ലക്ഷ്മി ദേവിയും ജേഷ്ടാ ഭഗവതിയും , ഹൈന്ദവ സംസ്കാരത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പണ്ടൊക്കെ ത്രിസന്ധ്യാ സമയം മതിലിന്‌ വെളിയില്‍ ജ്യേഷ്‌ഠയ്‌ക്ക് പുക കാണിക്കുക എന്ന ഒരു രീതി ഉണ്ടായിരുന്നു. അതിനു ശേഷമാണ്‌ നിലവിളക്ക്‌ കൊളുത്തുക.അതായത്‌ വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി ചപ്പു ചവറുകള്‍ വെളിയില്‍ കൊണ്ടുപോയി കത്തിച്ചുകളയുക.…

പണ്ടൊക്കെ ത്രിസന്ധ്യാ സമയം മതിലിന്‌ വെളിയില്‍ ജ്യേഷ്‌ഠയ്‌ക്ക് പുക കാണിക്കുക എന്ന ഒരു രീതി ഉണ്ടായിരുന്നു. അതിനു ശേഷമാണ്‌ നിലവിളക്ക്‌ കൊളുത്തുക.അതായത്‌ വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി ചപ്പു ചവറുകള്‍ വെളിയില്‍ കൊണ്ടുപോയി കത്തിച്ചുകളയുക.
ശേഷം ജലം തളിച്ച്‌ പരിസരം ശുദ്ധമാക്കി പൂമുഖത്ത്‌ നിലവിളക്ക്‌ കൊളുത്തുക, സന്ധ്യാനാമം ജപിക്കുക,ഇതായിരുന്നു രീതി.പുകകണ്ട്‌ തൃപ്‌തിപ്പെട്ട്‌ ജ്യേഷ്‌ഠ വെളിയില്‍ നില്‍ക്കുകയും
ശുദ്ധിയും വൃത്തിയും നിലവിളക്കും നാമജപവും ഇഷ്‌ടപ്പെട്ട്‌ ലക്ഷ്‌മീഭഗവതി ഗൃഹത്തില്‍ പ്രവേശിക്കയും ചെയ്യുന്നു.
ഇതാണ്‌ വിശ്വാസം.

രണ്ടുപേരും ഭഗവതിമാര്‍ തന്നെ…ഒരാള്‍ ഐശ്വര്യത്തിന്റെ ദേവതയും മറ്റേയാള്‍ ദാരിദ്ര്യത്തിന്റെയും കഷ്‌ടപ്പാടുകളുടേയും ദേവതയും.ദേവന്മാര്‍ക്കുണ്ടായ ജരാനരകള്‍ മാറ്റുന്നതിനായി അമൃതു കഴിക്കണം എന്നുവന്നപ്പോള്‍ അമൃതിനുവേണ്ടി പാലാഴി കടഞ്ഞു, ആ സമയം പാലാഴിയില്‍ നിന്നും ഉത്ഭവിച്ചതാണ്‌ ലക്ഷ്‌മീദേവിയും ജ്യേഷ്‌ഠയും. ലക്ഷ്‌മിയെ വിഷ്‌ണുഭഗവാന്‍ തന്റെ പത്നിയായി സ്വീകരിച്ചു.

ജ്യേഷ്‌ഠയെ മൂശേട്ട എന്നും പറയുന്നു) ദുര്‍മ്മാര്‍ഗികളിലും വൃത്തിയും വെടിപ്പും ഇല്ലാത്തിടത്തും മദ്യപാനം ചൂതുകളി ഇവ ഉള്ളിടത്തും വസിക്കുന്നതിന്‌ അനുവദിച്ചു.

അതിനെ അടിസ്‌ഥാനപ്പെടുത്തിയാണ്‌ ഈ കഥ….

ഒരിക്കല്‍ ലക്ഷ്‌മീഭഗവതിയും ജ്യേഷ്‌ഠാഭഗവതിയും കൂടി ഒരു സായാഹ്നസവാരിക്കിറങ്ങി.
ഗ്രാമത്തിലെ തെരുവില്‍ക്കൂടി അവരങ്ങനെ കഥകള്‍ പറഞ്ഞു നടക്കുകയാണ്‌. ആ സമയം വഴിയരുകിലുള്ള ഒരു ഭവനത്തില്‍നിന്നും അതിമധുരമായ സ്വരത്തില്‍ ഒരാള്‍ ദേവിസ്‌തുതികള്‍ ആലപിക്കുന്നത്‌ കേട്ടു.രണ്ടുപേരും അതില്‍ ലയിച്ച്‌ അവിടെനിന്നു. അപ്പോള്‍ ജ്യേഷ്‌ഠ പറഞ്ഞു: ‘അനുജത്തീ നിന്നെ സ്‌തുതിച്ചു കൊണ്ടുള്ള കീര്‍ത്തനം ആരോ ആലപിക്കുന്നത്‌ കേട്ടില്ലേ? അത്‌ കേട്ടിട്ടും നീ എന്താണ്‌ അവിടെത്തന്നെ നില്‍ക്കുന്നത്‌. ഒന്ന്‌ കയറിയിട്ടു വരൂ. ”’ശരി’ എന്ന്‌ പറഞ്ഞ്‌ ലക്ഷ്‌മീദേവി ആ ഭവനത്തിലേക്ക്‌ കയറാന്‍ ഒരുങ്ങി. എന്നാല്‍ നടവാതില്‍ക്കലെത്തിയ ദേവി അവിടെത്തന്നെ വിഷമിച്ച്‌ നിന്നു. കാരണം ആ ഭവനം വളരെ വൃത്തിഹീനമായിരുന്നു.

നായ്‌ക്കളുടെയും പൂച്ചകളുടെയും മറ്റും വിസര്‍ജ്‌ജ്യവസ്‌തുക്കള്‍ അവിടവിടെ വീണു കിടന്നിരുന്നു. കോഴികള്‍ അതെല്ലാം ചികഞ്ഞു നടക്കുന്നു.കുളിക്കാതെയും വൃത്തിയില്ലാതെയും അല്‌പ വസ്‌ത്രധാരികളായ രണ്ടുമൂന്നു കുട്ടികള്‍ ഇവയുടെ ഇടയില്‍ക്കൂടി തമ്മില്‍ത്തല്ലി നടക്കുന്നു.പശുത്തൊഴുത്തും വളരെ വൃത്തിഹീനമായിരുന്നു. അതില്‍ ഒരു പശു എല്ലും തോലുമായിനിന്ന്‌ കരയുന്നു. ഗൃഹനാഥ തലയ്‌ക്ക് കൈയും കൊടുത്ത്‌ പാടുന്ന ആളിനെ ശകാരിച്ചു കൊണ്ടിരിക്കുന്നു. ഈയൊരവസ്‌ഥയില്‍ ലക്ഷ്‌മീദേവിക്ക്‌ അങ്ങോട്ട്‌ നോക്കുന്നതിനുപോലും സാധിച്ചില്ല.

ദേവി ജ്യേഷ്‌ഠയോട്‌ പറഞ്ഞു: ”ദേവീ ഇത്‌ എനിക്കിരിക്കാന്‍ പറ്റിയ ഇടമല്ല. അവിടുത്തേക്ക്‌ പറ്റിയ സ്‌ഥലമാണ്‌.

‘അതെയോ’ എന്ന ചോദിച്ച്‌ സന്തോഷത്തോടുകൂടി ജ്യേഷ്‌ഠ ആ വീടിനുള്ളിലേക്ക്‌ കാലെടുത്തുവച്ചതും അവരുടെ ഏക ആശ്രയമായിരുന്ന പശു നിലത്തു വീണ്‌ ചത്തു. തുടര്‍ന്ന്‌ അവിടെ കൂട്ടക്കരച്ചിലും ബഹളവുമാണ്‌ കേട്ടത്‌.
രണ്ടുപേരും വീണ്ടും മുമ്പോട്ടുതന്നെ നടന്നു.

കുറച്ചുദൂരം ചെന്നപ്പോള്‍ മറ്റൊരു വീട്ടില്‍നിന്നും ഒരു പശുവിന്റെ ദീനമായ കരച്ചില്‍ കേട്ടു. അതെന്താണെന്ന്‌ അറിയുന്നതിനായി രണ്ടുപേരും അവിടെത്തന്നെ നിന്നു. പതിവുപോലെ ആദ്യം ലക്ഷ്‌മീദേവിയാണ്‌ അകത്തേക്ക്‌ കയറിയത്‌. അവിടെക്കണ്ട കാഴ്‌ചകള്‍ ദേവിയെ സന്തോഷഭരിതയാക്കി.വീടും പരിസരവും തൂത്ത്‌ ചാണകം തളിച്ച്‌ ശുദ്ധമാക്കിയിട്ടിരിക്കുന്നു. പൂമുഖത്ത്‌ നിലവിളക്ക്‌ കത്തിച്ചുവച്ചിരിക്കുന്നു.ചന്ദനത്തിരിയുടെ സുഗന്ധം അവിടെയെങ്ങും നിറഞ്ഞുനില്‍ക്കുന്നു.ഗൃഹനാഥനും കുട്ടികളും പൂമുഖത്തിരുന്ന്‌ നാമം ജപിക്കുന്നു.തൊഴുത്തിലേക്ക്‌ നോക്കിയ ദേവി വളരെ സന്തോഷവതിയായി.കാരണം അവിടെ ഒരു പശു പ്രസവിക്കുന്നതിനുള്ള ആരംഭമാണ്‌.
ആ വീട്ടമ്മ അതിന്റെ വീര്‍ത്ത വയറില്‍ തലോടിയും സമാധാനിപ്പിച്ചും ഈശ്വരനാമം ഉരുവിട്ടുകൊണ്ട്‌ നില്‍ക്കുന്നു. ലക്ഷ്‌മീദേവി ആ മുറ്റത്തേക്ക്‌ കാലെടുത്തുവച്ചതും പശു പ്രസവിച്ചതും ഒന്നിച്ചായിരുന്നു.

ഒരു പശുക്കിടാവ്‌. ആ വീട്ടമ്മ പശുക്കിടാവിനെ കണ്ടതും സന്തോഷംകൊണ്ട്‌ ‘അമ്മേ മഹാമയേ നീ തുണച്ചു. മഹാലക്ഷ്‌മിയെപ്പോലെ ഇവള്‍ പിറന്നല്ലോ’ എന്നു പറഞ്ഞു. അതുകേട്ടതും ദേവി അറിയാതെ പുഞ്ചിരിച്ചുപോയി. ആ പുഞ്ചിരി ആ ഗൃഹത്തില്‍ സമസ്‌ത ഐശ്വര്യങ്ങളും നിറച്ചു. ലക്ഷ്‌മീദേവി തിരികെ ഇറങ്ങി കാത്തുനിന്ന ജ്യേഷ്‌ഠയോട്‌ പറഞ്ഞു:
‘വരൂ, ജ്യേഷ്‌ഠത്തി അങ്ങോട്ട്‌ നോക്കുകയേ വേണ്ട നമുക്ക്‌ യാത്ര തുടരാം.’

അവര്‍ മുമ്പോട്ട്‌ നടന്നു.

ഓരോ ഗൃഹത്തിന്റെയും ഐശ്വര്യം അതില്‍ വസിക്കുന്നവരുടെ കൈകളില്‍ത്തന്നെയാണ്‌. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഉപയോഗശൂന്യമായ വസ്‌തുക്കള്‍ സ്‌ഥിരമായി മുറികള്‍ക്കുള്ളില്‍ സൂക്ഷിക്കാതിരിക്കുക. കുട്ടികളെ കൃത്യമായി ദിനചര്യകള്‍ പാലിക്കുന്നതിന്‌ പരിശീലിപ്പിക്കുക.
ദൈവവിശ്വാസം, സ്‌നേഹം ഇവ കുട്ടികളില്‍ ദൃഢമാക്കുക.

മാതാപിതാക്കള്‍ തമ്മില്‍ കലഹിക്കുന്നത്‌ ഒഴിവാക്കുക; വിശിഷ്യാ കുട്ടികളുടെ സാന്നിധ്യത്തില്‍. ഒരു ചെറിയ പൂജാമുറി സൗകര്യപ്പെടുത്തി വൃത്തിയായി സൂക്ഷിച്ച്‌ രണ്ടു സന്ധ്യകളിലും ഇഷ്‌ട ദൈവത്തിന്റെ ചിത്രം വച്ച്‌ നിലവിളക്ക്‌ കൊളുത്തുക. ഒരല്‌പ സമയം ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കുക.

പൂജാമുറിക്ക്‌ സൗകര്യം ഇല്ലാത്തവര്‍ പൂമുഖത്ത്‌ കൊളുത്തിവയ്‌ക്കുക. അടുത്തുള്ള ക്ഷേത്രദര്‍ശനം നിര്‍ബന്ധമാക്കുക. ക്ഷേത്രദര്‍ശനം തീര്‍ച്ചയായും മനഃശുദ്ധി നല്‍കും.
വര്‍ഷത്തിലൊരിക്കല്‍ കുടുംബസമേതം പരദേവതാസ്‌ഥാനത്ത്‌ ദര്‍ശനം നടത്തുക.
ഇപ്രകാരം നാം നമ്മുടെ ജീവിതം ചിട്ടപ്പെടുത്തിയാല്‍ തീര്‍ച്ചയായും ലക്ഷ്‌മീദേവി നമ്മളെ വിട്ടുപോകുന്നതല്ല

ലക്ഷ്‌മീദേവിയും ജ്യേഷ്‌ഠാഭഗവതിയും എപ്പോഴും ഒരുമിച്ചാണ്‌ സഞ്ചരിക്കുന്നത്‌
ആരെ സ്വീകരിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ നാമാണ്‌.
നമ്മുടെ ചിന്തകളും പ്രവൃത്തികളുമാണ്‌