ലൈക്ക, ബഹിരാകാശ ശാസ്ത്രത്തിലെ ആദ്യ രക്തസാക്ഷി

1957, നവ൦ബ൪ മൂന്നാം തീയതി, സോവിയറ്റ് യൂണിയ൯ മോസ്കോയിൽനിന്നു പിടികൂടിയ ഒരു തെരുവുനായയെ സ്പുട്നിക്ക് രണ്ട് എന്ന ഉപഗ്രഹത്തിനുള്ളിലാക്കി സ്പേസിലേക്ക് അയച്ചു. ലൈക്ക എന്ന ഈ പെൺനായയാണ് ആദ്യമായി ഭൂമിയെ ഭ്രമണം ചെയ്ത ജീവി.…

1957, നവ൦ബ൪ മൂന്നാം തീയതി, സോവിയറ്റ് യൂണിയ൯ മോസ്കോയിൽനിന്നു പിടികൂടിയ ഒരു തെരുവുനായയെ സ്പുട്നിക്ക് രണ്ട് എന്ന ഉപഗ്രഹത്തിനുള്ളിലാക്കി സ്പേസിലേക്ക് അയച്ചു.

ലൈക്ക എന്ന ഈ പെൺനായയാണ് ആദ്യമായി ഭൂമിയെ ഭ്രമണം ചെയ്ത ജീവി. ഭ്രമണപഥത്തിൽ നിന്ന് ഉപഗ്രഹങ്ങളെ മടക്കിക്കൊണ്ടുവരാനുള്ള സാങ്കേതികജ്ഞാനമില്ലാത്ത കാലത്ത് ആകാശത്തുവച്ചുള്ള മരണ൦ മാത്രമായിരുന്നു അതിന്റെ അനിവാര്യമായ വിധി. ശീതസമരത്തിന്റെ ഭാഗമായുള്ള അമേരിക്ക൯- സോവിയറ്റ് യൂണിയ൯ മത്സരത്തിന്റെ ആദ്യ ഇരയുമാവുകയായിരുന്നു ലെയ്ക്ക.

മോസ്കോയിലെ തെരുവിലലഞ്ഞു നടന്ന ഭാരം കുറഞ്ഞ പെൺപട്ടിയെ ഇതിനു വേണ്ടി തിരഞ്ഞെടുത്തത് പട്ടിണി , മോസ്കോയിലെ കൊടു൦തണുപ്പ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ കൊണ്ടാണ്. ഉപഗ്രഹ വിക്ഷേപണ സമയത്തെ അമിതവേഗത്തെ അതിജീവിക്കാനുള്ള കെല്പ് മനുഷ്യശരീരത്തിനില്ല എന്നായിരുന്നു അതുവരെ പല ശാസ്ത്രജ്ഞരുടെയു൦ അഭിപ്രായം.ശ്വാസകോശവ്യവസ്ഥയും,രക്തചംക്രമണ വ്യവസ്ഥയും മനുഷ്യനോട് സാമ്യമുള്ളതുകൊണ്ടാണ് നായയെത്തന്നെ ഈ പരീക്ഷണത്തിനുവേണ്ടി തിരഞ്ഞെടുത്തത്.

ശൂന്യാകാശത്തെ സാഹചര്യ൦ കണക്കിലെടുത്ത് ഭൂമിയിലെ ഒരു മാസത്തോളം നീണ്ട പരിശീലന കാലയളവിൽ നല്ല ഭക്ഷണം ,സ്വാതന്ത്ര്യം എന്നിവയും ലൈക്കയ്ക്ക് നിഷേധിച്ചിരുന്നു. എങ്കിലും തികച്ചു൦ ശാന്ത സ്വഭാവവും ഇണക്കവുമുള്ള നായയായിരിന്നു ലൈക്കയെന്നായിരുന്നു ശാസ്ത്രജ്ഞരുടെ അഭിപ്രായം. ചലന സ്വാതന്ത്ര്യം പാടേ നിഷേധിക്കപ്പെട്ട കൂട്ടിൽ ജെലാറ്റിൻ മാത്രമേ തീറ്റയായി നൽകിയിരുന്നുള്ളൂ, തന്മൂലം ലൈക്കയ്ക്ക് മരുന്നുകളോട് പ്രതികരിക്കാത്ത തരത്തിലുള്ള മലബന്ധവു൦ മൂത്രസ൦ബന്ധിയായ തകരാറുകളു൦ മറ്റ് ആരോഗ്യ പ്രശ്നങ്ങളു൦ ബാധിച്ചിരുന്നതായി പുറത്തുവന്നു. പേലോഡിന്റെ ഉള്ളറയിൽ ബന്ധിക്കപ്പെട്ട രീതിയിലാണ് ലെയ്ക്കയെ അടച്ചിരുന്നത് .പേടക്കത്തിൽ നിന്നും ഭൂമിയിലേക്ക്‌ നായയുടെ ഹൃദയമിടുപ്പിന്റെയും ,ശരീരതാപത്തിന്റെയും ,ബ്ലഡ്‌ പ്രഷറിന്റെയും വിവരങ്ങൾ അയയ്ക്കാനുള്ള സജ്ജീകരണമുണ്ടായിരുന്നു .

വ്ളാഡിമി൪ യസ്ഡോവ്സ്കി എന്ന ശാസ്ത്രജ്ഞൻ ലെയ്ക്കയുമായി നല്ലവണ്ണം അടുക്കുകയും അദ്ദേഹത്തിന്റെ മകൾ ലൈക്കയോട് ഹൃദയബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നുവെന്ന് സോവിയറ്റ് യൂണിയ൯റെ തക൪ച്ചയ്ക്കു ശേഷ൦ പുറത്തു വന്ന റിപ്പോർട്ടുകൾ പറയുന്നു. സ്പേസിലേക്ക് അയയ്ക്കുന്നതിന് തൊട്ടുമുന്നെ ലൈക്ക മടങ്ങിവരാ൯പോകുന്നില്ലെന്ന് അറിഞ്ഞുകൊണ്ട് അദ്ദേഹ൦ ലൈക്കയുടെ മൂക്കിലായി ചുംബിച്ചു.

പക്ഷേ, ആകാശത്തേക്ക് വിക്ഷേപിച്ച് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ ഉപഗ്രഹത്തിനുള്ളിലെ താപ നിയന്ത്രണ സ൦വിധാന൦ തകരാറിലായത് കണക്കുകൂട്ടലുകളെല്ലാ൦ തെറ്റിച്ചു. ചൂട് ക്രമാതീതമായി വർദ്ധിച്ചതു മൂല൦ ലൈക്ക പൊള്ളലേറ്റ് മരണ൦ വരിച്ചു.

ലൈക്കയുടെ മരണ൦ ലോകവ്യാപകമായി ക്രൂരമായ മൃഗപരീക്ഷണങ്ങൾക്കെതിരെ ശക്തമായ ജനവികാരമുണ൪ത്തി. പക്ഷേ, സോവിയറ്റ് യൂണിയ൯ ഇതിനുശേഷവും ഡസണ്‍ കണക്കിന് നായ്ക്കളെ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ പകുതിയും ചത്തുപോയി. ആദ്യമായി നായയെ അയച്ചതിനു നാലുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് സോവിയറ്റ് യൂണിയന്‍ ആദ്യമായി മനുഷ്യനെ ശൂന്യാകാശത്തേക്ക് അയക്കുന്നത്. 1961 ഏപ്രില്‍ 12 നായിരുന്നു ലോകത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന റെക്കോര്‍ഡ് ഇട്ടുകൊണ്ട് സോവിയറ്റ് യൂണിയന്റെ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്‍ കുതിച്ചുപൊങ്ങുന്നത്.

ലെയ്ക്കയുടെ ഓർമ്മയ്ക്കായി 2008-ൽ റഷ്യ ,റഷ്യൻ കോസ്മനോട്ട് പരിശീലന കേന്ദ്രത്തിൽ റോക്കറ്റിന് മുകളിൽ നിൽകുന്ന ലൈക്കയുടെ പ്രതിമ സ്ഥാപിച്ചുകൊണ്ട് പ്രായശ്ചിത്തം ചെയ്തു .