രഹസ്യങ്ങൾ ഒളിപ്പിച്ചു വെക്കാനും ചതിയൻമാരെ വീഴ്ത്താനും ചില ആപ്പുകൾ…

ജീവിത പങ്കാളിയുടെ ഇ–മെയില്‍ പരിശോധിച്ചോ ഫോണുകളില്‍ വരുന്ന മെസേജുകള്‍ കണ്ടോ ഇന്റര്‍നെറ്റ് ഹിസ്റ്ററിയില്‍ പരതിയോ ഒക്കെയാണ് ഇതുവരെ പലതരം ചതികള്‍ പിടികൂടിയിരുന്നത്. എന്നാല്‍ സാങ്കേതികവിദ്യ കൂടുതല്‍ വളര്‍ന്ന കാലത്ത് ഈ പഴഞ്ചന്‍ രീതികള്‍ മാത്രം…

ജീവിത പങ്കാളിയുടെ ഇ–മെയില്‍ പരിശോധിച്ചോ ഫോണുകളില്‍ വരുന്ന മെസേജുകള്‍ കണ്ടോ ഇന്റര്‍നെറ്റ് ഹിസ്റ്ററിയില്‍ പരതിയോ ഒക്കെയാണ് ഇതുവരെ പലതരം ചതികള്‍ പിടികൂടിയിരുന്നത്. എന്നാല്‍ സാങ്കേതികവിദ്യ കൂടുതല്‍ വളര്‍ന്ന കാലത്ത് ഈ പഴഞ്ചന്‍ രീതികള്‍ മാത്രം പോര. ഇവയെയെല്ലാം മറികടന്ന് മറ്റുള്ളവരെ പറ്റിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരവധി ലഭ്യമാണ്. ഈ ആപ്ലിക്കേഷനുകളും ഉപയോഗവും തിരിച്ചറിയുക മാത്രമാണ് ഇത്തരം വെല്ലുവിളി മറികടക്കാനുള്ള ഏകമാര്‍ഗം.

പങ്കാളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ആരെങ്കിലും സ്മാർട്ട്ഫോണിലെ കാല്‍ക്കുലേറ്ററില്‍ തപ്പാറുണ്ടോ. എന്നാലിനി കാല്‍ക്കുലേറ്ററിലും തപ്പണമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. കാല്‍ക്കുലേറ്ററിന്റെ ലോഗോയില്‍ കാണപ്പെടുന്ന എല്ലാം യഥാര്‍ഥ കാല്‍ക്കുലേറ്ററാകണമെന്നില്ല. കാല്‍ക്കുലേറ്ററിന്റെ ലോഗോയില്‍ ഞെക്കി നോക്കുമ്പോള്‍ പാസ്‌വേഡ് അടിക്കാനുള്ള വിന്‍ഡോയിലേക്ക് പോയാല്‍ ഉറപ്പിച്ചോളൂ ഇത് രഹസ്യ ഫോട്ടോകള്‍ സൂക്ഷിച്ച ഇടമാണ്. പാസ്‌വേഡ് അടിച്ചാല്‍ തുറക്കുക ഫോട്ടോ/വീഡിയോ ഗാലറിയായിരിക്കും. ഇതിലുള്ള ചിത്രങ്ങള്‍ ഒരിക്കലും പ്രധാന ഫോട്ടോ ഗാലറിയിലുണ്ടാകില്ല.

പങ്കാളികളെ വഞ്ചിക്കുന്നവരുടെ സ്ഥിരം ആപ്ലിക്കേഷനാണ് ടൈഗര്‍ ടെക്സ്റ്റ്. ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റുകള്‍ രഹസ്യമായി സൂക്ഷിക്കാന്‍ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷന്‍. ഇതിനൊപ്പം നിങ്ങള്‍ക്ക് താത്പര്യമില്ലാത്ത ആരെങ്കിലും വിളിച്ചാല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാണെന്ന സന്ദേശമായിരിക്കും അവര്‍ക്ക് ലഭിക്കുക. സത്യത്തില്‍ ബിസിനസുകാര്‍ക്ക് വേണ്ടി നിര്‍മിച്ചതാണ് ടൈഗര്‍ ടെക്സ്റ്റ്. പക്ഷേ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത് പങ്കാളികളെ പറ്റിക്കാനാണെന്ന് മാത്രം.

നിങ്ങള്‍ക്ക് ഒരു വണ്‍വേ പ്രേമമുണ്ടെന്നിരിക്കട്ടെ സഹായത്തിനായി നോസി ട്രാപ്പിനെ ഉപയോഗിക്കാം. നിങ്ങള്‍ പ്രേമിക്കുന്നയാള്‍ക്ക് തിരിച്ചുമുണ്ടോയെന്ന് അറിയാനുള്ള പൊടിക്കൈയാണ് നോസി ട്രാപ്പിലുള്ളത്. എപ്പോഴൊക്കെ നിങ്ങള്‍ ഫോണ്‍ അലസമായി ഉപേക്ഷിക്കുന്നുവോ അപ്പോളെല്ലാം നിങ്ങളല്ലാതെ മറ്റാരെങ്കിലും ഫോണ്‍ തുറന്നാല്‍ അവരുടെ പടം നോസി ട്രാപ്പ് എടുക്കുമെന്നതും മറ്റൊരു ഫീച്ചറാണ്.

പങ്കാളിയുടെ ഫോണ്‍ നിങ്ങളെടുത്ത് നിമിഷങ്ങള്‍ക്കകം വൈബ്രേറ്റ് ചെയ്യുകയും പ്രത്യേകം മെസേജുകളോ മറ്റോ കാണാതിരിക്കുകയും ചെയ്താല്‍ സൂക്ഷിക്കണം. ഫോക്‌സ് പ്രൈവറ്റ് മെസേജ് എന്ന ആപ്ലിക്കേഷന്‍ പണി തുടങ്ങിയതായിരിക്കും. മറ്റാരെങ്കിലും ഫോണെടുത്താല്‍ തിരഞ്ഞെടുത്തതല്ലാത്ത പഴയ മെസേജുകളൊക്കെ ഡിലീറ്റ് ചെയ്യുകയാണ് ഫോക്‌സ് പ്രൈവറ്റ് മെസേജിന്റെ പണി. അപ്പോഴാണ് വൈബ്രേഷന്‍ വരിക. ഈ ആപ്ലിക്കേഷനുണ്ടെങ്കില്‍ ഏതെങ്കിലും നമ്പര്‍ പ്രൈവറ്റ് കോണ്‍ടാക്ടായി സൂക്ഷിച്ചാല്‍ അവിടെ നിന്നും വരുന്ന മെസേജുകളൊന്നും ഇന്‍ബോക്‌സിലേക്ക് പോകില്ല. പകരം ഫോക്‌സ് മെസേജിലായിരിക്കും സൂക്ഷിക്കപ്പെടുക.