മൃതസഞ്ജീവനി അധികൃതരോട് ചോദിക്കാൻ പാടില്ല. ചോദിച്ചാൽ മരണാനന്തര അവയവദാനം കേരളത്തിൽ നിലയ്ക്കും.

വരാപ്പുഴയിൽ ബൈക്ക് അപകടത്തിൽപെട്ട ചേരാനല്ലൂർ സ്വദേശി അജയ് ദാനം ചെയ്ത അവയവം സ്വീകരിച്ച ഹൈക്കോടതി അഭിഭാഷകനായ സുരേഷ് ശസ്ത്രക്രിയ നടന്ന് 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മരണമടഞ്ഞു. അജയിയുടെ മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ട് അതീവ ഗൗരവമുള്ള…

വരാപ്പുഴയിൽ ബൈക്ക് അപകടത്തിൽപെട്ട ചേരാനല്ലൂർ സ്വദേശി അജയ് ദാനം ചെയ്ത അവയവം സ്വീകരിച്ച ഹൈക്കോടതി അഭിഭാഷകനായ സുരേഷ് ശസ്ത്രക്രിയ നടന്ന് 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മരണമടഞ്ഞു. അജയിയുടെ മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ട് അതീവ ഗൗരവമുള്ള മെഡിക്കൽ കച്ചവടത്തിന്റെ വാർത്ത മൈമോ ലൈവ് ശനിയാഴ്ച (09.03.2019 ) നൽകിയിരുന്നു. അപകടശേഷം അജയിയെ നാട്ടുകാർ അടുത്തുള്ള ആസ്റ്റർ മെഡി സിറ്റിയിൽ എത്തിക്കുകയായിരുന്നു. പക്ഷേ അവിടെ ചികിത്സ തേടി കരളിനായി കാത്തിരിക്കുന്ന സുരേഷിനെക്കുറിച്ച് അറിയാത്ത പൊതുജനം വലിയ ഒരു മെഡിക്കൽ കച്ചവടത്തെ സഹായിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. 2012 മുതൽ കേരളത്തിലെ മരണാനന്തര അവയവ കൈമാറ്റം നിയന്ത്രിക്കുന്ന സർക്കാർ സംവിധാനമായ മൃതസഞ്ജീവനിയുടെ വ്യവസ്ഥകൾ പ്രകാരം അപകടം സംഭവിച്ച് സ്വകാര്യ ആശുപത്രികളിൽ എത്തിക്കുന്ന ആൾക്ക് മസ്തിഷ്ക മരണം സംഭവിച്ചാൽ, അദ്ദേഹത്തിന്റെ ഒരു അവയവം നിർബന്ധമായും ആ ആശുപത്രിയിലുള്ള രോഗിയ്ക്കും, മറ്റൊന്ന് ഏതെങ്കിലും സർക്കാർ ആശുപത്രികളിലുള്ള രോഗിയ്ക്കും മറ്റുള്ളവ മുൻഗണനാ അടിസ്ഥാനത്തിൽ സംസ്ഥാനത്തിലെ മറ്റ് രോഗികൾക്കും നൽകണം. സംസ്ഥാനത്ത് രോഗികൾ ഇല്ലെങ്കിൽ മാത്രം ഇതര സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തേക്കും നൽകാം. എന്നാൽ ആരാണ് മുൻഗണനയിലുള്ളത് എന്നതിനെപ്പറ്റി പൊതുജനത്തിന് അറിയാൻ സംവിധാനമില്ല. മൃതസഞ്ജീവനി വെബ്സൈറ്റിൽ നോക്കിയാൽ കിഡ്‌നിയ്ക്കായി കാത്തിരിക്കുന്നവരുടെ ലിസ്റ്റ് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. വിലപിടിപ്പുള്ള മറ്റ് അവയവങ്ങൾ ഉദ്യോഗസ്ഥരുടെയും സ്വകാര്യ ആശുപത്രികളുടെയും ഇഷ്ടാനുസരണം കാശുള്ളവർക്ക് നൽകുകയും ചെയ്യുന്നു.

അജയിയുടെ മസ്തിഷ്ക മരണത്തിൽ വലിയ ദുരൂഹത ഉണ്ടെന്ന് മൈമോ ലൈവ് പറഞ്ഞതിന് പിന്നാലെ, 22 ലക്ഷം രൂപ മുടക്കി അജയിയുടെ കരൾ സ്വീകരിച്ച അഡ്വക്കേറ്റ് സുരേഷിന് അന്ന് തന്നെ മസ്തിഷ്ക മരണം സംഭവിച്ചുവെന്നും പിന്നീട് സുരേഷിന്റെ കരളും കിഡ്‌നികളും കണ്ണുകളും വീണ്ടും മറ്റുള്ളവർക്ക് ദാനം ചെയ്‌തുവെന്നുമുള്ള ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. സുരേഷിന്റെ ശരീരത്തിൽ വച്ച കരൾ പിന്നീട് 28 ലക്ഷം രൂപയ്ക്ക് മറ്റൊരാളിൽ വച്ച് പിടിപ്പിച്ചപ്പോൾ ഒരു കരളിന് ആശുപത്രിയ്ക്ക് ലഭിച്ചത് 50 ലക്ഷം രൂപ. ഇതിനെ കുറിച്ചൊന്നും ആരും ആശുപത്രി , മൃതസഞ്ജീവനി അധികൃതരോട് ചോദിക്കാൻ പാടില്ല. കാരണം, അവർ ചെയ്യുന്നത് അവയവദാനം എന്ന മഹത് പ്രവർത്തിയാണ്. പൊതുജനം എന്തെങ്കിലും ചോദിച്ചാൽ മരണാനന്തര അവയവദാനം കേരളത്തിൽ നിലയ്ക്കും, അതുകൊണ്ടു അവയവം കാത്ത് കിടക്കുന്ന നിരവധി രോഗികൾ അവയവം കിട്ടാതെ കഷ്ടപ്പെടും എന്നെല്ലാമാണ് സ്വകാര്യ ആശുപത്രികളും മൃതസഞ്ജീവനി ഉദ്യോഗസ്ഥരും പറയുന്ന ന്യായങ്ങൾ.

പ്രശസ്തനായ ഹൈക്കോടതി അഭിഭാഷകൻ പോലും ഈ മാഫിയയുടെ കെണിയിൽ പെട്ടെങ്കിൽ വെറും കൂലിപ്പണിക്കാരന്റെ മകനും വെൽഡറുമായ അജയ് ഇതിൽ പെട്ടതിൽ അത്ഭുതപ്പെടേണ്ടതില്ല, അത്രയ്ക്കും വലുതാണ് ഈ മാഫിയയുടെ കരുത്ത്. മസ്തിഷ്ക മരണം സംഭവിക്കുന്നത് തികച്ചും സാധാരണക്കാരനാണ്, ഒന്നോ രണ്ടോ അഭിഭാഷകർ മാത്രമാണ് പുറമെ നിന്നും പെട്ട മറ്റ് വ്യക്തികൾ. മസ്തിഷ്ക മരണാനന്തരം അവയവം ലഭിച്ച സുരേഷിനെ പോലുള്ള അഭിഭാഷകന് മസ്തിഷ്ക മരണം സംഭവിച്ചാൽ സ്വാഭാവികമായും അവയവം ദാനം ചെയ്യാൻ ബന്ധുക്കൾ നിർബന്ധിതരാകും എന്നതാണ് ഇതിലെ മെഡിക്കൽ മാഫിയ ട്രിക്. യഥാർത്ഥത്തിൽ അജയിയുടെ മസ്തിഷ്ക മരണത്തിലൂടെ ആശുപത്രികൾക്ക് ലഭിച്ചത് ഒരു കോടിയിലധികം രൂപയാണ്. കണക്കുകൾ പ്രകാരം അജയിയുടെ കരൾ സുരേഷ് സ്വീകരിച്ചത് 22 ലക്ഷം രൂപയ്ക്ക് , ഒരു കിഡ്നി സർക്കാർ ആശുപത്രിയ്ക്ക് നൽകിയത് ഒന്നേക്കാൽ ലക്ഷം രൂപയ്ക്ക്, മറ്റൊരു കിഡ്‌നി അമൃത ആശുപത്രിയ്ക്ക് നൽകിയത് 15 ലക്ഷം രൂപയ്ക്ക്, പാൻക്രിയാസിന് 15 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ ഈടാക്കാം. സുരേഷിന്റെ കരൾ നൽകിയത് 28 ലക്ഷം രൂപയ്ക്ക്, രണ്ട് കിഡ്നികൾ നൽകിയത് 30 ലക്ഷം രൂപ, അങ്ങനെ മൊത്തം 110 ലക്ഷം രൂപ.

ഇനി അജയിയുടെയും സുരേഷിന്റെയും ഹൃദയമോ മറ്റ് അവയവങ്ങളോ സർക്കാർ അറിയാതെ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിൽപ്പന ചിലവും ചികിത്സാ ചിലവും വേറെ. സാധാരണ ഹൃദയത്തിന് അന്താരാഷ്ട്ര മാർക്കറ്റിലെ വില 3 കോടി രൂപയാണ്. ഇപ്രകാരം സർക്കാർ സംവിധാനം അറിയാതെ തന്നെ ചില സ്വകാര്യ ആശുപത്രികൾ അവയവങ്ങൾ മോഷ്ടിക്കുന്നുണ്ടെന്നതിന്റെ തെളിവ് സഹിതമുള്ള ഒരു അന്വേഷണ റിപ്പോർട്ട് ആലപ്പുഴ മെഡിക്കൽ കോളേജിൽ വർഷങ്ങളായി പൊടി പിടിച്ചിരിപ്പുണ്ടെന്ന് മൈമോ ലൈവിനോട് പറഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ ഓഫീസറാണ്. അമൃത ആശുപത്രിയിൽ നടന്ന അവയവ കച്ചവടത്തെ കുറിച്ചാണ് ആ റിപ്പോർട്ടിൽ കൂടുതൽ ഉള്ളതെന്നും അവർ മൈമോ ലൈവിനോട് പറഞ്ഞു. കൂടാതെ മലപ്പുറം സ്വദേശിയിൽ കിംസ് ആശുപത്രി ഇപ്രകാരം മോഷ്ടിച്ച അവയവം വച്ചുപിടിപ്പിച്ചതിന്റെ തെളിവും മൈമോ ലൈവിന് ലഭിച്ചു. അവയവ ദാനവും അതുമൂലം വലിയ ചികിത്സാ കച്ചവടവും നടത്തുന്ന ഡോക്ടർമാരോടും ആശുപത്രി മാനേജ്മെന്റിനോടും മൈമോ ലൈവിന് ചോദിക്കാനുള്ളത്, മസ്തിഷ്ക മരണാനന്തരം ലഭിക്കുന്ന അവയവങ്ങൾ യഥാർത്ഥ ചിലവിൽ കൊള്ളലാഭം ഇല്ലാതെ ആവശ്യക്കാർക്ക് നൽകാൻ സാധിക്കുമോ?.ഒരു സർജറിയ്ക്ക് മേൽനോട്ടം വഹിക്കുന്നതിന് 5 ലക്ഷം രൂപ വാങ്ങുന്ന കൊച്ചിയിലെ പ്രശസ്ത ഹാർട്ട് സർജനോട് ചോദിക്കാനുള്ളത്, ഇത്തരം കേസുകളിലെങ്കിലും പണത്തിനുള്ള ദാഹം മാറ്റിവച്ച് ഫീസ് ഈടാക്കാതെ ചികിത്സിക്കാൻ തയ്യാറാകുമോ?

അജയിയുടെ മസ്തിഷ്ക മരണ വാർത്ത മൈമോ ലൈവ് പുറത്തു വിട്ടപ്പോൾ , ചില വ്യക്തികൾ ആക്ഷേപവുമായി ഫേസ്ബുക്കിലൂടെ രംഗത്തുവന്നതായി കാണപ്പെട്ടു. ഒന്നോർക്കുക നിങ്ങൾ എത്ര ശക്തമായി ഈ മാഫിയയെ സഹായിക്കാൻ രംഗത്ത് വന്നാലും ഈ തട്ടിപ്പിന് അവസാനം കാണും വരെ നിങ്ങൾ അടക്കമുള്ള യുവാക്കൾക്കും അവരുടെ അച്ഛനമ്മമാർക്കും വേണ്ടി ഈ വിഷയത്തെ കുറിച്ച് മൈമോ ലൈവ് വാർത്തകൾ നൽകികൊണ്ടിരിക്കും. കാരണം നമുക്കാർക്കും ഒരു കാരണവശാലും രക്ഷപ്പെടാൻ കഴിയാത്ത ഒരു മെഡിക്കൽ കെണിയാണ് മസ്തിഷ്ക മരണ തട്ടിപ്പ്. ഫേസ്ബുക്കിൽ വൈറലാകുന്നതിന് വേണ്ടി എഴുതി പിടിപ്പിക്കുന്ന ഒന്നായി ഇതിനെ കാണരുത്. ഈ തട്ടിപ്പിനെ കുറിച്ച് യുവസമൂഹത്തിന് ഒരു അറിവ് നൽകുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. നാളെ നിങ്ങൾക്ക് ഒരു അപകടം പറ്റി അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിയാൽ നിങ്ങളുടെ രക്ത ഗ്രൂപ്പിനും ശാരീരിക പ്രകൃതിയ്ക്കും ഇണങ്ങുന്ന ഒരാൾ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ ഉണ്ടെങ്കിൽ നിങ്ങൾക്കും സംഭവിക്കാവുന്ന ഒന്നാണ് മസ്തിഷ്ക മരണം. ജോസഫ് എന്ന സിനിമയിൽ പറയുന്നതിനെ അനുസ്മരിക്കും പോലെയാണ് രണ്ട് വർഷം മുൻപ് നടന്ന സാൻജോസ് എന്ന പത്താം ക്ലാസുകാരന്റെ അപകടവും ശേഷമുള്ള മസ്തിഷ്ക മരണവും. കാരണം അവന്റെ ഹൃദയവും കാത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാൾ ഇരിപ്പുണ്ടായിരുന്നു. അപകടം സംഭവിക്കുന്നതിന്റെ തലേ ദിവസം ആ രോഗിയെ മൃതസഞ്ജീവനി സൂപ്പർ അർജന്റ് പേഷ്യന്റ് ആക്കി മാറ്റുകയും ചെയ്തിരുന്നു. ഇങ്ങനെ സൂപ്പർ അർജന്റ് ആക്കിയാൽ കേരളത്തിൽ എവിടെ മസ്തിഷ്ക മരണം നടന്നാലും നിയമപ്രകാരം അദ്ദേഹത്തിന് ആദ്യം അവയവം ലഭിക്കും. ഈ സാഹചര്യം മുൻകൂട്ടി തീരുമാനിച്ചതായി സംശയിക്കേണ്ടതാണ്. ഈ വാർത്ത അന്ന് തന്നെ മൈമോ ലൈവ് , ‘കേരളത്തിൽ ഉടൻ ഒരു മസ്തിഷ്ക മരണം സംഭവിക്കും എന്ന് പറഞ്ഞുകൊണ്ട് ‘ പുറത്തുവിട്ടിരുന്നു. അത് കേരളാ സമൂഹത്തിൽ വലിയ ചലനം ഉണ്ടാക്കി. അന്ന് മുതലാണ് കേരളത്തിൽ മസ്തിഷ്ക മരണത്തെ കുറിച്ച്‌ സംശയങ്ങൾ ഉടലെടുത്തത്. പക്ഷേ സാൻജോസിനെ രക്ഷിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.

ഈ മാഫിയയുടെ വിളയാട്ടം അവസാനിപ്പിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ ഇനി ഒരു അവയവവും മസ്തിഷ്ക മരണാനന്തരം നൽകില്ലെന്ന് പൊതുജനം തീരുമാനിച്ചാൽ മാത്രമേ കാല ക്രമേണ ഈ മാഫിയയെ തടയാൻ സാധിക്കൂ. അവയവങ്ങൾ സ്വീകരിച്ചവർ പിന്നീട് എത്രകാലം ജീവിച്ചിരിക്കും എന്ന് സുരേഷിന്റെ വിഷയത്തിൽ തന്നെ നാം കണ്ടതാണ്. ഇതുപോലെ തന്നെയാണ് മറ്റുള്ളവരുടെയും അവസ്ഥ. അവയങ്ങൾ എടുക്കാൻ കാണിക്കുന്ന ആവേശം സർക്കാർ അത് സ്വീകരിച്ചവരോടും കാണിക്കണം എന്നാണ് പറയാനുള്ളത്. അതിന്റെ ഭീകരത മനസ്സിലാവണമെങ്കിൽ 2012 മുതൽ മൃതസഞ്ജീവനിയിലൂടെ അവയവങ്ങൾ സ്വീകരിച്ചവരിൽ എത്രപേർ നിലവിൽ ജീവിച്ചിരുപ്പുണ്ട് എന്ന് അന്വേഷിച്ചാൽ മാത്രം മതി. ആരോഗ്യ മേഖലയിൽ നടക്കുന്ന കുറ്റ കൃത്യങ്ങൾക്ക് കാര്യമായ നിയമ ഇടപെടൽ സാധ്യമല്ല എന്നതുകൊണ്ടാണ് ഈ മാഫിയ ഇപ്രകാരം വിലസുന്നത്. സുരേഷിന്റെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് മറുനാടൻ മാധ്യമം അത് വാർത്തയാക്കിയിരുന്നു. തുടർന്ന് ആസ്റ്റർ മെഡിസിറ്റി അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. അതിൽ പറഞ്ഞ ഒരു കാര്യം കേട്ട് ചെറുതായ ഒരു സംശയം ഞങ്ങൾക്കും ഉണ്ടായി. അജയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചപ്പോൾ അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെന്ന് മാതാപിതാക്കൾ അറിയിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ സംഭവം ഇങ്ങനെയാണ്. അജയ്‌ക്ക് മസ്തിഷ്ക മരണം സംഭവിച്ചു എന്ന് ആശുപത്രി അധികൃതർ അജയിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു, തുടർന്ന് സ്വകാര്യ ആശുപത്രികൾക്ക് വേണ്ടിയെന്നോണം പ്രവർത്തിക്കുന്ന മൃതസഞ്ജീവനി ഉദ്യോഗസ്ഥർ കൂലിപ്പണിക്കാരായ അജയിയുടെ മാതാപിതാക്കളെ ബന്ധപ്പെട്ട് ബ്രെയിൻ വാഷ് ചെയ്യുന്നു, തകർന്നിരിക്കുന്ന അവരുടെ മൗനം പോലും സമ്മതമായി കരുതി അജയിയുടെ അവയവങ്ങൾ കഴുകന്മാർ വീതംവച്ചെടുക്കുന്നു. അല്ലാതെ സ്വന്തം മകൻ മരണപ്പെട്ടിരിക്കുന്ന സമയത്ത് ഏതെങ്കിലും അച്ഛനും അമ്മയും അവന്റെ അവയവം ദാനം ചെയ്യാൻ മൃതസഞ്ജീവനിയെ അന്വേഷിച്ച് പോകുമോ?.

കടപ്പാട്: Sajeer Arackal