ബലാത്സംഗം എന്നു വെച്ചാ എന്താമ്മേ?!

കൊല്ലപ്പെട്ട പെൺകുട്ടിയുടെ മുഖം ചാനലുകളിൽ നിറഞ്ഞു നിന്നു. ആ പെൺകുട്ടിയുടെ മുഖവും സ്ഥലവും ആവർത്തിച്ച് കേട്ടപ്പോൾ ധ്യാനു ചോദിച്ചു: ” എന്താമ്മേ ആ ചേച്ചിക്ക് പറ്റീത്..? ഞാൻ ഉത്തരം പറയുന്നതിനു മുമ്പേ കളിച്ചു കൊണ്ടിരുന്ന…

കൊല്ലപ്പെട്ട പെൺകുട്ടിയുടെ മുഖം ചാനലുകളിൽ നിറഞ്ഞു നിന്നു. ആ പെൺകുട്ടിയുടെ മുഖവും സ്ഥലവും ആവർത്തിച്ച് കേട്ടപ്പോൾ ധ്യാനു ചോദിച്ചു:

” എന്താമ്മേ ആ ചേച്ചിക്ക് പറ്റീത്..?

ഞാൻ ഉത്തരം പറയുന്നതിനു മുമ്പേ കളിച്ചു കൊണ്ടിരുന്ന ആര്യക്കുട്ടി പറഞ്ഞു.

“ആ ചേച്ചീനെ കൊന്നു!”

എത്ര നിസ്സാരമായാണ് മൂന്നര വയസ്സുകാരി അത് പറഞ്ഞത്!എന്നും കേൾക്കുന്ന വാർത്തകളെ അത്ഭുതത്തിൻ്റെ അകമ്പടിയോടെയല്ലാതെ നിസ്സംഗമായി ഉൾക്കൊള്ളാൻ ഈ മൂന്നരവയസ്സിലേ അവൾ ശീലിച്ചുവോ?

” നിന്നോടല്ല ഞാൻ ചോയ്ച്ചേ.. അമ്മയോടാ.. നീ മിണ്ടണ്ട..”

അനുജത്തിയുടെ അനവസരത്തിലുള്ള ഇടപെടൽ ധ്യാനുവിനത്ര പിടിച്ചില്ല.

“ബലാത്സംഗം എന്നു വെച്ചാ എന്താമ്മേ?” ധ്യാനു ആകാംക്ഷയോടെ ചോദിച്ചു:

ഇത്തരം സന്ദർഭങ്ങളിൽ ഒരു ശരാശരി മാതാവിനെപ്പോലെ ഞാനൽപ്പം പതറി.എന്തുത്തരമാണ് ഞാൻ കൊടുക്കുക?

എൻ്റെ ഉത്തരത്തിൽ ‘ബലാത്സംഗം’ എന്ന വാക്കിനു പകരം ‘മാനഭംഗം’ എന്ന വാക്ക് കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കണം.ചാനലുകളിലെ ചർച്ചകളിൽ ഇപ്പോഴും ആ വാക്ക് പലരും ഉപയോഗിക്കുന്നുണ്ട്. ഒരൊറ്റ അവയവത്തിലാണ് പെണ്ണിൻ്റെ മാനം മുഴുവൻ ഇരിക്കുന്നതെന്ന ദുസ്സൂചന ആ വാക്കിലുണ്ട്.ചെറുപ്പത്തിൽ പലരും ഇത്തരം ധാരണകൾ മനസ്സിലേക്ക് കടത്തിവിട്ടിട്ടുള്ളത് ഇങ്ങനെ ചില വാക്കുകളിലൂടെയാണ്. ബലപ്രയോഗത്തിലൂടെ ഒരിക്കലും കവരാൻ സാധിക്കാത്തതാണ് പെണ്ണിൻ്റെ മാനമെന്ന് അവനെ പഠിപ്പിച്ചേ പറ്റൂ. ആൺമക്കളുള്ള ഓരോ അമ്മമാരുടേയും കടമയാണത്.

അവനെ തൃപ്തിപ്പെടുത്താൻ പറ്റിയ ഒരുത്തരത്തിനായി ഞാൻ മനസ്സിൽ പരതി.ധ്യാനു അക്ഷമനായി നിൽക്കുകയാണ്.

“പെണ്ണുങ്ങളെ ഉപദ്രവിക്കുന്നതിന് പറയണ പേരാ മോനേ അത്..”

“എന്തിനാ ഉപദ്രവിക്ക്ണ്?”

വീണ്ടും ചോദ്യം.. എൻ്റെ മൗനത്തിൽ അവൻ അക്ഷമ പൂണ്ടു.

“കാശെടുക്കാനാണോ?”

“മാല പൊട്ടിക്കാനാ?”

നിരന്തരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഉത്തരത്തിലേക്കെത്താനുള്ള രീതി അവനവലംബിച്ചു കഴിഞ്ഞിരിക്കുന്നു.

കാശെടുക്കാനും മാല പൊട്ടിക്കാനും മാത്രമേ ആളുകൾ കൊല്ലാറുള്ളൂ എന്നാണ് മൂന്നാം ക്ലാസ്സുകാരൻ്റെ വിശ്വാസം.

ചില ചോദ്യങ്ങൾക്കു മുമ്പിൽ നമ്മൾ പലപ്പോഴും നിശ്ശബ്ദരാകാറുണ്ട്.നിർവികാരതയിൽ അഭയം തേടാറുണ്ട്.കുറച്ചു ദിവസമായി ഞാനങ്ങനെയാണ്. ഒന്നുമെഴുതാൻ സാധിക്കുന്നില്ല. ആരോടും അതേക്കുറിച്ച് ചർച്ച ചെയ്യാൻ കഴിയുന്നില്ല.

അതിവൈകാരികത കലർന്ന കുറേ വാക്കുകൾ കൈവശമുണ്ട്. പ്രയോഗിക്കേണ്ട സന്ദർഭം ഇതല്ല എന്നൊരു തോന്നൽ.. വാക്കുകൾക്കൊന്നും പ്രസക്തിയില്ലാത്ത ചില സന്ദർഭങ്ങൾ ജീവിതത്തിൽ വരുമല്ലോ…

” അമ്മയും പെങ്ങളുമില്ലാത്ത” കൊലയാളി നീചനെക്കുറിച്ച് ചാനൽ ചർച്ചയിൽ നേതാവ് വികാരഭരിതനാകുന്നു.ഇത്തരം സന്ദർഭങ്ങളിലെ സ്ഥിരം വാചകമാണ്. ‘അമ്മയും പെങ്ങളുമില്ലാത്തവൻ’, ‘അമ്മേം പെങ്ങളേം തിരിച്ചറിയാത്തവൻ’ , ‘തന്തയ്ക്കു പിറക്കാത്തവൻ’, ‘കുടുംബത്തിൽ പിറക്കാത്തവൻ’.. അങ്ങനെ പോകും വിശേഷണങ്ങൾ!

ഇത്തരം വാക്കുകൾ കേൾക്കുമ്പോൾ പണ്ടൊന്നും വെറുപ്പ് തോന്നിയിരുന്നില്ല. എത്രത്തോളം മനുഷ്യവിരുദ്ധമായ വാക്കാണതെന്ന തോന്നൽ ഈയിടെ ശക്തമാകുന്നു.അറിയാതെ പ്രയോഗിക്കുന്നതാകാം.വികാര വിക്ഷോഭത്തിൽ നിയന്ത്രണം കൈവിടുന്നതാകാം.എന്നാലും…. എന്നാലും ആ വാക്കിൽ പതിയിരിക്കുന്ന അപകടങ്ങൾ പലതാണ്.

മാന്യനാകാൻ നമുക്ക് അറിയപ്പെടുന്ന ഒരു ‘തന്ത’ വേണം! ഉന്നത കുടുംബത്തിൽ പിറക്കണം! അമ്മയും സഹോദരിയും ഉണ്ടായിരിക്കണം! അഥവാ അമ്മയും സഹോദരിയുമല്ലാത്ത ഏതു പെണ്ണും നമുക്ക് അന്യ സ്ത്രീയാണ്‌! അവളോട് കാണിക്കുന്ന ക്രൂരതകൾ നമ്മൾ ചോദ്യം ചെയ്യേണ്ടതില്ല!

ഒരു ട്രെയിനിൽ നിന്ന് പ്രാകൃത വേഷധാരിയായ ഒരൊറ്റക്കയ്യൻ ഒരു പെൺകുട്ടിയെ തളളിയിടുന്നതു കണ്ടപ്പോൾ നിശ്ശബ്ദരായതിന് പറഞ്ഞ ന്യായീകരണം ഇപ്പോഴും കാതിൽ ഈയമൊഴിച്ചതു പോലെ പൊള്ളിക്കുന്നുണ്ട്. ഭാര്യേം ഭർത്താവുമാണെന്ന് കരുതിയത്രേ! കുടുംബകലഹമാണെന്നാണ് കരുതിയതത്രേ!

കുടുംബം എന്ന ഒറ്റ വൃത്തത്തിനുള്ളിൽ ഏതു ക്രൂരതയും അനുവദനീയമാണല്ലോ! ഭർത്താവിന് ഭാര്യയെ അടിക്കാം, ചവിട്ടാം, വേണമെങ്കിൽ ട്രെയിനീന്ന് തള്ളിയിടുകയും ചെയ്യാം… ആരും ഇടപെടേണ്ടതില്ല. അപ്പുറത്തെ വീട്ടിലെ നിലവിളികൾ കേട്ട് നമ്മൾ നിസ്സംഗരായി ടി.വി.യിൽ ചാനലുകൾ മാറ്റിക്കൊണ്ടേയിരിക്കണം. പട്ടാപ്പകൽ തൊട്ടപ്പുറത്തെ മതിൽ ചാടി ഒരുവൻ പരിഭ്രമത്തോടെ ഓടുമ്പോൾ ആ വീട്ടിൽ നിന്നും തൊട്ടുമുമ്പു കേട്ട നിലവിളിയുമായി ഒരിക്കലും അത് ചേർത്തുവായിക്കരുത്. പകലോ രാത്രിയോ അയൽവീട്ടിലേക്ക് എത്ര പുരുഷന്മാർ വരുന്നു? പോകുന്നു? എന്ന കണക്കെടുപ്പ് കൃത്യമായി നടത്തിക്കൊള്ളണം. പറ്റുമെങ്കിൽ നാട്ടിലെ സദാചാര കാവൽക്കാരേയും കൂട്ടി അങ്ങോട്ട് ചെന്ന് അവരെ പിടിച്ചിറക്കി മർദ്ദിക്കണം. എത്ര വിചിത്രമായ നീതിബോധങ്ങളാണ് മനുഷ്യരെ മുന്നോട്ടു നയിക്കുന്നത് !!

ഒരു സ്ത്രീയോട് മാന്യമായി പെരുമാറാൻ നിങ്ങളവരുടെ അച്ഛനോ സഹോദരനോ ആയിരിക്കണമെന്ന് നിർബന്ധമുണ്ടോ?’മാനം കാക്കുന്ന ആങ്ങളമാരെ’ മാത്രമല്ല ഒരു പെണ്ണാവശ്യപ്പെടുന്നത്.നല്ല സുഹൃത്തിനേയും കാമുകനേയും ഭർത്താവിനേയുമൊക്കെ അവൾ നിങ്ങളിൽ തേടുന്നുണ്ട്.

അവിശ്വാസമാണ് ചുറ്റും നിറയുന്നത്….

ഓർക്കാനിഷ്ടമില്ലാത്ത ചില ആണനുഭവങ്ങൾക്കിടയിലും ഓർമ്മയിലുണ്ട് ചില ആണുങ്ങൾ…

ഒറ്റക്കൊരു രാത്രിയിൽ വഴി തെറ്റി അപരിചിത സ്ഥലത്ത് പകച്ചു നിന്ന പതിനാലുകാരിയെ വീട്ടിൽ കൊണ്ടാക്കിത്തന്ന് ഒരു നന്ദിവാക്കിനു പോലും കാത്തു നിൽക്കാതെ… യാത്ര ചോദിക്കാതെ…പെരുമഴയത്ത് ഇരുട്ടിലേക്ക് ഒരോട്ടോയിൽ ഊളിയിട്ട ഒരു യുവാവിൻ്റെ മുഖം ഈയിടെ ഓർമ്മയിൽ വീണ്ടും വീണ്ടും നിറയുന്നു.പൊള്ളുന്ന വേനലിലും നെഞ്ചിലേക്ക് ഒരു മഴ ഇരച്ചു കയറുന്നു.

പിന്നെയുമുണ്ട് കുറേ മഴകൾ….

കൂട്ടുകാരിയുടെ സ്വർണ്ണകമ്മൽ കളിക്കുന്നതിനിടയിൽ സ്കൂൾ ഗ്രൗണ്ടിൽ നഷ്ടപ്പെട്ടപ്പോൾ ഉച്ചക്ക് ഒറ്റക്ക് തിരയാൻ പോയത്.. കമ്മൽ കണ്ടെടുത്ത് കൊടുത്ത് അഭിമാനപൂർവ്വം അവളുടെ മുന്നിൽ തലയുയർത്തി നിൽക്കാമെന്ന പ്രതീക്ഷയിൽ തിരഞ്ഞ് തിരഞ്ഞ് അമ്പലപ്പറമ്പിനടുത്തുള്ള ആൾത്താമസമില്ലാത്ത സ്ഥലത്തെത്തിയത്…ഒളിച്ചുകളിക്കിടയിൽ അവളുടെ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന അന്വേഷണബുദ്ധിയിൽ ഗ്രൗണ്ടിനോടു ചേർന്നുള്ള പറമ്പിലേക്ക് കടന്നത്…. അവിടെ കണ്ട പരിചയമുഖത്തിൻ്റെ ആശ്വാസത്തിൽ നാലാം ക്ലാസ്സുകാരി ചിരിച്ചത്…. അവിടെയുള്ള മോട്ടോർ പുരയിലേക്ക് ചെന്നാൽ അരിനെല്ലിക്ക തരാമെന്ന പ്രലോഭനത്തിൽ നാലാം ക്ലാസ്സുകാരി വീണു പോയത്… അയാളുടെ പുറകെ ഒട്ടും അപകടഭീതിയില്ലാതെ നടന്നത്…. അപ്രതീക്ഷിതമായി അതിലെ സൈക്കിളിൽ വന്ന ,വീടിനടുത്തുള്ള പരുക്കൻ മുഖമുള്ള മണിച്ചേട്ടൻ സൈക്കിൾ നിർത്തി പറമ്പിലേക്കോടി വന്ന് എൻ്റെ കൈ പിടിച്ച് വലിച്ച് മാറ്റിനിർത്തീത്….” എങ്ങട്ടാടാ കുട്ടീനീം കൊണ്ട് പോണത് ?” എന്ന പരുക്കനൊച്ചയും അകമ്പടിയായുള്ള അടിയും കേട്ട് ഞാൻ ഞെട്ടിവിറച്ചത്…”ക്ലാസ്സീപ്പോടീ ” എന്ന ആക്രോശം കേട്ട് ഭയന്ന് എൻ്റെ അരിനെല്ലിക്കാ മോഹത്തെ പാടേ തകർത്ത,ഒരു കാരണവുമില്ലാതെ സാധു മനുഷ്യരെ തല്ലുന്ന, ഒരു ഭീകരജീവിയായി എൻ്റെ മനസ്സിൽ കുറേക്കാലം മണിച്ചേട്ടൻ നിറഞ്ഞു നിന്നത്….കുറേക്കാലം കഴിഞ്ഞ് കൂട്ടുകാരി അരിനെല്ലിക്ക വാഗ്ദാനം ചെയ്ത അന്നത്തെ ‘സാധു മനുഷ്യനെ’ വഴിയിൽ വെച്ച് കണ്ടപ്പോൾ ” അങ്ങട്ട് നോക്കണ്ടാട്ടാ…. അയാള് വൃത്തികേട് കാട്ടും ” എന്ന് പറഞ്ഞ് മുഖം കുനിച്ചു വേഗത്തിൽ നടന്നപ്പോൾ അവളുടെ ഒപ്പമെത്താൻ പാടുപെട്ടത്…. അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ എൻ്റെ ആജന്മശത്രുവിൻ്റെ മുഖം ദൈവദൂതനെപ്പോലെ മാറിപ്പോയത്….. മണിച്ചേട്ടനെ പിന്നീട് കാണുമ്പോഴെല്ലാം നന്ദിയോടെ മുഖം കുനിഞ്ഞത്…. തുടരെത്തുടരെ ബെല്ലടിച്ച് മണിച്ചേട്ടൻ കടന്നു പോകുമ്പോഴെല്ലാം ഓടിച്ചെന്ന് ആ സൈക്കിൾ പിടിച്ചു നിർത്തി മാപ്പു പറയാൻ മോഹിച്ചത്….. ഞാൻ വളരുന്തോറും മണിച്ചേട്ടനും എൻ്റെ മനസ്സിൽ ആകാശം മുട്ടെ വളർന്നത്‌….

ചിലത് തിരിച്ചറിയുന്നത് വൈകിയായിരിക്കും.. കൈയിൽ പിടിച്ചതും സ്നേഹത്തോടെ അവിടവിടെ നുള്ളിയതും അപരിചിത മുഖങ്ങൾ മിഠായികൾ നീട്ടിയതും സ്നേഹം കൊണ്ടല്ലെന്ന് തിരിച്ചറിയാൻ ചിലപ്പോൾ വൈകും.. അത്തരം ചതികൾ തിരിച്ചറിഞ്ഞ് തക്കസമയത്ത് സംരക്ഷിച്ചിരുന്നതൊക്കെയും ആരുടെയൊക്കെയോ ആങ്ങളമാരും അച്ഛൻമാരുമായിരുന്നു. അല്ലെങ്കിൽ അവർ ആരുടേയും അച്ഛനോ ആങ്ങളയോ ആയിരുന്നില്ല.അവരൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഒരു മറുചിരിക്കോ നന്ദി വാക്കിനോ പോലും കാത്തു നിൽക്കാതെ അവർ കടന്നു പോയിക്കൊണ്ടേയിരുന്നു. തൊട്ടയൽപക്കത്തെ വീടുകളിലെ നിലവിളികൾ കേട്ട് അവരോടിച്ചെല്ലുമായിരുന്നു. അവർ നീറോ ചക്രവർത്തിയുടെ പിൻമുറക്കാരായിരുന്നില്ല. ഒറ്റത്തുരുത്തുകളിലെ സുരക്ഷിത ജീവിതം അവരെ പ്രലോഭിപ്പിച്ചിരുന്നില്ല. അവരെപ്പോഴും അപകടകരമായ ധീരത പ്രകടിപ്പിച്ചിരുന്നു. അത്രമേൽ സത്യസന്ധമായും അപകടകരമായും ജീവിക്കാൻ അവർക്കേ കഴിഞ്ഞിരുന്നുള്ളൂ.

ഓർക്കാനിഷ്ടമില്ലാത്ത ആണനുഭവങ്ങൾക്കിടയിലും ചുറ്റും കേൾക്കുന്ന അശുഭവാർത്തകൾക്കിടയിലും ജീവിതത്തെ ജീവിതയോഗ്യമാക്കിത്തീർക്കുന്നത് അവരൊക്കെത്തന്നെയാണ്.

* * *

” ആരെങ്കിലും നിന്നെ കൊല്ലാൻ വന്നാ ഇടിക്കണട്ടാ….. ”

ധ്യാനു ആര്യക്കുട്ടിയെ ചേർത്തു പിടിച്ച് ഉപദേശിക്കുകയാണ്. എപ്പോഴാണ് കീരിയും പാമ്പും ഒന്നായത്?

” എങ്ങനെയാ ഇടിക്കണ്ടേ?”

ആര്യക്കുട്ടി സംശയാലുവായി.

ധ്യാനു ഡെമോൺസ്ട്രേഷൻ ക്ലാസ്സിലേക്കു കടന്നപ്പോൾ ആര്യ ഉറക്കെ നിലവിളിച്ചു.

“അങ്ങനെ കരഞ്ഞോട്ടാ….. ഉറക്കെയുറക്കെ കരേണം….. ചേട്ടനെ വിളിച്ചാ മതി… ചേട്ടൻ വന്ന് രക്ഷിക്കാം”

ആര്യ ഉറക്കെയുറക്കെ കരഞ്ഞു.

ഞാൻ ശകാരിച്ചില്ല.

മിണ്ടാതിരിക്കാനും പറഞ്ഞില്ല.

കുറേ പെൺകുട്ടികളെ നമ്മളിങ്ങനെ മിണ്ടാതിരുത്തിയിട്ടുണ്ട്. അടക്കിയൊതുക്കി ജീവിപ്പിച്ചിട്ടുണ്ട്. നിശ്ശബ്ദതയാണ് പെണ്ണിൻ്റെ ഏറ്റവും വലിയ ഗുണമെന്ന് പറഞ്ഞ് പഠിപ്പിച്ച് അന്യവീട്ടിലേക്കു പോകാൻ പരിശീലിപ്പിച്ചിട്ടുണ്ട്.അടിച്ചു വളർത്തിയ പെണ്ണിനും അടച്ചു വേവിച്ച കറിക്കും ഗുണം കൂടുമെന്ന ചിന്തകൾ കടത്തിവിട്ടിട്ടുണ്ട്.

അടച്ചു വളർത്തുന്നില്ല…

അവൾ അടിക്കാൻ പഠിക്കട്ടെ……

നിലവിളിക്കാൻ പഠിക്കട്ടെ…

ആ നിലവിളി കേട്ട് ഉണരാൻ ചുറ്റുമുള്ളവർക്കും കഴിയട്ടെ….

ഇനിയൊരു നിലവിളിലും അനാഥമായി അന്തരീക്ഷത്തിൽ മുഴങ്ങാതിരിക്കട്ടെ!

 

കടപ്പാട്: ദീപ നിഷാന്ത് (ഫേസ്ബുക്ക് പോസ്റ്റ്‌)