്‍ കോടികള്‍ സമ്പാദിച്ച, സ്ത്രീപുരുഷ ഭേദമന്യേ ഒട്ടേറെ പേര്‍ ഗള്‍ഫിലുണ്ട്. സാമൂഹിക പ്രവര്‍ത്തക ജീനാ രാജീവ് ഇടപെട്ട് ആലപ്പുഴക്കാരിയെ രക്ഷപ്പെടുത്തിയ അജ്മാനിലെ പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയായ തൃശൂര്‍ സ്വദേശിനിയും ഇത്തരത്തില്‍ കോടീശ്വരിയായതാണ്. തൃശൂര്‍കാരിക്ക് തിരുവനന്തപുരം, പാലക്കാട്, എറണാകുളം, ബംഗളൂരു എന്നിവിടങ്ങളിലൊക്കെ സ്ഥലങ്ങളും സ്ഥാപനങ്ങളുമുണ്ട്. ബംഗളുരുവിലാണ് ഇവര്‍ സ്ഥിരതാമസം. ഒരു മകള്‍ ഭര്‍ത്താവിനോടൊപ്പം അമേരിക്കയിലാണ്.

നടപടി ശക്തം, എങ്കിലും..

ഗള്‍ഫില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ക്കെതിരെ അധികൃതരുടെ നടപടി വളരെ ശക്തമാണ്. എങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് വളരെ രഹസ്യമായി അഡ്ഡകള്‍ പ്രവര്‍ത്തിക്കുന്നു. തിരക്കേറിയ നഗരത്തില്‍ വന്‍തുക വാടക നല്‍കി ഫ്‌ളാറ്റെടുത്ത് അതില്‍ ഒരു ബെഡ് ഇടാവുന്ന രീതിയില്‍ കുഞ്ഞുകുഞ്ഞു മുറികളായി തിരിച്ചാണ് ഇടപാടുകാര്‍ക്കു സൗകര്യമൊരുക്കുന്നത്. നിരാലംബരായ ഇരകള്‍ രാപ്പകല്‍ ഭേദമന്യേ ഈ ഇടുങ്ങിയ മുറികളില്‍ തളച്ചിടപ്പെടുന്നു. വന്‍ ബിസിനസുകാര്‍ക്ക് വില്ലകളിലാണ് സൗകര്യമൊരുക്കാറ്. ഇതിന് നിരക്ക് കൂടും. ഇരകള്‍ കഷ്ടപ്പാട് സഹിച്ച് ദുരിത ജീവിതം നയിക്കുമ്പോള്‍, ഇടനിലക്കാര്‍ തൊട്ടടുത്ത് തന്നെ വിശാലമായ ഫ്‌ളാറ്റില്‍ സുഖജീവിതം നയിക്കുന്നു.

കുടുംബത്തിന്റെ ദാരിദ്ര്യമകറ്റാന്‍ ജീവിതോപാധി തേടി പുറപ്പെട്ട് അനാശാസ്യ കേന്ദ്രങ്ങളിലെത്തപ്പെടുന്ന ഇരകള്‍ നാട്ടില്‍ സ്വര്‍ണം പണയം വച്ചും കടം വാങ്ങിയുമൊക്കെയാണ് വീസയ്ക്കും വിമാന ടിക്കറ്റിനുമുള്ള പണം സ്വരൂപിക്കാറ്. ഇരുപത്തയ്യായിരം മുതല്‍ ഒരു ലക്ഷം വരെ ഇതിനായി വാങ്ങുന്ന ഏജന്റുമാരുണ്ട്. എന്നാല്‍, ഗള്‍ഫിലെത്തി എത്ര ദുരിതം ഏറ്റുവാങ്ങിയാലും കടബാധ്യതകള്‍ ഓര്‍ത്ത് പിടിച്ചുനില്‍ക്കാനാണു പലരും ശ്രമിക്കാറുള്ളത്.

സെക്‌സ് മാഫിയയുടെ ചതിക്കുഴിയില്‍പെടുന്ന ഇരകള്‍ക്ക് ലഭിക്കുക തുച്ഛമായ സംഖ്യ മാത്രമാണ്. കൊള്ള വരുമാനം ഏജന്റുമാര്‍ക്കും നടത്തിപ്പുകാര്‍ക്കും. മാത്രമല്ല, ഒടുവില്‍ ആരോഗ്യം നശിച്ച് ആര്‍ക്കും വേണ്ടാത്തവരായി മാറുന്ന ഇവരില്‍ പലരും സമൂഹത്തിന മുന്‍പില്‍ മുഖം കാണിക്കാനാകാതെ യുഎഇയിലെ വീടുകളുടെ അടുക്കളപ്പുറത്ത് കഴിഞ്ഞുകൂടുന്നുണ്ട്.

നടത്തിപ്പുകാരില്‍ കൂടുതലും മലയാളികള്‍

ഗള്‍ഫിലെ അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂട്ടാളികള്‍ വഴി എല്ലായിടത്തു നിന്നും ഇവര്‍ പെണ്‍കുട്ടികളെയും യുവതികളെയും ഗള്‍ഫിലെത്തിക്കുന്നു.

2015 ഒക്ടോബറില്‍ യുഎഇയിലെ പെണ്‍വാണിഭ സംഘങ്ങള്‍ക്കു വേണ്ടി യുവതികളെ കടത്തിയ കേസില്‍ മുഖ്യപ്രതിയായ തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ.വി. സുരേഷിനെ ഇന്റര്‍പോള്‍ ദുബായില്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ കടത്തിയ ചിറയിന്‍കീഴ്, കട്ടപ്പന സ്വദേശികളായ യുവതികള്‍ പിടക്കപ്പെട്ടതോടെയാണു മലയാളികള്‍ ഇടനിലക്കാരായ പെണ്‍വാണിഭ റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

ചിറയിന്‍കീഴിലെ യുവതിയെ 2012 ജൂണ്‍ 11 നാണു ദുബായില്‍ ശുചീകരണ തൊഴിലാളിയായി ജോലിയും 25,000 രൂപ ശമ്പളവും വാഗ്ദാനം ചെയ്തു പെണ്‍വാണിഭസംഘത്തിനു വേണ്ടി കടത്തിയത്. ഇതിനു മുന്‍പ് 2011 ഓഗസ്റ്റ് 17 നു കട്ടപ്പന സ്വദേശിനിയെ കടത്തിയ കേസിലെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘം ശ്രമിക്കുന്നതിനിടയിലാണു സമാനസ്വഭാവമുള്ള കേസ് ശ്രദ്ധയില്‍പെട്ടതും സുരേഷിന്റെ നേതൃത്വത്തില്‍ ദുബായില്‍ നടക്കുന്ന പെണ്‍വാണിഭം സംബന്ധിച്ച വിവരം ലഭിച്ചതും.

മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്കു മടങ്ങിയ യുവതി മതിയായ യാത്രാരേഖകള്‍ കൈവശമില്ലാത്തതിനാല്‍ മുംബൈ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതാണു കേസിനു വഴിത്തിരിവായത്. ഈ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സമാന അവസ്ഥയില്‍ വഞ്ചിതരായ ഒട്ടേറെ യുവതികളുടെ വിവരവും മനുഷ്യക്കടത്തും പെണ്‍വാണിഭവും പുറത്തറിഞ്ഞത്. അന്വേഷണം ഏറ്റെടുത്ത സിബിഐ, സുരേഷ് കടത്തിക്കൊണ്ടുപോയ എട്ടു യുവതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു വിവരം ശേഖരിച്ചിരുന്നു.

ഇടപാടുകള്‍ക്കു മറയായി ദുബായില്‍ സുരേഷ് അല്‍ വാസി എന്ന പേരില്‍ സ്റ്റുഡിയോ നടത്തിയിരുന്നു. അജ്മാനിലും ഷാര്‍ജയിലും ഇയാള്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

2013 സെപ്തംബറില്‍ ഷാര്‍ജ പെണ്‍വാണിഭക്കേസിലെ ഒന്നും രണ്ടും പ്രതികളായ കുലശേഖരപതി കൊപ്ലിവീട്ടില്‍ സൗദ (55), കാസര്‍കോട് ആലമ്പാടി സ്വദേശി അഹമ്മദ് (45) എന്നിവര്‍ക്ക് അഞ്ചു വര്‍ഷവും സൗദയുടെ മകളും മൂന്നാം പ്രതിയുമായ ഷെമിയയ്ക്ക് (റാണി38) മൂന്നു വര്‍ഷവും കോടതി കഠിന തടവ് വിധിച്ചു. മൂന്നു പേരും 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇത് കേസിലെ പരാതിക്കാരിയായ കുലശേഖരപതി സ്വദേശിനിക്ക് നല്‍കാനായിരുന്നു കോടതി നിര്‍ദേശം.