ശ്മശാനത്തിലെ പൂന്തോട്ടങ്ങൾ..!

ശ്മശാനത്തിലെ പൂന്തോട്ടങ്ങൾ..! ഏലിക്കുട്ടിയുടെ വീട്ടിലേക്കു പോകാന്‍ എനിക്കു നല്ല പേടിയുണ്ടായിരുന്നു. കാരണം, ശവക്കോട്ടയിലായിരുന്നു ഏലിക്കുട്ടിയുടെ വീട്! പത്തനംതിട്ട നഗരത്തിന്‍റെ കോണിലെ, ശവം കത്തിയ ഗന്ധം പൊങ്ങുന്ന ആ ശ്മശാനം കുട്ടിക്കാലത്തേ എന്നെ പേടിപ്പിച്ചിരുന്നു. അതിനരികിലെ…

ശ്മശാനത്തിലെ പൂന്തോട്ടങ്ങൾ..!

ഏലിക്കുട്ടിയുടെ വീട്ടിലേക്കു പോകാന്‍ എനിക്കു നല്ല പേടിയുണ്ടായിരുന്നു. കാരണം, ശവക്കോട്ടയിലായിരുന്നു ഏലിക്കുട്ടിയുടെ വീട്!

പത്തനംതിട്ട നഗരത്തിന്‍റെ കോണിലെ, ശവം കത്തിയ ഗന്ധം പൊങ്ങുന്ന ആ ശ്മശാനം കുട്ടിക്കാലത്തേ എന്നെ പേടിപ്പിച്ചിരുന്നു. അതിനരികിലെ വഴിയിലൂടെയായിരുന്നു അന്നൊക്കെ എനിക്ക് ട്യൂഷന്‍ ക്ലാസിലേക്ക് പോകേണ്ടിയിരുന്നത്.

കാടുമൂടിയ ഭീകരമായ ആ ശവക്കോട്ടയില്‍ ഒറ്റയ്ക്കൊരു സ്ത്രീ താമസമുണ്ടെന്നും അവര്‍ക്ക് പ്രേതങ്ങളെ സേവകരാക്കുന്ന മന്ത്രവിദ്യ അറിയാമെന്നും അക്കാലത്ത് ഒരു കൂട്ടുകാരി എനിക്ക് പറഞ്ഞുതന്നിരുന്നു. ‘സ്ലീപ്പിങ്ബ്യൂട്ടി’ കഥയിലെ മാലിഫിസന്റിനെപ്പോലെ, തുറിച്ച കണ്ണുകളുമായി ആ മന്ത്രവാദിനി എന്‍റെ മുന്നിലേക്ക് ഒരു ദിവസം ചാടിവീഴുമെന്ന് അന്നൊക്കെ ഞാന്‍ വല്ലാതെ പേടിച്ചിരുന്നു.

വര്‍ഷങ്ങളൊത്തിരി കഴിഞ്ഞു. എനിയ്ക്കു പത്രപ്രവർത്തകനായി ജോലി കിട്ടി. അക്കാലത്താണ്, പത്തനംതിട്ടയിലെ ശവക്കോട്ടയില്‍ ജീവിക്കുന്ന ഏലിക്കുട്ടിയെപ്പറ്റി പത്രങ്ങളുടെ പ്രാദേശികപേജില്‍ ചില വാര്‍ത്തകള്‍ വന്നത്. മറ്റെവിടെയും പോകാനിടമില്ലാത്ത, അനാഥയാണ് ഏലിക്കുട്ടിയെന്നായിരുന്നു വാർത്തകൾ.

അധികം വൈകാതെ, എനിക്ക് ഏലിക്കുട്ടിയുടെ വീട്ടിലേക്ക് പോകേണ്ടതായി വന്നു. ഇരുപതു വർഷമായി പൊതുശ്മശാനത്തിൽ ജീവിക്കുന്ന സ്ത്രീയുടെ കഥ ഞായറാഴ്ചപ്പതിപ്പിനായി എഴുതിക്കൊടുക്കാമെന്ന് പത്രാധിപരോട് ഞാൻതന്നെ ഏൽക്കുകയായിരുന്നു. കുട്ടിക്കാലത്തു എന്നെ ഒത്തിരി പേടിപ്പിച്ച ആ ‘മന്ത്രവാദിനിയെ’ നേരിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു.
അങ്ങനെയൊരു നട്ടുച്ചയ്ക്ക് ഞാൻ ആ ശ്മശാനത്തിലെത്തി.

ശവക്കോട്ടയുടെ നടുവിലൊരു കുടിലിലായിരുന്നു ഏലിക്കുട്ടിയുടെ തമസം. ഒറ്റയ്ക്കായിരുന്നില്ല, മുപ്പതോളം ആടുകള്‍, ഇരുപത് നായകള്‍, അത്രതന്നെ പൂച്ചകള്‍, കുറേയേറെ കോഴികള്‍, താറാവുകള്‍…
ആ ശ്മശാനം വലിയൊരു ഫാം തന്നെയായിരുന്നു.

കറന്നെടുക്കാറില്ലാത്തതിനാല്‍ അമ്മയുടെ പാല് ആവോളം കുടിച്ചുമദിച്ച് ആട്ടിന്‍കുട്ടികള്‍ പുളച്ചുചാടി നടന്നു. നായകൾ വലിയൊരു പടയായി അംഗരക്ഷകരെപ്പോലെ എലിക്കുട്ടിയ്ക്കു ചുറ്റുംനിന്നു. അല്പമകലെയൊരു കോണിൽ അപ്പോഴും ഏതോ അനാഥശരീരം എരിയുന്നുണ്ടായിരുന്നു.

വീടിനുചുറ്റും ഏലിക്കുട്ടി പലതരം ചെടികള്‍ നട്ടിരുന്നു. കുഴിച്ചുമൂടപ്പെട്ട അനാഥശരീരങ്ങളുടെ നെഞ്ചിലേക്ക് വേരിറങ്ങി വളര്‍ന്ന ആ ചെടികള്‍ നിറയെ പൂവിട്ടിരുന്നു!

കുഞ്ഞുന്നാളിലെ അച്ഛനും അമ്മയും മരിച്ച ഏലിക്കുട്ടി പിന്നെ ബന്ധുക്കളുടെ വീട്ടിലായിരുന്നു. പതിനഞ്ചാം വയസ്സില്‍ വയറ്റിലൊരു മുഴ വന്നു. അതോടെ ഗര്‍ഭമാണെന്ന് പറഞ്ഞ് ബന്ധുക്കള്‍ പുറത്താക്കി. പത്തനംതിട്ടയിലെ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. നന്മയുള്ളൊരു ഡോക്ടര്‍ പണമൊന്നും വാങ്ങാതെതന്നെ മുഴ ഒാപ്പറേഷന്‍ചെയ്തു നീക്കി. പിന്നെ ഏലിക്കുട്ടി തിരിച്ചുപോയില്ല. ആ ആശുപത്രിയില്‍ത്തന്നെ തൂപ്പുകാരിയായി ഇരുപത്തിയഞ്ചു വര്‍ഷം ജീവിച്ചു.

മാനേജ്മെന്‍റൊക്കെ മാറിയപ്പോള്‍ ആശുപ്രതിയിലെ പണി പോയി. ഇരുപത്തിയഞ്ചു കൊല്ലത്തിനു ശേഷം പുറത്തിറങ്ങിയ ഏലിക്കുട്ടിക്ക് പോകാനൊരിടവുമില്ലായിരുന്നു. ‘‘രാത്രിയായപ്പോ ഞാന്‍ നടന്നു നടന്ന് ഈ ശവക്കോട്ടയിലെത്തി. ഇവിടെ കിടന്നു. കുറേ കഴിഞ്ഞപ്പോ എവിടുന്നോ രണ്ടു നായകള്‍ വന്ന് എന്‍റെയടുത്തു കിടപ്പായി. അവരെന്‍റെ കൂട്ടുകാരായി. പിന്നെ ഞാനെങ്ങോട്ടും പോയില്ല. ചന്ത അടിച്ചുവാരുന്ന ജോലി കിട്ടി. പകലു പണിക്കുപോകും. രാത്രിയാകുമ്പോ ഇവിടെ വന്നു കിടക്കും..” അങ്ങനെയാണ് ഏലിക്കുട്ടി തന്‍റെ ശ്മശാനജീവിതത്തെ ചുരുക്കിപ്പറഞ്ഞത്.

ഒാരോ ആടിനും നായക്കും ഏലിക്കുട്ടി പേരിട്ടിരുന്നു. പൊടിമോന്‍, കുഞ്ഞുമോന്‍, പൊന്നച്ചന്‍…
പേരു വിളിച്ചപ്പോ അവരെല്ലാം എവിടെ നിന്നൊക്കെയോ ഒാടിവന്ന് ഏലിക്കുട്ടിയെ പൊതിഞ്ഞു.
“എന്താ ഇങ്ങനത്തെ പേരുകള്‍..?”
“അത്…എന്‍റെ കൂടെപ്പിറപ്പുകളുടേം ബന്ധുക്കളുടേമൊക്കെ പേരാ. ഈ പേര് വിളിക്കുമ്പോ എനിക്ക് അവരെയൊക്കെ ഒാര്‍മ്മവരും..”

അവസാനം ഞാനതു ചോദിച്ചു.
“പ്രേതങ്ങളെ മയക്കുന്ന മന്ത്രം അറിയാമോ?”
എന്റെ കുട്ടിക്കാല പേടിക്കഥയിലെ ആ മന്ത്രവാദിനി ചിരിച്ചു. പിന്നെ പറഞ്ഞു: “മോനേ, എന്നും ഇവിടെ ശവങ്ങള് വരും. കത്തിക്കും, കുഴിച്ചിടും. ഇത്രേം കാലമായിട്ടും ഞാനൊരു പ്രേതത്തേയും കണ്ടില്ല. ചത്തവരാരും തിരിച്ചുവരില്ല മോനെ. ഒാര്‍ത്തോണം, ഈ ഭൂമീല് ഭൂതോം പ്രേതോമൊന്നുമില്ല. മനുഷ്യപ്പിശാചുക്കള് മാത്രമേയുള്ളൂ. അവരെമാത്രം പേടിച്ചാ മതി..”

പിന്നെ ഏലിക്കുട്ടി മനുഷ്യപ്പിശാചുക്കളെപ്പറ്റി പറഞ്ഞു. ആ ശ്മശാനം ഒളിയിടമാക്കിയ തെമ്മാടികള്‍ക്ക് ഏലിക്കുട്ടിയെ ഒഴിവാക്കണമായിരുന്നു. അവര്‍ ഇടയ്ക്കിടെ ഏലിക്കുട്ടിയുടെ ആട്ടിന്‍കുട്ടികളെയും കോഴികളെയും പിടിച്ചുകൊണ്ടുപോയി കൊന്നു തിന്നും. ഒരിക്കല്‍ ചിലര്‍ ഏലിക്കുട്ടിയുടെ ആട്ടിൻകൂടിനു തീയിട്ടു. എട്ട് ആടുകൾ വെന്തു ചത്തു. ആടുകളെ കൊന്നുകടത്താനുള്ള എളുപ്പവഴി! മനുഷ്യനെന്ന ക്രൂരത!

“അവരു ചുട്ടുകൊന്ന എന്‍റെ മക്കളെ ഞാന്‍ തന്നെ കുഴിവെട്ടി മൂടി. പൊലീസുകാര് വന്നന്വേഷിച്ചിട്ടും കാര്യമൊന്നും ഉണ്ടായില്ല…” അതു പറഞ്ഞപ്പോൾ മാത്രം എലിക്കുട്ടിയുടെ കണ്ണു നിറഞ്ഞു.

ഞാനെഴുതിയ ഏലിക്കുട്ടിയുടെ ജീവിതം പത്രത്തില്‍ വന്നപ്പോള്‍ വലിയ അക്ഷരങ്ങളില്‍ കൊടുത്തത് “മനുഷ്യപ്പിശാചുക്കളെ മാത്രം പേടിച്ചാല്‍ മതി..” എന്ന് അവർ പറഞ്ഞതായിരുന്നു. 2004–ല്‍ ആയിരുന്നു അത്.

മനുഷ്യപ്പിശാചുക്കൾ ഒടുവിൽ എലിക്കുട്ടിയുടെ ജീവനെടുക്കുകതന്നെ ചെയ്തു.
2007 ഒക്ടോബര്‍ എട്ടിന് ഏലിക്കുട്ടിയുടെ ജീര്‍ണ്ണിച്ച ശവശരീരം പത്തനംതിട്ട പൊലീസ് കണ്ടെടുത്തു. ആടുകളെ മോഷ്ടിക്കാൻ വന്നവർ ഏലിക്കുട്ടിയെ കഴുത്തുഞെരിച്ചു കൊന്ന് കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു.

എന്താണ് ജീവിതത്തിലെ ആഗ്രഹം എന്നു ചോദിച്ചപ്പോ ഏലിക്കുട്ടി എന്നോട് പറഞ്ഞിരുന്നു: ‘ഒരു ടി.വിയും കട്ടിലും വാങ്ങണം. അതിനുള്ള പൈസ ഞാൻ കൂട്ടിവെച്ചിട്ടുണ്ട്. ജീവിതത്തില്‍ കട്ടിലീ കെടക്കാന്‍ പറ്റീട്ടില്ല. കട്ടിലീ കെടന്ന് ടി.വി കാണണം എന്നൊരു മോഹം, ഒരൊറ്റ ദിവസം മതി. വേറൊന്നുമില്ല. എനിക്ക് ജീവിതത്തിൽ ഒരു സങ്കടവുമില്ല. പിന്നെ, ചത്തു കഴിഞ്ഞാല്‍ ഈ ശ്മശാനത്തില്‍ത്തന്നെ അടക്കണം.”

മരിക്കുംമുൻപ് ഏലിക്കുട്ടി സർക്കാർ സഹായത്തോടെ ശ്മശാനത്തിൽത്തന്നെ വീടുവച്ചു, കട്ടിലും വാങ്ങി. ഒടുവിൽ, ഒരായുസ് മുഴുവൻ ഉറങ്ങിയ അതേ ശവപ്പറമ്പിൽ ഏലിക്കുട്ടി അവസാനമായി ഉറങ്ങി. ഏലിക്കുട്ടിയുടെ മരണശേഷം ശ്മശാനത്തിലെ ആ വീട് മൃഗാശുപത്രിയാക്കി മാറ്റി.

ഏലിക്കുട്ടി മരിച്ചപ്പോൾ അവർ വളർത്തിയിരുന്ന ആടുകളെ മുഴുവൻ പത്തനംതിട്ട നഗരസഭ ഏറ്റെടുത്തു. പേരിനൊരു തുക രേഖകളിൽ കാട്ടി ആടുകളെ നഗരസഭാജീവനക്കാർ വീതംവെച്ചെടുത്തത് പിന്നീട് വിവാദമായി.

എലിക്കുട്ടിയെ കൊന്നയാളെ അന്നുതന്നെ പോലിസ് പിടികൂടിയെങ്കിലും പത്തു വർഷമായിട്ടും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇ.ഇ. 634/08 നമ്പരായി പത്തനംതിട്ട അഡീ. ഡിസ്ട്രിക്ട് & സെഷന്‍സ് കോടതിയില്‍ ഏലിക്കുട്ടി വധക്കേസ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു.

കായലിലോ കടലിലോ കുട്ടിക്കാട്ടിലോ പെണ്ണിന്റെ ശവം പൊങ്ങിയ ഓരോ വാർത്ത വായിക്കുമ്പോഴും എനിയ്ക്കു എലിക്കുട്ടിയെ ഓർമവരും. അപ്പോൾ എനിയ്ക്കു തോന്നും വീടിനകത്തായാലും പുറത്തായാലും ഓരോ പെണ്ണും ജീവിക്കുന്നത് ഏലിക്കുട്ടിയുടെ ജീവിതംതന്നെയാണെന്ന്. മനുഷ്യപ്പിശാചുക്കളുടെ ഈ ശ്മശാനഭൂമിയിലൊരു പൂന്തോട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ് ഓരോ പെണ്ണും.
മിഷേൽ, സൗമ്യ, നിർഭയ…എല്ലാവരും ഒളിക്കാൻ ശ്രമിച്ചത് മനുഷ്യപ്പിശാചുക്കളിൽ നിന്നാണ്. പക്ഷെ, ഒടുവിൽ അവരെയൊക്കെത്തേടി പിശാചുക്കൾ എത്തുകതന്നെ ചെയ്തു!

എം. അബ്ദുൾ റഷീദ്