വില്ലന്റെ നായികയാണെന്നു തോന്നും, പക്ഷെ നായിക അല്ല !!!

ജോലിക്കൊപ്പം സംഗീതവും കരിയറാക്കിയ ഗായികയാണ് ഹരിത ബാലകൃഷ്ണൻ. ചാഞ്ഞു പെയ്യുന്നൊരു ചെറുമഴയത്ത് എങ്ങുനിന്നോ പാറിവന്നൊരു തൂവൽ പോലെ ഹൃദയസ്പർശിയായൊരു പാട്ടാണ് അടുത്തിടെ ഹരിത നമുക്ക് പാടിത്തന്നത്. മോഹൻലാൽ ചിത്രം വില്ലനിലെ പതിയെ നീ എന്ന…

ജോലിക്കൊപ്പം സംഗീതവും കരിയറാക്കിയ ഗായികയാണ് ഹരിത ബാലകൃഷ്ണൻ. ചാഞ്ഞു പെയ്യുന്നൊരു ചെറുമഴയത്ത് എങ്ങുനിന്നോ പാറിവന്നൊരു തൂവൽ പോലെ ഹൃദയസ്പർശിയായൊരു പാട്ടാണ് അടുത്തിടെ ഹരിത നമുക്ക് പാടിത്തന്നത്. മോഹൻലാൽ ചിത്രം വില്ലനിലെ പതിയെ നീ എന്ന പാട്ട് ആസ്വാദകരുടെ ഹൃദയത്തോടു ചേർന്നങ്ങ് നിൽക്കുമ്പോൾ ഹരിത സംസാരിക്കുന്നു.

ട്രാക്ക് പാടിക്കാനെന്നു കരുതി. പക്ഷേ..
എന്റെ കരിയറിലെ ഏറ്റവും മികച്ച പാട്ട്. ഏതൊരു ഗായികയും പാടാൻ ആഗ്രഹിക്കുന്ന ഗാനം. സംഗീത സംവിധായകരോടാണു എനിക്ക് നന്ദി പറയാനുള്ളത്. അവർ പാടാൻ വിളിക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നേയില്ല എന്റെ സ്വരം ഈ ചിത്രത്തിന്റെ ഭാഗമാകുമെന്ന്. ട്രാക്ക് മാത്രമേ എന്നെക്കൊണ്ടു പാടിക്കുകയുള്ളുവെന്നാണ് വിചാരിച്ചത്. റെക്കോഡിങ് കഴിഞ്ഞപ്പോൾ സ്റ്റുഡിയോയിലേക്കു ചിത്രത്തിന്റെ സംവിയകൻ ബി.ഉണ്ണികൃഷ്ണൻ വന്നു. പാട്ട് കേട്ടിട്ട് അദ്ദേഹം പറഞ്ഞു, ഇതിന്റെ വരികൾ എഴുതി പൂര്‍ത്തിയാക്കിയിട്ട് ഈ കുട്ടി തന്നെ ഈ പാട്ട് പാടട്ടേയെന്നു. തീരെ പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു അവസരം. പ്രിയപ്പെട്ട ലാലേട്ടൻ, ഒരുപാടിഷ്ടമുള്ള മഞ്ജു വാര്യർ അങ്ങനെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ആളുകളാണ് സിനിമയിലുളളതും.

ഞാൻ തന്നെയാണോ ഇത് പാടിയതെന്നു ചോദിച്ചു ഒരു ചിത്രത്തില്‍ പാട്ട് പാടാൻ അവസരം കിട്ടുമ്പോൾ നമുക്ക് എത്രമാത്രം നമ്മുടെ വിഭിന്നത കാണിക്കാൻ സാധിക്കുന്നു എന്നത് വലിയൊരു ഘടകമാണ്. എങ്ങനെയുള്ള പാട്ടാണ് എന്നുള്ളത് പ്രാധാന്യമുള്ള കാര്യമാണ്. ഈ പാട്ടിന് ഈണമിട്ട ഫോർ മ്യൂസിക്കിന്റെ ആദ്യ ചിത്രമായ ഒപ്പത്തിലും ഞാൻ ഒരു പാട്ട് പാടിയിരുന്നു. അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒന്നാണ് വില്ലനിലെ ഗാനം. എന്റെ ശബ്ദത്തിന്റെ ടോൺ പോലും മാറിയിരിക്കുന്നു. ഇവിടെ ബേസ് വോയ്സിലാണു പാടിയത്. ഒപ്പത്തിൽ പാടിയ പാട്ടുകാരി തന്നെയാണോ ഇതെന്നായിരുന്നു ഈ പാട്ട് കേട്ടിട്ട് എല്ലാവരും ചോദിച്ചത്. അത് വലിയ കാര്യമാണ്. നമുക്ക് എത്രമാത്രം വ്യത്യസ്തമായി പാടാൻ കഴിയും എന്ന് തെളിയിക്കണമെങ്കിൽ ഇങ്ങനെയുള്ള അവസരം കിട്ടണം. എന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന ഗാനമാണിത്. ആ പാട്ട് തരുന്നത് വലിയ സന്തോഷമാണ്.

ഞാനും എന്റെ ഗുരുവും രണ്ടാം ക്ലാസ് മുതൽ പാട്ട് പഠിക്കുന്നുണ്ട്. പൊൻകുന്നം കെപിഎസി രവി ആണ് എന്റെ ഗുരു. ഇപ്പോൾ‌ ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നുണ്ട് അതിനോടൊപ്പമാണ് പാട്ടും കൊണ്ടുപോകുന്നത്. നാട്ടിൽ പോകുമ്പോൾ മാത്രമാണ് പാട്ട് പഠിക്കാനാകുന്നത്. പതിനാറ് വർഷത്തോളമായി ഞാൻ സാറിന്റെ കീഴിൽ തന്നെയാണ്. നാട്ടിൽ പോകുമ്പോൾ സാറിനെ കണ്ട് അനുഗ്രഹം വാങ്ങാതെ മടങ്ങാറില്ല. കാരണം എന്റെ സംഗീത ജീവിതത്തിൽ ഞാന്‍ നേടുന്നതിലെല്ലാം എന്റെ ഗുരുവിന്റെ സാന്നിധ്യവുമുണ്ട്.

കവർ വേർഷന്റെ വിജയം എ.ആർ റഹ്മാൻ വിദ്യാസാഗർ എന്നിവരുടെ പാട്ടുകൾ ചേർത്തുവച്ചാണ് ഞാൻ കവർ സോങ് തയ്യാറാക്കിയത്. കവർ‌ സോങ് ചെയ്യുമ്പോൾ എനിക്കുണ്ടായിരുന്ന പേടി ഒറിജിനൽ ഗാനത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതെ ചെയ്യാനാകുമോ എന്നായിരുന്നു. എന്നെങ്കിലും ഈ കവർ അതിന്റെ സൃഷ്ടാക്കൾ കേട്ടാൽ അവരുടെ പാട്ടിനെ നശിപ്പിച്ചെന്നോ അല്ലെങ്കിൽ മോശമാക്കിയെന്നോ പറയരുത് എന്ന് ചിന്തിച്ചാണു പാടിയത്. ഭംഗിയായി തന്നെ ചെയ്യണം എന്ന് എനിക്കുണ്ടായിരുന്നു. ഒരുപാട് ആളുകളുടെ പിന്തുണയുണ്ടായിരുന്നു അതിന്. പ്രത്യേകിച്ച് മലയാള ചലച്ചിത്ര സംഗീതത്തിലെ ഏറ്റവും പ്രഗത്ഭനായ ഗിത്താറിസ്റ്റ് സുമേഷ് പരമേശ്വറിന്റെ. അദ്ദേഹമായിരുന്നു ഓർക്കസ്ട്രയിൽ ഉണ്ടായിരുന്നത്. വളർന്നു വരുന്ന പാട്ടുകാർക്കുള്ള ഏറ്റവും നല്ല വേദിയാണ് യുട്യൂബ്. അവിടേക്ക് കവർ സോങ് പോലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോൾ അത് പാട്ടുകാർക്ക് ഒരു പഠനവും സ്വന്തം കഴിവ് തെളിയിക്കാനുള്ള വേദിയും കൂടിയാണ്.

എന്നെങ്കിലുമൊരിക്കൽ കാണണം, ഒരു പാട്ടും പാടണം ആളുകൾ എന്നും ഓർത്തിരിക്കുന്ന കുറേ നല്ല പാട്ടുകൾ പാടണം എന്നതാണ് എന്റെ ആഗ്രഹം. ഉള്ളിന്റെയുള്ളിലുള്ള ഏറ്റവും വലിയ സ്വപ്നം ഒരു എ.ആർ റഹ്മാൻ ഗാനമാണ്. അദ്ദേഹത്തെ എന്നെങ്കിലുമൊരിക്കൽ കാണണം. ആ ഇൗണത്തിൽ ഒരു പാട്ടും പാടണം.
അങ്ങനെ പറയാനാകില്ല പ്രിയ ഗായകരെയും പാട്ടുകളെയും എടുത്തു പറയാൻ കഴിയുന്നില്ല. കാരണം എല്ലാ പാട്ടുകാരുടെയും ഏതെങ്കിലുമൊരു ഗാനം എനിക്ക് പ്രിയപ്പെട്ടതാണ്. അതൊക്കെ ഒരുപാട് കേട്ടിരിക്കാറുമുണ്ട്. അതൊരു നല്ല പാട്ടു പഠനം കൂടിയാണ്. ബാബുരാജ് സർ, ഭാസ്കരൻ മാസ്റ്റർ, ഇളയരാജ സർ…അങ്ങനെ എല്ലാ സംവിധായകരുടെയും ഗാനങ്ങളിൽ മികച്ചതെല്ലാം എന്റെ കാതിനുള്ളിലങ്ങനെ തങ്ങി നിൽപ്പുണ്ട്.

അവർ എനിക്ക് ചേട്ടൻമാരെ പോലെ ഒപ്പത്തിലും വില്ലനിലും ഫോർ മ്യൂസിക്കിന്റെ ഗാനങ്ങൾ ഞാൻ പാടിയിരുന്നു. ഫോർ മ്യൂസികിലെ അഞ്ചാമത്തെ ആളായിട്ടാണ് എന്നെ കണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ ഓരോ ഗാനങ്ങളോടും അത്രമാത്രം അടുപ്പം തോന്നുന്നതും അതുകൊണ്ടാണ്. കാരണം ഓരോ പാട്ടിന്റെയും തുടക്കം മുതൽ, ഒടുക്കം വരെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരുടെ ഓരോ പാട്ടും സൃഷ്ടിക്കപ്പെടുന്നതിന്റെ ഓരോ ഘട്ടങ്ങളും എനിക്ക് അറിയാം. എന്റെ ചേട്ടൻമാരെ പോലെയാണവർ. അത്രയ്ക്ക് അടുപ്പമാണ്.