വിങ്ങലായി മനസിനെ കൊളുത്തി വലിക്കുന്നു, റാം-ജാനു പ്രണയം!

96 എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതലുള്ള സംശയമായിരുന്നു എന്താണ് 96? ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ സംശയം മറ്റൊന്നായി ഒരു പ്രണയകഥയ്ക്ക് എന്തിനാണ് ഇങ്ങനെ ഒരു പേര്? തഞ്ചാവൂര്‍ ഓള്‍ സെയ്ന്റ്‌സ് ഹയര്‍…

96 എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതലുള്ള സംശയമായിരുന്നു എന്താണ് 96? ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ സംശയം മറ്റൊന്നായി ഒരു പ്രണയകഥയ്ക്ക് എന്തിനാണ് ഇങ്ങനെ ഒരു പേര്? തഞ്ചാവൂര്‍ ഓള്‍ സെയ്ന്റ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1996 ബാച്ച് വിദ്യാര്‍ത്ഥികളായ കെ രാമചന്ദ്രന്റേയും എസ് ജാനകി ദേവിയുടേയും പ്രണയത്തിന്റെ കഥയാണ് രണ്ടര മണിക്കൂര്‍ 37 മിനിറ്റ് ദൈര്‍ഘ്യമുള്ള 96.

വിജയ് സേതുപതിയുടെ ആദ്യകാല ചിത്രമായ നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ചിത്രത്തിന്റെ ക്യാമറാമാനായിരുന്ന സി പ്രേം കുമാര്‍ തന്റെ പ്രഥമ സംവിധാന സംരംഭത്തിന് പ്രണയം പ്രമേയമായി തിരഞ്ഞെടുത്തെങ്കിലും വാണിജ്യ സിനിമയുടെ കളങ്കമേല്‍പ്പിക്കാതെ വഴിമാറി സഞ്ചരിക്കുന്ന ഗൃഹാതുരമായ ഒരു പ്രണയം ചിത്രമായിട്ടാണ് 96 പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.

ചുരുക്കം: ഗൃഹാതുരതയെ ചേര്‍ത്തുനിര്‍ത്തിയൊരുക്കിയ 96 മനസ്സില്‍ ഒരു വിങ്ങല്‍ അവശേഷിച്ചാണ് അവസാനിക്കുന്നത്.

കെ രാമചന്ദ്രന്‍
കെ രാമചന്ദ്രന്‍ (വിജയ് സേതുപതി) എന്ന ട്രാവല്‍ ഫോട്ടോഗ്രാഫറുടെ ഫോട്ടോഗ്രാഫി ജീവിതം വരച്ചു കാണിക്കുന്ന ഒരു ഗാന രംഗത്തിലൂടെ ചിത്രം ആരംഭിക്കുന്നത്. റാം എന്ന കെ രാമചന്ദ്രന്റെ യാത്ര തഞ്ചാവൂരിലെ തന്റെ സ്‌കൂളിന് മുന്നിലെത്തിയപ്പോള്‍, 22 വര്‍ഷത്തിന് ശേഷം അയാള്‍ ഗേറ്റ് കടന്ന് സ്‌കൂളിനുള്ളിലേക്ക് പ്രവേശിക്കുന്നു. തന്റെ സ്‌കൂള്‍ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന റാം സഹപാഠിയായിരുന്ന മുരളിയെ വിളിക്കുന്നു. ആ വിളി അവസാനിക്കുന്നത് 96 ബാച്ചിന്റെ റീയൂണിയനിലാണ്. ചെന്നൈയാണ് അവര്‍ റീയൂണിയന് വേണ്ടി തിരഞ്ഞെടുത്തത്. അവിടെ നിന്നും റാം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത് തന്റെ ബാല്യകാല പ്രണയത്തിലേക്കാണ്.

എസ് ജാനകി
എസ് ജാനകി ദേവി എന്ന ജാനു, പാട്ട് പാടുന്ന എപ്പോഴും പാട്ടിനേക്കുറിച്ച് സംസാരിക്കുന്ന ജാനു. അവര്‍ക്കിടയില്‍ നിശബ്ദമായി ഒരു പ്രണയം മൊട്ടിടുകയാണ്. തുറന്ന് പറയാതെ, എന്നാല്‍ പരസ്പരം അറിയുന്ന പ്രണയം. ചുണ്ടുകള്‍ക്ക് പകരം കണ്ണുകള്‍ സംസാരിക്കുന്ന, മൗനത്തിലും വാചാലമാകുന്ന ആ പ്രണയം പശ്ചാത്തല സംഗീതത്തിലൂടേയും ജാനുവിന്റെ പാട്ടിലൂടേയും പ്രേം കുമാര്‍ പ്രേക്ഷകര്‍ക്കും അനുഭവേദ്യമാക്കുന്നു. പത്താം ക്ലാസിലെ അവസാന പരീക്ഷയ്ക്ക് ശേഷം യാത്ര പറഞ്ഞ് പിരിയുന്ന ജാനുവും റാമും പിന്നീട് 22 വര്‍ഷത്തിന് ശേഷം കണ്ടുമുട്ടുകയാണ് ഈ റീയൂണിയനില്‍.

ഒന്നാം പാതി
ഒന്നാം പാതിയില്‍ 96 ബാച്ചിലെ സഹപാഠികളും കഥാപാത്രങ്ങളാകുന്ന ചിത്രം രണ്ടാം പാതിയില്‍ ജാനുവിലേക്ക് റാമിലേക്കും മാത്രമായി ഒതുങ്ങുന്നു. 22 വര്‍ഷങ്ങള്‍, കാലം ശാരീരികവും മാനസീകവുമായ മാറ്റങ്ങളും പക്വതയും റാമില്‍ വരുത്തിയെങ്കിലും ജാനുവിനെ കാണുന്ന മാത്രയില്‍ അവന്‍ പഴയ പത്താം ക്ലാസുകാരനാകുന്നു. അണയാതെ എരിയുന്ന കനലായി ഇരുവരിലും ഇപ്പോഴും പ്രണയം ജ്വലിക്കുന്നത് തിരിച്ചറിയുന്ന പ്രേക്ഷകര്‍ക്ക്് അറിയേണ്ടത് എന്തേ ഇരുവരും വിവാഹിതരായില്ല എന്നാണ്, അതിനുള്ള ഉത്തരം അനവാരണം ചെയ്യപ്പെടുകയാണ് രണ്ടാം പാതിയില്‍.

റാം-ജാനു
റാം-ജാനു പ്രണയം പ്രേക്ഷക ഹൃദയങ്ങളെ സ്പര്‍ശിച്ചതില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. വിജയ് സേതുപതിയുടേയും തൃഷയുടേയും കൈകളില്‍ ഈ കഥാപാത്രങ്ങള്‍ ഭദ്രമായിരിക്കുന്നു. തന്മയത്വവും സ്വാഭാവികവുമായ പ്രകടനം കൊണ്ട് ഇരുവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇരുവരുടേയും ബാല്യകാലം അവതരിപ്പിച്ച ആദിത്യ ഭാസ്‌കറും ഗൗരി ജി കിഷനും പ്രശംസ അര്‍ഹിക്കുന്നു. ആദ്യ ലാപ്പില്‍ ഇവര്‍ ഓടിയെത്തിയ ലീഡിലാണ് വിജയ് സേതുപതിയും തൃഷയും കുതിച്ച് പായുന്നത്.

‘കാതലേ കാതലേ’
ചിത്രത്തില്‍ ഏറ്റവും എടുത്ത് പറയേണ്ട ഘടകം ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ്. തിയറ്റര്‍ വിട്ടിറങ്ങുമ്പോഴും ‘കാതലേ കാതലേ’ എന്ന ഗാനം ചുണ്ടുകള്‍ മൂളിക്കൊണ്ടിരിക്കും. പ്രശസ്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിലെ വയലിനിസ്റ്റ് ഗോവിന്ദ് മേനോനാണ് 96ലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഗൃഹാതുരതയെ ഒപ്പം ചേര്‍ത്ത് നിര്‍ത്തി പതിഞ്ഞ താളത്തില്‍ മുന്നോട്ട് നീങ്ങുന്ന ചിത്രത്തിന് വാണിജ്യ സിനിമ ആവശ്യപ്പെടുന്ന ചേരുവകളോ ഗതിവേഗമോ ഇല്ല. അതുകൊണ്ട് തന്നെ അത്തരത്തിലൊരു ആഘോഷം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ നിരാശപ്പെട്ടേക്കാം. അതേ സമയം പ്രണയം ഒരു വിങ്ങലായി മനസില്‍ സൂക്ഷിക്കുന്ന പ്രേക്ഷകന് 96 ഒരു മികച്ച അനുഭവമായിരിക്കും.