സുന്ദരിയായൊരു വേശ്യ

കാറിൽ നിന്ന് പുറത്തിറങ്ങി തങ്ങളുടെ അരികിലേക്ക് നടന്നടുക്കുന്നവരോട് ബിലാൽ കൈകൂപ്പി നിന്നു…! അവന്റെ നെഞ്ച് ഒരു മിന്നലാട്ടം പോലെ മിടിച്ചു കൊണ്ടേയിരുന്നു.! ആയുധധാരികൾ നീട്ടിപ്പിടിച്ച തോക്കുകൾ കൂടുതൽ ജഗ്രതയോടെ മുറുകെ പിടിച്ച് അൽപം അകലത്തിൽ…

കാറിൽ നിന്ന് പുറത്തിറങ്ങി തങ്ങളുടെ അരികിലേക്ക് നടന്നടുക്കുന്നവരോട് ബിലാൽ കൈകൂപ്പി നിന്നു…!
അവന്റെ നെഞ്ച് ഒരു മിന്നലാട്ടം പോലെ മിടിച്ചു കൊണ്ടേയിരുന്നു.!
ആയുധധാരികൾ നീട്ടിപ്പിടിച്ച തോക്കുകൾ കൂടുതൽ ജഗ്രതയോടെ മുറുകെ പിടിച്ച് അൽപം അകലത്തിൽ നിലയുറപ്പിച്ചു…!

കൂട്ടത്തിലെ പ്രധാനിയെന്ന് തോന്നിക്കുന്നയാൾ ശങ്കിച്ച് മുന്നോട്ട് വന്നു.
ഇടുപ്പിൽ നിന്ന് പുറത്തെടുത്ത ഒരു റൈഫിൾ ചൂണ്ടി ബിലാലിനെ സൂക്ഷ്മമായി തറച്ച്
നോക്കി…!!

തോക്കിൻകുഴലിലൂടെ എന്നവണ്ണം.. !!

ഭയപ്പെടുത്തുന്നൊരു കനത്ത മൗനം അവിടെ തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു…
എന്തോ മനസിലായിട്ടെന്ന പോലെ അയാൾ സ്വയം തല കുലുക്കി… പിന്നെ കാറിലേക്ക് നോട്ടം പായിച്ചു…!
കുഞ്ഞിനെ ചേർത്തു പിടിച്ച് എല്ലാം കണ്ട് കൊണ്ടിരിക്കുകയായിരുന്ന അഭിരാമിയോട് പുറത്തിറങ്ങാൻ കൈ കൊണ്ട് ആംഗ്യത്തിൽ അയാൾ ആവശ്യപ്പെട്ടു..

പ്രതിഷേധമില്ലാതെ തന്നെ തിടുക്കത്തിൽ കുഞ്ഞിനെ എടുത്ത് അവൾ പുറത്തിറങ്ങി…! കാറിൽ ചാരി അലസമായി നിന്നിരുന്ന അവളെ റൈഫിൾ കൊണ്ടയാൾ തട്ടി ബിലാലിലേക്ക് ചേർത്ത് നിർത്തി..!
രണ്ട് പേരെയും മാറി മാറി നിരീക്ഷിച്ച് അയാൾ കണ്ണുകൾ കൊണ്ട് കൂടെയുള്ളവർക്ക് എന്തോ അടയാളം നൽകി…!
അനന്തരം ബിലാലിനു നേരെ ചൂണ്ടിയിരുന്ന തോക്കുകൾ പിൻവലിക്കപ്പെട്ടു….
സംഭരിച്ച ധൈര്യത്തോടെ ബിലാൽ അയാളോട് സംസാരിക്കാനൊരുങ്ങി ..

“ഞങ്ങൾ കോലാഘട്ടിലേക്കുള്ള യാത്രക്കാരാണ്.., ഉപദ്രവിക്കരുത്..
പോകാനനുവദിക്കണം …”
അതിന് മറുപടിയെന്നോണം അയാൾ രണ്ടടി പിന്നോട്ടു വച്ചു…
അയാളുടെ പരുക്കൻ ശബ്ദം ഉയർന്നു.
“രണ്ടു കൂട്ടർ മാത്രമേ ഈ വഴി വരാറുള്ളൂ…

ഒന്ന്, ജീവിക്കാൻ വേണ്ടി ആയുധമെടുത്തവർ…. രണ്ട് അവരെ തേടിയെത്തുന്ന പോലീസെന്നു വിളിക്കുന്ന പിശാചുക്കൾ …”
ഭയം രൂപപ്പെട്ട ബിലാലിന്റെ ചെറിയ കണ്ണുകളിൽ നോക്കി ഒരു മുരൾച്ച പോലെയാണ് അയാൾ അത് പറഞ്ഞത്….!
പിന്നെ അഭിരാമിയിലേക്ക് തിരിഞ്ഞ് സാവധാനം സാവധാനം തിരക്കി…

” ഇതിൽ ഏത് കൂട്ടത്തിൽ പെടും നിങ്ങൾ ..?”
അവൾ പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല..!
കോപത്തോടെ അയാൾ വീണ്ടും ശബ്ദമുയർത്തി.!
“ഈ ഭുഭുവ ഗ്രാമത്തിൽ അതിക്രമിച്ച് കയറിയവരാരും ഇന്നേ വരെ തിരിച്ച് പോയിട്ടില്ല…
പറയൂ .. നിങ്ങളാരാണ്? എന്തിനിവിടെ വന്നു ..?”

ഒരാരവം പോലെ ആയുധധാരികളായ മനുഷ്യർ അവർക്കു ചുറ്റും കൂടിക്കൊണ്ടേയിരുന്നു …!
അവിടെ നിന്ന് ഒരു രക്ഷപ്പെടൽ അസാധ്യമാണെന്ന് അഭിരാമി മനസിലാക്കുകയായിരുന്നു….!
ഭയത്തെ നേരിടാനുള്ള മനോധൈര്യം അവൾ വീണ്ടെടുത്തു..
കരിമ്പനകളിൽ നിന്ന് പറന്നിറങ്ങുന്ന ദേശാടനക്കിളികളെ നോക്കി അഭിരാമി അയാളോട് മറുപടി പറയാൻ തയ്യാറെടുത്തു.

” ഇത് രണ്ടുമല്ലാത്ത ഒരു കൂട്ടരുണ്ടീ ലോകത്ത് …
തകർന്ന ജീവിതത്തിന് മുമ്പിലും ആയുധമെടുക്കാൻ കെൽപ്പില്ലാത്ത നിസ്സഹായരായ മനുഷ്യർ..!
അതിലൊരാളാണു ഞാൻ…”
ഒരു വാഗ്വാദത്തിനൊരുങ്ങിയെന്ന പോലെ ദൃഢമായിരുന്നു അവളുടെ വാക്കുകൾ.
വികാരം കൊണ്ട് ആ ശബ്ദം വിറച്ചിരുന്നു…

അത് കേട്ടതും അനുയായികളെ നോക്കി അയാൾ പൊട്ടിച്ചിരിച്ചു.!
“ബാബൂ … ഇവൾ പറഞ്ഞത് കേട്ടോ നിങ്ങൾ?”
അഭിരാമിയെ നോക്കി കൂട്ടത്തോടെ അവർ പരിഹസിച്ച് ചിരിച്ചു..
ആ സംസാരം തുടരാനാഗ്രഹമില്ലാതെ അയാൾ അനുയായികളോട് അവരെ കൂട്ടാൻ ആവശ്യപ്പെട്ട് മുന്നോട്ട് നടന്നു..
എതിർത്തത് കൊണ്ട് പ്രയോജനമില്ലെന്ന് ഇതിനകം അഭിരാമി മനസിലാക്കിയിരുന്നു ..അവർക്കു പിന്നാലെ അനുസരണയോടെ നടന്നു..

എന്തും നേരിടാനുള്ള ഒരു മനോബലം ഉള്ള പോലെയായിരുന്നു അവളുടെ മുഖം.!
അവർക്ക് പിന്നിൽ ഒരു നിരയായി ആയുധധാരികളുണ്ടായിരുന്നു…!
ചുടുകട്ടകൾ കൊണ്ട് നിർമ്മിച്ച തറയും ബുദ്ധപ്രതിമയും കടന്ന് ഏറെ ദൂരം മുന്നോട്ട് ചെന്നപ്പോൾ ആ താഴ്വാരം ജനനിബിഡമായ ഒരു കൊച്ചുഗ്രാമമായി മാറുകയായിരുന്നു…!

ചെറിയ ചെറിയ വീടുകൾ.
കൊടിതോരണങ്ങൾ തുന്നിയെടുക്കുന്ന തയ്യൽക്കടകൾ.!
നിന്നു തിരിയാനിടമില്ലാത്ത ഒറ്റമുറിക്കടകൾ..
മനുഷ്യനും പശുവുമെല്ലാം ഒരേ താളത്തിൽ പല വഴിക്ക് നീങ്ങുന്ന ഒരു ചെറിയ കവലയിലേക്ക് അവരെത്തി…
കവലയുടെ ഒത്ത നടുവിൽ ചുവന്ന പട്ട് പുതച്ച ഒരു പേരാൽ ..

അതിന്റെ തറയിലിരുന്ന് ഹുക്ക വലിച്ച് അവരെ അത്ഭുതത്തോടെ നോക്കുന്ന പ്രായം ചെന്ന ദൈന്യമാർന്ന മുഖങ്ങൾ
കവലയോട് തെക്ക് മാറി അതിരൊഴിയാത്ത നെൽപ്പാടങ്ങളും വെറ്റിലക്കൊടികളും നിറഞ്ഞ വയലിലെ കർഷകർ ആൾക്കൂട്ടം കണ്ട് പണി നിർത്തി അവരെ വിസ്മയത്തോടെ നോക്കി…
മുറുക്കാൻ നിറഞ്ഞ വായിൽ വർത്തമാനം പറയുന്ന മനുഷ്യർ..!

കലപ്പയുടെയും ഉലക്കയുടെയും ചിത്രങ്ങളാൽ ചുമരലങ്കരിച്ച വിശാലമായ മുറ്റമുള്ള ഒരു പഴയ വീടിന് മുമ്പിലേക്ക് അവരെത്തി..
ചുവന്ന കുപ്പിവളകൾ തൂക്കിയിട്ട വാതിൽപ്പടികളിൽ നിന്ന് കൂട്ടത്തിലെ പ്രധാനി ശബ്ദം താഴ്ത്തി വിളിച്ചു…
“റാം ……..”

മറുപടിയൊന്നും ഉണ്ടായില്ല…
അയാൾ വീണ്ടും ശബ്ദം താഴ്ത്തി വിളിച്ചു…
“സഖാവ് റാം … ഇത് ഞാനാണ്.. ഹരിലാൽ…”
നിശബ്ദത മാത്രമായിരുന്നു ഫലം..
അഭിരാമി സാകൂതം ചുറ്റും നോക്കി…

വിശാലമായ മുറ്റത്തിന്റെ ഒരറ്റത്ത് മുഷിഞ്ഞ വസ്ത്രം ധരിച്ച സ്ത്രീകൾ വലിയ അടുപ്പുകളിൽ കനലിൽ റൊട്ടികൾ ചുട്ടെടുക്കുന്നു…
അവർ തലയുയർത്തി ആശ്ചര്യത്തോടെ അഭിരാമിയെയും കുഞ്ഞിനെയും നോക്കി ചിരിച്ചു…
പിന്നെ തമ്മിൽ തമ്മിൽ എന്തോ കുശുകുശുത്തു…
വലിയ ചൂരൽകൊട്ടകളിൽ വെളുത്ത നിറത്തിൽ പ്രത്യേകം അടുക്കി വച്ച കാജകളിൽ ശർക്കരയുടെ വെളുത്ത വൃത്തങ്ങൾ ഭംഗിയായി വച്ചിരിക്കുന്നു..

ചനപോഡയും ചനാജിലിയും പാൽക്കട്ടികളും നിറച്ച വേറെയും ചൂരൽ കുട്ടകൾ..
അവക്ക് ചുറ്റും കൊതിയോടെ ഓടിക്കളിക്കുന്ന കുട്ടികൾ ..

ഇതേസമയം കൊൽകത്തക്ക് പടിഞ്ഞാറ് മാറി ബാബുഘട്ടിൽ മത്സ്യാവശിഷ്ടങ്ങൾ തള്ളുന്ന പടുകൂറ്റൻ പ്ലാന്റിൽ നിന്ന് രണ്ട് ബാഗുകളിലായി അഴുകിത്തുടങ്ങിയിരുന്ന ഒരു മൃദദേഹം പുറത്തെടുത്തു..!
പലതായി മുറിച്ചു മാറ്റപ്പെട്ട നിലയിലായിരുന്നു ആ മൃതദേഹം…!

പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.. ചാനലുകൾ മത്സരബുദ്ധിയോടെ ഓരോ ദൃശ്യങ്ങളും ഒപ്പിയെടുത്തു…
അല്പം മാറി ഒരു സിഗരറ്റ് കത്തിച്ച് പുകയൂതിക്കൊണ്ടിരുന്ന അക്ഷയിയുടെ മുന്നിലെത്തി Cl വെങ്കട്ട് സല്യൂട്ട് ചെയ്തു…

” ബോഡി റിക്കവർ ചെയ്തു സർ.. ദാറ്റ്സ് കൺഫേംഡ്..റാണാ സാർ തന്നെ … ”
“ഉം… ഗുഡ് ജോബ് മി.വെങ്കട്ട്.. ഇനി പരീത് അഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്താം…”
”ശരി സർ,.. ”

“ഹാ വെങ്കട്ട്.. അയാളെ ഒന്നൂടെ ചോദ്യം ചെയ്താൽ അഭിരാമിയുള്ള സ്ഥലം അറിയാൻ പറ്റിയേക്കും… പഠിച്ച കള്ളനാണയാൾ…”
“സർ….”
“എങ്കിൽ പൊയ്ക്കോളൂ വെങ്കട്ട്… ഹോം മിനിസ്റ്റർ വിളിച്ച അടിയന്തിര യോഗം അറ്റൻറ് ചെയ്യാൻ വീണാ മാഡം വിളിച്ചിട്ടുണ്ട് ..

ഞാനങ്ങോട്ട് പോവുകയാണ്…”
“ഇവിടെയുള്ള കാര്യങ്ങൾ താങ്കൾ ശ്രദ്ധിക്കുക…”
“ശരി സർ… ”
ചുണ്ടിലെ എരിയുന്ന സിഗരറ്റ് അവസാനത്തെ പുകയുമെടുത്ത് അക്ഷയ് വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ച് പോകുന്നത് വെങ്കട്ട് നോക്കി നിന്നു…

റൈറ്റേഴ്സ് ബിൽഡിങ്. 6.PM…
വളരെ രോഷാകുലനായിട്ടാണ് ഹോം മിനിസ്റ്റർ ആദിത്യ മുഖർജി കയറി വന്നത്..!
കയറി വന്ന പാടേ മുന്നിലിരിക്കുന്നവരോട് അയാൾ തട്ടിക്കയറി..
” എന്തൊക്കെയാണ് വീണാ ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്..?

ഒരു പോലീസ് കമ്മീഷണർ കൊല്ലപ്പെടുന്ന നാട്ടിൽ മനുഷ്യജീവന് നിങ്ങൾ എന്ത് വിലയാണിട്ടിരിക്കുന്നത്…?
”സർ, ഇതൊരരൊറ്റപ്പെട്ട സംഭവമാണ്.. മാവോയിസ്റ്റ് ബന്ധം തൽക്കാലം നമുക്കിതിൽ പറയാൻ നിർവ്വാഹമില്ല…”
DGP വീണാനായിക് വിശദീകരിക്കാൻ തയ്യാറായി തുടർന്നു …
“അക്ഷയ് ആണ് ഈ കേസന്വേഷിക്കുന്നത് .. ബാക്കി കാര്യങ്ങൾ അയാൾ പറയും സർ… ”
പിന്നെ അക്ഷയിയോടായി അവർ കൂട്ടിച്ചേർത്തു..
“പറയൂ മി. അക്ഷയ് …

എവിടം വരെയെത്തി നിങ്ങൾ ..?”
” കൊലയാളി ഒരു പെണ്ണാണ് സർ,

അഭിരാമി..

ഷീ ഇസ് എ സെക്സ് വർക്കർ, ഫ്രം കേരള…”
അക്ഷമയോടെ ഇരിക്കുന്ന ഹോം മിനിസ്റ്ററോടായി അക്ഷയ് തുടർന്നു..
“ഒബ്രായി ഗ്രാന്റ് ഹോട്ടലിൽ വച്ച് കൃത്യം നടത്തി ബോഡി ബാബു ഘട്ടിലെ മൽസ്യ മാർക്കറ്റിലേക്ക് ടാക്സി മാർഗം കൊണ്ട് പോയി… ആ ടാക്സി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് സർ… അയാൾ വഴിയാണ് ബോഡി റിക്കവർ ചെയ്യാൻ സാധിച്ചത്….”

“അവളുടെ ഈ ടൗണിലെ സ്ഥിരം സഹായിയായ ഒരു വൃദ്ധനുണ്ട്… പരീത് അഹമ്മദ്.അയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്…. ”
വീണാ IPS നെ നോക്കി അക്ഷയ് കൂട്ടിച്ചേർത്തു…
“എങ്കിൽ എത്രയും പെട്ടന്ന് അവളെ അറസ്റ്റ് ചെയ്യൂ.. ഇത് നീട്ടിക്കൊണ്ട് പോവാൻ പറ്റില്ല.. ജനങ്ങളോട് ബാദ്ധ്യതയുള്ള ഒരു സർക്കാരാണിത്… ഞങ്ങൾ അവരോട് ഉത്തരം പറയാൻ ബാദ്ധ്യസ്ഥരാണ്..”
ആദിത്യ മുഖർജി അസ്വസ്ഥനായിരുന്നു ..

“ദേർ ഈസ് പ്രോബ്ലം സർ,
എനിക്കുറപ്പുണ്ട് ..അവൾ കൽക്കത്ത നഗരം വിട്ടിരിക്കുന്നു.. ബൈ ദ റോഡ്…!
കാരണം എയർപോർട്ടിലും റയിൽവേ സ്‌റ്റേഷനിലും ശക്തമായ പോലീസ് നിരീക്ഷണമുണ്ടായിരുന്നു സർ ഇപ്പോഴും തുടരുന്നുണ്ടത്..

പിന്നെ അവശേഷിക്കുന്ന ഏക മാർഗ്ഗം റോഡാണ് സർ ..”
” എന്നു വച്ചാൽ ..?”
ആദിത്യ പരന്ന നെറ്റി ചുളിച്ച് അക്ഷയെ നോക്കി.
അക്ഷയ് ഒരു നിമിഷം നിന്നു…
DGP വീണാ നായിക് ഇടക്കു കയറി…

“ഈ പരീത് അഹമ്മദിന്റെ മകൻ അവളുടെ കൂടെയുണ്ട് സർ … പക്ഷെ ഒഡീഷ പോലീസുമായി നമ്മൾ ബന്ധപ്പെട്ടിട്ടുണ്ട് ..
അവർ നഗരം മുഴുവൻ വല വിരിച്ച് കഴിഞ്ഞു സർ.
ഒരിക്കലും അഭിരാമിക്ക് ഒഡീഷ കടന്ന് പോകാൻ കഴിയില്ല.. അത്രക്ക് കനത്ത സംവിധാനം ഒരുക്കിട്ടുണ്ട് ഒഡീഷയിൽ നമ്മൾ…”

” ഇനി ഒഡീഷയിൽ അവളെത്തിയില്ലെങ്കിൽ കോലാഘട്ടിലെ ദുർഘടമായ മാവോയിസ്റ്റ് കാടുകളിൽ അഭയം പ്രാപിക്കാനും ഉള്ള സാധ്യത തള്ളിക്കളഞ്ഞു കൂടാ സർ…”
അക്ഷയുടെ ശബ്ദത്തിൽ ഉൽകണ്ഠയുണ്ടായിരുന്നു..

“അങ്ങനെയെങ്കിൽ മിനിസ്റ്ററിയുടെ ഭാഗത്ത് നിന്ന് ശക്തമായ പിന്തുണ ഞങ്ങൾക്കാവശ്യമായി വരും സർ… അങ്ങേക്കറിയാലോ.. അങ്ങയുടെ പാർട്ടിയിൽ തന്നെയുള്ള ചിലർക്ക് നക്സലുകളുമായുള്ള ബന്ധം …? ”
ചെറിയ ഒരു സന്ദേഹമുണ്ടായിരുന്നു DGP യുടെ വാക്കുകളിൽ ..!
മറുപടി പറയാതെ ആദിത്യ മുഖർജി എഴുന്നേറ്റു..

പിന്നെ എന്തോ ഓർത്തിട്ടെന്ന പോലെ തിരിഞ്ഞ് നിന്ന് രണ്ട് പേരോടുമായി ഉറച്ച സ്വരത്തിൽ പറഞ്ഞു…
“എനിക്ക് വേണ്ടത് റിസൾട്ടാണ്… അവളുടെ അറസ്റ്റാണ്.!
അത് എവിടെ നിന്നായാലും.. അതിന് തടസ്സം നിൽക്കുന്ന യാതൊന്നും പ്രശ്നമാവില്ല…
കോലാഘട്ടിലെ കോളനികൾ ഇല്ലായ്മ ചെയ്തിട്ടായാലും ശരി… നിങ്ങൾ അന്വേഷണവുമായി മുന്നോട്ടു പോകൂ..”

(തുടരും…)