ഭ്രാന്താണ്പ്രണയം

“കഴിഞ്ഞതെല്ലാം മറക്കണം. എല്ലാം നല്ലതിനാണെന്ന് കരുതുക. ഏട്ടനെന്നും നന്‍മയേ വരൂ… വേദനയോടെ, ദേവി” ചങ്ക് കത്തുന്ന നോവോടെ അശോകന്‍ ആ കത്ത് മടക്കി മേശവലിപ്പിലേക്കിട്ടു.. കണ്ണുനീര്‍ അമര്‍ത്തിതുടച്ചു… ഇതുകൂടെച്ചേര്‍ത്ത് എത്ര വട്ടം ഈ കത്ത്…

“കഴിഞ്ഞതെല്ലാം മറക്കണം. എല്ലാം നല്ലതിനാണെന്ന് കരുതുക. ഏട്ടനെന്നും നന്‍മയേ വരൂ…

വേദനയോടെ,
ദേവി”

ചങ്ക് കത്തുന്ന നോവോടെ അശോകന്‍ ആ കത്ത് മടക്കി മേശവലിപ്പിലേക്കിട്ടു..
കണ്ണുനീര്‍ അമര്‍ത്തിതുടച്ചു…

ഇതുകൂടെച്ചേര്‍ത്ത് എത്ര വട്ടം ഈ കത്ത് തുറന്നു വായിച്ചു എന്നറിയില്ല.. വിശ്വസിക്കാനാവുന്നില്ല.. ഇന്നലെ വരെ തന്‍റെ നെഞ്ചോടു പറ്റിച്ചേര്‍ന്നിരുന്നവള്‍,
ഏട്ടന്‍റെ വിയര്‍പ്പിന് കര്‍പ്പൂരത്തിന്‍റെ സുഗന്ധമാണെന്ന് പറഞ്ഞ് ചേര്‍ന്ന് നിന്നാ ഗന്ധമാസ്വദിക്കുമായിരുന്നവള്‍,
ദേവി ഏട്ടന്‍റേത് മാത്രമാണെന്ന് കാതില്‍ മൊഴിഞ്ഞവള്‍…

എത്രപെട്ടെന്നാണ് അവള്‍ക്കു ഞാനപരിചിതനായത്…
അച്ഛനേയും അമ്മയേയും വിഷമിപ്പിക്കാനാവില്ലത്രേ… നാടുറങ്ങുമ്പോള്‍,ആരും അറിയാതെ അടുക്കളവാതില്‍ തുറന്നിട്ട് അഴിച്ചിട്ട കേശഭാരവുമായി എന്നെക്കാത്തിരിക്കുമായിരുന്നു അവള്‍… ചന്ദനം മണക്കുന്ന മെത്തയില്‍ കെട്ടിപ്പുണര്‍ന്ന് അവളുടെ മാറില്‍ ഞാന്‍ പ്രണയം തിരയുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ നിന്നും അവളുടെ അച്ഛന്‍റെ കൂര്‍ക്കം വലി ഉയര്‍ന്നു കേള്‍ക്കുമായിരുന്നു..

അന്നൊന്നും തോന്നാത്ത കുറ്റബോധവും വിഷമവും ഒരു ഗള്‍ഫ്കാരന്‍റെ പുത്തന്‍ റെയ്ബാനും അത്തറു മണക്കുന്ന തുണിയും കണ്ടപ്പോള്‍ അവള്‍ക്കു തോന്നിയിരിക്കുന്നു… എന്‍റെ ചാണകം മെഴുകിയ വീടിനേക്കാളും അവന്‍റെ മണിമാളിക നന്നെന്ന് അവള്‍ക്കു തോന്നിക്കാണും… ദേവി തന്നെയാണവള്‍… മൂധേവി…

“മാമാ”- വിനുക്കുട്ടന്‍റെ വിളിയാണ് അശോകനെ ചിന്തയില്‍ നിന്നുണര്‍ത്തിയത്..’വിനയന്‍’ പെങ്ങളുടെ മകനാണ്.. പ്രസവിച്ചത് ഒാപ്പോളാണെങ്കിലും എന്‍റെ നെഞ്ചില്‍ കിടന്നാണവന്‍ വളര്‍ന്നത്.. അളിയന് കച്ചവടമാണ്, മാസത്തിലൊരിക്കലേ വരൂ.. വിനുക്കുട്ടന്‍ ഉണ്ണുന്നതും ഉറങ്ങുന്നതും മാമനോടൊപ്പമാണ്.. അഞ്ച് വയസ്സേ ആയുള്ളൂ അവന്…

“മാമനെന്താ കഞ്ഞികുടിക്കാന്‍ വരാഞ്ഞെ.. അമ്മയും അമ്മൂമ്മയും തിരക്കി…”

“മാമന് വിശപ്പില്ല വിനുക്കുട്ടാ..”
തന്‍റെ കണ്ണുനീര്‍ കുഞ്ഞ് കാണാതിരിക്കാന്‍ അയാള്‍ പാടുപെട്ടു..

“ദേവ്യേടത്തീടെ വീട്ട്ന്ന് തന്ന കുറിപ്പടീല് എന്താ മാമാ..” ആ മൂധേവി കത്ത് ഈ കുഞ്ഞിന്‍റെ കെെവശമാണ് കൊടുത്ത് വിട്ടത്…

“അതോ.. അതവടുത്തെ മുത്തശ്ശിക്കുള്ള കഷായത്തിന്‍റെ കുറിപ്പടിയാ.. നാളെ മാമന്‍ ജോലികഴിഞ്ഞ് വരുമ്പോ വാങ്ങീട്ട് വരാന്‍ വേണ്ടി കൊണ്ട് തന്നതാ…”

“ആഹ്…….”- വിനുക്കുട്ടന്‍ കോട്ടുവാഇട്ടുതുടങ്ങി..
“ഉറങ്ങാം മാമാ..”

“ഉറങ്ങാം…”- അവനെ ചേര്‍ത്ത് പിടിച്ച് അയാള്‍ കട്ടിലിലേക്ക് കിടന്നു..

“മാമനെന്തിനാ കരേണേ..”- അപ്പോഴാണ് താന്‍ കരയുകയായിരുന്നെന്ന് അശോകന്‍ തന്നെ തിരിച്ചറിഞ്ഞത്…

“മാമന്‍റെ കണ്ണില് കരട്പോയതാ…”- ഒരുവിധം പറഞ്ഞൊപ്പിച്ച് കുഞ്ഞിനെ വാരിപ്പുണര്‍ന്ന് അയാള്‍ കിടന്നു..കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു… ഏങ്ങല്‍ പുറത്ത് കേള്‍ക്കാതിരിക്കാനായി അയാള്‍ ചുണ്ടുകള്‍ കടിച്ചു പിടിച്ചു…

രാത്രിയുടെ ഏതോ യാമത്തില്‍ വിനുക്കുട്ടന്‍ ഉണര്‍ന്നു… മാമനെ കാണുന്നില്ലല്ലോ… കിടക്കയില്‍ വിനുക്കുട്ടന്‍ മാത്രമേയുള്ളൂ…

അവന്‍ പതുക്കെ കിടക്കയില്‍ എണീറ്റിരുന്നു.. കിളികള്‍ കൂവിത്തുടങ്ങിയിരിക്കുന്നു.. അരണ്ട വെളിച്ചമേ മുറിക്കകത്തുള്ളൂ… പക്ഷെ അവിടമാകെ ഒരു രുക്ഷഗന്ധം..

അവന്‍ പതുക്കെ കിടക്കയില്‍നിന്നൂര്‍ന്നിറങ്ങി..ചുവരിനോട് ചേര്‍ന്ന് തത്തിപ്പിടിച്ച് നടന്ന് ജനല്‍ തുറന്ന്, തിരിഞ്ഞതും…

അതാ തൂങ്ങിയാടുന്ന രണ്ട് കാലുകള്‍… കണ്ണ് തള്ളി… നാവ് പുറത്തേക്കുന്തി….മാമന്‍…
നാവില്‍ നിന്നും ചോരയിറ്റു നിലത്ത് പരന്ന് കിടക്കുന്ന മൂത്രത്തിലേയ്ക്ക് വീഴുന്നു…

“അമ്മേ….”- വിനുവൊന്ന് ഉറക്കെ നിലവിളിച്ചു..
ഭയന്നു വിറച്ചാകുഞ്ഞ് ചുവരിലേക്ക് തിരിഞ്ഞ് മുഖം പൊത്തിപ്പിടിച്ച് നിന്നു…”അമ്മേ…”

അവന്‍റെ അലര്‍ച്ച കേട്ട് എല്ലാവരും ഒാടിവന്നു.. അകത്തുനിന്നും ഒാടാമ്പലിട്ടിരുന്നതിനാല്‍ വാതില്‍ തുറക്കാന്‍ സാധിച്ചില്ല… ഒടുവില്‍ അയല്‍വാസികളെല്ലാം ചേര്‍ന്ന് ചവിട്ടിപ്പൊളിച്ചു…

വാതില്‍ തുറന്നതും കണ്ട കാഴ്ച്ച കണ്ട് അശോകന്‍റെ അമ്മ ബോധം കെട്ട് വീണു.. ഒാപ്പോള്‍ അലറിക്കരഞ്ഞു..
ഒരു നിമിഷം വിറങ്ങലിച്ച് പോയെങ്കിലും അശോകന്‍റെ അച്ഛന്‍ പെട്ടെന്ന് സമനില വീണ്ടെടുത്ത് അകത്തേക്ക്, വിനുക്കുട്ടനടുത്തേക്ക് ഒാടി..

ഭയന്നു വിറച്ച് മുഖം പൊത്തി നിന്നിരുന്ന ആ അഞ്ചുവയസ്സുകാരനെ വാരിയെടുത്തയാള്‍ പുറത്തേക്കിറങ്ങി..
മുഖം പൊത്തിയിരുന്ന കെെകള്‍ അടര്‍ത്തിമാറ്റിയതും കീഴ്ച്ചുണ്ടില്‍ അമര്‍ത്തിക്കടിച്ച് ശ്വാസം പോലും എടുക്കാതെ കണ്ണ് മേലോട്ട് മറിഞ്ഞ് വിനുക്കുട്ടന്‍… മുറിഞ്ഞ കീഴ്ച്ചുണ്ടിനൊപ്പം ഉമിനീരും ചോരയും…
അയാള്‍ വേഗം കുഞ്ഞിനെയെടുത്ത് ആശുപത്രിയിലേക്കോടി…

നീണ്ട എട്ടുവര്‍ഷത്തെ ഭ്രാന്താശുപത്രിവാസത്തിനു ശേഷം ഇന്നാണ് വിനയന്‍ വീട്ടിലേയ്ക്ക് മടങ്ങിയത്…

ഭയത്തോടെ ഇരുളിലേക്ക് നോക്കി അലറിക്കരയുന്ന വിനുക്കുട്ടന്‍ എല്ലാവര്‍ക്കും ഒരു തീരാവേദനയായിരുന്നു… ആ സംഭവത്തിനു ശേഷം എട്ടുവര്‍ഷക്കാലം തൂങ്ങിയാടുന്ന രണ്ട് കാലുകളും ചോര ഇറ്റുന്ന നാവും അവനെ വേട്ടയാടിക്കൊണ്ടിരുന്നു…

ഒടുവില്‍ എല്ലാവരുടേയും കാത്തിരിപ്പും പ്രാര്‍ത്ഥനയും ഫലം കണ്ടു…

പക്ഷെ ഒരു പതിമൂന്ന് വയസ്സുകാരന്‍ പ്രതീക്ഷിച്ച ജീവിതമല്ല ആ നാട്ടില്‍ അവനെ കാത്തിരുന്നത്.. സ്ക്കൂളിലും നാട്ടിലുമെല്ലാം ഒരിക്കല്‍ ഭ്രാന്ത് വന്നവന്‍ എന്നപേരില്‍ എല്ലാവരും അവനെ ഒറ്റപ്പെടുത്തി… ഒരിക്കല്‍ ഭ്രാന്ത് വന്നാല്‍ മാറില്ല എന്നു പലരും അവന്‍ കേള്‍ക്കെയും കേള്‍ക്കാതെയും പറഞ്ഞു…

കട്ടിലിനുകീഴെ വെറും നിലത്തിരുന്ന് കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി അവന്‍ ആരും കാണാതെ കരഞ്ഞു.. എല്ലാറ്റിനെയും അതിജീവിച്ച് മുന്നോട്ട് പോകാന്‍ അവന് ധെെര്യം കൊടുത്തതവന്‍റെ അപ്പൂപ്പന്‍ ആയിരുന്നു..

ഒരു വേനലവധിക്കാലത്ത് പതിവ് പോലെ എല്ലാവരില്‍ നിന്നും ദൂരെ മാറി മറ്റുള്ള കുട്ടികള്‍ മരംകയറുന്നതും സെെക്കിള്‍ ചവിട്ടുന്നതും തൊട്ടാല്‍പ്പൊട്ടന്‍ കളിക്കുന്നതുമെല്ലാം മാറിനിന്ന് കാണുകയായിരുന്നു വിനയന്‍…

കാറ്റില്‍ അടര്‍ന്ന് വീഴുന്ന മാമ്പഴത്തിനും ഞാവല്‍പ്പഴത്തിനുമായി കുട്ടികളെല്ലാം ബഹളം കൂട്ടുമായിരുന്നു… അവനും ആഗ്രഹമുണ്ടെങ്കിലും ഭ്രാന്തന്‍ എന്ന വിളിപ്പേര് കേള്‍ക്കാതിരിക്കാനായി വെറുതെ നോക്കി നില്‍ക്കുകയേയുള്ളൂ…

അന്നും വലിയൊരു കാറ്റത്ത് വീണ ഞാവല്‍പ്പഴങ്ങള്‍ പെറുക്കിയെടുത്ത് എല്ലാവരും പോയതും…വിനു അങ്ങോട്ട് ചെന്നു..
നിലത്തെല്ലാം പരതി നോക്കിയെങ്കിലും ഒരു പഴം പോലും ബാക്കിയില്ല… എല്ലാം കൊണ്ടുപോയിരിക്കുന്നു… കൊതിയോടെ അവന്‍ മരത്തിനു മുകളിലേക്ക്,പഴുത്ത് തുടുത്ത് നില്‍ക്കുന്ന ഞാവല്‍പഴങ്ങളിലേക്ക് നോക്കി… വായിലൂറിവന്ന വെള്ളം കുടിച്ചിറക്കി നിരാശയോടെ തിരിഞ്ഞ് നടന്നതും..

“വിനുവേട്ടാ…. “- എന്നൊരു പിന്‍വിളി…

തിരിഞ്ഞു നോക്കിയതും… ഒരു പട്ടുപാവാടക്കാരി… നീട്ടിപിടിച്ച കെെകളിലെ ഇലക്കുമ്പിളില്‍ നിറയെ ഞാവല്‍പഴങ്ങള്‍…

അവനതില്‍ നിന്നും രണ്ടുമൂന്നെണ്ണമെടുത്ത് നിക്കറിന്‍റെ കീശയില്‍ത്തിരുകി വേഗം തിരിഞ്ഞ് നടന്നു..

പിന്നീട് എല്ലായ്പ്പോഴും എല്ലാവരാലും ഒഴിവാക്കപ്പെട്ട് അവന്‍ മാറി നില്‍ക്കുമ്പോഴും ആ പാദസ്വരകിലുക്കം അവനെതേടി വന്നു…

രാധക്കുട്ടി… അതായിരുന്നു അവള്‍… ദേവിയുടേയും ഗള്‍ഫ്കാരന്‍ പീതാംബരന്‍റേയും മകള്‍..

വിനയന് അവളെ കാണുമ്പോഴെല്ലാം ഒാര്‍മ്മ വരുക മറ്റൊന്നാണ്…

അശോകന്‍മാമനെ വല്ലാതെ സ്നേഹിച്ചിരുന്ന ദേവ്യേടത്തി… നാട്ടുവഴികളിലും അമ്പലക്കുളത്തിനരികിലുമൊക്കെയായി അവര്‍ കെട്ടിപ്പിടിക്കുന്നതും ഉമ്മവെയ്ക്കുന്നതുമെല്ലാം എത്രയോ വട്ടം കുഞ്ഞ് വിനു കണ്ടിരിക്കുന്നു..
ഒടുവിലായി ദേവ്യേടത്തി തന്ന കുറിപ്പടിയും…

തന്നെച്ചേര്‍ത്ത് പിടിച്ച് കരഞ്ഞ മാമനും അവന്‍റെ ഒാര്‍മ്മയിലുണ്ട്…
ദേവ്യേടത്തി കാരണമാവും മാമന്‍ മരിച്ചത് അത്രയും അവനറിയാം…
അവന്‍ വളരുന്തോറും ആ തോന്നലും ശക്തിപ്പെട്ടു…

വിനയന്‍ വളര്‍ന്ന് എല്ലാം തികഞ്ഞൊരു പുരുഷനായതും… മാമനെ ദേവ്യേടത്തി പ്രണയിച്ച് ചതിച്ചതുമൂലമാണ് മാമന്‍ ആത്മഹത്യ ചെയ്തെന്ന് അവന് മനസ്സിലായി… എന്നിട്ടവരോ… ഒരു കൂസലുമില്ലാതെ ഗള്‍ഫുകാരന്‍ പീതാംബരനെ വിവാഹം കഴിച്ച് രണ്ട് പെണ്‍കുട്ടികളുടെ അമ്മയായി സസുഖം വാഴുന്നു…

സ്ത്രീയോ…. അല്ല… വിഷമാണവള്‍… ആണിനോട് പ്രണയം എന്ന് പറഞ്ഞ് മയക്കുന്ന എല്ലാ സ്ത്രീകളും അങ്ങിനെ തന്നെ… ഭ്രാന്താണ് പ്രണയം.. ആ ഭ്രാന്തിന്‍റെ ഉന്‍മാദത്താലാണ് മാമന്‍ ഉത്തരത്തില്‍ തൂങ്ങിയാടിയത്…..

ആ ചിന്ത അവനില്‍ വേരുറച്ചു…. പ്രണയത്തെ അവന്‍ അത്യന്തം വെറുത്തു…ദേവ്യേടത്തിയെ മാത്രമല്ല എല്ലാ പെണ്ണുങ്ങളേയും അവന്‍ അറപ്പോടെ കണ്ടു…

എന്നാല്‍ രാധക്കുട്ടി വളര്‍ന്നതും വിനുവിനോടുള്ള സഹതാപവും സ്നേഹവും വളര്‍ന്നു…പിന്നീടവള്‍പോലുമറിയാതെ ഒരു നിമിഷത്തില്‍ അതവനോടുള്ള പ്രണയമായി… ഒരു തരം തീവ്രാനുരാഗം…

എന്നാല്‍ തന്നെ പിന്‍തുടരുന്ന പാദസ്വരകിലുക്കത്തെ അവന്‍ മനപ്പൂര്‍വ്വം അവഗണിച്ചു… അമ്മ വിഷമാണെങ്കില്‍ മകള്‍ കാളകൂട വിഷമാവും എന്നതായിരുന്നു അവന്‍റെ ചിന്ത…

രാധക്കുട്ടിയുടെ മനസ്സറിയാവുന്ന ഒരേ ഒരാള്‍ അനിയത്തി സാവിത്രിയായിരുന്നു… എന്നാല്‍ സ്വയം തീര്‍ത്ത ഒരു മൗനത്തിന്‍റെ വേലിക്കെട്ടിനുള്ളിലായിരുന്നു അവനെപ്പോഴും…

ഒടുവില്‍ ഒരു തിരുവാതിര നാളില്‍ അമ്പലത്തിന്‍റെ കല്‍പ്പടവുകളില്‍വെച്ച് രാധക്കുട്ടി തന്‍റെ ഇഷ്ടം വിനയനെ അറിയിച്ചു… തീപാറുന്നൊരു നോട്ടമായിരുന്നു മറുപടി…

എത്ര തവണ തഴഞ്ഞിട്ടും അവളവനെ തേടിച്ചെന്നു…

“വിനുവേട്ടാ… എന്തിനാണെന്നെ ഇങ്ങനെ അവഗണിക്കുന്നത്…”

“ഭ്രാന്താണ് പ്രണയം പെണ്ണേ.. ഞാനാ ഭ്രാന്തില്‍ നിന്നും ഒാടിയകലാന്‍ ആഗ്രഹിക്കുന്നവനും….”

“ആ ഭ്രാന്താണ് എന്‍റെ ജീവന്‍.. വിനുവേട്ടാ….”

“വിഷം.. ആണിനെ ബോധം കെടുത്തുന്ന വിഷം..അതാണ് പെണ്ണ്…ഒടുവില്‍ അവന്‍പോലുമറിയാതെ അവളവന്‍റെ ജീവനെടുക്കും.. നിന്‍റെ അമ്മയെപ്പോലെ…”

“എന്‍റെ അമ്മ ചെയ്ത തെറ്റിന് എന്നെ ശിക്ഷിക്കല്ലേ വിനുവേട്ടാ… അമ്മയെപ്പോലല്ല ഞാന്‍.. എന്നെ വിശ്വസിക്കണം….”

മൗനം ഭജിച്ച് ആ സംഭാഷണമവസാനിപ്പിച്ച് അവന്‍ അവിടം വിടും… അതൊരു പതിവായി….

വിങ്ങിക്കരയുന്ന രാധക്കുട്ടിയെ സാവിത്രിക്കുട്ടി ചേര്‍ത്ത് നിറുത്തി ആശ്വസിപ്പിക്കും…

“ഒരിക്കല്‍പ്പോലും എന്നോട് സ്നേഹം തോന്നിയിട്ടില്ലേ വിനുവേട്ടാ…”- വിടര്‍ന്ന കണ്‍പീലികളില്‍ നനവ് പടര്‍ത്തിക്കൊണ്ടവള്‍ ചോദിക്കും..

അത് കണ്ടില്ലെന്ന് നടിച്ച്..മുണ്ടിന്‍റെ കോന്തല ഉയര്‍ത്തിപ്പിടിച്ച് അവന്‍ നടന്നകലും..

അസാമാന്യ സുന്ദരിയായിരുന്നു രാധക്കുട്ടി.. അരയ്ക്ക് താഴെ വരെ നീണ്ടു കിടക്കുന്ന ഇടതൂര്‍ന്ന കാര്‍കൂന്തല്‍ അവളുടെ അഴകിന് മാറ്റ് കൂട്ടി… അവളുടെ പവിഴനിറവും മേനിയഴകും അന്നാട്ടിലെ ചെറുപ്പക്കാരെ ഹരം കൊള്ളിച്ചിരുന്നു..

ഒടുവില്‍ വിവാഹപ്രായമെത്തിയ രാധക്കുട്ടിക്ക് വീട്ടില്‍ കല്ല്യാണാലോചന തുടങ്ങി…
ഒരു നോട്ടം കൊണ്ട് പോലും വിനയന്‍ അവളെ കടാക്ഷിച്ചില്ല…

ഒടുവിലൊരാലോചന ഉറച്ചു.. നിശ്ചയത്തിന്‍റെ തലേന്ന് വെെകുന്നേരം അമ്പലത്തിലേക്ക് തിരിയുന്ന ഇടവഴിയില്‍ രാധ വിനയനേയും കാത്തു നിന്നു.

“എന്‍റെ വിവാഹനിശ്ചയമാണ് വിനുവേട്ടാ…”

“നല്ലത്…വിശ്വാസം കാക്കൂ എന്നേക്കും..”

“ഇനിയും മനസ്സിലാകുന്നില്ലേ എന്‍റെ പ്രണയം…”

“ഇനിയും ആ വാക്കു നീ മൊഴിഞ്ഞാല്‍….. കടന്നു പോ എന്‍റെ മുന്നീന്ന്…”

“പോകാം.. ഈയൊരു രാത്രി കൂടി വിനുവേട്ടനു വേണ്ടി കാത്തിട്ട്, വന്നില്ലെങ്കില്‍.. എന്‍റെ ഇഷ്ടം കണ്ടില്ലെങ്കില്‍.. ഒരിക്കലും തിരിച്ചുവരാത്തിടത്തേയ്ക്ക് പോകുമീ രാധ… എന്‍റെ പ്രണയം മരണം പോലെ സത്യമാണെന്ന് വിനുവേട്ടന്‍ തിരിച്ചറിയുന്ന കാലം വരും.. കാവിലെ ഭഗവതിയാണേ സത്യം…”

വിനയന്‍ നിര്‍വികാരതയോടെ നോക്കി നിന്നു..
നാളത്തോടെ ഇവളെല്ലാം മറക്കും… അത്രയേ ഉള്ളൂ പെണ്ണ്.. പിന്നെ ഇവള്‍ ഉത്തമഭാര്യയും അമ്മയായും നടിച്ച് ആണിനെ മയക്കും..മരണത്തില്‍ ഉറങ്ങും വരെ… വിഷം.. കാളകൂട വിഷം…

പിറ്റേന്ന് വെളുപ്പിന് പുറത്തൊരു അലറിക്കരച്ചില്‍ കേട്ടാണ് വിനയന്‍ ഉറക്കമുണര്‍ന്നത്…

പരിഭ്രമത്തോടെ അവന്‍ പുറത്തിറങ്ങി നോക്കി.. രാധക്കുട്ടിയുടെ വീടിന് മുന്നിലൊരാള്‍ക്കൂട്ടം…

അലറിക്കരയുന്ന ദേവ്യേടത്തിയും സാവിത്രക്കുട്ടിയും…വിനയന്‍ വേഗം അങ്ങോട്ടേക്കോടി.. ആളുകളെ വകഞ്ഞു മാറ്റി അകത്ത് രാധക്കുട്ടിയുടെ മുറിക്കകത്തേക്ക് നോക്കിയതും , കണ്ടു…തൂങ്ങിയാടുന്ന രണ്ട് കാലുകള്‍… തന്നെ പ്രണയപൂര്‍വ്വം പിന്‍തുടര്‍ന്നിരുന്ന ആ പാദസ്വരമണിഞ്ഞ കാലുകള്‍ തന്നെ… ആ മുറിയില്‍ മൂത്രത്തിന്‍റെ അതേ രൂക്ഷഗന്ധം….. നാവില്‍ നിന്നിറ്റുവീഴുന്ന ചോരത്തുള്ളികള്‍…

പ്രഞ്ജയറ്റുനിന്ന വിനയന്‍റെ നെഞ്ചില്‍ ഒാടിവന്ന സാവിത്രക്കുട്ടി ആര്‍ത്തുതല്ലി കരഞ്ഞു… “താനാ… താന്‍ കാരണാ എന്‍റ രാധേച്ചി… ഇഷ്ടാണെന്നൊരു വാക്ക് പറഞ്ഞിരുന്നേ… കൂടെക്കുട്ടിയിരുന്നേ…”
തളര്‍ന്നവള്‍ നിലത്തേക്ക് വീണു…

“വിനുവേട്ടാ…”- എന്നൊരു വിളി കേട്ടവന്‍ തെക്കേ മൂലയ്ക്കലേക്ക് നോക്കി… അഴിച്ചിട്ട കാര്‍ക്കൂന്തലും വശ്യമായ പുഞ്ചിരിയുമായി രാധക്കുട്ടി…

അവന്‍ ഭയന്ന് മുറിയ്ക്കകത്തേക്ക് നോക്കി.. തൂങ്ങിക്കിടന്ന കാലുകള്‍ തന്‍റെ നേര്‍ക്ക് വരുന്നു… പരിഭ്രമത്തോടെ പുറത്തേക്ക് തിരിഞ്ഞതും അതാ മുന്നില്‍ പണ്ടത്തെ അഞ്ച് വയസ്സുകാരന്‍റെ മുന്നില്‍ തൂങ്ങിയാടുന്ന രണ്ട് കാലുകള്‍… ചോരയിറ്റുന്ന നാവ്….അതും തനിക്ക് നേരേ വരുന്നു…

ഒരലര്‍ച്ചയോടെ വിനയന്‍ ഇറങ്ങിയോടി…

ഇന്നും ആ വീടിനു മുന്നില്‍ നെഞ്ചും തടവി വിനുവിന്‍റെ അപ്പൂപ്പനുണ്ട്… ജീര്‍ണ്ണിച്ച തൂണും ചാരി ആശവറ്റിയ കണ്ണുകളുമായി അവന്‍റമ്മയുണ്ട്…

ഇടയ്ക്കിടെ അകത്തേ മുറിയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാം വിനുവിന്‍റെ അലര്‍ച്ച….ഒപ്പം ചങ്ങലകള്‍ കൂട്ടിമുട്ടുന്ന കിലുക്കവും..

തൂങ്ങിയാടുന്ന കാലുകളില്‍ നിന്നും ഭയന്നോടുന്ന മനസ്സുമായി അതിനകത്തുണ്ട് വിനയന്‍.. ഒരു മന്ത്രം പോലെ ഒന്ന് മാത്രം ഇപ്പോഴും അവന്‍റെ ചുണ്ടുകള്‍ പിറുപിറുത്തു കൊണ്ടേയിരിക്കുന്നു…

“ഭ്രാന്താണ് പ്രണയം… രാധക്കുട്ടീ…. ഭ്രാന്താണ് പ്രണയം…”

എഴുതിയത്,
മെറിന്‍ ഹരി