ലച്ചുവിനെ പ്രസവിച്ചിട്ട്‌ പോയതാ അമ്മ!!!

ലച്ചുവിനെ പ്രസവിച്ചിട്ട്‌ പോയതാ അമ്മ, അവൾക്കിപ്പോൾ പതിനൊന്നു വയസ്സായി, അമ്മയായും അച്ഛനായും , അവൾക്കു ഇതുവരെയും ഞാനായിരുന്നു… ഇന്ന് എനിക്ക്‌ വേണ്ടത്‌ ഒരു ഭാര്യയെ മാത്രമല്ല.. അവൾക്കു ഒരു ചേട്ടത്തിയമ്മേയും അല്ല . പകരം…

ലച്ചുവിനെ പ്രസവിച്ചിട്ട്‌ പോയതാ അമ്മ, അവൾക്കിപ്പോൾ പതിനൊന്നു വയസ്സായി, അമ്മയായും അച്ഛനായും , അവൾക്കു ഇതുവരെയും ഞാനായിരുന്നു… ഇന്ന് എനിക്ക്‌ വേണ്ടത്‌ ഒരു ഭാര്യയെ മാത്രമല്ല.. അവൾക്കു ഒരു ചേട്ടത്തിയമ്മേയും അല്ല . പകരം അവൾക്കു നീ ഒരു അമ്മയാകണം എന്നാണ് ചേട്ടൻ പെണ്ണുകാണൽ സമയത്ത്‌ പറഞ്ഞത്‌.
ആ വാക്കുകൾ വീണ്ടും ഓർമ്മ വന്നത്‌ നിലവിളക്കുമായി ആ വീടിന്റെ പടികൾ ആദ്യമായി ചവിട്ടുമ്പോൾ കൗതുകത്തോടെ നോക്കിയ ആ കുഞ്ഞു കണ്ണുകൾ കണ്ടപ്പോഴായിരുന്നു ……

എന്തിനും ഏതിനും അമ്മയെ വിളിച്ച്‌ കൊണ്ടിരുന്ന ഞാനൊരു അമ്മയായെന്നു മനസ്സിലാക്കിയത് ആ വീട്ടിൽ ചെന്നതിനു ശേഷമാണ്. രണ്ടാം ദിവസത്തെ ലെച്ചുവിന്റെ ചോദ്യം സത്യത്തിൽ എന്റെ കണ്ണു നിറയിപ്പിച്ചിരുന്നു…. കൂട്ടുകാർക്കെല്ലാം അമ്മയുണ്ട്‌, ഞാൻ അമ്മേന്ന് വിളിച്ചോട്ടെ ചേച്ചിയമ്മെന്ന് ചോദിച്ചപ്പോൾ അവളെ ചേർത്ത്‌ നിർത്തി പറഞ്ഞു കൊടുത്തു, അല്ല കാണിച്ച്‌ കൊടുത്തു…എന്നും അമ്മയായി കൂടെയുണ്ടാവുമെന്ന്.
മടിച്ചി ലച്ചുവിനെ രാവിലെ വിളിച്ച്‌ എഴുന്നേൽപ്പിക്കുമ്പോഴും , തലയിൽ എണ്ണ തേച്ച്‌, വഴക്ക്‌ പറഞ്ഞ്‌ കുളിപ്പിക്കുമ്പോഴും, കണ്ണുരുട്ടി ആഹാരം നൽകുമ്പോഴും , അവളോടോപ്പമിരുന്നു പഠിപ്പിക്കുമ്പോഴും , കഥ പറഞ്ഞു കൊടുത്ത്‌ ഉറങ്ങും മുമ്പും ആ കണ്ണുകൾ എന്നെ വിളിക്കുമായിരുന്നു അമ്മേന്ന്…

അമ്മ മരിച്ചതിൽ പിന്നെ മക്കൾക്ക്‌ വേണ്ടി ജീവിച്ചതാണു അച്ഛനെങ്കിലും അമ്മയുടെ ഓർമ്മകൾ അച്ഛനെ ഒരു സ്ഥിര മദ്യപാനിയാക്കിയിരുന്നു, അന്ന് ജോലിക്ക്‌ പോകും മുമ്പ്‌ അമ്മയുണ്ടാക്കുന്നതിൽ അച്ഛനിഷ്ടമുള്ള ഒടച്ചു കറിയോടോപ്പം, എന്റെ കണ്ണിരും കൂടി കണ്ടിട്ടാകണം അച്ഛൻ പറഞ്ഞു , ” മക്കളുടെ കാര്യം ഓർക്കുമ്പോൾ കുടിച്ച്‌ പോകുന്നതാ മോളെ , ഇപ്പോൾ അച്ഛന് ഉറപ്പുണ്ട്‌, അച്ഛന്റെ കാലശേഷം അവർക്ക്‌ അമ്മയുണ്ടാകുമെന്ന്….” അത് പറയുമ്പോൾ ആ നിറഞ്ഞ കണ്ണുകൾ എനിക്ക്‌ വാക്ക്‌ തന്നിരുന്നു ഇനി കുടിക്കില്ല എന്നുള്ളത്‌..

ദിവസക്കൂലി എന്റെ കൈയ്യിൽ വേണമെന്ന നിർബന്ധം മാത്രമായിരുന്നു ചേട്ടനു ഇഷ്ടമല്ലാത്തത്‌, മനസ്സില്ല മനസ്സോടെ തരുന്നതിൽ നിന്ന് വീട്ടു സാധനങ്ങൾ വാങ്ങുന്നതോടൊപ്പം ഒരു കുറിയുടെ പൈസ കൂടി മാറ്റി വെച്ച്‌ ലച്ചുവിനു ഒരു മാല വാങ്ങിയപ്പോൾ , “ആരാടീ പറഞ്ഞെ നിന്റെ അമ്മ മരിച്ചെന്ന്, ഈ നിൽക്കുന്നത്‌ നിന്റെ അമ്മയാന്ന് പറഞ്ഞ്‌ എന്നെയും അവളെയും ചേർത്ത്‌ പിടിച്ചപ്പോഴും ആ മനസ്സ്‌ എന്നെ അമ്മേന്ന് വിളിക്കുന്നത്‌ എനിക്ക്‌ കേൾക്കാമായിരുന്നു.

ഇന്നെന്റെ ലച്ചുവിന്റെ കല്ല്യാണമാണ് , താലികെട്ടിനു ശേഷം അച്ഛന്റെയും , ചേട്ടന്റെയും കാൽക്കൽ വീണു അനുഗ്രഹം വാങ്ങിയ ശേഷം എന്നെ തിരയുന്ന അവളുടെ കണ്ണുകൾ കണ്ടിട്ടാകണം , അമ്മാവൻ ചേട്ടത്തിയമ്മ എന്തിയെന്ന് തിരക്കിയത്‌.. അപ്പോഴെക്കും മുന്നിലെക്ക്‌ ഇറങ്ങിയ എന്നെ ചൂണ്ടി കാണിച്ചിട്ട്‌ ഇതെന്റെ അമ്മയാണെന്ന് വരനോട് അവൾ പറഞ്ഞപ്പോൾ നിറഞ്ഞ്‌ തുളുമ്പിയ എന്റെ കണ്ണുകളും സമ്മതിക്കുന്നുണ്ടായിരുന്നു, ഒരമ്മയാകാൻ പ്രസവിക്കണമെന്നില്ല എന്നുള്ളത്‌…..

കടപ്പാട് : Shanavas Jalal