മരണത്തിലേക്ക് വീഴുമ്പോഴും അനിയത്തിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞു കരങ്ങള്‍: സിറിയയില്‍ നിന്നും കണ്ണുനനയിക്കുന്ന കാഴ്ച

സിറിയന്‍ ആഭ്യന്തര യുദ്ധം വീണ്ടും രാജ്യാന്തര സമൂഹത്തിന്റെ കണ്ണീരാകുന്നു. റഷ്യയുമായി ചേര്‍ന്ന് സിറിയന്‍ സൈന്യം വിമര്‍ക്കെതിരെ നടത്തുന്ന യുദ്ധത്തില്‍ ദിവസേനെ മരിച്ചുവീഴുന്നത് നിരായുധരായ സ്ത്രീകളും കൊച്ചുകുഞ്ഞുങ്ങളും ഉള്‍പ്പടെയുള്ള നിഷ്‌കളങ്കരാണ്. ഇതിനിടെയാണ് രാജ്യാന്തര സമൂഹത്തിന് മുന്നില്‍…

സിറിയന്‍ ആഭ്യന്തര യുദ്ധം വീണ്ടും രാജ്യാന്തര സമൂഹത്തിന്റെ കണ്ണീരാകുന്നു. റഷ്യയുമായി ചേര്‍ന്ന് സിറിയന്‍ സൈന്യം വിമര്‍ക്കെതിരെ നടത്തുന്ന യുദ്ധത്തില്‍ ദിവസേനെ മരിച്ചുവീഴുന്നത് നിരായുധരായ സ്ത്രീകളും കൊച്ചുകുഞ്ഞുങ്ങളും ഉള്‍പ്പടെയുള്ള നിഷ്‌കളങ്കരാണ്.

ഇതിനിടെയാണ് രാജ്യാന്തര സമൂഹത്തിന് മുന്നില്‍ സിറിയയിലെ ഭീകരാവസ്ഥ വിളിച്ചോതുന്ന ആ ചിത്രം പ്രത്യക്ഷപ്പെട്ടത്. സഹോദരിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ശ്വാസം പോലും പറിച്ച് നല്‍കി കുഞ്ഞു സഹോദരി. ആറോ ഏഴോ വയസുള്ള ഈ കൊച്ചുകുട്ടി മരണത്തിലേക്ക് നടന്നടക്കുമ്പോഴും അനിയത്തിയുടെ സുരക്ഷ കുഞ്ഞു കരങ്ങളില്‍ ഭദ്രംമാക്കുകയായിരുന്നു.

രാസായുധ പ്രയോഗത്തെ തുടര്‍ന്ന് തന്റെ കുഞ്ഞനിയത്തിക്ക് ശ്വാസം മുട്ടിയപ്പോള്‍ ഓക്‌സിജന്‍ മാസ്‌ക് ധരിപ്പിച്ചതാണ് ചേച്ചി. എന്നാല്‍ അനിയത്തി ജീവിതത്തിലേക്ക് ശ്വാസം എടുത്തപ്പോള്‍ ചേച്ചി എന്നന്നേക്കുമായി ഉറക്കത്തിലേക്ക് വീണുപോവുകയായിരുന്നു. എങ്കിലും, അപ്പോഴും അവള്‍ ഉറപ്പാക്കി, അനിയത്തിക്ക് ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെന്ന്..

ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നുള്ള ഒറ്റപ്പെട്ട ഒരു ചിത്രമല്ല ഇത്. സ്‌ഫോടനത്തില്‍ പരുക്കേറ്റ മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ അവരെയുമെടുത്ത് പരക്കം പായുന്ന മാതാപിതാക്കള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചയായിരിക്കുകയാണ്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ വേദനയാകുകയാണ്. ഒരു നേരത്തെ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്ന കുട്ടികള്‍ക്ക് ഭൂമിക്കടിയിലെ ബങ്കറുകളില്‍ ഒളിച്ചു കഴിയേണ്ട അവസ്ഥ.

കിഴക്കന്‍ ഗൂട്ടയില്‍ സിറിയന്‍ സേന നടത്തിയ ശക്തമായ രാസായുധ പ്രയോഗത്തില്‍ പിടഞ്ഞു വീണത് നൂറുകണക്കിന് കുഞ്ഞുങ്ങളാണ്. ഫെബ്രുവരി 25നു നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിര്‍ന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പലര്‍ക്കും ഓക്സിജന്‍ ലഭ്യമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

25നു നടന്ന ആക്രമണത്തില്‍ ക്ലോറിന്‍ ബോംബുകള്‍ ഉപയോഗിച്ചെന്നാണു പരാതി. ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര നിരീക്ഷണ സംഘടന ഓര്‍ഗനൈസേഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒപിസിഡബ്ല്യു) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാധാരണക്കാര്‍ക്കു മേല്‍ രാസായുധ പ്രയോഗം നടത്തുന്നുണ്ടെന്നു തെളിഞ്ഞാല്‍ യുഎസിനൊപ്പം ചേര്‍ന്ന് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കി. വിമതര്‍ക്കെതിരെ ഏഴു വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ ഇന്നേവരെയില്ലാത്ത വിധത്തിലുള്ള ആക്രമണമാണു സിറിയ അഴിച്ചുവിടുന്നത്. ഇതിനു റഷ്യയുടെ പിന്തുണയുമുണ്ട്.

2012 മുതല്‍ വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂട്ടയാണു ദമാസ്‌കസിനു സമീപമുള്ള വിമതരുടെ അവസാന ശക്തികേന്ദ്രം. പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സിറിയന്‍ സൈന്യം ഈ പ്രദേശം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. നാലു ലക്ഷത്തോളം ജനങ്ങള്‍ കിഴക്കന്‍ ഗൂട്ടായില്‍ കുടുങ്ങിക്കിടപ്പുണ്ട്.