രാമനാട്ടുകരയിലെ പ്രേതം.

രാമനാട്ടുകരയിലെ പ്രേതം ബാംഗ്ലൂരിൽ നില്ക്കുമ്പോഴാണ് അമൃത എന്ന എന്റെ കൂട്ടുകാരി വിളിച്ചത്.” റെനീഷേട്ടാ നിങ്ങൾ നാട്ടിൽ എത്തിയോ?”ഞാൻ പറഞ്ഞു അടുത്ത ദിവസം വരും എന്താ കാര്യം എന്ന്. ഞാൻ പറഞ്ഞില്ലേ റെനിഷേട്ടാ എന്റെ കൂട്ടുകാരിയും…

രാമനാട്ടുകരയിലെ പ്രേതം

ബാംഗ്ലൂരിൽ നില്ക്കുമ്പോഴാണ് അമൃത എന്ന എന്റെ കൂട്ടുകാരി വിളിച്ചത്.” റെനീഷേട്ടാ നിങ്ങൾ നാട്ടിൽ എത്തിയോ?”ഞാൻ പറഞ്ഞു അടുത്ത ദിവസം വരും എന്താ കാര്യം എന്ന്.

ഞാൻ പറഞ്ഞില്ലേ റെനിഷേട്ടാ എന്റെ കൂട്ടുകാരിയും കസിനും കൂടിയായ ലച്ചുവിന്റെ കാര്യം ചേട്ടാ അവൾ സ്നേഹിച്ചവർ, അവളുടെ ബെസ്റ്റ് ഫ്രണ്ട്സ് ബോയ് ഫ്രണ്ട്സ് അങ്ങനെ കുറച്ചു ഫ്രണ്ട്സും അവൾ ആത്മാർത്ഥമായി പ്രേമിച്ചവരും ദുരൂഹ സാഹചര്യത്തിൽ മരിച്ചു പോയി അപകട മരണമാണ് കൂടുതലും, കുറച്ചു കാലമായി ഇങ്ങനെ”” എന്താണ് അമൃത എനിക്ക് മനസിലായില്ല ” വീണ്ടും ഞാൻ ചോദിച്ചു

“റെനീഷേട്ടാ ലച്ചു ഇഷ്ടപ്പെടുന്ന കൂട്ടുകൂടുന്ന ബോയ് ഫ്രണ്ട്സുമാർ അപകടത്തിൽ മരിക്കുന്നു പുതിയ കൂട്ടുകാരൻ പോലും ഇവളെ കണ്ടതിനു ശേഷം തിരിച്ചു പോവുമ്പോഴോ അല്ലെങ്കിൽ ഫോൺ ചെയ്തതിനു ശേഷമോ ചാറ്റ് ചെയ്തതിനു ശേഷമോ പിന്നെ അവർ ജീവനോടെ ഇരിക്കില്ല.ചിലപ്പോൾ ഒരാഴ്ച കൂടിപ്പോയാൽ ഒരു മാസം അവർ അപകടത്തിൽ മരിക്കുന്നു. മരിക്കുന്നത് ആണുങ്ങൾ മാത്രം.”

അമൃത പറഞ്ഞ കാര്യം കേട്ട് എനിക്ക് അത്ഭുതമായി ഒരു ഞെട്ടലും. ഒരു പെൺകുട്ടി പ്രേമിക്കുന്നവരും അവൾ കൂട്ടുകൂടുന്ന ബോയ് ഫ്രണ്ട്സൊക്കെ പെട്ടെന്ന് മരിക്കുന്നു. എന്ത് സംഭവമാണത് വിശ്വസിക്കാൻ പറ്റിയില്ല എനിക്ക്.ഞാൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു ആ കുട്ടിയിൽ ബാധയുണ്ട് ദോഷമുണ്ട് എന്ന് വീട്ടുകാരും നാട്ടുകാരും വിലയിരുത്തുന്നു. ആ പെൺകുട്ടിയെ കാണുന്നതും മിണ്ടുന്നതും നാട്ടുകാർ അയിത്തം കല്പിച്ചു.

അവൾ വീട്ടിൽ നിന്നു പുറത്തിറങ്ങാറില്ല എല്ലാർക്കും അവളെ പേടിയാണ്. കോളേജ് ഹോസ്റ്റലിൽ നിന്നു അവളെ പുറത്താക്കി, അതോടെ മടുത്തിട്ടാവാം അവൾ വീട് വിട്ട് എവിടെയും പോവാറില്ല. പഠിത്തം പാതിവഴിയിലായി വീട്ടിൽ എന്നും നാമജപവും ഹോമവും. ഇന്നത്തെ കാലത്ത് ഇതൊക്കെ വിശ്വസിക്കുന്നവരുണ്ടോ പ്രേതവും ബാധയൊക്കെ ഇന്നും ഉണ്ടല്ലേ, അത് കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ നാട്ടിൽ എത്തി.
നാട്ടിലെത്തിയ ശേഷം അമൃത വീണ്ടും എന്നെ വിളിച്ചു.

” റെനീഷേട്ടാ നാട്ടിൽ എത്തിയില്ലേ ഒന്നു കാണാൻ പറ്റുമോ ഇവിടെ ചില സ്വാമിമാരൊക്കെ വന്നിട്ട് എന്തൊക്കെയോ പറയുന്നു അവളുടെ ജാതകം ശരിയില്ല, അസുരവിത്താണ് വീടിനു ദോഷമുണ്ട്, ശാപമാണ അച്ഛനെയടക്കം എല്ലാ ആണുങ്ങളെയും ഇവൾ കൊല്ലും എന്നൊക്കെ , അവൾക്ക് ഒന്നും അറിയില്ല അവൾ പാവമാണ് നമ്മളെ ഹെൽപ്പ് ചെയ്യാൻ ചേട്ടനു പറ്റുമോ ചേട്ടൻ ഒന്നു വരാമോ വന്നില്ലെങ്കിൽ അവൾ അടുത്ത ദിവസം ആത്മഹത്യ ചെയ്തെന്നു വരാം. പ്ലീസ്”

“എനിക്കെന്ത് ചെയ്യാൻ കഴിയും, ഞാൻ വരാം ചില കാര്യങ്ങൾ വെച്ചിട്ട് എനിക്ക് ഒരു പക്ഷെ പറയാൻ കഴിയും അവളുടെ ദേഹത്ത് ബാധയുണ്ടോ, ഇല്ലയോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് .100 % ഉറപ്പ് പറയാനും എനിക്ക് കഴിയില്ല. വായിച്ചു മനസിലാക്കിയ ചില കാര്യങ്ങളും അറിവുകളും ചില പുസ്തകങ്ങളുടെ സഹായത്തോടെയാണ് ഞാൻ ഒരോ കാര്യങ്ങൾ പറയുന്നത്. ”

” ചേട്ടൻ ഒന്നു വന്നാ മതി. ഒന്നും അറിയണമെന്നില്ല പക്ഷെ വരണം. ചെറുതാണെങ്കിലും എനിക്കൊരു പ്രതീക്ഷ ഉണ്ട്.അതാ പറഞ്ഞത് ജസ്റ്റ് വന്നാൽ മതി.”
അങ്ങനെ കോഴിക്കോട് രാമാനാട്ടുകരക്കാരായ അമൃതയോടും അവളുടെ കൂട്ടുകാരിയോടും തലശ്ശേരിയിൽ വരുവാൻ ഞാൻ ആവശ്യപ്പെട്ടു ആ കുട്ടി വരാൻ മടി കാണിച്ചു നിർബന്ധിച്ചു വിളിച്ചു വരുത്തി ഞാൻ.

അമൃത വന്നു എന്നെ കണ്ടു
” ആ കുട്ടി എവിടെ ലച്ചു “? ഞാൻ ചോദിച്ചു
“അവൾ നിങ്ങളെ കാണില്ല പരിചയപെടില്ല എന്നു പറഞ്ഞു ,നിങ്ങൾക്ക് വല്ലതും പറ്റിയാലോ എന്ന പേടിയാണ് ”
“അവളെ കാണാതെ പറ്റില്ല ”
അങ്ങനെ ലച്ചു വന്നു
“ഇരിക്ക്”കുട്ടിയോട് ഞാൻ പറഞ്ഞു

ഞങ്ങൾ സംസാരിച്ചു ലച്ചു ഒരു സാധാരണ കുട്ടിയാണ് രൂപത്തിലോ ഭാവത്തിലോ അസ്വഭാവികമായി ഒന്നും എനിക്ക് തോന്നിയില്ല ഞാൻ അടിമുടി അവളെ നോക്കി. മുട്ടോളം മുടിയുള്ള പെൺകുട്ടി ,തിളക്കമുള്ള കണ്ണുകൾ, ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങുന്ന നോട്ടം, കണ്ണുകളിൽ ഭയം, കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു അവൾക്ക് ഞാൻ മുന്നിലെ ഗ്ലാസിലെ വെള്ളം അവളുടെ അരികിലേക്ക് വെച്ചു കൊടുത്തു. “ലച്ചുവിനു 6 വിരൽ ഉണ്ട് അല്ലേ നല്ല ഭംഗിണ്ട് ” ആകെയൊരു പ്രത്യേകത അത് മാത്രമാണ്. അവളുടെ ചൂണ്ടുവിരലിനും നടുവിരലിനും ഒരേ വലിപ്പമാണ്. അവളുടെ ഭയം ഞാൻ അളക്കുകയിരുന്നു. ഇനി നോക്കിയാൽ അവൾ തലചുറ്റി വീണേക്കാം അതുകൊണ്ട് ഞാൻ അമൃതയോട് ചോദിച്ചു

“ഈ മരിച്ചവരൊക്കെ അപകടത്തിൽ മാത്രമാണോ മരിച്ചത് ”
“അതെ റെനീഷേട്ടാ അപകടമരണമാണ് കൂടുതൽ ബൈക്ക് അപകടങ്ങൾ എല്ലാം ഇവളെ കണ്ടതിനു ശേഷം പോവുമ്പോഴോ സംസാരിച്ചതിനു ശേഷമോ, ചാറ്റ് ചെയ്തതിനു ശേഷമോ ആണ് മരണം സംഭവിക്കുന്നത്, എന്താ അങ്ങനെ പേടിയാവുന്നു അമൃത പറഞ്ഞു”

ഞങ്ങൾ ഓരോ കോഫി കുടിച്ചു ഞാൻ പറഞ്ഞു എന്നെ ഒരു നല്ല ഫ്രണ്ടായിട്ട് കാണാവോ?
“അയ്യോ അത് വേണ്ട” അമൃത പറഞ്ഞു
“അതെന്താ പേടിയാണോ, ഞാൻ മരിച്ചു പോവും എന്നത് കൊണ്ടാണോ?”
” വേണ്ട വീട്ടിൽ ഒരു നല്ല കാര്യം നടക്കുകയല്ലേ അനിയത്തിടെ വിവാഹമൊക്കെ കഴിയട്ടെ എന്നിട്ട് നമ്മൾ വന്നു കണ്ടോളാം.”

“അനിയത്തിയുടെ വിവാഹത്തിന്റെ തിരക്കാണ് അതാണ് നിങ്ങളെ രണ്ടുപേരെയും ഇവിടേക്ക് വിളിച്ചുവരുത്തേണ്ടിവന്നത്.എടൊ ഇയാൾക്കു ഒരു കുഴപ്പമുള്ളതായിട്ട് എനിക്ക് തോന്നുന്നില്ല.”
ഒരു സുഹൃത്ത് ആയിട്ട് കാണാൻ അവൾ കൂട്ടാക്കിയില്ല അങ്ങനെ അവർ പോയി.അനിയത്തിയുടെ വിവാഹമൊക്കെ കഴിഞ്ഞ സമയത്ത് അമൃത വീണ്ടും വിളിച്ചു.

അടുത്ത ദിവസം ഞാൻ അവിടേക്കു വരാം എന്ന് പറഞ്ഞു.അന്ന് രാത്രി ഞാനും അഭിയും കണ്ണവം ഫോറസ്റ്റ് പരിസരത്തുള്ള ഞങ്ങളുടെ സുഹൃത്തായ ഉണ്ണിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത് ഉണ്ണി ഒറ്റക്കായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്.അവന്റെ അമ്മയും സഹോദരിമാരും അവരുടെ വീട്ടിൽ പോയിരുന്നു.

നിങ്ങൾ എന്നെങ്കിലും കാടിനുള്ളിൽ താമസിച്ചിട്ടുണ്ടോ? വൈകുന്നേരം 4 മണി കഴിഞ്ഞാൽ കാടിനുള്ളിൽ ഇരുട്ട് കയറും ഞാൻ കുറച്ചു സമയം കാടിന്റെ ഭംഗി ആസ്വദിച്ചു അവന്റെ വീടിന്റെ ഉമ്മറത്തു ഇരുന്നു.സന്ധ്യ കഴിഞ്ഞപ്പോൾ അഭിയും കൂട്ടുകാരൻ ഉണ്ണിയും വന്നു.ഒരു കോഴിയും അല്പം മദ്യവും.കോഴിയുമെടുത്ത് അഭി പിന്നാമ്പുറത്ത് പോയി ഉണ്ണിയോട് കുറെ വിശേഷങ്ങൾ പറഞ്ഞു ഇരുന്നപ്പോൾ അഭി മദ്യവുമായി വന്നു .

“ഇതെന്തിനാ 3 ഗ്ലാസ് എനിക്ക്‌ വേണ്ട “ഞാൻ പറഞ്ഞു
“അതെന്താ നിനക്കു വേണ്ടത്തത് ഈ തണുപ്പത്ത് കാട്ടിൽ ഇതിൽ ഇല്ലാതെ എങ്ങനെ കഴിയാനാടാ”
“എടാ അഭി നാളെ രാവിലെ പോവണം നമുക്കു കോഴിക്കോട്‌”
“എന്തിനു ഞാൻ ഇല്ല.””ഞാൻ ആ പെണ്കുട്ടിക്ക് വാക്കു കൊടുത്തുപോയി നാളെ ചെല്ലാം എന്നു.പോയേ പറ്റു. നീയും ഉണ്ടാവും ഇതൊക്കെ വലിച്ചു കേറ്റി നാളെ പോത്തു പോലെ കിടന്നുറങ്ങരുത്”

അവർ രണ്ടുപേരും കുടിച്ചു എന്തൊക്കെയോ പറയുന്നു അതും പറഞ്ഞകാര്യങ്ങൾ തന്നെ. ഭക്ഷണം കഴിഞ്ഞു അല്പനേരം ഇരിക്കാം എന്നുവെച്ചപ്പോഴാണ് പെട്ടെന്ന് കറണ്ട് പോയത്.ഞാൻ മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ചു.എന്തൊരു നിശ്ശബ്ദതയാണ്.അകലെയെവിടെയോ ഒരു കാട്ടരുവി ഓളങ്ങളിട്ടു ഒഴുകുന്നത് മാത്രം കേൾക്കാം.വാനിൽ ചന്ദ്രനും നക്ഷത്രങ്ങളും വെണ്മേഘങ്ങളും മാത്രം.

താഴെ മാനത്തേക്ക് ഉയർന്നു പൊങ്ങി നിൽക്കുന്ന കൂറ്റൻ മരങ്ങളും കുറുകുന്ന ഏതോ കാട്ടു പക്ഷികളുടെ ശബ്ദവും മാത്രം. മുറ്റത്തിറങ്ങി ഞാൻ മാനത്തേക്ക് നോക്കി നിന്നു താരകങ്ങൾ താഴേക്കു വന്നിരുന്നുവെങ്കിൽ അവരുടെ കൂടെ എനിക്കും മാനത്തേക്ക് പോവാമായിരുന്നു . കൊതിയോടെ നിൽക്കുമ്പോഴാണ് മുന്നിലെ മരത്തിന്റെ പൊത്തിൽ ഒരു പാമ്പിനെ കണ്ടത്. കാടാണ് ഉഗ്രവിഷമുള്ള പാമ്പാവും ഞാൻ അകത്തു കയറി.

രണ്ടുപേരും ഉറങ്ങിയിരിക്കുന്നു. വാതിലടച്ചു ഞാനും കിടന്നു.നല്ല കാറ്റുണ്ടെന്നു തോന്നുന്നു പുറത്ത് മരത്തിന്റെ ചില്ലകൾ തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദം മാത്രം കേൾക്കാം തണുപ്പ് നന്നായുണ്ട് ജനൽ വാതിൽ കാറ്റിൽ തുറന്നും അടഞ്ഞും ഇരുന്നു. അടക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അടയ്ക്കാൻ പറ്റിയില്ല, ജനൽ പാളികൾക്കിടയിൽ കൂടെ പാമ്പ് കേറിയാലോ പാമ്പിനെ എനിക്ക് ഭയമാണ്. തണുപ്പ് ഉള്ള സമയത്ത് വീടിന്റെ തുറന്നിട്ട ജനാലകൾക്കിടയിൽ കൂടെ ഇഴഞ്ഞു വന്നു ബെഡിനടിയിലും, തലയണകൾക്കിടയിലും, പുതപ്പിനുള്ളിലൊക്കെ കേറിനിക്കും.

പകൽ മുഴുവൻ തുറന്നിട്ട ജനാലകൾക്കിടയിൽ കൂടെ ഇഴഞ്ഞു അകത്തു കേറിയെന്നു വരാം.അലമാരയ്ക്ക് മുകളിലോ ഉള്ളിലോ കേറിയെന്നു വരാം.കട്ടിലിനടിയിൽ ചുരുണ്ടുകൂടി കിടന്നു രാത്രി കിടന്നുറങ്ങുമ്പോൾ പുതപ്പിനുള്ളിൽ കൂടെ ഇഴഞ്ഞു നമ്മുടെ കാലിന്റ മുകളിലൂടെ ശരീരത്തിലൂടെ ഇഴഞ്ഞെന്നു വരാം.അങ്ങനെ പാമ്പിനെ കുറിച്ചുള്ള ചിന്തകൾ മനസിലൂടെ പായുമ്പോഴാണ് മുറ്റത്തുടെ ആരൊ നടക്കുന്ന ശബ്ദം ഞാൻ കേട്ടത്.

അത് നടന്നു ഉമ്മറത്ത് എത്തി വാതിലിനു മുട്ടി കൊണ്ടിരുന്നു ആരായിരിക്കും ,ഈ അസമയത്ത് ആരു വരാനാണ് ഇവിടെ. അടുക്കളയിലെ ജനാലയിൽ കൂടെ നോക്കിയാൽ ഉമ്മറം കാണാം .വാതിലിനു മുട്ടുന്ന ശബ്ദം ഉറക്കനെയായി.കുറുക്കൻമാർ ഓലിയിടുന്ന ശബ്ദം കാരണം മറ്റുള്ള ശബ്ദങ്ങളൊന്നും കേൾക്കാനും പറ്റുന്നില്ല. ഞാൻ ശബ്ദമുണ്ടാക്കാതെ നടന്നു അടുക്കള ജനാലയിൽ കൂടെ നോക്കി ഉമ്മറത്തോ മുറ്റത്തോ ആരും തന്നെയില്ല പക്ഷെ വാതിലിനു മുട്ടുന്ന ശബ്ദം അപ്പോഴും കേൾക്കുന്നുണ്ട്.

ഇപ്പോൾ മുട്ടുന്ന ശബ്ദം പിന്നാമ്പുറത്തെ വാതിലിലാണ് ഞാൻ പിന്നാമ്പുറത്തെ വാതിലിനരികിൽ എത്തുമ്പോൾ അത് ഉമ്മറത്തെ വാതിലിൽ ആയി അങ്ങനെ മാറി മാറി മുട്ടുന്ന ശബ്ദം കേട്ടു. ഞാൻ രണ്ടു പേരയും തട്ടി വിളിച്ചു മദ്യലഹരിയിൽ ബോധമറ്റു കിടക്കുകയാണ് എന്ത് ചെയ്യും. കുറിച്യൻമാരുടെ സംഘതലവനായ കോപ്പാറൻ എന്നു വിളിക്കുന്ന വേലുവിന്റെ വീട് അതിനടുത്താണ് അവന്റെ മകന്റെ നമ്പർ കൈയ്യിൽ ഉണ്ട് അവനെ വിളിക്കാം എന്നു വെച്ചു ഞാൻ മൊബൈൽ എടുത്തു നാശം ജിയോ നെറ്റ് വർക്ക് അവിടെ ഇല്ല . അഭിയുടെയും ഉണ്ണിയുടെയും ഫോൺ എടുത്തു രണ്ടും ലോക്കാണു ഇപ്പോൾ എന്തു ചെയ്യും.

പെട്ടെന്നാണ് തട്ടിൻപുറത്ത് നിന്നൊരു പൂച്ച മുന്നിൽ ചാടിയത്. വാതിലിനു മുട്ടൽ തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തുടെ വലം വെച്ചു ആരോ ഓടുന്ന ശബ്ദം ഞാൻ കേട്ടത്, വീട് ചുറ്റും കിതച്ച് കിതച്ച് ആരോ ഓടുന്നു. വരുന്നിടത്ത് വെച്ചു കാണാം എന്നു മനസ്സിൽ കരുതി കൈയ്യിൽ മണ്ണെണ്ണ വിളക്കുമെടുത്ത് ഞാൻ ഉമ്മറത്തെ വാതിൽ കണ്ണടച്ച് തുറന്നു പുറത്തിറങ്ങിയതും പിന്നാമ്പുറത്ത് ഒരു പെൺക്കുട്ടിയുടെ അലർച്ചയും അട്ടഹാസവും പിന്നീട് ഒരു നിലവിളിയും ആ നിലവിളി അകലെ അരയാലിൽ പോയി തറച്ചു നിന്നപ്പോലെ എനിക്ക് തോന്നി. അരയാലിൽ ഒരു വെളിച്ചം മാത്രമേ ഞാൻ കണ്ടുള്ളു. പിന്നീട് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ചുവരിൽ ഞാൻ കണ്ടത് പിന്നിൽ ഒരു കറുത്ത കൈ എന്റെ മേലിലേക്ക് വരുന്നതായിട്ടാണ്.

തുടരും
റെനീഷ് ലിയോ ചാത്തോത്ത്