ശബരിമലയും ബുദ്ധനും

നവംബർ മാസം പകുതി മുതൽ ജനുവരി പകുതി വരെ രാജ്യത്തിന്റെ നാനാ തുറകളിൽ നിന്ന് ജാതി ഭേദമന്യേ ഭക്തർ പോയിരുന്നു. ക്ഷേത്രം ആനയും കടവയും പുലിയും കാട്ടുപോത്തും നിറഞ്ഞ ഘോര വനത്തിൽ ആയിരുന്നു എന്നും…

നവംബർ മാസം പകുതി മുതൽ ജനുവരി പകുതി വരെ രാജ്യത്തിന്റെ നാനാ തുറകളിൽ നിന്ന് ജാതി ഭേദമന്യേ ഭക്തർ പോയിരുന്നു. ക്ഷേത്രം ആനയും കടവയും പുലിയും കാട്ടുപോത്തും നിറഞ്ഞ ഘോര വനത്തിൽ ആയിരുന്നു എന്നും കാൽനടയായി പോവുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല എന്നും പറയുന്നു എന്നിരുന്നാലും ഈ ഗ്രന്ഥം എഴുതുന്ന കാലയളവിൽ തന്നെ ഏകദേശം രണ്ടര ലക്ഷത്തോളം ഭക്തജനങ്ങൾ ഓരോ വർഷവും മലകയറിയതായി പറയുന്നു.

പിന്നെ പറയുന്നത് ശബരിമല വൃതത്തെ കുറിച്ചാണ്.ഏകദേശം 55 ദിവസത്തെ വൃതം എടുത്തുകൊണ്ട് കെട്ടുനിറച്ചു ശരണം വിളിയുമായി നീല കാവി അതും അല്ലെങ്കിൽ മഞ്ഞ നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഭക്തർ മല ചവുട്ടിയിരുന്നത് എന്നും പറയുന്നു.(ഇവിടെ 55 ദിവസം എന്നു പറയുമ്പോ 51 ദിവസത്തെ വൃതവും 3 ദിവസത്തെ ഉപവാസവും, ശേഷം 55 ആം ദിവസം യാത്ര ആരഭിക്കുകയുമാണ് പണ്ട് ചെയ്തിരുന്നത്).സ്ത്രീപുരുഷ ഭക്തർ പോകുമെങ്കിലും സ്ത്രീകളുടെ കാര്യത്തിൽ ഒന്നുകിൽ അവർ അൻപത് വയസ്സിന് മുകളിൽ അല്ലെങ്കിൽ പത്തു വയസ്സിന് താഴെ ആയിരിക്കണം എന്നു ഗ്രന്ഥത്തിന്റെ 112 പേജിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.ശരംകുത്തിയാൽ, പേട്ടതുള്ളൽ , ശബരിമല ക്ഷേത്രത്തിന് പന്തളം കൊട്ടാരവുമായുള്ള ബന്ധം തുടങ്ങിയവക്ക് ശേഷം ആരംഭിക്കുന്നത് ശബരിമല യുവതിപ്രവേശനം പോലെ തന്നെ ചൂട് പിടിച്ച ചർച്ചാ വിഷയമായ ശാസ്താവും ബുദ്ധനെ കുറിച്ചുമുള്ള വാദങ്ങൾ ആണ്.

ബുദ്ധൻ ശാസ്താവ്

ശ്രീ ബുദ്ധന്റെ ഹൈന്ദവ വൽക്കരിച്ച രൂപമാണ് ശാസ്താവ് എന്ന സിദ്ധാന്തത്തെ പിന്തുണക്കുന്ന ഒരു സുപ്രധാന വാദമാണ് അമരകോശത്തിൽ ബുദ്ധ എന്ന പദത്തിന് ശാസ്താവ് എന്ന പര്യായം പറഞ്ഞിരിക്കുന്നത്.അമരകോശ പ്രകാരം ബുദ്ധ എന്ന പദത്തിന് കൊടുത്തിരിക്കുന്ന പര്യായങ്ങൾ ഇവയെല്ലാമാണ്.
ബുദ്ധ:-സർവ്വജ്ഞഃ; സുഗതഃ;ധർമ്മരാജഃ;തഥാഗതഃ;സമന്ത-ഭദ്രഃ;ഭഗവാൻ;മരജിത്;ലോകജിത്;ജിനഃ; ഷഡഭിജ്ഞഃ;ദശബലഃ;
അദ്വയവാദി;വിനായകഃ; മുനീന്ദ്രഃ;ശ്രീഘ്‌നഃ; ശാസ്താ;മുനിഃ;സഖ്യാഃ;സഖ്യ സിംഹ;സർവ്വാർത്ഥസിദ്ധ;സൗദ്ധോദനി ഗൗതമ;അർക്കബന്ധു;മായാദേവിസുത.

ആജ്ഞാപിക്കുക എന്ന അർത്ഥത്തിൽ
“ശാസ്” എന്ന ധാതുവിൽ നിന്നാണ് ശാസ്താ എന്ന പദം.ശാസ്താവ് എന്നാൽ ആജ്ഞാപിക്കുന്നവൻ എന്നോ ഭരിക്കുന്നവർ എന്നോ പഠിപ്പിക്കുന്നവൻ എന്നോ ആണ് അർത്ഥം.ശാസ്താവ് എന്ന പദം ഈ രീതിയിൽ അഭയവരദരായി ഇരിക്കുന്ന ഏത് ദേവതക്ക് വേണമെങ്കിലും പ്രയോഗിക്കാൻ കഴിയും.ബുദ്ധ എന്ന പദത്തിന്റെ നിരവധി പര്യായങ്ങളിൽ ഒന്നായ ശാസ്താവ് എന്ന പദത്തിന്റെ പരാമർശം ബുദ്ധനും ശാസ്താവും ഒന്നാണ് എന്ന വാദഗതിയെ പിന്തുണയ്ക്കുന്നതിന് തെളിവായി എടുക്കാൻ കഴിയില്ല.ഇനി അഥവാ ഈ വാദം ശരിയാണെങ്കിൽ വിനായകൻ അതായത് ഗണപതിയും ശാസ്താവും ഒന്നാണ് എന്നു പറയേണ്ടി വരും കാരണം ബുദ്ധ എന്ന പദത്തിന് പര്യായമായി വിനായകൻ എന്നും പരാമർശിക്കുന്നുണ്ട്.

ത്രിശരണം
ബുദ്ധിസത്തിന്റെ ത്രിശരണത്തെ( ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി)
അനുസ്മരിപ്പിക്കുന്നതാണ് ശബരിമല ഭക്തജനങ്ങളുടെ ശരണം വിളി എന്നു ചില പണ്ഡിതർ വാദിക്കുന്നുണ്ട്.ശരണമയ്യപ്പ എന്നത് ഹൈന്ദവർക്ക് ഈശ്വരീയ കൃപക്ക് വേണ്ടി അപേക്ഷിക്കുന്നതിന്റെ പൊതുവായ ഒരു പ്രയോഗമാണ് എന്നാണ് ജെ.ഐ.എച്(ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി) ന്റെ എഡിറ്റർ അഭിപ്രായപ്പെടുന്നത്.തങ്ങളുടെ രക്ഷകനിൽ നിന്ന് സംരക്ഷണം തേടുന്ന ആശയം ബൗദ്ധരിൽ നിന്നോ ബുദ്ധനിൽ നിന്നോ ആണ് ഉടലെടുത്തത് എന്നു വ്യക്തമാക്കാൻ കഴിയില്ല.ബൗദ്ധർക്ക് ത്രിശരണ സമ്പ്രദായം ഉണ്ടെന്ന് ഉള്ളതിൽ സംശയമില്ല. എന്നാൽ അതാണ് ആദ്യത്തേത് എന്നോ ആദ്യകാലങ്ങളിലേത് എന്നോ അർത്ഥമില്ല.

ക്ഷേത്രസ്ഥാനം
ബുദ്ധൻ ആണ് ശാസ്താവ് എന്ന വാദത്തിന് അനുകൂലമായി വാനാന്തരങ്ങളിൽ സ്ഥിതി ചെയ്യുന്ന ശാസ്താ ക്ഷേത്രങ്ങളെ പറയാറുണ്ട്.ഏകാന്തസ്ഥലത്തു വാസിക്കാൻ താല്പര്യമുള്ളവർ ആണ് ബൗദ്ധികർ എന്നത് ശരി തന്നെ എന്നാൽ എണ്ണമറ്റ ശാസ്താ ക്ഷേത്രങ്ങൾ വനങ്ങൾക്ക് പുറത്തും ഉണ്ടെന്ന് ഉള്ള വസ്തുതചൂണ്ടികാണിക്കേണ്ടിയിരിക്കുന്നു.ഒരു പക്ഷെ മൂല ശാസ്താവിന്റെ ക്ഷേത്രങ്ങൾ വനങ്ങളിൽ ആയിരിക്കും എന്നാൽ രാജ്യത്തിലുടനീളം വിവിധ പ്രദേശങ്ങളിൽ നൂറ് കണക്കിന് ശാസ്താ ക്ഷേത്രങ്ങൾ കാണാൻ കഴിയും.ഹൈന്ദവ സന്യാസിമാരും മറ്റും ധ്യാനത്തിനും തപസിനും വേണ്ടി വനങ്ങൾ തിരഞ്ഞെടുത്തിരുന്നത് കൊണ്ടു തന്നെ ബൗദ്ധർക്ക് മാത്രമാണ് വനങ്ങളോട് പ്രിയം ഉണ്ടായിരുന്നത് എന്നു പറയാനും സാധിക്കില്ല.

ആരാധന സമ്പ്രദായം
ശബരിമലയിലെ ബൗദ്ധസിദ്ധാന്തത്തിന് അനുകൂലമായി പറയുന്ന മറ്റൊരു വാദം ശാസ്താ ആരാധനയ്ക്ക് ബൗദ്ധരുടെ ആരാധന സമ്പ്രദായവുമായി അടുത്ത ബന്ധമുണ്ടെന്നതാണ്.
അഹിംസ,ഉപവാസം,ലൗകീക സുഖങ്ങളിൽ നിന്നുമുള്ള വിട്ടൊഴിയൽ സർവ്വോപരി ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെയുള്ള തീർത്ഥാടനം ബൗദ്ധീക സവിശേഷതകളായി ചൂണ്ടികാണിക്കാറുണ്ട്.എന്നാൽ ഇവിടെയും എടുത്തു പറയേണ്ട വസ്തുത എന്തെന്നാൽ അഹിംസ ബൗദ്ധർക്ക് മാത്രം ബാധിക്കുന്ന വിഷയമല്ല.അഹിംസയിൽ ബൗദ്ധർക്ക് ഊന്നൽ കൂടുതലായി ഊന്നൽ നൽകാറുണ്ട് എന്നതിൽ സംശയമില്ല എന്നാൽ ഹൈന്ദവർക്കും ജൈനർക്കും ആ അഹിംസ അന്യമല്ല.ഹൈന്ദവർ തീർത്ഥാടനത്തിന് മുൻപ് അഹിംസ,ഉപവാസം തുടങ്ങിയ അനുഷ്ഠിക്കുന്നത് സാധാരണയാണ്

തീർത്ഥാടകർക്ക് മറ്റുള്ളവരിൽ നിന്നും വത്യസ്തമായ പെരുമാറ്റ ചട്ടങ്ങൾ ഉണ്ട്.ലൗകീക ജീവിതത്തിൽ നിന്ന് മാറി അച്ചടക്കത്തോടെ ആഡംബരവിഷയങ്ങൾ എല്ലാം ഒഴിവാക്കിക്കൊണ്ട് തീർത്ഥാടനം ചെയ്യാൻ ഹൈന്ദവ സന്യാസിവാര്യന്മാർ ഉപദേശിക്കാറുണ്ട്.അതിനാൽ തന്നെ ഇത് ബൗദ്ധരുടെ ഇടയിൽ മാത്രമാണ് ഉള്ളതെന്ന് പറയാൻ കഴിയില്ല.ശരീരത്തിലും ഉപരി തന്റെ ആത്മാവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഒരു ഭക്തൻ ഇപ്രകാരം ചെയ്യുന്നത്.ശാസ്താവ് യുദ്ധകലകളുടെ കൂടി ദേവതയായാണ് പരിഗണിക്കപ്പെടുന്നത്.ഈശ്വര പ്രീതിക്കായി ശാസ്താവിനെയും ദുർഗാദേവിയെയും പരദേവതകൾ ആയി കണ്ടു നടത്തിയിരുന്ന കളികൾ ആണ് സംഘകളി, ചാത്തിരകളി, പാനകളി , യാത്രക്കളി തുടങ്ങിയവ.ഇവയെല്ലാം ഒന്നു തന്നെയാണ് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

യുദ്ധത്തിന് പോകുന്നതിന് മുൻപേ യോദ്ധക്കൾ ശാസ്താവിന് പാന അല്ലെങ്കിൽ പൂജ അർപ്പിച്ചിരുന്നു.ഭൂരിഭാഗം ഗ്രാമങ്ങളിലെയും കളരിതറകളിലെ ഉപാസനമൂർത്തി ശാസ്താവ് ആയിരുന്നു.യുദ്ധഭൂമിയിൽ ഭടന്മാർ ശാസ്താ പൂജ കഴിയാതെ ഇറങ്ങിയിരുന്നില്ല എന്നു പറയപ്പെടുന്നു.പുരാതന കാലം മുതലേ ഈ രീതി പ്രാബല്യത്തിൽ ഉണ്ടായിരുന്നു.ഇതിൽ പ്രധാനമായി ചിന്തിക്കേണ്ട വിഷയം ശാസ്താവിന് യുദ്ധവും ആയോധന കലകളുമായുള്ള ബന്ധമാണ്.ശാസ്താവും ബുദ്ധനും ഒന്നാണ് എന്ന വാദത്തെ ശക്തമായി എതിർക്കാൻ കഴിയുന്ന വാദമാണ് ഇത്.കാരണം യുദ്ധവും ആയോധന കലകളുമായി ബന്ധമുള്ള ശാസ്താവും അഹിംസ പ്രചരിപ്പിക്കുകയും അനുഷ്ഠിക്കുകയും ചെയ്തിരുന്ന ബുദ്ധനും ഒന്നാണ് എന്നു പറയുന്നതിൽ അർത്ഥമില്ല.

വിഗ്രഹം
അത്പോലെ തന്നെ എടുത്തു പറയേണ്ട വളരെ പ്രധാനപ്പെട്ട ഒരു വാദമാണ് ശാസ്താവിനെയും ബുദ്ധന്റെയും രൂപഭാവങ്ങളിൽ ഉള്ള സാമ്യം.കേരളത്തിൽ ബുദ്ധിസതിന്റെ അവസാനത്തോടെ ശബരിമലയിലെ ബുദ്ധ വിഗ്രഹം മാറ്റി പ്രതിഷ്ഠിക്കുകയോ അല്ലെങ്കിൽ വിഗ്രഹത്തിൽ മാറ്റം വരുത്തുകയോ ചെയ്തു എന്നാണ് വാദം.എന്നാൽ ട്രാവൻകൂറിൽ ഒട്ടനേകം ശാസ്താ വിഗ്രഹങ്ങൾ ഉണ്ട് എന്നാൽ ബുദ്ധ വിഗ്രഹത്തിന്റെ സവിശേഷതകളുമായി അവക്ക് ഒന്നിന് പോലും സാമ്യമില്ല.ശാസ്താവിന്റെ രൂപത്തെ കുറിച്ചുള്ള വിശദീകരണം കാണുന്നത് അംശുമഭേദാഗമം,സുപ്രഭേദാഗമം,കരണാഗമം എന്നിവയിലാണ്.അംശുമഭേദാഗമ പ്രകാരം പദ്മാസനത്തിൽ മൂന്ന് നയനങ്ങളോടും നാല് കരങ്ങളോടും രണ്ടു കരങ്ങളിൽ അഭയവരദ മുദ്രകളോടും മൂന്നും നാലും കരങ്ങളിൽ ഖദ്‌ഗവും ഖേടകവും ധരിച്ചു കൊണ്ട് സ്വർണ്ണ വർണ്ണത്തോട് കൂടി പട്ടു വസ്ത്രങ്ങൾ ധരിച്ചു കൊണ്ടു ശാന്ത സ്വരൂപനായി ഇരിക്കുന്ന രൂപമാണ് ശാസ്താവിന്.

സുപ്രഭേദാഗമത്തിൽ രണ്ടു കരങ്ങളോടും രണ്ടു നയനങ്ങളോടും ഇരു നിറത്തോടും കറുത്തു ഇരുണ്ട കേശത്തോടും സർവ്വാഭരണഭൂഷിതനും യജ്ഞോപവീതം ധരിച്ചതുമായ രൂപമാണ് ശാസ്താവിന്. ഒപ്പം കൈകാലുകൾ മടക്കി വലതു കരത്തിൽ വളഞ്ഞ ഒരു വടിയും ഇടത് കരത്തിൽ പഴവർഗ്ഗങ്ങളും തളിരിലകളും ചെടികളും കുടവയറും ശാസ്താവിന് ഉണ്ട്.നായകളോടും ആടുകളോടും പക്ഷികളോടും ഒപ്പം വിനോദത്തിൽ ഏർപ്പെട്ടിരിക്കുന്ന രൂപത്തിലാണ് ഭഗവാനെ വർണ്ണിച്ചിരിക്കുന്നത്.കാരണാഗമത്തിൽ ഇരുകണ്ണുകളോടും ഇരുകരങ്ങളോടും ശാസ്താവിനെയാണ് പറയുന്നത്.പീഠത്തിൽ ആസനസ്ഥനായി ഇടത് കാൽ താഴ്ത്തി വെച്ചു വലത് കാൽ മടക്കി പീഠത്തിന് ലംബമായി വെച്ചു.കരിനീല നിറത്തിൽ വിടർന്നു കിടക്കുന്ന കേശം, നീലയോ വെള്ളയോ ഇരുനിറം,ഗജം വാഹനം ഗജത്തിന് നാല് തുമ്പികൈകൾ.

കേരളത്തിൽ കാണപ്പെടുന്ന ശാസ്താ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ മേൽ വിവരിച്ച പ്രകാരം ഉള്ള ശാസ്താ വിഗ്രഹങ്ങൾ കാണാം.എന്നാൽ ബുദ്ധ ഭഗവാന്റെ രൂപം ആകട്ടെ സിംഹാസനത്തിലോ മറ്റോ നിൽക്കുന്നതോ ഇരിക്കുന്നതോ ആയ രീതിയിൽ ധവളവർണ്ണത്തിൽ പുഞ്ചിരിക്കുന്ന വദനത്തോട് കൂടിയും വിശാലമായ നീണ്ട കണ്ണുകളോടും, ഉയർന്ന നാസദ്വാരങ്ങളോട് കൂടിയും കർണ്ണവേധം ചെയ്തു താഴേക്ക് തൂങ്ങിയ കാതുകളും, നീണ്ട കരങ്ങളും, അല്പം മാംസളമായ മാറിടവും,ചെറുതായി തൂങ്ങിയ വയറും കേശഭാരം ഉഷ്‌ണീശമായി അതായത് കീരീട ആകൃതിയിൽ കെട്ടിവെച്ചിരിക്കുന്നതും മഞ്ഞ വസ്ത്രം ധരിച്ചതുമാണ്.ഈ രൂപത്തിൽ ഉള്ള ഒരു വിഗ്രഹങ്ങളും നമുക്ക് കേരളത്തിൽ കാണാൻ കഴിയില്ല.

ശാസ്താവിനെ രക്ഷക ഭാവത്തിൽ ആണ് പരശുരാമൻ പ്രതിഷ്ഠ ചെയ്തത് എന്നു കേരളോല്പത്തിയിൽ പറയുന്നു.ഇവയിൽ നിന്നെല്ലാം തന്നെ ശാസ്താവ് എന്നത് ബുദ്ധൻ അല്ല വന്നു വ്യക്തമാണ്.ബുദ്ധനെ മഹാവിഷ്ണുവിന്റെ അവതാരം ആയി ആരാധിച്ചു പോന്നിരുന്ന ബുദ്ധമതം ഇവിടെ കേരളത്തിൽ ഉണ്ടായിരുന്നു എന്നത് വാസ്തവം തന്നെ.അതിന്റെ പ്രഭാവം ഭാഷയിലും മറ്റും ഉള്ളതും ശരി തന്നെ എന്നാൽ കേരളത്തിനു തനതായ പാരമ്പര്യം ഇല്ല എന്നാണോ???

കൂടുതൽ റെഫെർന്സിനായി ചില ബുക്കുകൾ താഴെ കൊടുക്കുന്നു.(List Incomplete)
1.പ്രൊഫസർ കെ.വി.രംഗസ്വാമി അയ്യംഗാർ കോമെമ്മോറേഷൻ വോളയം
2.ശാസ്താ വർഷിപ് ഇൻ ട്രാവൻകൂർ
3.കേരള ചരിതം
4.കേരളോല്പത്തി
5.ജേർണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററി

6.മാൻ ഇൻ ഇന്ത്യ
7.ഹിന്ദു ഐക്കണോഗ്രാഫി
8.സൗത്ത് ഇന്ത്യൻ ഇമേജസ്
9.ആകാശ ഭൈരവ കല്പം
10.സ്കന്ദപുരാണം
11.ഭൂതനാഥ ചരിത്രം