വിനീതിനെ കാണാൻ ഒടിഞ്ഞ കാലുമായെത്തിയ ആ ചെറുപ്പക്കാരൻ …….

സുഹൃത്തുക്കള്‍ക്കൊപ്പം ഒടിഞ്ഞ കാലുമായി അന്ന് അവിടെ വിനീതിനെ കാണാനെത്തിയ താടിക്കാരനെ സിനിമയിലേക്ക് തിരഞ്ഞെടുത്തിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ് സിനിമയിലേക്ക് താരങ്ങളെ കണ്ടെത്തുന്നതിനായി വിനീത് ശ്രീനിവാസന്‍ ഓഡീഷന്‍ സംഘടിപ്പിച്ചിരുന്നു.ദിലീപായിരുന്നു ചിത്രം നിര്‍മ്മിച്ചത്. വിനീതിന്റെ മാത്രമല്ല നിവിന്റെയും തുടക്കം…

സുഹൃത്തുക്കള്‍ക്കൊപ്പം ഒടിഞ്ഞ കാലുമായി അന്ന് അവിടെ വിനീതിനെ കാണാനെത്തിയ താടിക്കാരനെ സിനിമയിലേക്ക് തിരഞ്ഞെടുത്തിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ് സിനിമയിലേക്ക് താരങ്ങളെ കണ്ടെത്തുന്നതിനായി വിനീത് ശ്രീനിവാസന്‍ ഓഡീഷന്‍ സംഘടിപ്പിച്ചിരുന്നു.ദിലീപായിരുന്നു ചിത്രം നിര്‍മ്മിച്ചത്. വിനീതിന്റെ മാത്രമല്ല നിവിന്റെയും തുടക്കം അവിടെ നിന്നായിരുന്നു.

തലശ്ശേരിയിലെ ചെറുപ്പക്കാരായി അരങ്ങേറിയ അഞ്ച് പുതുമുഖ താരങ്ങള്‍ മലയാള സിനിമയില്‍ തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് വ്യത്യസ്ത വേഷത്തില്‍ നിരവധി ചിത്രങ്ങളില്‍ അവരില്‍ പലരെയും നമ്മള്‍ കണ്ടു. അക്കൂട്ടത്തില്‍ നിവിന്‍ പോളിയും അജു വര്‍ഗീസുമാണ് ഇന്നും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

മലര്‍വാടിയിലെ പ്രകാശനായി തുടക്കം കുറിച്ചു

മലര്‍വാടി ആര്‍ട്‌സ് ക്ലബില്‍ പ്രകാശനെന്ന താടിക്കരാനായാണ് നിവിന്‍ വേഷമിട്ടത്. കാലൊടിഞ്ഞ് കിടപ്പിലായതു കാരണം ഷേവ് പോലും ചെയ്യാതെ സുഹൃത്തുക്കളുടെ സഹായത്തോടെ വിനീതിനെ കാണാനെത്തിയ സിനിമാ മോഹിയായ ചെറുപ്പക്കാരനെ വിനീതും മലയാള സിനിമയും ഏറ്റെടുക്കുകയായിരുന്നു.

അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുന്നതിനിടയില്‍ തന്നെ സിനിമാ മോഹം നിവിന്റെ തലയിലുണ്ടായിരുന്നു. പഠനം കഴിഞ്ഞ് ബംഗലുരു ഇന്‍ഫോസിസില്‍ ജോലി കിട്ടിയപ്പോഴും സിനിമാമോഹം കൈവിട്ടിരുന്നില്ല.

റിന്നയാണ് ശക്തി

ഫിസാറ്റില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നിവിനും റിന്നയും പ്രണയത്തിലായത്. നിവിന്‍ പോളിയുടെ സിനിമാമോഹത്തിനും പ്രണയിനിയുടെ മുഴുവന്‍ പിന്തുണയുണ്ടായിരുന്നു. ഇന്‍ഫോസിസിലെ ജോലി രാജി വെച്ച സമയത്ത് റിന്നയാണ് തന്നെ സഹായിച്ചതെന്ന് നിവിന്‍ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

തീരുമാനം ശരിയായിരുന്നു

മനസ്സു നിറയെ സിനിമാമോഹവുമായി നടന്ന നിവിന്‍രെ തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീട് കാലം തന്നെ തെളിയിച്ചു. ഒന്നിനൊന്ന് മികച്ച വേഷങ്ങളുമായി തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ അറിയപ്പെടുന്ന താരമായി നിവിന്‍ മാറുകയായിരുന്നു.

മലര്‍വാടി ആര്‍ട്‌സ് ക്ലബിനു ശേഷം തട്ടിന്‍ മറയത്ത്, നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, മിലി, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം, സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, വിക്രമാദിത്യന്‍, റിച്ചി തുടങ്ങിയ ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഈ ചിത്രങ്ങളെല്ലാം സാമ്പത്തികമായി വന്‍വിജയമായിരുന്നു.

പിറന്നാള്‍ ആഘോഷം പൊടി പൊടിച്ചു

1984 ഒക്ടോബര്‍ ഒന്നിനാണ് നിവിന്‍ പോളി ജനിച്ചത്. ബുധനാഴ്ച പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ് സിനിമയിലെ പ്രമുഖരടക്കം ആശംസ നേര്‍ന്നിരുന്നു.