‘ഷക്കീല ഇപ്പോളിവിടെ ഒരാള്‍ വരും! അയാളുടെ കൂടെ ഒരിടംവരെ ചെല്ലണം! അയാള്‍ പറയുന്ന പോലൊക്കെ ചെയ്യണം’; അമ്മയുടെ വാക്കുകള്‍ കേട്ട് ഞാന്‍ തരിച്ചുനിന്നു; മറക്കാനാവാത്ത ആ ദിവസത്തെക്കുറിച്ച്‌ ഷക്കീല പറയുന്നു !

തൃശൂര്‍ കേരളവര്‍മ്മ കൊളെജിലെ അധ്യാപിക ദീപാനിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഷക്കീല വീണ്ടും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയമാവുകയാണ്. എന്ത് അറിഞ്ഞിട്ടാണവരെ കുറ്റപ്പെടുത്തുന്നത് എന്നുള്ള പോസ്റ്റാണ് വൈറലായിരിക്കുന്നത്. സോഫ്ട്പോണ്‍ നടിയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച്‌ ഷക്കീല ആത്മകഥയില്‍ എഴുതിയിരിക്കുന്നത് കണ്ണീരോടെയല്ലാതെ ഒരു…

തൃശൂര്‍ കേരളവര്‍മ്മ കൊളെജിലെ അധ്യാപിക ദീപാനിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഷക്കീല വീണ്ടും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയമാവുകയാണ്. എന്ത് അറിഞ്ഞിട്ടാണവരെ കുറ്റപ്പെടുത്തുന്നത് എന്നുള്ള പോസ്റ്റാണ് വൈറലായിരിക്കുന്നത്. സോഫ്ട്പോണ്‍ നടിയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച്‌ ഷക്കീല ആത്മകഥയില്‍ എഴുതിയിരിക്കുന്നത് കണ്ണീരോടെയല്ലാതെ ഒരു സ്ത്രീക്കും വായിക്കാനാവില്ല. എന്റെ ഓര്‍മ്മയില്‍ നിന്ന് ആ ദിനത്തെ മറക്കാന്‍ കാലത്തിനു പോലും കഴിയുന്നില്ല എന്നാണ് ഉണങ്ങാത്ത മുറിവുകളുടെ ഘോഷയാത്രയെക്കുറിച്ച്‌ ഷക്കീല വിവരിച്ചിരിക്കുന്നത്. ആത്മകഥയിലെ ആ ഏട് ഇങ്ങനെ തുടങ്ങുന്നു;

‘എന്റെ പതിനാറാമത്തെ വയസ്സ് എന്റെ ജീവിതത്തിലെ ഒരിക്കലും ഉണങ്ങാത്ത മുറിവാണ്. എത്രയോ രാത്രികളില്‍ ഞാന്‍ ഉറക്കത്തില്‍ നിന്നും ഭയപ്പെട്ട് ഞെട്ടിയുണര്‍ന്ന വയസ്സാണത്. എന്റെ ഓര്‍മ്മയില്‍ നിന്ന് ആ ദിനത്തെ മറക്കാന്‍ കാലത്തിനു പോലും കഴിയുന്നില്ല. ആ പതിനാറാം വയസ്സ് പൊള്ളിക്കിടക്കുന്ന ഇരുമ്ബുദണ്ഡ് കൊണ്ടെന്ന പോലെ എന്നെ കുത്തിക്കൊണ്ടിരിക്കുകയാണ്.

ഒരു ദിവസം രാവിലെ അമ്മ എന്നോട് നേരത്തെ കുളിക്കാന്‍ പറഞ്ഞു. കുളിച്ചു വന്നപ്പോള്‍ കൂട്ടത്തിലുള്ള ഏറ്റവും നല്ല ഡ്രസ് അമ്മ തന്നെ കൊണ്ടു തന്നു. എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഓര്‍മ്മയില്‍ ആദ്യമായാണ് അങ്ങനെ സംഭവിക്കുന്നത്. അമ്മയെനിക്ക് കണ്‍മഷി എഴുതിത്തരികയും പൗഡറിടുകയും ചെയ്തു. എന്റെയുള്ളില്‍ അതിരു കടന്ന സന്തോഷമുണ്ടായി. ചേച്ചിയേയും എനിക്ക് താഴെയുള്ളവരേയും അമ്മ എപ്പോഴും മനോഹരമായാണ് ഒരുക്കിക്കൊടുക്കുക. എന്നെയങ്ങനൊന്നും ശ്രദ്ധിക്കാറേയില്ല. പക്ഷേ ഇപ്പോള്‍, എല്ലാം മാറിയിരിക്കുന്നു. അമ്മ എന്റെ മുഖത്ത് അമിതമായി കിടക്കുന്ന പൗഡര്‍ തുടച്ചെടുത്ത ശേഷം എന്റെ താടിയില്‍ പിടിച്ചു കൊണ്ട് പറഞ്ഞു. ‘ നീ എന്നത്തേക്കാളും സുന്ദരിയായിട്ടുണ്ട്. ‘

എന്റെ ഉള്ളില്‍ നിന്നും ആഹ്ലാദത്തിന്റെ ഒരായിരം പൂമ്ബാറ്റകള്‍ പുറത്തേക്ക് ചിറകടിച്ചു വന്നു. എനിക്കപ്പോള്‍ അമ്മയെ കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും കൊതിവന്നു. അമ്മ എന്നെ ചേര്‍ത്തു പിടിച്ചിട്ട് പറഞ്ഞു.

‘ ഷക്കീ. നമ്മുടെ വീട്ടിലെ കഷ്ടപ്പാട് നിനക്കറിയാമല്ലോ. ഇത് നോക്ക്.. എനിക്ക് ഉടുക്കാന്‍ പോലും ഒരു സാരിയില്ല. നാളെ മുഴുവന്‍ മുഴുപ്പട്ടിണിയായിരിക്കും നമുക്ക്.. ‘ ഞാന്‍ ഒന്നും മിണ്ടാതെ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ ശബ്ദം കുറച്ച്‌ പറഞ്ഞു. ‘ ഇപ്പോളിവിടെ ഒരാള്‍ വരും. അയാളുടെ കൂടെ നീ ഒരിടം വരെ ചെല്ലണം. അവിടെ നല്ലൊരു മനുഷ്യന്‍ നിന്നെ കാത്തിരിക്കുന്നുണ്ട്. നീ എതിരൊന്നും പറയരുത്. അയാള്‍ പറയുന്ന പോലൊക്കെ നീ ചെയ്യണം.. അയാള്‍ വളരെ നല്ല ആളാണ്.. ‘ അമ്മയുടെ വാക്കുകള്‍ കേട്ട് ഞാന്‍ തരിച്ചുനിന്നു. എന്തുകൊണ്ടാണ് അമ്മ എന്നോട് ഇതു പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. എന്റെയുള്ളില്‍ ദേഷ്യവും സങ്കടവും ഒരുപോലെ ഉരുണ്ടു മറിഞ്ഞു. ഒന്നു പൊട്ടിത്തെറിക്കാനും പൊട്ടിക്കരയാനും ഞാന്‍ ആഗ്രഹിച്ചു. മനസ്സുരുകി ഉള്ളിലെ വേദന കണ്ണുകളില്‍ നിറഞ്ഞു. അമ്മ എന്റെ കണ്ണുനീര്‍ തുടച്ച്‌ വീണ്ടും പറഞ്ഞു.

‘ നിനക്കേ ഈ വീടിനെ രക്ഷിക്കാനാവൂ. എന്തെങ്കിലും ചെയ്ത് എല്ലാവരേയും രക്ഷിക്ക്. അല്ലെങ്കില്‍ എല്ലാവര്‍ക്കും വിഷം കഴിച്ച്‌ മരിക്കാം. എനിക്കാവില്ല കടം വാങ്ങി ജീവിക്കാന്‍..’ അമ്മ പൊട്ടിക്കരഞ്ഞു. പിന്നെ ദേഷ്യത്തോടെ ഏറുകൊണ്ട് പൂച്ചയെപ്പോലെ ഓടി നടന്നു കൊണ്ട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ‘ ആരെക്കൊണ്ടും ഒരുപകാരവുമില്ല. ഞാന്‍ ചത്തു കളയും.. എനിക്കിനി കഷ്ടപ്പെടാന്‍ വയ്യ! നിന്നെയൊക്കെ എന്തിനാടീ ഞാന്‍ പ്രസവിച്ചത്? ഇത്രയും നാള്‍ പോറ്റിയത്?’ അമ്മ കരഞ്ഞുകൊണ്ട് കലി തുള്ളാന്‍ തുടങ്ങി. കുറേ നേരത്തേക്ക് ഞാനൊന്നും പറഞ്ഞില്ല. അമ്മയുടെ ദേഷ്യം കത്തിക്കയറുകയായിരുന്നു. ഒടുക്കം ഞാന്‍ തേങ്ങിക്കൊണ്ട് പറഞ്ഞു: ‘ ഞാന്‍ പോകാം.. നിങ്ങളിനി കരയണ്ട..’

ഉച്ചയോടെ അന്നോളം കാണാത്ത, യാതൊരു പരിചയവുമില്ലാത്ത ഒരാള്‍ വീട്ടിലേക്ക് കയറി വന്നു. അയാളെന്നെ അടിമുടിയൊന്ന് നോക്കി. ആ കണ്ണുകളിലേക്ക് നോക്കാന്‍ തന്നെ എനിക്ക് ഭയം. അയാള്‍ എന്നെ നോക്കി ചിരിച്ചു. പല്ലുകളില്‍ പാതിയും ദ്രവിച്ചു പോയിരുന്നു. അറപ്പുളവാക്കുന്ന ആ മുഖത്തു നിന്നും ഞാന്‍ പെട്ടെന്നു തന്നെ മുഖമെടുത്തു. അയാള്‍ കുലുങ്ങിച്ചിരിച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞു. ഞാന്‍ തലകുനിച്ച്‌ നിന്നു. പിന്നെ അയാളോടൊപ്പം ചുട്ടുപൊള്ളുന്ന വെയിലും കൊണ്ട് നഗരത്തിലേക്കിറങ്ങി. അന്നോളം ഞാന്‍ നടന്ന ചെന്നൈയിലെ കോടമ്ബാക്കമായിരുന്നില്ല ഞാന്‍ ചലിക്കുന്ന കോടമ്ബാക്കം.

ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഒരു കൂട്ടത്തെ രക്ഷിക്കാന്‍ എന്റെ ശരീരത്തിനു കഴിയുമെന്ന് എനിക്ക് മനസ്സിലായി.അങ്ങനെ അവരുടെയൊക്കെ സ്നേഹം കിട്ടുമെന്നും ഞാന്‍ വിശ്വസിച്ചു. പിന്നീട് ഞാന്‍ പലരുടേയും കിടപ്പുമുറിയിലേക്ക് എത്തിക്കപ്പെട്ടു. പലരുടേയും മുഖങ്ങള്‍ എനിക്കോര്‍മ്മ പോലുമില്ല. കുടുംബത്തിന്റെ എല്ലാ ബാധ്യതകളും ഞാനേറ്റെടുത്തു. അവരാരും പിന്നീട് പട്ടിണി കിടന്നില്ല. അവരെല്ലാം വിശപ്പു മാറ്റി സുഖമായി രാത്രികളില്‍ ഉറങ്ങാന്‍ തുടങ്ങി. എന്നെക്കുറിച്ച്‌ അവരൊന്നും ചിന്തിച്ചില്ല. പണം മാത്രം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

എവിടെയാണ് എന്നിലെ സ്ത്രീ ഇങ്ങനെയൊക്കെയായതെന്നും എവിടെ വെച്ചാണ് എന്റെ കന്യകാത്വം നഷ്ടപ്പെട്ടതെന്നും എനിക്ക് ഇപ്പോഴും ഓര്‍മ്മയില്ല. ശരീരത്തിലെ വിരലുകളോ കൈകളോ കാലുകളോ നഷ്ടമായാല്‍ അത് തിരിച്ചറിയാന്‍ കഴിയും. കന്യകാത്വം എവിടെ വെച്ച്‌ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. എന്റെ അമ്മയാണ് ഇതിനായി എന്നെ നിര്‍ബന്ധിച്ചത്. മറ്റു മക്കളെയൊന്നും അമ്മ ഇതിനായി നിര്‍ബന്ധിച്ചില്ലല്ലോ. എന്നെത്തന്നെ നേര്‍ച്ചക്കോഴിയായി തിരഞ്ഞെടുത്തല്ലോ. സ്വന്തം വീട്ടുകാര്‍ക്ക് വേണ്ടാത്ത കന്യകാത്വവും ജീവിതവും എനിക്കെന്തിനാണെന്ന് പകയോടെ ഞാന്‍ സ്വയം ചോദിച്ചു. മനസ്സിനേയും ശരീരത്തേയും ഒരുത്സവമാക്കാന്‍ മനസ്സ് വെമ്ബി.

ഇങ്ങനെയൊക്കെ ആയ സ്ത്രീകള്‍ക്ക് തങ്ങളുടെ ജീവിതത്തെക്കുറിച്ച്‌ പറയുമ്ബോള്‍ ഇങ്ങനെ ഒരുപാട് ന്യായങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കറിയാം. ഞാനും നിങ്ങള്‍ക്കു മുന്നില്‍ അത്തരം ന്യായങ്ങളാണ് പറഞ്ഞത്. പക്ഷേ ഒരു കാര്യമുണ്ട്. അന്നും കത്തുന്ന വേദനയോടെ ഞാന്‍ എന്നോടു തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അമ്മ എന്തിനാണ് എന്നെ മാത്രം ഇതിനായി തിരഞ്ഞെടുത്തതെന്ന്.. ഇന്നും ചില രാത്രികളില്‍, ചില പകലില്‍ ആ തീച്ചൂടുള്ള ചോദ്യം ഞാന്‍ ഉരുവിടാറുണ്ട്. എന്തിനായിരുന്നു അമ്മ എന്നെ മാത്രം അന്ന് അങ്ങനെയൊരു വഴിയിലേക്ക് ഇറക്കിവിട്ടത്? ‘ (ആത്മകഥ ഷക്കീല, ഒലീവ് ബുക്സ് )

source: dailyhund