ലാൽ മരുമകളോട് പറഞ്ഞു ,നീയത് കണ്ടിട്ട് വീട്ടില്‍ കയറിയാല്‍ മതി …..

നായകരേക്കാള്‍ എണ്ണത്തില്‍ കൂടുതലായിരിക്കും മലയാളത്തില്‍ വില്ലന്മാര്‍. എണ്ണിയാല്‍ തീരാത്ത ഈ വില്ലന്മാര്‍ക്കിടയില്‍ രൂപവും ഭാവവും ശബ്ദവും കൊണ്ട് വേറിട്ടുനിന്നൊരാളാണ് മാറിമാറി നായകനും തമാശക്കാരനും സംവിധായകനുമൊക്കെയായ ലാല്‍. രൂപത്തേക്കാള്‍ മുഴക്കമുള്ള, ചിലപ്പോള്‍ അവ്യക്തമാവുന്ന ശബ്ദം തന്നെയാണ്…

നായകരേക്കാള്‍ എണ്ണത്തില്‍ കൂടുതലായിരിക്കും മലയാളത്തില്‍ വില്ലന്മാര്‍. എണ്ണിയാല്‍ തീരാത്ത ഈ വില്ലന്മാര്‍ക്കിടയില്‍ രൂപവും ഭാവവും ശബ്ദവും കൊണ്ട് വേറിട്ടുനിന്നൊരാളാണ് മാറിമാറി നായകനും തമാശക്കാരനും സംവിധായകനുമൊക്കെയായ ലാല്‍. രൂപത്തേക്കാള്‍ മുഴക്കമുള്ള, ചിലപ്പോള്‍ അവ്യക്തമാവുന്ന ശബ്ദം തന്നെയാണ് ലാലിന്റെ ഹൈലൈറ്റ്. പുതിയ മിമിക്രിക്കാര്‍ക്ക് ഈ പഴയ മിമിക്രിക്കാരന്‍ പ്രിയങ്കരനാവുന്നതും ഇതുകൊണ്ടൊക്കെ തന്നെ.

എന്നാല്‍, വെള്ളിത്തിരയില്‍ വില്ലനായി വിറപ്പിക്കുന്നതിന് മുന്‍പ് സ്റ്റേജില്‍ പെണ്ണായി കുഴഞ്ഞാടിയ ഒരു കാലമുണ്ടായിരുന്നു ലാലിന്. അതിന് കാരണമായതാവട്ടെ തന്റെ ശബ്ദവും. ഇന്ന് മലയാളത്തിലെ ഏറ്റവും മുഴക്കമുള്ള ശബ്ദത്തില്‍ ഡയലോഗ് കാച്ചുന്ന ലാലിന് ചെറുപ്പത്തില്‍ പെണ്ണിന്റെ ശബ്ദമായിരുന്നുവെന്ന് പറഞ്ഞാല്‍ ഏറെപ്പേരൊന്നും വിശ്വസിക്കില്ല. പക്ഷേ, അതാണ് സത്യം. ആ കഥ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട് ലാല്‍.

“പണ്ട് ഞാന്‍ അമച്വര്‍ നാടകത്തിലാണ് അഭിനയിച്ചിരുന്നത്. പറഞ്ഞാല്‍ വിശ്വസിക്കില്ല. ഞാനതില്‍ സ്ത്രീവേഷമാണ് ചെയ്തിരുന്നത്. എനിക്ക് കറക്ട് പെണ്ണിന്റെ ശബ്ദമായിരുന്നു. ബലിത്തറ എന്ന നാടകത്തിലെ നായിക ഞാനായിരുന്നു. അന്ന് നല്ലവണ്ണം മെലിഞ്ഞിട്ടാണ്. നന്നായി കറുത്തിട്ടും. എടുത്തുപറയത്തക്ക ഉയരവുമില്ല. പക്ഷേ, നാടകത്തില്‍ നമ്മുടെ രൂപമൊന്നും പ്രശ്നമല്ലല്ലോ. അതില്‍ വിജയിക്കാന്‍ ശബ്ദം മാത്രം മതി.

ഒന്‍പതാം ക്ലാസ് വരെയൊക്കെ പെണ്‍ശബ്ദം തന്നെയായിരുന്നു. പത്തിലെത്തിയപ്പോഴേക്കും വെള്ളിവീഴുന്ന പോലെയായി. സംസാരിക്കുന്നതിനിടയ്ക്കൊരു അപശ്രുതി വരും. പിന്നെയാണ് ആണ്‍ശബ്ദത്തിലേയ്ക്ക് മാറുന്നതും അതിന്റെ ട്രിപ്പിള്‍ എക്സ് എന്ന അവസ്ഥയിലെത്തുന്നതും.

സിനിമ കാണാന്‍ പ്രാന്തുള്ള ഒരു കാലമുണ്ടായിരുന്നു. എന്നാലും സിനിമയില്‍ കയറണമെന്നൊന്നും തോന്നിയിട്ടില്ല. ആ ചിന്ത വന്നത് ഒരിക്കല്‍ മാത്രമാണ്. അന്ന് ഞങ്ങള്‍ അമ്പലമുകള്‍ റിഫൈനറിയില്‍ ഒരു  പ്രോഗ്രാം ചെയ്തു. ഉദ്ഘാടനം ചെയ്യാന്‍ വന്നത് ബാലചന്ദ്ര മേനോനാണ്. അദ്ദേഹം പ്രോഗ്രാം കണ്ടാല്‍ ഞങ്ങളെ ആരെയൊക്കെയോ സിനിമയിലെടുക്കുമെന്ന് ഒരു കഥ പരന്നു.

എല്ലാവും ഭയങ്കര പെര്‍ഫോമെന്‍സ്. പക്ഷേ, പരിപാടി കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് പ്രോഗ്രാം തുടങ്ങുന്നതിന് മുന്‍പ് തന്നെ പുള്ളി സ്ഥലം വിട്ടിരുന്നെന്ന്. പ്രേക്ഷകര്‍ ഇരിക്കുന്ന സ്ഥലത്ത് ഇരുട്ടായതു കൊണ്ട് ഞങ്ങളാരും അത് കണ്ടില്ല.

എന്നാലും സിനിമ കാണുന്ന പ്രാന്തിന് കുറവൊന്നുമുണ്ടായില്ല. അന്നൊക്കെ ഞാന്‍ ദിവസം രണ്ടു പടമെങ്കിലും കാണും. കെ.ജി. ജോര്‍ജിന്റെ യവനിക നൂറുവട്ടമെങ്കിലും കണ്ടിട്ടുണ്ട്. ഈയടുത്ത മോന്‍ ജീന്‍ പോള്‍ കല്ല്യാണം കഴിച്ചു വന്നപ്പോള്‍ ഞാന്‍ അവന്റെ ഭാര്യയോട് യവനിക കണ്ടോയെന്ന് ചോദിച്ചു. അവള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ പിടിച്ചിരുത്തി യവനിക കാണിച്ചേ വിട്ടുള്ളൂ. അത് കണ്ടിട്ട് വീട്ടില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞു.”