മറന്നിട്ടുമെന്തിനോ ….

രചന : ആതിര “ഡോക്ടര്‍ അദ്ദേഹത്തിന് എങ്ങനെയുണ്ട്..? “ഇനി പേടിക്കാന്‍ ഒന്നുല്ലാ.. ബോധം വരുമ്പോള്‍ കയറി കാണാം..” അവരോടു അത്രയും പറഞ്ഞ് നേരെ നടന്നത് റൂമിലേക്ക് ആണ്. അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം തന്നെ വിളിച്ചാല്‍…

രചന : ആതിര
“ഡോക്ടര്‍ അദ്ദേഹത്തിന് എങ്ങനെയുണ്ട്..? “ഇനി പേടിക്കാന്‍ ഒന്നുല്ലാ.. ബോധം വരുമ്പോള്‍ കയറി കാണാം..” അവരോടു അത്രയും പറഞ്ഞ് നേരെ നടന്നത് റൂമിലേക്ക് ആണ്. അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം തന്നെ വിളിച്ചാല്‍ മതിയെന്ന് സിസ്റ്ററിനെ പറഞ്ഞ് ഏല്‍പ്പിച്ചു.. കയ്യും മുഖവും കഴുകി ചെന്നിരുന്നു.. മേശേമേല്‍ വച്ചിരിക്കുന്ന നെയിം പ്ലേറ്റ് എടുത്ത് അവള്‍ വെറുതെ നോക്കി.. Dr.Niranjana Varma. ഒരു നിശ്വാസത്തില്‍ ആ നെയിം പ്ലേറ്റ് കമഴ്ത്തി വച്ച്‌ മേശമേല്‍ മുഖം അമര്‍ത്തി കിടക്കുമ്പോള്‍ അവള്‍ അറിയുന്നുണ്ടായിരുന്നു കാലങ്ങള്‍ക്ക് പിറകിലേക്ക് തന്‍റെ ഓര്‍മ്മകള്‍ ഒഴുകി നീങ്ങുന്നത്.. “അപ്പേട്ടാ എന്താ ഇപ്പൊ ഇങ്ങനൊക്കെ പറയുന്നത്.. നമ്മള്‍ എല്ലാം പറഞ്ഞു തീരുമാനിച്ചതല്ലേ. ഇതിപ്പോ.. ന്‍റെ കോഴ്സ് തീരാന്‍ ഇനീംണ്ട് ഒരു വര്‍ഷം.. പിന്നെ ഹൗസ് സര്‍ജെന്‍സി..” “രഞ്ചു.. മതി. ഞാന്‍ നിന്നോട് എല്ലാം പറഞ്ഞില്ലേ.. ഇനീം എക്സ്പ്ലനേഷന്‍സ് വേണോ നിനക്ക്.. പറഞ്ഞത് കേട്ടൂടെ..” കൊളേജിലെ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ.. ആ പൂമരച്ചോട്ടില്‍ നിന്ന്‌ അന്ന് അപ്പു അത് പറയുമ്പോള്‍ പതിവില്ലാതെ അവന്‍റെ ശബ്ദത്തില്‍ ഒരു അധികാര ഭാവം നിഴലിച്ചിരുന്നു.. “അപ്പേട്ടന്‍ പറയുന്നത് എന്നും ഞാന്‍ കേട്ടിട്ടല്ലേയുള്ളൂ.. ഇതിപ്പോ എനിക്ക് കോഴ്സ് കമ്പ്ലീറ്റ്‌ ചെയ്യണം.. എന്‍റെയും ന്‍റെ അച്ഛന്റേയും അമ്മയുടേം ഒക്കെ ദീര്‍ഘനാളത്തെ സ്വപ്നവും പ്രയത്നവും ഒക്കെയാ ഇത്.. ഈ മെഡിക്കല്‍ ഡിഗ്രീ.. അപ്പേട്ടന് എല്ലാം അറിയാലോ..” “രഞ്ചു നീ പറയുന്നത് കേട്ടാല്‍ തോന്നും ഞാന്‍ നിന്നെ ചതിക്കയാന്ന്.. മാന്യമായ് വിവാഹം ചെയ്യുന്ന കാര്യല്ലേ ഞാന്‍ പറയുന്നത്.. ന്‍റെ പഠിത്തം ഇപ്പോ തീര്‍ന്നാ.. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നിക്ക് അമേരിക്കക്ക് പോയെ പറ്റൂ.. അവിടെ ജോലിയോടൊപ്പം ഹയര്‍ സ്റ്റഡീസും.. എന്‍റെ സ്വപ്നമാണ് അത്. പോകുന്നതിനു മുന്നേ ന്‍റെ അച്ഛനും അമ്മേം ഒരു കണ്ടീഷനെ വച്ചിട്ടുള്ളു. ന്‍റെ വിവാഹം കഴിഞ്ഞ് പെണ്ണിനോടൊപ്പം മാത്രമേ അത്ര ദൂരേക്ക് വിടൂ എന്ന്. സോ എനിക്ക് ഇപ്പൊ ഇതേ ഓപ്ഷന്‍ ഉള്ളു..” “അപ്പേട്ടാ അപ്പോള്‍ എന്‍റെ സ്വപ്നം, കരിയര്‍.. അതൊക്കെ?” “നിനക്കെന്തിനാ രഞ്ചു ഇനി ഈ MBBS.. ഞാന്‍ ഇല്ലേ.. നിനക്കറിയാലോ എന്‍റെ വീട്ടിലേയും ഒരേയൊരു അവകാശി ഞാന്‍ മാത്രാണെന്ന്.. അത് പോരെ നിനക്ക്..” നിറഞ്ഞോഴുകുന്ന മിഴിനീര്‍ അവളുടെ കവിളുകളെ പൊള്ളിച്ചുകൊണ്ടേയിരുന്നു.. പുറത്തേക്ക് വരാതെ ഒരു തേങ്ങല്‍ തന്നെ ശ്വാസം മുട്ടിക്കുന്നുണ്ടോയെന്നു അവള്‍ക്ക് തോനീ.. “രഞ്ചു.. നീയെന്താ ഞാന്‍ പറയുന്നതൊന്നും കേള്‍ക്കുന്നില്ലേ.. കൂടുതല്‍ ഒന്നും നീ ആലോചിക്കണ്ട.. ഞാന്‍ നാളെ എല്ലാരുമായ് നിന്‍റെ വീട്ടിലേക്ക് വരാം.. എല്ലാം തീരുമാനിക്കാം..” “വേണ്ടാ അപ്പേട്ടാ..” “എന്താ..?” “വേണ്ടാ.. അപ്പേട്ടന്‍ വരണ്ടാ..” “എന്നുവച്ചാ.. ? നീ എന്താ രഞ്ചു പറയണത്..” “അതേ അപ്പേട്ടാ.. നിക്ക് പഠിക്കണം പഠിച്ചു ഡോക്ടര്‍ ആവണം..” “അപ്പൊ..? ഓ വാശി.. അല്ലെ.?” “അല്ലാ അപ്പേട്ടാ.. ആഗ്രഹം. അറിവ് വച്ച പ്രായം തൊട്ടുള്ള ന്‍റെ സ്വപ്നം.. ഏറ്റവും ഉയര്‍ന്ന റാങ്കില്‍ എന്‍ട്രന്‍സ് നേടാന്‍ ഉറക്കമുളച്ച് പഠിച്ച ഒരുപാട് രാത്രികള്‍.. എല്ലാറ്റിനും കൂടെ നിന്ന് താങ്ങായ അച്ഛനമ്മമാരുടെ മോഹം.. ഒരു നല്ല ഡോക്ടറാവുന്നതും ഏവരേയും ശുശ്രൂഷിക്കുന്നതും ഒക്കെ… “ “മതി രഞ്ചു.. enough. “ ഇടയിലുള്ള അപ്പുവിന്‍റെ ആ ആക്രോശം രഞ്ചുവില്‍ ഒരു ഞെട്ടലുണ്ടാക്കി.. “So wats your final decision.? ഇപ്പോള്‍ ഈ വിവാഹത്തിനും എന്‍റെ കൂടെ USലേക്ക് ട്രാവല്‍ ചെയ്യാനും നിനക്ക് സമ്മതമാണോ അല്ലെയോ..” “ഇപ്പൊ എനിക്ക് കഴിയില്ലാ അപ്പേട്ടാ..” “ഓക്കേ രഞ്ചു.. നിനക്കിനി നിന്‍റെ കരിയര്‍.. എനിക്ക് എന്‍റെ ജീവിതം.. ഗുഡ് ബൈ..” അത്രയും പറഞ്ഞ് അപ്പു തിരിഞ്ഞു നോക്കാതെ ദേഷ്യത്തില്‍ നടന്നകന്നു.. അവന്‍ നടന്നകന്ന വഴികളിലെ കരിയിലകളോടൊപ്പം ഞെരിഞ്ഞമര്‍ന്നത് അവര്‍ ഒരുമിച്ച് ചിലവിട്ട നിമിഷങ്ങള്‍ ആയിരുന്നു.. സ്വപ്നം കണ്ട ജീവിതം ആയിരുന്നു.. എവിടെ നിന്നോ വന്ന് അപ്പോള്‍ അവിടെ ആര്‍ത്ത് പെയ്ത മഴയില്‍ അവളുടെ കണ്ണുനീര്‍ ആരും കണ്ടില്ല.. അവനുമായ് കൈ കോര്‍ത്ത്‌ നടന്ന കോളേജ് ഇടനാഴികളും.. പരസ്പരം ഉള്ള മൌനം പോലും കഥ പറഞ്ഞ ലൈബ്രറി മുറിയും.. കൂട്ടുകാര്‍ അറിയാതെ പരസ്പരം മിഴിയമ്പുകള്‍ എറിഞ്ഞ ജനാലകളും.. സ്വപ്‌നങ്ങള്‍ പങ്കു വച്ച പൂമരച്ചോടും.. അങ്ങനെയാ കോളേജിലെ പുല്‍ക്കൊടികളും പൂമ്പാറ്റകളും പോലും അവന്‍റെ കാല്‍ചോട്ടില്‍ പൊടിഞ്ഞ കരിയിലകള്‍ക്കൊപ്പം ചതഞ്ഞരയുന്നതായി, മഴവെള്ളത്തോടൊപ്പം ഒഴുകിയൊലിക്കുന്നതായി അവൾക്കു തോന്നി… “എക്സ്ക്യൂസ്മീ ഡോക്ടര്‍.. ഇപ്പൊ ഓപ്പറെഷന്‍ കഴിഞ്ഞ ആ പേഷ്യന്റ്റിന് ബോധം വന്നിട്ടുണ്ട്.. “ നേഴ്സ് വന്നത് പറഞ്ഞപ്പോള്‍ ഒരു ഞെട്ടലോടെ ആണ് നിരഞ്ജന എഴുന്നേറ്റത്.. “ആ ഓക്കേ.. ബന്ധുക്കളോട് വേണേല്‍ കണ്ടോളാന്‍ പറഞ്ഞേക്കൂ..” “ശെരീ.. ഡോക്ടര്‍.” എന്തോ ഒന്ന് തീരുമാനിച്ചതു പോലെ നിരഞ്ജന എഴുന്നേറ്റ് നടന്നൂ.. പൊടുന്നനേ ചിന്തകൾ പിറകിലേക്ക് വലിച്ചപോലെ ആ വാതില്‍ക്കല്‍ അവള്‍ നിന്നു പോയി.. ‘വേണ്ടാ.. ചില മണിക്കൂറുകള്‍ക്ക് മുന്‍പ് ഞാന്‍ അനുഭവിച്ച മാനസികസംഘർഷം.. മദ്യപിച്ചു വാഹനമോടിച്ച് ആക്സിടെന്റ് ആയി മൃതപ്രായനായി തന്‍റെ മുന്നില്‍ കിടക്കുന്നത് അപ്പേട്ടന്‍ ആണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം.. മനസ്സും കൈകളും ഒരുപോലെ പിടച്ച ആ നിമിഷം.. പിന്നെ സ്വന്തം കര്‍ത്തവ്യ ബോധം ഉണർന്നപ്പോൾ വീണ്ടുമാ ജീവന്‍ ആ ശരീരത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഷ്ടപ്പെട്ട മണിക്കൂറുകള്‍,,, വേണ്ടാ അപ്പേട്ടന്‍ ഒന്നും അറിയേണ്ടാ.. അന്നെന്നില്‍ നിന്ന് അടര്‍ത്തിയെടുത്ത് കൊണ്ട് പോയ ആ ഹൃദയം ഇപ്പോള്‍ വീണ്ടും മിടിച്ചത് ന്‍റെ കൈകളിലൂടെ ആണെന്നറിഞ്ഞാല്‍ ഒരുപക്ഷെ അപ്പേട്ടന് സഹിക്യില്ലാ.. നിക്ക് ഉറപ്പാണ്.. ഇപ്പഴും ആ മനസ്സിന്‍റെ അടിത്തട്ടില്‍ എവിടെയെങ്കിലും ഞാന്‍ ഉണ്ടാകുക തന്നെ ചെയ്യും..’ ആരോടും ഒന്നും മിണ്ടാതെ അവള്‍ പുറത്തേക്കിറങ്ങി നടന്നൂ.. അപ്പോഴും ഏതോ മഴ ആര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു.. മനസ്സില്‍ ഒരായിരം ചിന്തകള്‍.. ഇപ്പൊ നിക്ക് അപ്പെട്ടനോടുള്ള വികാരം എന്താണ്.. വിദ്വേഷമോ.. സഹതാപമോ.. പ്രണയമോ.. അതോ.. മറന്നിട്ടും എവിടെയോ ഒളിച്ചിരുന്ന പേരറിയാത്ത എന്തോ ഒന്ന്.. ആ നിമിഷവും മഴ തീർത്ത മുഖപടത്തിനടിയിൽ ആരും കാണാതെ രണ്ടു തുള്ളി കണ്ണുനീര്‍ അവളുടെ കവിളുകളെ തലോടിയോഴുകി വീണു..